28 August 2015

മറന്നുപോയ പൂവിളികൾ


സ്കൂളിലെ ഓണാഘോഷത്തിനിടക്ക് വിശിഷ്ടാതിഥി ' നമുക്ക് പൂവിളിപ്പാട്ടുകൾ നിരവധിയുണ്ട് ' എന്ന് പ്രസ്താവിക്കുന്നത് കേട്ടു. ഓണാഘോഷത്തിന്റെ സുപ്രധാനമായ ചടങ്ങുകളിലൊന്നാണല്ലോ പൂവിളി . നിരവധിയുണ്ട് എന്നു പറഞ്ഞെങ്കിലും പെട്ടെന്ന് ഒന്നും മൂപ്പർക്ക് ഓർമ്മവന്നില്ല - മറന്നുപോയ പൂവിളികൾ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
ചടങ്ങിനു ശേഷം തിരക്കൊഴിഞ്ഞ് ഞാൻ സ്വയം ഓർമ്മിക്കാൻ ശ്രമിച്ചു. കുട്ടിക്കാലത്ത് പൂവിളി ചെയ്തിരുന്നതാണ്`. കൂട്ടുകാരുമൊത്ത് പലദിവസങ്ങളി ഓണാഘോഷങ്ങളിൽ. കൊയ്തൊഴിഞ്ഞ പാടവും അമ്പലപ്പറമ്പും സ്കൂൾ മുറ്റവും ഒക്കെ ഞങ്ങളുടെ വിഹാരവേദികളായിരുന്നു. ഓണക്കളികളും ഓണപ്പൂവിളിയും ഓണസ്സദ്യയും ഒക്കെ പൊടിപൂരമായിരുന്നു. പറഞ്ഞിട്ടെന്ത് ? ഓർമ്മയിൽ വന്നത് 2 - 3 പൂവിളിപ്പാട്ടുകൾ മാത്രം. ഇന്ന് പൂവിളികൾ ഒഴിഞ്ഞ ഓണാവധികളിൽ 2-3 എണ്ണമെങ്കിലും ഓർമ്മയിൽ വന്നത് നന്നായെന്നു കരുതി.
1
കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
നേരേ വാതിൽക്കൽ നെയ്യെച്ചു
ചെന്നു കുലുങ്ങി ചെന്നു കുലുങ്ങി
ചെന്ത്രമാനിനി പൂക്കൊണ്ട
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ ..............

2
തെക്കേക്കര വടക്കേക്കര
കണ്ണാന്തളി മുറ്റത്തൊരു തുമ്പ മുളച്ചു
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും പാടാനും
തുടി തുടിക്കോലും പറ പറക്കോലും
കൈക്കൊണ്ടുവന്ന
പൂവേ പൊലി പൂവേ പൊലി പൂവേ.......

