04 February 2018

മാറുന്ന പഠനവഴികൾ - 9

ക്ലാസ് റൂമുകൾ ഹൈടെക്കാൻ തുടങ്ങുമ്പോൾ അതാരംഭിക്കേണ്ടത് ഹൈസ്കൂൾ മുതൽക്കാണോ എൽ പി [ അല്ലെങ്കിൽ എൽ കെ ജി ] വിഭാഗം തൊട്ടാണോ ? മറ്റൊരുതരത്തിൽ പറഞ്ഞാൽ കതിരിലാണോ നടീൽ തൊട്ടാണോ ? ഏതൊരു പരിഷ്കരണവും നവീകരണവും ഇന്നോളം നടന്നത് താഴെനിന്ന് മുകളിലേക്കാണ്. ശിശുകേന്ദ്രിത വിദ്യാഭ്യാസ പരിപാടി , പാഠപുസ്തകപരിഷ്കരണം , അദ്ധ്യാപകപരിശീലനം , ഡി പി ഇ പി , ഡയറ്റ് പരിപാടികൾ തുടങ്ങിയവയെല്ലാം ഒന്നാം ക്ലാസുമുതലായിരുന്നു പരിഷ്കരിച്ചും പ്രവർത്തിപ്പിച്ചും വന്നത് . ഹൈടെക്ക് പരിപാടിമാത്രം ആദ്യം ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലും തുടങ്ങിയതിന്റെ പൊരുളെന്താവാം !

ആശയധാരണക്ക് ഏറ്റവും ഫലപ്രദമായ പല സംവിധാനങ്ങളിൽ [ ചെലവേറുമെങ്കിലും ] ഒന്നാണ് ഹൈടെക്ക് എന്നതിന്ന് സംശയമില്ല . ലാപ്പ് ടോപ്പും എൽ സി ഡി യും ഡിജിറ്റൽ കാമറയും പ്രിന്ററും ഏറ്റവും അധികം ഗുണം ചെയ്യുക ചെറിയ കുട്ടികളിലാണ്. അവിടം തൊട്ട് ഇതിന്റെ പ്രയോജനം ചെറിയകുട്ടിക്ക് ലഭിച്ചാൽ ഉയർന്ന ക്ലാസുകളിലെത്തുമ്പോഴേക്കും ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള പഠനവും പ്രവർത്തനവും അനായാസമായി കുട്ടിക്ക് കൈവരും . ശീലമായി മാറും . സ്വാഭാവികമായ ഒരു രീതിയായിത്തീരും . മുതിർന്ന കുട്ടികളുടെ കാര്യത്തിൽ ഇപ്പോൾ തയ്യാറാക്കുന്ന ഡിജിറ്റൽ പഠനം അവരുടെ ശീലപാഠങ്ങൾക്ക് തടസ്സം നിൽക്കുകയല്ലേ ചെയ്യുക . ' ഇതുവരെയില്ലാത്ത ഒന്ന് ' എന്ന ഭാവം അവർക്ക് ശല്യം ചെയ്യും. അതിസാധാരണമായ ഒരു മാനസിക പ്രവർത്തനം മാത്രമാണത് . എസ് എസ് എൽ സി ക്ലാസിൽ ഇപ്പൊഴും ഇതൊന്നുമല്ല പ്രധാന സംഗതി . അവിടെ 100 % റിസൽട്ടിലാണ് കുട്ടിയും സ്കൂളും കിടന്ന് പൊരിയുന്നത് . ത്രിതല പഞ്ചായത്തുകൾ തൊട്ട് ഡിപ്പാർട്ട്മെന്റ് വരെ ഒരു പരിധിയോളം 100% ഉറപ്പാക്കാനുള്ള സംവിധാനങ്ങളൊരുക്കുകയാണ്. അധിക ക്ലാസുകൾ, രാത്രി ക്ലാസുകൾ, പ്രാദെശികപഠനകേന്ദ്രങ്ങൾ , ദിനപത്രങ്ങളിൽ പരീക്ഷാസഹായികൾ , സ്വർണ്ണമെഡൽ വാഗ്ദാനങ്ങൾ … എന്നിങ്ങനെ നൂറുകണക്കിന്ന് അലോചനകളിലാണ് . അതൊക്കെയും ഹൈടെക്കാക്കാൻ നിലവിൽ ഒരാലോചനയും ഇല്ലതാനും ! 100% ത്തിലെത്തിക്കാനുള്ള ഒരുക്കം മാത്രമാണ് നമ്മുടെ സ്കൂളുകളിൽ 8 – 9 ക്ലാസുകൾ . ഹയർ സെക്കണ്ടറിയിൽ പ്രയോറിറ്റി ഇതും അല്ല ! എന്റ്രൻസ് കിട്ടാതെ എന്തു ജീവിതം . എന്റ്രൻസ് കോച്ചിങ്ങ് വരെ നടത്താനുള്ള ഏർപ്പാടാണ് അവിടെ .



പ്രൈമറി തലം തൊട്ടായിരുന്നെങ്കിൽ ആദ്യംതന്നെ ഇത്രയധികം ചെലവ് വരുമായിരുന്നോ ? ലാപ്പ് ടോപ്പുകൾ , അത് റൺ ചെയ്യാനുള്ള എൽ ഇ ഡി ടിവികൾ , സ്കൂളിൽ ഒരു ഡിജിറ്റൽ കാമറ എന്നിങ്ങനെ സാമഗ്രികൾ കുറച്ചേ ആദ്യം വേണ്ടിവരൂ . ഇത്രയധികം എണ്ണം [ പണവും ] വേണ്ടിവരില്ല . സ്കൂളിന്റെ സൗകര്യങ്ങളും രീതിയും അനുസരിച്ച് വേണ്ടത് വേണ്ടീടത്ത് നൽകി അദ്ധ്യാപകരെ സജ്ജരാക്കി നമുക്ക് തുടങ്ങാമായിരുന്നു . വെക്കേഷനിൽ എല്ലാ പ്രൈമറി ടീച്ചർമാർക്കും കമ്പ്യൂട്ടർ പരിശീലനം കൊടുത്തു കഴിഞ്ഞതുമാണല്ലോ . ആവേശത്തോടെ കളിപ്പെട്ടിയൊക്കെ പഠിച്ച് അവർ അവരുടെ ക്ലാസുകൾ ഹൈടെക്കുമെന്ന് എന്നു പ്രതീക്ഷിച്ചിരിക്കയായിരുന്നു . അവർക്കത് ഉടനെയുള്ള ഒരാവശ്യമായിരുന്നു . ഹൈസ്കൂൾ അദ്ധ്യാപകർ ഇത് പ്രതീക്ഷിച്ചിട്ടില്ല . അവരാരും [ അദ്ധ്യാപക സംഘടനകളടക്കം ] നിലവിൽ നമ്മൂടെ അറിവിൽ തങ്ങളുടെ ക്ലാസുകൾ ഹൈടെക്കായേ പറ്റൂ എന്ന് ആവശ്യപ്പെട്ടിട്ടുമില്ല . പക്ഷെ, തീരുമാനം ഹൈസ്കൂൾ തൊട്ട് തുടങ്ങാനായിരുന്നു . തുടങ്ങാനയിരുന്നു എന്നല്ല ; തുടങ്ങി . സാമഗ്രികളൊക്കെ റഡിയാക്കി . എല്ലാം മിക്കവാറും സ്കൂളുകളിലെത്തിച്ചു .

ഡിജിറ്റൽ സംവിധാനമൊരുക്കിയാൽ ഒപ്പം വേണ്ട ഡിജിറ്റൽ കണ്ടന്റ് മെല്ലെ വരുന്നതേയുള്ളൂ . ഡിജിറ്റൽ കണ്ടന്റ് ഉണ്ടാക്കി അതിനു ആവശ്യമായ ഹാർഡ് വെയർ എന്നല്ല ആലോചന പോയത് . ഹാർഡ് വെയറിനനുസരിച്ച് കണ്ടന്റ് [ സോഫ്ട്വെയർ ] ഇനി വരും എന്നതിലെ അശാസ്ത്രീയത എത്ര ആലോചിച്ചാലും മനസ്സിലാവില്ല . കണ്ടന്റ് ഉണ്ടാക്കുമ്പോഴേ എതൊക്കെ ഹാർഡ് വെയർ വേണമെന്ന് [ അതിന്റെ സ്പെസിഫിക്കേഷൻ അടക്കം ] തീരുമാനമാവുള്ളൂ . നമുക്ക് തിരിച്ചാണ് ഹൈടെക്ക് ബോധ്യം ! ക്ലാസിൽ കുട്ടികളുടെ ഒരു ആലാപനം റക്കോഡ് ചെയ്യാൻ ആവശ്യം വന്നാൽ നല്ലൊരു സൗണ്ട് റെക്കോഡിങ്ങ് ഉപകരണം വേണമല്ലോ എന്ന് ചിന്തിക്കും . ഇതിപ്പോ തിരിച്ചാ ചിന്ത . ഡിജിറ്റൽ കാമറയുണ്ടല്ലോ ; എന്തെങ്കിലും റെക്കോഡ് ചെയ്യേണ്ടെ മാഷെ , എന്നു കുട്ടി ചോദിക്കും !!

ക്ലാസ് റൂം പ്രവർത്തനങ്ങൾ , കണ്ടന്റ് - [ കരിക്കുലം ടെക്സ്റ്റ്ബുക്ക് ഹാൻഡ്ബുക്ക് , പരീക്ഷ .… ] , ഇതൊക്കെ തയാറാക്കുന്നത് എസ് ഇ ആർ ടി യാണല്ലോ. ഹൈടെക്കാനുള്ള തീരുമാനം - ഹൈടെക്കാക്കണമെന്ന ആവശ്യം എസ് ഇ ആർ ടി യുടെ ഭാഗമായാണൊ വന്നിട്ടുണ്ടാവുക . ലാബ് ലൈബ്രറി വർക്ക് എക്പീരിയൻസ് തുടങ്ങിയ നാനാതരം സ്കൂൾ സംബന്ധ വിഷയങ്ങളിലെ തീരുമാനം എസ് ഇ ആർ ടി അല്ലേ പതിവ് . ഏതെങ്കിലും അദ്ധ്യാപകരോ അദ്ധ്യാപകസംഘടനകളോ ഹൈസ്കൂൾ തലം തൊട്ട് ക്ലാസ് മുറികൾ അത്യാവശ്യമായി ഹൈടെക്കാക്കണമെന്ന് ആവശ്യപ്പെട്ടതായി കേട്ടിട്ടില്ല . രക്ഷിതാക്കളുടെ കൂട്ടായ്മകൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിൽ ആദ്യം ക്ലാസ് മുറികൾ ഹൈടെക്കാണമെന്ന ഈയൊരാവശ്യം സംസ്ഥാനതലത്തിൽ ഉന്നയിച്ചതായി കേട്ടിട്ടില്ല . പിന്നെ എന്താവാം ഈയൊരു തീരുമാനത്തിന്റേയും നടപ്പാക്കലിന്റേയും തലം .

പത്രപ്രസ്താവനകൾ പലതും കാണുന്നത് പ്രൈമറിതലത്തിൽ ഹൈടെക്ക് സംവിധാനം ക്ലാസ്മുറികളിൽ അത്ര ആവശ്യമുള്ളതല്ല എന്ന രീതിയിലാണ് . അന്താരാഷ്ട്രനിലവാരമുള്ള കുട്ടികൾ ഹൈസ്കൂൾ തലത്തിൽ ഉണ്ടാവണമെന്നതുപോലെ പ്രധാനമല്ലേ അത് പ്രൈമറിതലം തൊട്ട് തുടങ്ങണമെന്നതും . അധികസമയം കുട്ടികൾ ഐ ടി സംവിധാനങ്ങളുമായി ഇരുന്നാൽ അത് അവരുടെ പഠനത്തെ ബാധിക്കും എന്നൊക്കെ പറയുന്നത് കേൾക്കുന്നു . ഹൈസ്കൂൾ ക്ലാസുകളിൽ തുടങ്ങുന്നതിന്ന് ഇത് ബാധകമല്ലേ . ഇതൊക്കെ എന്തെങ്കിലും പഠനത്തിന്റേയും പ്രയോഗത്തിന്റേയും അടിസ്ഥാനത്തിലാണോ എന്ന് ചിന്തിക്കുന്നവരുണ്ടാകില്ലേ ? വർഷങ്ങളായി അക്കാദമിക്ക് രംഗത്ത് പ്രവർത്തിക്കുന്ന ഡോ ടി പി കലാധരൻ മാഷെപ്പോലുള്ളവർ ഐ ടി സഹായം പ്രൈമറിക്ലാസുകളിൽ തൊട്ട് തുടങ്ങണമെന്ന രീതിയിലാണ് . സമഗ്രപോലുള്ള സംഗതികൾ ആദ്യം പ്രൈമറിയിൽ കൊണ്ടുവരികയല്ലേ വേണ്ടത് . വേരുറപ്പോടെയുള്ള വളർച്ച അപ്പോഴല്ലേ ഉണ്ടാവുന്നത് . പഠനശീലങ്ങൾ രൂപം കൊള്ളുന്നത് താഴെക്ലാസുകളിലല്ലേ ?

ചുരുക്കത്തിൽ ക്ലാസ് റൂം ഐ ടീ കരണം ഒരു തലതിരിഞ്ഞ ഏർപ്പാടായെന്ന് ഭാവിയിൽ നമുക്ക് വിലയിരുത്തേണ്ടി വരുമോ ? അപ്പോഴേക്കും കോടിക്കണക്കിന്ന് രൂപയുടെ ഉപകരണങ്ങൾ നമ്മുടെ സ്കൂളുകളിൽ നിറഞ്ഞിരിക്കും എന്ന പ്രശ്നം അപ്പോൾ നമുക്ക് അലോചിച്ച് പരിഹരിക്കാമെന്നാണോ ! പൊതു വിദ്യാലയങ്ങളിൽ എന്തായാലും ഉപകരണങ്ങൾ വരട്ടെ എന്നു പറയുന്ന ധാരാളം പേരുണ്ട് . നിഷ്കന്മഷബുദ്ധികളായ നല്ല മനുഷ്യർ ! ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള കെൽപ്പും അതിനു വേണ്ട ഉള്ളടക്കവും അതിനനുസരിച്ചുള്ള പഠനപ്രവർത്തനവും പരീക്ഷയും മികവും വിജയവും ഉണ്ടായില്ലെങ്കിൽ ഇതൊക്കെയും ഇ- വെസ്റ്റ് വിഭാഗത്തിലേക്ക് മാറിപ്പോവില്ലേ ? അപ്പോഴേക്കും ചന്ത പിരിഞ്ഞിട്ടുണ്ടാകും .

വികസിത രാജ്യങ്ങൾ പലതും വിദ്യാഭ്യാസപരിപാടിയിൽ നിന്ന് ഇത്തരം സാങ്കേതിക വിദ്യകളെ ഒഴിവാക്കിക്കൊണ്ടിരിക്കയാണെന്ന വാർത്തകൾ വരുന്നതു കാണുന്നു . മണ്ണും വെള്ളവും പുഴയും കാടും വെയിലും മഴയും മഞ്ഞും സൗഹൃദങ്ങളും ഓട്ടവും ചാട്ടവും മരം കയറലുമായി അവർ സ്കൂളുകൾ ആലോചിക്കുന്നു. ഉണ്ടാക്കുന്നു . നടപ്പാക്കുന്നു . നമ്മളേക്കാൾ നേരത്തെ ഐ ടി യിൽ മുങ്ങിക്കുളിച്ചവരാണവരൊക്കെ . കഴിയുന്നത്ര തെറ്റു തിരുത്തുകയാണവർ . നാമിപ്പോൾ തുടങ്ങിയിട്ടേയുള്ളൂവെന്ന് പറയുന്നവർ വിവരമില്ലാത്തവരായി കണക്കാക്കപ്പെടുമോ ? നമ്മുടെ സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുന്ന പരിപാടികൾക്ക് വിലങ്ങുനിൽക്കുന്നവരായി എണ്ണപ്പെടുമോ ?


വിവരസാങ്കേതികവിദ്യയുടെ സമകാലിക ജീവിതപരിസരം നമുക്കുചുറ്റുമുണ്ട് . അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഇന്നത്തെ നിലക്കാവില്ല . നിത്യജീവിതത്തിലെ കമ്യൂണിക്കേഷൺ , ബാങ്കിങ്ങ് , യാത്ര , വിപണി തുടങ്ങി എണ്ണ മറ്റ കാര്യങ്ങൾ ഐ ടി ഇല്ലാതെ പറ്റാത്ത അവസ്ഥയിൽ എത്തിനിൽക്കുന്നു . ഈ ചുറ്റുപാടിൽ പെട്ടിട്ടില്ലാത്ത ഒന്നായിരുന്നു നമ്മുടെ വിദ്യാഭ്യാസം . ജൈവികമായ ഒരു സംവേദനവിദ്യ കാലാകാലങ്ങളായി നാമാർജ്ജിച്ചെടുത്തത് നമ്മുടെ കൈവശമുണ്ടായിരുന്നു . മാഷും കുട്ടിയും രക്ഷിതാവും അന്യോന്യം പങ്കെടുത്ത് വികസിപ്പിച്ച ജീവത്തായ ഒരു സങ്കേതം . അത് പൂർണ്ണമായും കൈവിട്ടുപോകുകയാണോ എന്ന കാൽപ്പനിക ദു:ഖം മാത്രമാകുമോ ഈ ദുശ്ശങ്കകൾ !! 

1 comment:

ഇ.എ.സജിം തട്ടത്തുമല said...

വായന അടയാളപ്പെടുത്തുന്നു