25 May 2015

ഉരുക്കുന്ന പൊന്നും ഉരുകുന്ന പൂച്ചയും


' പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്താ ' കാര്യം എന്ന ശൈലി ആർക്കാ അറിയാത്തത്? ' അപ്പം തിന്നാ മതി, കുഴിയെണ്ണേണ്ട', മിണ്ടാപ്പൂച്ച കലമുടയ്ക്കും, എങ്ങനെ വീണാലും പൂച്ച നാലുകാലിൽ ' പൂച്ചക്ക് ആരു മണികെട്ടും ' എത്ര അലറിയാലും പൂച്ച പുലിയാവില്ല , പൂച്ചക്കൊരു മൂക്കുത്തി ' തുടങ്ങി നിരവധി ശൈലികൾ നമുക്കുണ്ട്. ശൈലികളൊക്കെത്തന്നെ പണ്ടുപണ്ടേ പറഞ്ഞും പ്രയോഗിച്ചും പഴകിയതുകൊണ്ട് ഭാഷയുടെ സ്വത്തായിട്ടിവയെ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. അതത്രയും നല്ലതുതന്നെ. ഭാഷയുടെ പഴമ അന്വേഷിക്കുന്നവർക്ക് ശൈലികളും പഴഞ്ചൊല്ലും കടംകഥയും ഒക്കെ സുപ്രധാന വിഭവങ്ങളാകുന്നു.
ജീവിതസന്ദർഭങ്ങളിൽ നിന്നാവുമല്ലോ ശൈലികളും പഴ്ഞ്ചൊല്ലുകളും എല്ലാം രൂപപ്പെട്ടുവന്നത്. അനുഭവങ്ങളുടെ വാങ്മയം. പൂച്ചയെ അകറ്റിനിർത്താൻ , പ്രവൃത്തിയുടെ വ്യർഥത പൂച്ചയെ ബോധ്യപ്പെടുത്താനുള്ള ശ്രമം. വെറുതെ നോക്കിയാൽ പൂച്ചക്ക് സ്വർണ്ണം ഉരുക്കി ആഭരണമുണ്ടാക്കുന്നിടത്ത് യാതൊരു കാര്യവുമിലല്ല. ആഭരണമുണ്ടാക്കുന്നത് വീട്ടുകാരാണ്`. പൂച്ച വീട്ടുകാരനോ വീട്ടുകാരിയോ അല്ല. ഒരു വീട്ടുമൃഗം എന്നു മാത്രം.
വീട്ടിൽ എലി ശല്യം പെരുകുമ്പോൾ എളുപ്പം ഒരു പൂച്ചയെ വളർത്തലാണ്`. പണ്ടുള്ളവർ എലിയെ പേടിച്ച് ഇല്ലം ചുട്ടിരുന്നു. ഇന്നതുവേണ്ട. എലിയെ തിന്ന് കഴിഞ്ഞുകൂടുന്ന പൂച്ചയാണ്` ലാഭം. പിന്നെ ഇടക്ക് പാലുകട്ടുകുടിക്കും. അതിനു പുലയാട്ടും പറയും. അത്രതന്നെ. ചിലപൂച്ചകൾ വളരെ വൃത്തിയുള്ളവയാണ്`. പാല്പ്പാത്രം വൃത്തിയാക്കിവെക്കും. നല്ല വീട്ടുമൃഗം. പക്ഷെ, വീട്ടുമൃഗം സ്വർണ്ണാഭരണത്തിനോ സ്വർണ്ണത്തിനോ അധികാരിയല്ല. അവകാശിയുമല്ല്ല, അധികാരമോ അവകാശമോ ഇല്ലാത്തിടത്ത് ചെന്നു നിൽക്കേണ്ടകാര്യവുമില്ല.
ഈ ശൈലി രൂപീകരിക്കുന്നകാലത്ത് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ജ്വല്ലറികളിൽ പോകില്ലായിരുന്നു. അക്ഷയതൃതീയയും നോക്കില്ലായിരുന്നു. തട്ടാനെ കൂട്ടിപ്പോയി അല്പ്പം [ പണത്തൂക്കം, പവൻ, തോല, റാത്തൽ , പലം, ഭാരം കണക്കിൽ ] സ്വർണ്ണം പീടികയിൽ പോയി വാങ്ങും. വീട്ടിലിരുത്തി പണിയെടുപ്പിക്കും. ഉത്തരവാദപ്പെട്ടവർ പണിക്ക് കാവലിരിക്കും. പണിയെടുക്കുന്നത് കാണാനിരിക്കും. അയല്പ്പക്കത്തെ സ്വർണ്ണവിശേഷങ്ങൾ കേട്ട് അസൂയപ്പെടാൻ , ദൂഷണം പറയാൻ തട്ടാനുമായി സ്വർണ്ണക്കഥകൾ പറയും. തട്ടാത്തി ഉച്ചക്ക് മുമ്പേ കൂലിക്ക് വരുമ്പോൾ തട്ടാത്തിയുമായി പരദൂഷണം പറയും. ഇത്രയൊക്കെയാണ്` പതിവ്. തട്ടാനാകട്ടെ സ്വർണ്ണം തൂക്കി തിട്ടപ്പെടുത്തി ഉരുക്കി പലരൂപത്തിലാക്കി പലമട്ടിലുള്ള ആഭരണങ്ങൾ കഥപറഞ്ഞും ഉലയൂതിയും കഴഞ്ചിക്കുരുവിട്ട് തിളപ്പിച്ച് ചെളിയിളക്കിയും മിനുക്കിയും തിളക്കിയും അളന്നും തൂക്കിയും മുറുക്കിയും തുപ്പിയും ഉണ്ടും ഉച്ചക്കൊന്ന് മയങ്ങിയും - ഒരു പൂച്ചയുറക്കം അത്രേള്ളൂ.... ദിവസങ്ങളോളം പണിയെടുക്കും. ഇതിലൊന്നും പൂച്ചക്ക് ഒരു കാര്യവും ഇല്ല. പൂച്ച പതുങ്ങിവന്ന് അടുത്തിരുന്ന് നോക്കേണ്ട ഒരു കാര്യവുമില്ല. ആ നേരം കൂടി നാല്` എലിയെപ്പിടിച്ചാൽ കുടുംബത്തില്` ഗുണം ചെയ്യും. ഇതാണ്` ശൈലിപ്പൊരുൾ .
അപ്പൊ പിന്നെ ' പൂച്ചക്ക് പൊന്നുരുക്കുന്നേടത്തെന്താ? തനിക്ക് പൊന്നുരുക്കുന്നേടത്തെന്താ എന്ന് പൂച്ചയല്ല ചോദിക്കുന്നത്. പൊന്നുരുക്കുന്ന തട്ടാനുമല്ല. പൊന്നുരുക്കിക്കുന്ന , ആഭരണമുണ്ടാക്കിക്കുന്ന, ഉണ്ടാക്കിയ ആഭരണങ്ങളൊക്കെ വർണ്ണക്കടലാസിൽ പൊതിഞ്ഞ് കാൽപ്പെട്ടിയിൽ സൂക്ഷിക്കുന്ന വീട്ടുകാരന്റെയാണ്` ഈ പ്രസ്താവന. പൊന്നുവാങ്ങിയ വീട്ടുകാരൻ കാരണവർ / കാരണവത്തി . പൊന്ന് കിട്ടിയതെങ്ങനെയെന്ന് പൂച്ച കണ്ടതാണ്`. കുറച്ചൊക്കെ വാങ്ങിയതാണ്`. വളരെ കുറച്ച്. അധികവും സൂത്രത്തിൽ കൈക്കലാക്കിയതാണ്`. അയലോക്കത്ത് പാവം പെണ്ണുങ്ങളും ആണുങ്ങളും കാശിന്ന് മുട്ടുവന്നപ്പോൾ വലിയപലിശക്ക് പണയം വെച്ചവയാണ്`. പണയം വെച്ചവ പലിശയും പലിശക്ക്പലിശയും ഒക്കെകൂടി വന്നപ്പോൾ അടച്ചുവീട്ടാനാവാതെ തിരിച്ചെടുക്കാതെ വന്നതാണ്`. കാല്പ്പെട്ടിയിൽ നിറയെ ഇങ്ങനെ പണയം വെക്കപ്പെട്ട് കുടുങ്ങിയ ആഭരണങ്ങളാണ്`. കാശുമാല, കെട്ടുതാലി , കുട്ടിടെ / അച്ചന്റെ കടുക്കൻ, മോള്ടെ കൊടക്കടുക്കൻ, അരഞ്ഞാണം, വള, കല്യാണമോതിരം അങ്ങനെ പലതും. ഒക്കെ ചെറിയ തൂക്കത്തിലുള്ളവ. അതിലും ചെറിയ തൂക്കം കണക്കാക്കി പണം വാങ്ങി പണയപ്പെട്ടവ. ഇതു പൂച്ച സ്ഥിരമായി കണ്ടു പോന്നതാണ്`. ഇതോടൊപ്പം തറവാട്ടിൽത്തന്നെ മരിച്ചുപോയവരുടെ താലി , വള, മോതിരം, കടുക്കൻ, ദേശാന്തരം പോയവരുടെ, പരസ്പരമുള്ള കടമിടപാടുകൾ വഴി വന്നത്, വഴിയിൽ നിന്ന് വീണുകിട്ടിയ കാക്കപ്പൊന്നുവരെയുള്ള വസ്തുവഹകളാണ്` ഉരുക്കി ഒന്നാക്കി പുതിയവ പണിയുന്നത്. ഉരുകുന്നതൊക്കെ ദാരിദ്രത്തിന്റെ കനലിൽ മുന്പേ ഉരുകിയ ദ്രവ്യങ്ങളാണ്`. പൂച്ചക്ക് ഇക്കാര്യമെല്ലാം അറിയാം .
പൂച്ചക്ക് അറിയാമെന്ന് വെറുതെ തോന്നുന്നതല്ല . പൂച്ച ഇവിടത്തെയാണെങ്കിലും അയല്പ്പക്കക്കഥകളൊക്കെ പൂച്ചക്കറിയാം. അവിടെയൊക്കെ പോയി പൂച്ച പാലും മീനും ഒക്കെ അശിച്ചതാണ്`. അവരുടെ സുഖദുഖങ്ങൾ കണ്ടറിഞ്ഞതാണ്`. അവരുടെയൊക്കെ പരാതികളും പരിഭവങ്ങളും കേട്ടതാണ്`. പെറ്റപ്പോൾ കുഞ്ഞുങ്ങളേയും എടുത്ത് വിശ്വാസപൂർവം 'ഏഴില്ലം ' കടന്നതാണ്`. അതുകൊണ്ട് പൂച്ചക്ക് എല്ലാവരുടേയും എല്ലാ കഥയും അറിയാം. ഉറക്കത്തിൽപോലും പൂച്ചക്ക് അബദ്ധവും സംഭവിക്കില്ല. ' വീണാലും നാലുകാലിലേ വീഴൂ.
അപ്പോ പൂച്ച പൊന്നുരുക്കുന്നേടത്ത് ഇരുന്നാൽ അതു കുഴപ്പമാണ്`. വീട്ടുകാരന്റെ / വീട്ടുകാരത്തിയുടെ ഉള്ളിൽ കുറ്റബോധം ഉണ്ടാവും എത്രയായാലും. ഒന്നും നേരായ വഴിക്ക് കിട്ടിയ 'മുതലല്ലല്ലോ. പൂച്ചയാണെങ്കിലോ ഒരു കുറ്റാന്വേഷകനെപ്പോലെ എല്ലാം മണത്തറിയും. ഏതു മുക്കിലൊളിച്ചാലും എലിയെ മണത്തറിഞ്ഞ് പിടിച്ച് കടിച്ച് കുടയും. അതു പൊന്നുരുക്കുന്ന സന്തോഷത്തിൽ കുറ്റബോധത്തിന്റെ ഉമിത്തീയ്യ് വളർത്തും .
മറ്റൊന്ന്, പൂച്ച സ്വയം തീരുമാനിക്കുകയും തനിക്കിതിൽ കാര്യമില്ലെന്ന് അറിഞ്ഞ് സ്വയം പൊന്നുരുക്കുന്നേടത്ത്നിന്ന് സ്വയം പിൻവലിയുകയും ചെയ്യുന്നത് നല്ല കാര്യം. അതു പൂച്ചയുടെ സ്വാതന്ത്രവും സാമൂഹ്യബോധവുമാണ്`. മറിച്ച്, പൊന്നുരുക്കുന്നവൻ തീരുമാനിക്കുന്നത്, പൊന്നുരുക്കുന്നേടത്ത് പൂച്ചക്ക് കാര്യമില്ലെന്ന് വിധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്`. പൊന്നിന്റെ കഥയൊക്കെ ' പൂച്ചക്ക് അറിയാമെന്നതുകൊണ്ടും അക്കാര്യം പൊന്നിന്റെ ഉടമക്ക് അറിയാമെന്നതുകൊണ്ടും ഈ കൽപ്പന ഒരു പൂച്ചക്കും അംഗീകരിക്കാനാവില്ല. പൂച്ചയും ഒരു ഘട്ടം കഴിഞ്ഞാൽ മനുഷ്യൻ തന്നെ. മനുഷ്യനുമായി ബന്ധപ്പെട്ട വിവിധ വ്യവഹാരങ്ങളൊക്കെ പൂച്ചക്കും ബാധകമാവുകയാണ്`. അവനൊരു പൂച്ചയാണെന്ന് തുറന്നുപറയുന്ന സന്ദർഭങ്ങളുണ്ട്.പ്രശംസയായിട്ടും പുലയാട്ടായിട്ടും മാറിമാറി. ശൈലിയിലെ പൂച്ച വെറും പൂച്ചയല്ല. അതൊരു പ്രതീകമാണ്`. പൂച്ച, കോഴി, കുറുക്കൻ, പുലി, സിംഹം, ആന, ഓന്ത് , പല്ലി എന്നിവയൊക്കെ പ്രതീകങ്ങളാണ്`. അന്യാപദേശത്വമുള്ളവയാണ്` ശൈലിയും ചൊല്ലും എല്ലാം.
ചുരുക്കത്തിൽ , ഭാഷാപരമായി പ്രാചീനരേഖകൾ എന്ന നിലയിൽ പ്രധാനപ്പെട്ടവയാണിവയെല്ലാമെങ്കിലും ഭാഷയുടെ സാമൂഹികതലത്തിൽ ഇതൊക്കെയും ഇന്നും പ്രയോഗിക്കപ്പെടുമ്പോൾ , അതൊക്കെയും പതിരില്ലാത്തവയെന്ന് അങ്ങനെയങ്ങ് കരുതാനാവുമോ എന്നു പരിശോധിക്കുന്നത് നല്ലതാണ്`.

No comments: