19 June 2016

വായനാദിനം - വാരം


  1. പി.എൻ. പണിക്കർ 
ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1970ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നായിരുന്നു ജാഥയുടെ മുദ്രാവാക്യം.  ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.1996 മുതൽ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നു. ലോകമെമ്പാടും വായനാദിനം - പുസ്തകദിനം ആചരിക്കുന്നുണ്ട്. ലോകവായനാദിനം ഏപ്രിൽ 23 [ UNESCO]ആണ്. [ wiki mal] 

2.  പ്രവർത്തനങ്ങൾ 
  • വായനയുടെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതിനായി  സ്കൂൾ തല യോഗം - പ്രഭാഷണം - ഏറെ സവിശേഷതകളുള്ള പുസ്തകം പരിചയപ്പെടുത്തൽ [ നിർദ്ദേശിക്കാനുള്ള ഒന്ന് : The Book Thief  - is a novel by Australian author Markus Zusak. First published in 2005, the book won several awards and was listed on The New York Times Best Seller list for 375 weeks.] 

  • ലൈബ്രറി കാണൽ - സ്കൂൾ ലൈബ്രറിയോ അടുത്തുള്ള ഒരു വായനശാലയോ കാണൽ.[ വിവിധ ഇനം പുസ്തകങ്ങൾ, വിവിധ ഭാഷാപുസ്തകങ്ങൾ , പത്രമാസികകൾ, പുസ്തകം അടുക്കിവെക്കുന്ന രീതി, വായനാഇടങ്ങൾ , മാധ്യമങ്ങൾ - പത്രം - പുസ്തകം - മോണിറ്റർ - ഇ- ബുക്ക്റീഡേർസ് … എന്നിവ പരിചയപ്പെടണം.] 

  • വീട്ടിൽ ഒരു കുഞ്ഞു ലൈബ്രറി ആരംഭിക്കൽ [ വീട്ടിലുള്ള പുസ്തകങ്ങൾ അടുക്കി ഒതുക്കി വെക്കൽ, ലിസ്റ്റ് തയ്യാറാക്കൽ മെല്ലെമെല്ലെ വികസിപ്പിക്കാനുള്ള ആലോചനകൾ ] [ സാധ്യതയുള്ളവർക്ക് സ്വന്തം മൊബൈലിൽ / ടാബിൽ … ഒരു വായനശാല ആരംഭിക്കൽ / നെറ്റ് - ഇ ബുക്ക്സ് ഇ ബുക്ക് റീഡർ എന്നിവ ഡൗൺലോഡ് ചെയ്ത് പരിചയിക്കൽ ]
  •  
  • സ്കൂൾ അസ്ംബ്ലി കഴിഞ്ഞാൽ 10 മിനുട്ട് ശ്രാവ്യവായന [ സ്കൂളിലെ മുഴുവൻ കുട്ടികളും ക്ലാസിലോ സൗകര്യമുള്ള ഇടങ്ങളിലോ മാറിയിരുന്നു ഒറ്റക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം ഉറക്കെ വായിച്ച് ആസ്വദിക്കൽ . ഒരു ദിവസം ആദ്യം 3-4 പേജിൽ തുടങ്ങി പിന്നെ പിന്നെ വായനാവേഗം കൂടുന്നത് കാണാം . വായിച്ച പുസ്തകങ്ങളെക്കുറിച്ച് ഒറ്റവരിക്കുറിപ്പുകൾ വായനാ കാർഡിൽ എഴുതൽ ] വർഷം മുഴുവൻ ഇടതടവില്ലാത്ത 10 മിനുട്ട് വായന . 

  • Readathon [ മാരത്തോൺ വായന ] ഓരോക്ലാസിലും ഒരു ദിവസം [ ശനി / ഞായർ] വായന. ഒരു പുസ്തകം തെരഞ്ഞെടുക്കുക. 200 >  പേജ് നോവൽ / കഥാസമാഹാരം / കവിതാസമാഹാരം … രാവിലെ 9.30 - 10.30 / 10.40 - 11.40 / 11.50 - 12.50 / 1.40 - 2.40 / 2.50 - 3.50 വരെ ഈ പുസ്തകം തുടർചയായി വായിച്ചു തീർക്കുക. ഉറക്കെവായിക്കണം. വായിക്കുംപോലെ വായിക്കണം. കഴിവനുസരിച്ച് എല്ലാവരും ഊഴം വെച്ച് വായിക്കണം . എല്ലാവരും നന്നായി ശ്രദ്ധിക്കണം. ഉദ്ഘാടനം സമാപനം ഒന്നും വേണ്ട. വെറും വായന. നോട്ട് വേണ്ട . ചോദ്യം ചോദിക്കേണ്ട.ചുമതലയുള്ള അദ്ധ്യാപിക ആവേശം പകരണം. ആവശ്യമെങ്കിൽ കൊല്ലത്തിൽ ഒന്നോ രണ്ടൊ പ്രാവശ്യം കൂടി ആവാം. 
  • പുസ്തകങ്ങൾ മാറ്റിയെഴുതൽ : കഥകൾ …. കുട്ടിക്ക് മനസ്സിലാവുന്ന മട്ടിലേക്ക് മാറ്റിയെഴുതൽ , സംഭവങ്ങൾ മാറ്റിയെഴുതൽ, കഥാവസാനം മാറ്റിയെഴുതൽ, പ്രാദേശികഭാഷയിലേക്ക് മാറ്റിയെഴുതൽ, വ്യവഹാരം മാറ്റിയെഴുതൽ , ഭാഷ മാറ്റിയെഴുതൽ , ഘടന മാറ്റിയെഴുതൽ , സ്ഥാനം മാറ്റിയെഴുതൽ കഥാപാത്രങ്ങളെ  [ സ്ത്രീ പുരുഷൻ ] മാറ്റിയെഴുതൽ - മാറ്റിയെഴുതിയവയുടെ അവതരണം ചർച… [ ഒരു ഭാഷാ എക്സർസൈസ് എന്ന മട്ടിൽ - കോപ്പിറയ്റ്റ് മുതലായ സങ്കീർണ്ണ ചിന്തകൾ തൽക്കാലം വേണ്ട ] 

  • വായനാപ്രതിജ്ഞ: ഓരോരുത്തരും [ കുട്ടിയും മാഷും ] ദിവസവും 4 പേജെങ്കിലും വായിച്ചിരിക്കുമെന്ന പ്രതിജ്ഞ സ്വയം എടുക്കണം. എന്തെങ്കിലും - പഠിക്കാനും പഠിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്യുന്നവയാകരുത് - അധികവായനയായി വരണം . ശ്രദ്ധാപൂർവം വായിക്കണം. 

  • വായിച്ചത് പങ്കുവെക്കൽ : നാം വായിച്ചവയെ കുറിച്ച് സംസാരിക്കാൻ - കൂട്ടുകാരോട് വർത്തമാനം പറയാൻ ശ്രമിക്കണം. ഉള്ളടക്കം / കഥ , ഉള്ളിൽതട്ടിയ സൻദർഭങ്ങൾ  / കഥാപാത്രങ്ങൾ / ആശയങ്ങൾ / പ്രയോഗങ്ങൾ / എഴുത്തുകാരൻ… എന്തുമാവാം. നമ്മൾ പറഞ്ഞ്തീരുന്നതോടെ കൂട്ടുകാരന്ന് അത് വായിക്കാൻ തോന്നണം. 

  • വീണ്ടും വായന : [ മുതിർന്നവർ പണ്ട് വായിച്ചവ വീണ്ടും തേടിപ്പിടിച്ച് വായിക്കും] വീണ്ടൂം  വായിക്കുമ്പോൾ ആദ്യവായനയിൽ നിന്നു കിട്ടിയതിനേക്കാൾ ആസ്വാദ്യത തീർച്ചയായും ലഭിക്കും. പരീക്ഷിച്ചുനോക്കൂ. 


എഴുതിയത് വായിക്കരുത് 
വായിച്ചത് എഴുതരുത് 

എഴുതിവായിക്കണം 

വായിച്ച് എഴുതണം 

02 June 2016

ഒഴിവുകാലത്തുനിന്ന് സ്കൂളിലേക്ക്

വേനലവധി കഴിഞ്ഞു. ഇനി സ്കൂൾ തിരക്ക് . പുതിയക്ലാസ്, പുതിയസ്കൂൾ, പുതിയ ഉടുപ്പ്, പുതിയപുസ്തകം , പുതിയബാഗ്, എല്ലാം പുതിയത്.. കുട്ടികൾ വളരുകയാണ്. സ്കൂളുകളിലൂടെ, നാട്ടിലൂടെ , വീട്ടിലൂടെ കുട്ടിവളരുകയാണ്. കാണെക്കാണെ വളരുകയാണ്.

സ്കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു. അദ്ധ്യാപകർക്കുള്ള വെക്കേഷൻ ക്ലാസുകൾ - പരിശീലനങ്ങൾ, പുതിയ പുസ്തകങ്ങൾ പരിചയപ്പെടൽ, അസ്സൂത്രണത്തിൽ വൈദഗ്ദ്ധ്യം നേടൽ, സ്കൂൾ തല യോഗങ്ങൾ, വാർഷികകലണ്ടർ തയ്യാറാക്കൽ, പരിപാടികൾ ആസൂത്രണം ചെയ്യൽ, ചുമതലകൾ ഏൽപ്പിക്കൽ എല്ലാരും ഒരുങ്ങുകയാണ്. ഒറ്റലക്ഷ്യമേയുള്ളൂ . കുട്ടികളുടെ വികാസം - സർവതോമുഖമായ വികാസം.

സ്കൂളുകൾ മാത്രമല്ല, സർക്കാർ സംവിധാനം, പത്രമാധ്യമങ്ങൾ, ത്രിതലപഞ്ചായത്തുകൾ, സിവിൽസപ്ലൈസ് - ആരോഗ്യം, ട്രാൻസ്പോർട്ട്, വനം തൊട്ടുള്ള വിവിധ വകുപ്പുകൾ എന്നിവയെല്ലാം ഒരുക്കങ്ങളിലാണ്. പലതട്ടിലുമുള്ള കച്ചവടക്കാർ, വ്യ്വസായികൾ , വായനശാലകൾ, ക്ലബ്ബുകൾ, പി ടി എ തൊട്ടുള്ള സമിതികൾ എന്നിവരും ഒരുക്കത്തിലാണ്. എല്ലാവരും ഒത്തുപിടിക്കുന്നത് കുട്ടിയുടെ വളർച്ചയും വികാസവുമാണ്.

ഇത്രയധികം ശ്രദ്ധയോടുകൂടി എല്ലാവരും ഒരുങ്ങുന്ന മറ്റൊരു സന്ദർഭം നാട്ടിലുണ്ടാവില്ല. നമ്മുടെ കുട്ടികളുടെ മഹാഭാഗ്യങ്ങളിൽ പ്രധാനപ്പെട്ടതാണിത്. എന്നാൽ ഇത് വർഷാവസാനം വരെ തുടരുകയും ഉജ്വലമായ സമാപനം ഉണ്ടാവുകയും ചെയ്യുന്നില്ല എന്നതാണ് എല്ലാവരേയും അലോസരപ്പെടുത്തേണ്ടത് എന്നു തോന്നുന്നു.
തുടങ്ങിയവയൊക്കെ പിന്നെ പിന്നെ ലഘുവാകുകയും അതിനേക്കാളധികം മറ്റു മുൻഗണനകൾ വന്നുപെടുകയും ചെയ്യുന്നു. ഈ തിരിച്ചറിവ് ഒരു പക്ഷെ, പ്രധാനമാണ്. കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് ഗുണപരമാക്കിയെടുക്കാൻ കുറെയൊക്കെ സാധ്യവുമാണ്. ഓരോസ്കൂളിലും കേന്ദ്രീകരിച്ചുകൊണ്ട് പി ടി എ തൊട്ടുള്ള സംവിധാനങ്ങളൊക്കെ ഇതിലേക്ക് പ്രയോജനപ്പെടുത്താനാവും . അഥവ, അത്തരം സ്ഥാപനകേന്ദ്രിതമായ സംവിധാനങ്ങൾ കൊണ്ടേ പരിപാടികളുടെ ഊർജ്ജം വർഷാവസാനം വരെ എത്തിക്കാനാവൂ എന്നുമാണ്.

ഏതൊരു പ്രവർത്തനവും നല്ലതാവുന്നത് അതിനു ക്രമികമായ വളർച്ചയും തുടർചയും ഉണ്ടാവുമ്പോഴാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സവിശേഷമായും ഇങ്ങനെയാണ്.ദൈനംദിന ക്ലാസുകൾ, ദിനാചരണങ്ങൾ, ലാബ് ലൈബ്രറി ക്ലബ്ബ് പ്രവർത്തനങ്ങൾ, ഗൃഹസന്ദർശനം, ഫീൽഡ് ട്രിപ്പുകൾ, യൂണിറ്റ് പരീക്ഷകൾ, ടേം പരീക്ഷകൾ എന്നിവയാണല്ലോ പ്രാധാനപ്പെട്ട സ്കൂൾ പരിപാടികൾ അദക്കാദമികതലത്തിൽ. ഉച്ചഭക്ഷണം, യൂണിഫോം എന്നിവയും വിവിധ കലാ- കായികോത്സവങ്ങൾ, പി ടി എ കൾ , എസ്. ആർ. ജി കൾ , എൽ.എസ്. ജി കൾ എന്നിവയും ഒപ്പം ഉണ്ട്. ദൈനംദിന ക്ലാസുകൾ തുടർച്ചയുള്ളവയാണ്.ഓരോ പ്രവർത്തനങ്ങളും തുടർച്ചയുള്ളവയാണ്. എന്നാൽ പ്രവർത്തനങ്ങളുടെ മോണിറ്ററിങ്ങ് - വിലയിരുത്തൽ ആദ്യദിവസങ്ങളിൽ കാര്യക്ഷമമാണെങ്കിലും പിന്നീടവ നിലച്ചു പോകുന്നു എന്നാണ് യാഥാർഥ്യം. മെൾപ്പറഞ്ഞ ഓരോന്നും ആദ്യദിവസങ്ങളിലെ ക്ഷമത തുടർന്ന് ഒരിക്കലും കാണിക്കാറില്ല. പേരിനുമാത്രമുള്ളതായി നടത്തപ്പെടുന്ന ഒന്നും കുട്ടിക്ക് പേരിനുപോലും ഫലം ചെയ്യുന്നവയുമല്ല. അതാണല്ലോ വെറുതെ ക്ലാസുകൾ നഷ്ടപ്പെടുത്തുന്നു എന്ന പഴി ഓരോ സ്കൂളും കേൾക്കേണ്ടിവരുന്നതും.

