18 February 2017

കണ്ണിറുക്കുന്ന മുക്കുറ്റിപ്പൂക്കൾ

മുക്കുറ്റിപ്പൂവിനെ കവിതയാക്കിയും കവിതയെ മുക്കുറ്റിപ്പൂവാക്കിയും കവികൾ പലമട്ടിൽ എഴുതിവെച്ചിട്ടുണ്ട്. കല്ലമ്മാർതൊടിയും മഹാകവി പി യും മുതൽ പലരും ഇതൊക്കെ ആവോളം കാവ്യാത്മകമായി നിർവഹിച്ചതാണ്. മുറ്റത്തും തൊടിയിലും വിരിഞ്ഞ് ഓണത്തിന്ന് പൂക്കളമായി , സവിശേഷമായി ആരാലും ശ്ര ദ്ധിക്കപ്പെടാതെ വിരിഞ്ഞ് കൊഴിയുന്ന മനോഹര പുഷ്പങ്ങൾ എന്ന നിലയിലാണ് പൊതുവെ കവികളുടെ ആവിഷ്കാരങ്ങൾ . പ്രണയത്തിന്റേയോ ജ്ഞാനരൂപങ്ങളുടേയോ ഒന്നും രൂപകമായല്ല, നിസ്സാരതയുടെ , വിനീതവിധേയത്വത്തിന്റെ, നിശ്ശബ്ദതയുടെയൊക്കെ ആൾരൂപങ്ങളാണ് മുക്കുറ്റിയും മറ്റു പൂക്കളും . എന്നാൽ കണ്ണിറുക്കുന്ന മുക്കുറ്റി , അതും അതിവിദൂരതയിൽ വിരിഞ്ഞ് താഴെ ഭൂമിയിലേക്ക് നോക്കി കണ്ണിറുക്കുന്ന മുക്കുറ്റി കാവ്യാത്മകത നിറഞ്ഞ ദാർശനികമാനങ്ങളുള്ള മുക്കുറ്റിയാകുന്നു. നിലവിൽ ഉച്ചരിച്ചതിനപ്പുറത്തേക്ക് പ്രസ്താവനപ്പെടുത്താൻ സാധ്യമാക്കുന്ന വാക്കാണ് കവിതയെന്ന് സുഷമബിന്ദുകരുതുന്നുണ്ട്.അത് ' സഹയാത്ര ' യിൽ തൊട്ട് മിക്ക കവിതകളിലും അനുരണനം ചെയ്യുന്നുണ്ട്. സഹയാത്രയിലെ മോക്ഷയാത്ര [ കാശിയാത്ര ] ഒരു ഘട്ടത്തിൽ മോക്ഷസങ്കൽപ്പത്തെ മാറ്റിപ്പണിഞ്ഞ് ജീവിതത്തിന്റെ അഭൗമാവിഷ്കാരമായി മാറുകയാണ്. കാറ്റിലും മഴയിലും പറന്ന് കുതിർന്ന് ഭൂവിലടിയുകയല്ല ; പുതുജീവിതവും പുതിയ ആവാസസ്ഥലികളും കണ്ടെത്തുകയാണ്. പലതും കണ്ടെത്താനുള്ള കണ്ണിറുക്കലാണ് എഴുത്തിലൂടെ ആരും സാധിച്ചെടുക്കുന്നത്.

ഒരാളിന്റെ എഴുത്തൊക്കെയും പരസ്പരബന്ധിതവും ജ്ഞാനവിധാനങ്ങളിൽ ഐക്യപ്പെടുന്നതുമാണെന്ന സങ്കൽപ്പത്തിലാണ് ജിയുടെ ജീവിതദർശനം, വൈലോപ്പിള്ളിയുടെ ജീവിതദർശനം എന്നൊക്കെ പറയാറും എഴുതാറുമുള്ളത്. ക്ലാസിക്ക് കാവ്യകാലം തൊട്ട് ആധുനികകവിതയുടെ കാലം വരെയും ഇതിൽ കുറേ ശരികൾ ഉണ്ടായിരുന്നു. ജീവിതം അതിനു സാധ്യതയും സാധുതയും നൽകിയിരുന്നു. ഇത്രയധികം ഛിന്നഭിന്നമായിപ്പോകാത്ത ഒരു ലോകവും കാലവും അന്നു സാധ്യമായിരുന്നതിനാൽ ദാർശനികമായ രേഖീയത ഒരൽപ്പം ശ്രമിച്ചാൽ പഴയ കവികൾക്ക് ചെയ്യാനാകുമായിരുന്നു. അതങ്ങനെയാവണം എന്ന നിർബന്ധവും പണ്ടുള്ളവർക്ക് മിക്കവാറും ഉണ്ടായിരുന്നു. അവ്യാകൃതമായ കാലവും ലോകവും ജീവിതപരിതോവസ്ഥകളും മാറിയ ഇന്നിൽ എഴുത്തുകാരന്ന് ഈ തുടർച്ച കത്തുസൂക്ഷിക്കാനാവില്ല. ശ്രമിച്ചാൽപ്പോലും സാധ്യമാവില്ല എന്നാണല്ലോ നിത്യനിദാനങ്ങളൊക്കെയും. ഉറച്ചമണ്ണിൽനിന്ന് മണ്ണൊലിപ്പിന്റെ വാഴ്വിലേക്കാണ് [ചിലപ്പോൾ തിരിച്ചും ] എഴുത്തുകാരനും വായനക്കാരനും സഞ്ചരിക്കുന്നത്. ജീവിതത്തിന്റെ സമസ്തഘടകങ്ങളും ഈ ചലപ്രതലങ്ങളിലാണ് എന്നതുകൊണ്ടാണ്
ചിറടിച്ച് പനിക്കുന്നുണ്ടൂള്ളിൽ
മഴനനയുവാനാവാതൊരു സങ്കടം
എന്നെഴുതുന്നത്. മഴനനഞ്ഞ് കുതിർന്നും കാറ്റടിച്ച് പറന്നും ജീവിതം മോക്ഷപ്പെടുത്താനുള്ള വഴിയൊക്കെയും പനി രൊധിക്കുകയാണ്. സഹയാത്രയുടെ നേർമ്മയേറിയ തുടർച്ചയുണ്ടെങ്കിലും സങ്കടപ്പെട്ടിരുന്നു ' നമുക്കിനിയും കൈകോർത്ത് നടക്കണം ' എന്ന മുൻ തീർച്ചകളെ റദ്ദാക്കുന്നുണ്ട്. കവിത - എഴുത്തിന്റെ കാലക്രമണിക എഴുതിയതിന്റെ ക്രമമല്ല, വായിക്കാൻ കിട്ടുന്നതിന്റെ കാലക്രമം കൂടിയാണ്. എഴുതിയതല്ല കവിത- വായിക്കുന്നതാണ്. വായനക്കുള്ള അസംസ്കൃതസാധ്യത മാത്രമാണ് എഴുത്തൊക്കെയും. അതുകൊണ്ട് ജീവിതസങ്കൽപ്പങ്ങളുടെ തുടർച്ച എഴുത്ത് ബാഹ്യമായ ഒരു സങ്കേതം മാത്രമാകുകയാണ്. ' പണ്ടുനാം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതെല്ലാം ഓലക്കുടയും ചൂടി തിരിച്ചുവരുന്ന ഓണം ' സുഖകരമായ ഒരനുഭവമല്ല. ഓരോ കവിതയിലും എഴുത്തുകാരൻ തന്റെ ദർശനങ്ങളെ കവിതയിലേക്ക് എഴുതിത്താഴ്ത്തുകയാണ്. ആയത് പിന്നെയും ഓലക്കുടചൂടി തിരിച്ചുവരുന്നത് നല്ലതാണെന്ന് കരുതാനാവില്ല. ഒരു ഓണവും മറ്റൊരോണം പോലാകാത്തത് കേവലമായ തിരിച്ചുവരവായതുകൊണ്ടാണല്ലോ. പുറം മോടികളിലല്ല അകം ലോകങ്ങളിലാണ് ഓണം ആവർത്തനമാകുന്നത്. അകം ജീവിതത്തെ കാണുന്ന കണ്ണാണ്കവിത . ആവർത്തനവും തുടർച്ചയും വിരസത മാത്രം പെരുക്കിയെടുക്കുന്നു.
നീണ്ടകവിതകളുടെ കാലം ഇന്നില്ല. ആവശ്യവും ഇല്ല. ഓലച്ചുട്ടിന്റെ പൊരി എന്നാവും രൂപകം കവിതക്ക്. പൊരിവീണാണ് വഴിയാസകലം തീപിടിക്കുന്നത്. ചൂട്ട് കയ്യേറ്റിയവൻ തീപിടിക്കുന്നതല്ല ശ്രദ്ധിക്കുന്നത് . മുന്നിലെ വഴിയാണ്. താണ്ടാനുള്ള ദൂരമാണ്. കവിക്ക് - എഴുത്തുകാരന്ന് പിന്നിട്ടവഴിയാണ് എഴുത്ത്. തീപിടിക്കുന്നത്, തീപിടിക്കേണ്ടത് പിന്നിട്ടവഴികളാണ്. ഇനിവരുന്നവർക്ക് വെട്ടിക്കത്തിച്ച് വഴിയൊരുക്കുകയാണ്. ചൂട്ടിൽ നിന്ന് ഉതിർന്ന് വഴിതീർക്കുന്ന തീപ്പൊരികളാണ് വാങ്മയം. തീരെ ചെറുത്. എന്നാൽ അപാരജ്വലനശേഷിയുള്ളത്. എത്രനീണ്ടകവിതയിലും വായനക്കാരൻ നോക്കുന്നത് ഉള്ളിലെ കനൽപ്പൊരികളിലാണ്. കനലിന്ന് പൊരിയാനുള്ള പരിതോവസ്ഥയാണ് ബാക്കിവരികളിലൊക്കെ കവികൾ അടുക്കിക്കെട്ടുന്നത്. കനൽവീണ് വഴിതെളിയുന്നതോടെ ചൂട്ട് അനാഥമാകുന്നു. നീണ്ടകവിതകളിലെ അനാഥമാകുന്ന വരികൾകൊണ്ട് സാഹിത്യം മേദുരരൂപം കൈക്കൊള്ളുന്നു. സുഷമ ബിന്ദു ചെറിയവരികളിൽ തീപ്പടർപ്പുകളുണ്ടാക്കുന്നു .
അഴിച്ചുവെച്ചപോലത്രയുമെളുപ്പത്തിൽ
മുറുക്കിവെക്കുവാനാകുമോ നിനക്കെന്നെ?
മൂന്നുവാക്കും ഒരു ചിഹ്നവും പൊരിഞ്ഞ് പടരുന്ന വരികൾ വായനക്കാരന്ന് കൊടുക്കുന്നു. അതിസങ്കീർണ്ണമായ ഒരു ജീവിതപ്രശ്നം മുന്നിലിട്ടുകൊടുത്ത് എഴുത്തുകാരി ചൂട്ടുവീശി പോകുന്നു. വളരെ നിസ്സാരമെന്നു തോന്നുന്നവയിലെ സങ്കീർണ്ണതകൾ [ ഒരു എഫ് ബി പോസ്റ്റ് ഓർമ്മയിൽ നിന്ന് : ' സിമ്മുകൊണ്ട് കൂപ്പൺ ചുരണ്ടാമോ ?' അമ്മുദീപ ] ആവിഷ്കരിക്കാൻ കുറിയകവിതകൾക്കേ ആവൂ. എത്രയും ചുരുക്കാമോ അത്രയും സ്പോടനശേഷി ആവഹിക്കുന്ന സംവിധാനമാണ് കവിത. വാക്കിന്റെ സംവിധാനം.


'അന്ധയായൊരു പെൺകുട്ടി പുഴകടക്കുമ്പോൾ ' ഒരുപക്ഷെ, ഇതുവരെ എഴുതിയതിൽ സുഷമയുടെ മികച്ച ഒരു രചനയാണ്. കവിതയെന്ന നിലയിൽ മാത്രമല്ല പാരിസ്ഥിതികമായി പ്രണയത്തെ മനസ്സിലാക്കുന്നു എന്ന സാമൂഹ്യമായ ഒരു തലത്തിൽ മികവുറ്റതാണ് എന്നാണ്. പ്രണയത്താൽ അന്ധയായൊരു പെൺകുട്ടി പുഴകടക്കുന്നത് കാണിച്ചു തരികയാണ്തുടക്കം . വിശദാംശങ്ങൾ പറഞ്ഞ് കവിത അവസാനിപ്പിക്കുന്നത് ' അവളിറങ്ങുമ്പോൾ പുഴ ഒരിക്കൽമാത്രം നനയാവുന്ന പ്രണയമാകുന്നു' എന്നും. എഴുതിയത് മലയാളത്തിലാണെന്നതൊഴിച്ചാൽ ലോകപ്രണയകവിതകളിൽ എവിടെയും സ്ഥാപിക്കാവുന്ന വാങ്മയമാണിത്. ഒരു പുഴയിൽ ഒരിക്കൽമാത്രമേ ഒരാൾക്കിറങ്ങാനാവൂ എന്ന ചൊല്ല് കാൽപ്പനികതയുടേയും മാജിക്കൽ റിയലിസത്തിന്റേയും ഒക്കെ വഴക്കങ്ങൾ സമാഹരിച്ച് ഉൾക്കാഴ്ചയോടെ പുതുക്കിയെഴുതുകയാണ്. പുഴ [ പ്രണയം ] ഒഴുകുന്ന വെള്ളം മാത്രമല്ല എന്ന പരിസ്ഥിതിദർശനവും . കയം, മീൻ, ഒഴുക്ക്, വെള്ളാരങ്കല്ല്, പുഴയരികുകൾ എന്നിവയൊക്കെ നൽകുന്ന സൂചനകൾ പ്രണയത്തെ പാരിസ്ഥിതിക സംയുക്തങ്ങളിലേക്ക് പരിവർത്തിപ്പിക്കുന്നു. ചുറ്റുപാടുകൾ ചേർന്ന് ഉള്ളിൽ ഒരു പുഴയുണ്ടാക്കുന്നു . സാമൂഹികവും പാരിസ്ഥിതികവുമായ സമവായങ്ങളിലേക്ക് അഭയം തേടേണ്ടിവരുന്ന പ്രണയം പഴയ കാൽപ്പനിക - വ്യക്ത്യാധാരമായ പ്രണയമല്ലെന്ന് കവിത പറയുന്നു.പ്രപഞ്ചം മുഴുവൻ ഒറ്റക്കെട്ടായി പ്രണയത്തെ സഹായിക്കുന്ന കാവ്യഭാവനകൾ ഉണ്ടായ റൊമാന്റിക്ക് കാലഘട്ടത്തിൽ നിന്ന് 'അന്ധയായൊരു പെൺകുട്ടി പുഴകടക്കുമ്പോൾ ' വ്യത്യസ്തമാകുന്നത് നിലവിലെ സാമൂഹ്യ ചുറ്റുപാടുകളിലാണ് . പ്രണയം സമരമാകുന്ന ജീവിതസ്ഥലിയിലാണ് പ്രണയിനികളുടെ വ്യവഹാരം . പ്രണയപരമായ വ്യവഹാരങ്ങളിൽ അന്ധത സമൂഹത്തിനാകുമ്പോൾ അത് ഒരു സമൂഹവും അംഗീകരിക്കാതിരിക്കുകയും ഒട്ടുമേ അന്ധതയില്ലാത്ത പെൺകുട്ടി അന്ധയാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുന്ന സമകാലിക ജീവിതത്തെ, കാവ്യാത്മകമായി ആഴത്തിൽ നിരഹങ്കാരമായി എഴുതിവെക്കുന്നു. പ്രണയത്തെ നിരഹങ്കാരമായി കാണാൻ കഴിയൽ കവിതയിൽ മാത്രമേ ഇന്നും സാധ്യമാകൂ !

ഈയൊരു പാരിസ്ഥിതിബോധമുൾക്കൊള്ളുന്നൊരു ജീവിതാവസ്ഥ ' കാട് ' എന്ന രചനയിലും തുടരുന്നുണ്ട് ഈഷൽ ഭേദങ്ങളോടെ. 'കാടിന്റെ ഗന്ധത്തെ, കാട്ടുനീർച്ചോലകളെ എന്നിങ്ങനെയുള്ള ഇഴപിരിക്കൽ ജീവിതത്തെ പരിസ്ഥിതിയുമായി സംവേദനം ചെയ്യിപ്പിക്കലും ഒന്നിപ്പിക്കലുമാണ്. ആലങ്കാരിക ഉക്തികളല്ല, പ്രായോഗികതയും അതിന്റെ ശാസ്ത്രയുക്തിയുമാണ്. അടിവരയിട്ട് മാറ്റിവെക്കലല്ല, യുക്തിയോടെ , വൈകാരികതയോടെ സമാവേശനം നൽകുകയാണ്.
അടിവരയിട്ട് മാറ്റിവെക്കുന്നു
പരിഹാരമില്ലാത്ത
സങ്കടങ്ങളുടെ
പട്ടികയിലെഴുതിച്ചേർത്ത്
നിന്നെയും...


സന്ദേഹങ്ങളില്ലാതിരിക്കൽ [ പട്ടികയിലെഴുതിച്ചേർത്ത് മാറ്റിവെക്കൽ ] ജിവിതാനുഭവങ്ങളിലൂടെ മുതിർച്ച വരുമ്പോഴാണ് സാധാരണക്കാർക്ക് കൈവരിക്കാനാവുക. പരിണാമപരമായി സാധാരണക്കാരിൽ നിന്നും വ്യത്യസ്തമായ ജൈവഘടന കലാകാരന്മാർക്കുണ്ട്. അവരുടെ വാങ്മയം പരിചരിക്കുന്നവരും 'അടിവരയിടാൻ' തക്ക സമാനഘടനയിലേക്ക് നീങ്ങുന്നുണ്ടാവും ജീവിതാനുഭവങ്ങളുടെ മേഖലയിൽ.