രണ്ടു പൂവിളികളും കേരളം മുഴുവൻ മിക്കവാറും പരിചയമുള്ളവയാണ്`. പ്രാദേശികമായി ചെറിയ വ്യത്യാസങ്ങൾ ഉണ്ട് എങ്കിലും അടിസ്ഥാനപരമായി ഒരേ ഉള്ളടക്കം തന്നെ. ഉള്ളടക്കമാകട്ടെ പൂവിന്റെ മഹത്വം വെളിപ്പെടുത്തുന്നതിനേക്കാൾ പൂവിനെ എതിരേൽക്കാനുള്ള ചടങ്ങുകൾ വിസ്തരിക്കുന്നതും. ആ ചടങ്ങുകളാവട്ടെ പാരസ്പര്യം വളരെ കുറഞ്ഞതും അസംബന്ധങ്ങളെന്ന് തോന്നിപ്പിക്കുന്നവയും.
ഓണത്തിന്റെ ചരിത്രപരവും ഐതിഹ്യപരവുമായ സംഗതികളെന്തൊക്കെയായാലും പൂവിളി, ഓണക്കളികൾ, ആചാരങ്ങൾ , ചടങ്ങുകൾ എന്നിവയിലൊക്കെ ഒരുതരത്തിലുള്ള അയുക്തികൾ വന്നുചേർന്നത് ആലോചിക്കേണ്ട വിഷയമാണ`. മഹാബലിയെ വാഴ്ത്തുന്നുവെങ്കിലും മാതേരും പൂജയും നിവേദ്യവും ഒക്കെത്തന്നെ മാവേലിക്കല്ല മറിച്ച് വാമനനാണ്` എന്നുമുതൽ പൊതുവെ വിശദാംശങ്ങളിൽ ഒക്കെയും . ഒരു മാതൃകക്കായി പൂവിളിപ്പാട്ടുമാത്രം ഇവിടെ നോക്കാം.
മാനുഷരെല്ലാരും ഒന്നു പോലെ വാണകാലം - മാനുഷരെല്ലാരും ഒന്നു പോലെ വാഴുന്ന ഒരു കാലത്തെക്കുറിച്ചുള്ള മനോമോഹനമായ ഒരു സങ്കൽപ്പമാണല്ലോ. മാവേലിയുടെ കാലത്ത് അങ്ങിനെ ആയിരുന്നോ എന്നതിനേക്കാൾ അങ്ങനെ ആവുന്ന ഒരു മാവേലിക്കാലത്തെ സ്വപ്നം കാണുകയും എതിരേൽക്കുകയുമാണ്` ആഘോഷത്തിലൂടെ . എല്ലാരും ഒന്നു പോലെ ആവുന്ന / ആയിരുന്ന കാലം മനോമോഹനമാണോ എന്ന ചോദ്യം , വൈവിദ്ധ്യത്തിലേ ജീവിതവും സൗന്ദര്യവുമുള്ളൂ തുടങ്ങിയ വാദങ്ങൾ ന അവിടെ നിൽക്കട്ടെ. പൂവിളിതൊട്ടുള്ള ഓണാഘോഷങ്ങളിൽ ഈ വാദം നിഴലിക്കുന്നതാണ്` നമുക്ക് കാണാൻ കഴിയുക എന്നതാണ്` പ്രധാനം.
ഒന്നുപോലെ ജീവിക്കുന്ന മനുഷ്യരും കള്ളവും ചതിയുമില്ലാത്ത, അളവുതൂക്കങ്ങളിൽ പൊളിയില്ലാത്ത ഒരു കാലസങ്കൽപ്പമാണോ പൂവിളിപ്പാട്ടുകളിൽ കാണുന്നത്. കവിഭാവന എന്നു കണക്കാക്കുന്നതിനേക്കാൾ ഇവയിൽ തെളിയുന്നത് അസംബന്ധപൂർണ്ണമായ , അയുക്തികമായ ലോകങ്ങളെ / കാലങ്ങളെ ക്കുറിച്ചുള്ള പ്രസ്താവനകളാണ്`. തുമ്പകൊണ്ടമ്പോടൊരു / തുമ്പകൊണ്ടമ്പതു [ പ്രാദേശികമായ മാറ്റം ] തോണി ചമയ്ക്കുക , തുമ്പകൊണ്ടുണ്ടാക്കിയ തോണിത്തലപ്പത്ത് ആലുമുളയ്ക്കുക, ആ ആലിന്റെ പൊത്തിൽ ഒരു ഉണ്ണി പിറക്കുക.... പാട്ടിൽ നിറയുന്ന അയുക്തി നല്ലൊരു മാവേലിനാടിന്റെ അയുക്തിയും കൂടി പ്രകാശിപ്പിക്കുന്നതാണല്ലോ. ആ ഉണ്ണിക്ക് കൊട്ടാനുള്ള പറയും പറക്കോലും തുടിയും തുടിക്കോലും കൊണ്ടുവരുന്ന പൂക്കൾ...