പരിപാടികളുടെ മൊത്തം ആസൂത്രണവും അതനുസരിച്ചുള്ള വാർഷിക കലണ്ടറും ഇപ്പൊഴേ ആയിട്ടുണ്ട്. അത് മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കിയിട്ടുമുണ്ടാവും. അതൊക്കെയും സ്കൂൾതല ചുമതലാ കേന്ദ്രങ്ങളിൽ പിന്തുടരാൻ സാധിക്കണം. ഹെഡ്മാസ്റ്റർമാർ, എസ്. ആർ. ജി ചുമതലക്കാരൻ, വിവിധ വിഷയസമിതികൾ, പി ടി എ സമിതികൾ എന്നിവ അത് നിർവഹിച്ചേ കഴിയൂ. അധികാരത്തിന്റേയും നിയമത്തിന്റേയും ബന്ധത്തേക്കാൾ കുട്ടിയോടുള്ള കൂറിന്റേയും നീറിന്റേയും ബന്ധമാകണം ഇതിനൊക്കെയും. അദ്ധ്യാപികയുടെ കയ്യിൽ പ്രവർത്തനങ്ങളുടെ പ്ലാനും [ അതെല്ലാവരുടേയും കയ്യിൽ ഉണ്ടാവും ] പ്രതികരണങ്ങളും മൂല്യനിർണ്ണയപ്രവർത്തനങ്ങളും - അതിനനുയോജ്യമായ പ്രക്രിയാധാരണകളും ഉണ്ടായേ തുടർച്ച നിലനിർത്താനും പ്രവർത്തനം ഫലപ്രദമാക്കാനും കഴിയൂ. അതത് കേന്ദ്രങ്ങളിൽ ഇതു സംബന്ധച്ചുള്ള സംഭാഷണങ്ങളും അന്വേഷണങ്ങളും നടക്കണം. [ ഇതാണ് നമ്മുടെയിടയിൽ മിക്കപ്പോഴും ഇല്ലാതായിപ്പോകുന്നത് ]

ദിനാചരണങ്ങൾ എന്നിവ അർഥപൂർണ്ണമാവണമെങ്കിൽ ആയതെല്ലാം ക്ലാസ്രൂം പ്രവർത്തനങ്ങളുമായി - പാഠങ്ങളുമായി ബന്ധിപ്പിക്കണം. വായനാവാരം - ഉദ്ഘാടനവും പ്രസംഗവും ഒക്കെ ആയിരുന്നാലും അല്ല, ഭാവനാപൂർണ്ണമായ തനത് സംഗതികളാണെങ്കിലും - അദ്ധ്യാപികക്കത് തന്റെ [ ഏതു വിഷയമോ ആയിക്കോള്ളട്ടെ ] ക്ലാസ്മുറിയിൽ പ്രയോജനപ്പെടുത്താനാവണം. മലയാളം ക്ലാസിൽ മാത്രമല്ല, ഹിന്ദി കണക്ക് ക്ലാസിലും 5 ൽ മാത്രമല്ല 8ലും 10 ലും അതൊക്കെ പ്രയോജനം ചെയ്യണം. ഈ ഉദ്‌ഗ്രഥനഭാവം എല്ലാവർക്കും ഉണ്ടാവണം. ഇന്ന് മിക്കപ്പോഴും ഇതൊന്നുമില്ല എന്നും നമുക്കറിയാം. അത് മാറിയേ എന്തും കുട്ടിക്ക് ഗുണമുള്ളതാവൂ. അത് എന്തു പഠിക്കുന്നു എന്നതിനേക്കാൾ എങ്ങനെ പഠിക്കുന്നു എന്നതിലേക്ക് കുട്ടിയേയും അദ്ധ്യാപികയേയും നയിക്കും. ഇത് സാധ്യമാവാൻ അദ്ധ്യാപിക സ്വയം കുറെ ഗൃഹപാഠം ചെയ്യേണ്ടിവരും. തുടക്കത്തിലേ പ്രയാസമുള്ളൂ.


ചുരുക്കത്തിൽ, തുടർച്ചകളിലാണ് കുട്ടിക്ക് വളർചയുണ്ടാകുന്നത്. അത് ശ്രദ്ധിക്കാനായാൽ പിന്നെ ഒക്കെ എളുപ്പമായി. സ്കൂൾ അച്ചടക്കം പോലും ഈ തുടർച്ചകളുടെ അഭാവത്തിലാണ് പ്രശ്നഭരിതമാകുന്നത്. ക്രമരാഹിത്യമാണ് അച്ചടക്കം ഇല്ലാതാക്കുന്നത്. അർഥപൂർണ്ണമായ ക്രമമാണ് അച്ചടക്കം. അതാണ് വികാസം