ആദ്യ പാട്ടിൽ , അഞ്ചുമടക്കിട്ട് കയറിട്ടു കെട്ടിയ കറ്റ, നെറ്റിപ്പം പൊട്ടുതൊട്ടത്, വാതിൽക്കൽ നെയ് [ വിളിക്ക് ?] ചെന്താർമാനിനി ചെന്നു കുലുങ്ങി പൂക്കൊണ്ട് / കൈക്കൊണ്ട [ പ്രാ. ഭേ] പൂവ്വ് .... ചെന്താർമാനിനി [ ലക്ഷ്മീദേവി ] കൊക്കൊള്ളുന്നത് പൂവിനെ... പരസ്പരബന്ധമില്ലാത്ത പ്രസ്താവനകൾ കൊണ്ട് പൂവിളിയിൽ അന്നു കുട്ടികൾ ചെയ്തതെന്താവാം ? ആഹ്ളാദിച്ചതെന്താവാം ?

കള്ളവും പൊളിയുമില്ലാത്ത ഒരു കാലത്തെക്കുറിച്ച് ഇത്രയധികം പൊളി / അളവുതൂക്കങ്ങളിൽ കൃത്യതയില്ലായ്മ ഉൾച്ചേർന്നത് എന്തുകൊണ്ടാവാം ? തുമ്പകൊണ്ട് തോണി [ അത് ഒന്നോ അമ്പതോ ആവട്ടെ ] ഉണ്ടാക്കുക , അതിന്റെ തലപ്പത്ത് ആലുമുളയ്ക്കുക... ഒരിക്കലുമില്ലാതിരുന്ന / ഉണ്ടാകേണ്ടതില്ലാത്ത ഒരു കാലത്തെക്കുറിച്ചുള്ള പ്രസ്താവനകളായി അന്നതിനെ കണ്ടിരിക്കുമോ കുട്ടികൾ. ' ദീർഘദർശനം ചെയ്യും കുട്ടികൾ ' എന്ന് പറയാറുണ്ടല്ലോ. നടക്കാൻ ഇടയില്ലാത്ത സംഗതികളെ ക്കുറിച്ച് - അന്ന് കാക്ക മലർന്നു പറക്കും എന്നു പറയുമ്പോലെ.
നല്ല കാലങ്ങളെ മാനവസമൂഹങ്ങൾ മുഴുവൻ സ്വപ്നം കാണാറുണ്ട്. അതിനു വേണ്ടി പരിശ്രമിക്കാറും ഉണ്ട്. പരിശ്രമങ്ങൾ എന്നും വിജയിച്ചിട്ടും ഉണ്ട്. ഇന്നത്തേക്കാൾ മെച്ചപ്പെട്ട നല്ലൊരു നാളെ യാഥാർഥ്യമാണ്`. എന്നാൽ ഈ നല്ലകാല സ്വപ്നം എത്രത്തോളമാകാം എന്നത് യുക്തിയുടേയും യാഥാർഥ്യത്തിന്റേയും പിൻബലത്തിലേ നെയ്തെടുക്കാനാവൂ. യുക്തിയും യാഥാർഥ്യവുമില്ലാത്ത നല്ലകാലസ്വപ്നങ്ങൾ - എല്ലാരും ഒന്നു പോലാകുന്ന, എള്ളോളം പൊളിവചനമില്ലാത്ത .... ഒരു കാലം യുക്തിസഹമോ ആവശ്യമോ ഉള്ളതല്ല. വൈവിദ്ധ്യവും സമത്വവും ഉള്ള ഒരു കാലം നന്ന്. അതേ നല്ലൂ. എള്ളോളം പൊളിയില്ലെങ്കിൽ കലയും സാഹിത്യവും സൗന്ദര്യവും ഇല്ല . ആ ഒരു കാലവും നല്ലതല്ലല്ലോ. ഇതറിഞ്ഞാവും കുട്ടികൾ പൂവിളിയിലൂടെ യുക്തിക്ക് നിരക്കാത്ത ഒരു കാലത്തെ യുക്തിക്ക് നിരക്കാത്ത പാട്ടുകൾകെട്ടി പൂപോലെ പൊലിച്ചു നിറച്ചത്.


Published : malayalanatu

No comments: