25 May 2015

കവിയും കോഴിയും


കവിയും കോഴിയും എന്ന ശീർഷകം കാണുന്നതോടെ നമ്മുടെ കവികളുടെ കോഴിപ്രിയത ഓർമ്മയിലെത്തും. കോഴി സാധാരണനിലയിൽ രണ്ടുതരത്തിൽ ഒരു ബിംബമെന്നനിലക്ക് നമ്മെ നയിക്കുന്നുണ്ട്. ഒന്ന് ഭക്ഷ്യവസ്തുവെന്ന നിലയ്ക്കും മറ്റൊന്ന് നിലക്കാത്ത രത്യാഭിമുഖ്യം എന്ന നിലയ്ക്കും. കവികളുടെ കാര്യം [ പൊതുവെ എഴുത്തുകാരുടെ കാര്യവും ] പറയുമ്പോൾ ഈ രണ്ടു ഭാവാർഥങ്ങളും ശരിയെന്ന് തലകുലുക്കാൻ നമുക്കധികം സമയം വേണ്ട. കുക്കുടപുംഗവന്റെ ചന്തവും തലയെടുപ്പും ഒക്കെ വർണ്ണിച്ച് അതിനെ കൊന്നുതിന്നുവരെ മുഴുവൻ ശപിച്ച് അനാഥമാക്കപ്പെടുന്ന കുക്കുടകുടുംബത്തോട് സഹാനുഭൂതി തൂകി കവിതയെഴുതുകയും സ്വന്തം അമറേത്തിന്ന് കോഴിമാംസം നിർബന്ധമാക്കുകയും ചെയ്യുന്ന മഹാകവികളെക്കുറിച്ചുള്ള കുന്നായ്മകൾ സഹൃദയരുടെ വെടിവട്ടങ്ങളിൽ ഉണ്ട്. സ്ത്രീസൗന്ദര്യത്തെക്കുറിച്ചും അവളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും പാടി അവളെ 'ദേവി'യായി പുകഴ്‌‌ത്തി പൂജിച്ച് നമസ്കരിച്ച് കവിതയെഴുതുകയും സ്വന്തം കിടപ്പറയിൽ മാത്രമല്ല തഞ്ചം കിട്ടുന്നേടത്തൊക്കെ ' ഒന്നു തരാക്കാൻ ' പൂതിപ്പെടുന്ന കവിപുംഗവന്മാരും കുറവല്ല നമുക്കെന്ന് പാട്ടാണ്`. എന്നാൽ ഈ രണ്ടുമല്ല ഇവിടെ ആലോചനയിൽ കൊണ്ടുവരുന്ന സംഗതി എന്നു സൂചിപ്പിച്ചുകൊണ്ട് മറ്റൊരുകാര്യത്തിലേക്ക് കടക്കാം.
എഴുത്തുകാരനും എഴുത്തും
തമ്മിലുള്ള ബന്ധമാണ്` ഇവിടെ വിഷയം. എഴുത്തുകാരന്ന് സ്വന്തം എഴുത്ത് [ കഥ കവിത എന്തുമാകട്ടെ ] ഏറെ പ്രിയപ്പെട്ടതാണ്`. തന്റെ കവിതയെകുറിച്ച് ' താൻ അടവെച്ച് വിരിയിച്ചത് ' എന്നാണ്` അഭിമാനപൂർവം പറയുക. '...കദളീവനഹൃദയനീഡത്തിലൊരുകിളിമുട്ടയടവെച്ചു കവിതയായ് നീ വിരിയിച്ചതും ' എന്നൊക്കെ ആലങ്കാരികമായിപ്പോലും പറയാൻ വളരെ ഇഷ്ടമുള്ളവരാണ്` പൊതുവെ എഴുത്തുകാർ. അതൊരുപരിധിവരെ ശരിയാണുതാനും. സൃഷ്ടി തപസ്സാണ്`. ദിവസങ്ങളോളം നീളുന്ന അടയിരിക്കൽ സൃഷ്ടിക്ക് പിന്നിലുണ്ട്. എഴുത്തുകാരന്റെ ചൂടും ജീവനും തന്നെയാണ്` കവിതയിൽ ഉറകൂടി തോട് പൊട്ടിച്ച് വിരിഞ്ഞിരിറങ്ങുന്നത്. കോഴിക്ക് കോഴിക്കുഞ്ഞുപോലെ. കാക്കയെക്കൊണ്ട് അടയിരിപ്പിക്കുന്ന കുയിൽ കവിതയുടെ കാര്യത്തിൽ അത്രയധികം ഇല്ല [എന്നല്ലേ പറയാൻ കഴിയൂ ]. തോടുപൊട്ടിച്ച് പുറത്തിറങ്ങിയ കവിത പറക്കമുറ്റാറാവുന്നതുവരെ കവി കൂടെ കൊണ്ടുനടക്കണം എന്നതിൽ തെറ്റൊന്നും കാണാൻ വയ്യ. ശൈശവത്തിൽ രക്ഷിതാക്കളുടെ സാന്നിദ്ധ്യവും സഹായവും പ്രകൃതിസ്വഭാവമാണല്ലോ. പക്ഷെ, പറക്കമുറ്റുന്നതോടെ തന്റെ ചിറകിന്റെ തണലിൽ നിന്ന് കവിതയെ മോചിപ്പിക്കണം. അങ്ങനെ മോചിപ്പിക്കപ്പെട്ടാലേ രചന സ്വന്തം ജീവിതം ആരംഭിക്കുകയും സ്വന്തം ലോകം ഉണ്ടാക്കിയെടുക്കുകയും ചെയ്യൂ. വാത്സല്യക്കൂടുതൽ കവിതയുടെ ജീവിതം നശിപ്പിക്കും. തള്ളക്കവി ഇല്ലാതാകുന്നതോടെ കവിതയും വിസ്മൃതിയിൽ പോകും. ഒരു റീപ്രിന്റുപോലുമില്ലാതെ. ഒരു വായനാപരിസരത്തും ലഭ്യമാവാതെ.

നമ്മുടെ എഴുത്തുചരിത്രവും സമകാലികസാഹിത്യവും ഈയൊരു കോണിൽ പരിശോധിച്ചാൽ ഇത് വ്യക്തമാവും. ചിറകിന്നടിയിൽ കൂടെ കൊണ്ടു നടക്കാതെ എഴുത്തിനെ സ്വതന്ത്രമാക്കിയ കവികളിൽ ഭാഷാപിതാവുമുതൽ സമകാലിക കവികളിൽ [?] കുഞ്ഞുണ്ണിമാഷ് വരെ എത്രയോ ഉദാഹരണങ്ങൾ കണ്ടെത്താനാവും. കവിത [ എഴുത്ത് ] തന്റെ കർമ്മമാണെന്നും അതിന്റെ പ്രായോജകരും ഉപഭോക്താക്കളും ജനസാമാന്യമാനെന്നും ഭാഷാപിതാവിനറിയാമായിരുന്നു. ധാർമ്മികതയും മോക്ഷോപായവും തന്റെ ജീവിതം മെച്ചപ്പെടുത്താനെന്നതിനേക്കാൾ ജനസാമാന്യത്തിന്റെ - നിലവിലുള്ളവരും ഇനി അനേകം തലമുറകളിലൂടെ വരാനുള്ളവരുമായ ജനസാമാന്യം - കാര്യത്തിലേക്കാനെന്ന് നമ്മുടെ ആദികവികളൊക്കെ മനസ്സിലാക്കിയിരുന്നു. ചെറുശ്ശേരി, തുഞ്ചൻ, കുഞ്ചൻ, പൂന്താനം തൊട്ട് നിരവധി സാഹിത്യനായകൻമാർ. നോക്കൂ : അവരുടെ രചനകളിലൊന്നും രചയിതാക്കളുടെ നാമമുദ്രപോലുമില്ല. ഇവരുടെ ശരിയായ പേർ, വിലാസം എന്നിവപോലും ഇന്നും ഭാഷാകുതുകികൾ അന്വേഷണത്തിലാണ്`. അവരൊക്കെ ഇന്നും വായിക്കപ്പെടുന്നു എന്നുമാത്രമല്ല , ആ കവിതാകുഞ്ഞുങ്ങളൊക്കെ വളർന്ന് ശാഖോപശാഖകളായി അവരുടെ വംശം വർദ്ധിപ്പിച്ച് ഭാഷയിലെ നിത്യസ്മാരകങ്ങളായി പരിണമിച്ചു. അക്കാലത്ത് എഴുതിയിരുന്ന മറ്റു രചനകൾ ഇന്നും എഴുതിയവരുടെ ചിറകിന്നടിയിൽ പുറംലോകം കാണാതെ കഴിഞ്ഞുകൂടുന്നു.

ഇത്തരം കവിതകൾ സ്വതന്ത്രരൂപങ്ങളെടുത്ത് വായിക്കപ്പെടാൻ സാധ്യപ്പെടുത്തുന്നു. ഭിന്ന വ്യാഖ്യാനങ്ങൾ, അർഥതലങ്ങളിലെ വൈവിദ്ധ്യം, വിവിധ സന്ദർഭങ്ങളിൽ സാർഥകമായി ഉദ്ധരിക്കപ്പെടാനുള്ള യോഗ്യത, ഇനിയും എന്തൊക്കെയോ പഠിക്കാൻ ഇവക്കുള്ളിൽ ഉണ്ടന്ന ബോധ്യം വായനക്കാരിൽ സൃഷ്ടിക്കൽ, ഓരോ വായനയിലും നൂതനത്വമുണ്ടെന്ന് തെളിയിക്കുന്ന നിത്യനൂതനത്വം,.... ചിറകിന്നടിയിലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും അല്ല പരിണമിക്കുക. കുഞ്ഞുണ്ണിമാഷെ ഇക്കൂട്ടത്തിൽ കാണേണ്ടകവിയാണ്`. അദ്ദേഹത്തിന്റെ കവിതകൾ മിക്കതും മേല്പ്പറഞ്ഞ ഗുണങ്ങൾ വഹിക്കുന്നവയാണ്`. എഴുതിക്കഴിഞ്ഞാൽ കവിതയെ ' കൊത്തിയാട്ടുന്നത്' കൊണ്ടാണിത് സംഭവിക്കുന്നത്. തുഞ്ചൻ മുതൽക്കുള്ളവരിൽ നിന്ന് പരിശീലച്ചതാവാം ഈ കവിതാജീവിതം. അതുകൊണ്ടുതന്നെ ഇത്തരം കവിതകൾ ഇന്ന കവിയുടെ എന്നതിനേക്കാൾ ജീവിതത്തെ സ്വാധീനിക്കുന്ന, ജീവിതത്തെ പുനർവ്യാഖ്യാനിക്കാൻ സഹായിക്കുന്ന വാങ്ങ്മയങ്ങളായി പരിണമിക്കുന്നു. ഭാഷയിലെ ഒരു ശൈലിപോലെ, പഴഞ്ചൊല്ലുപോലെ, കടങ്കഥപോലെ , ഉദ്ധരിച്ചുപയോഗിക്കാവുന്ന കാവ്യരേഖകൾ എന്ന മട്ടിൽ പരിണമിക്കുന്നു. 'താൻ താൻ നിരന്തരം ചെയ്യുന്ന കാര്യങ്ങൾ താൻ താന്നനുഭവിച്ചീടുകെന്നേ വരൂ ', അമ്മിയെന്നാൽ അരകല്ല് ; അമ്മയെന്നാൽ അമ്മിഞ്ഞക്കല്ല് , തുടങ്ങിയ നിരവധി കാവ്യഭാഗങ്ങൾ ഇന്ന കവിയുടെതെന്നതിനേക്കാൾ വിപുലമായ ഒരു ജീവിതസന്ദർഭമായി രൂപം മാറുന്നു. കൊത്തിയാട്ടിയതിന്റെ ഗുണമാണിത്.

ഇത്തലമുറയിലെ കവികളിൽ വൈലോപ്പിള്ളി, സച്ചിദാനന്ദൻ, ആറ്റൂർ തുടങ്ങിയ അപൂർവം കവികൾ , .വി. വിജയൻ, എം.പി. നാരായണപ്പിള്ള, വികെൻ , സക്കറിയ തുടങ്ങിയ വളരെ കുറച്ച് കഥ/ നോവൽ എഴുത്തുകാർ മാത്രമാണ്` സാഹിത്യത്തിലെ ഈ ജീവിതവിദ്യ അറിഞ്ഞാചാരിച്ചവർ എന്നു തോന്നുന്നു. പ്രിന്റ് മീഡിയയിലും ബ്ളോഗിലും ഉള്ള പുതിയ എഴുത്തുകാർ പലരും ഈ രഹസ്യം അറിയാവുന്നവരാണെന്ന് തോന്നുന്നു. പക്ഷെ, പറയാറായിട്ടില്ല. പഴമക്കാർ പറയുംപോലെ ' സ്വന്തം മുതൽ കെട്ടിപ്പിടിച്ചിരിക്കുന്ന ' എഴുത്തുകാരെ കാലം കൂടെ കൊണ്ടുനടക്കില്ല എന്നു മാത്രം. മുമ്പ് ആഘോഷിച്ച പല എഴുത്തുകാരുടേയും കവിതകൾ ഇന്ന് ജനം വായിക്കുന്നില്ല. എഴുത്ത് വായനക്കാരെ ഏൽപ്പിക്കാനുള്ള , അവർ വായിക്കുകയും വ്യാഖ്യാനിക്കുകയും ജീവിതത്തിൽ പ്രയോജനപ്പെടുത്തുകയും ചെയ്യാനുള്ള അനുവാദം കവിതക്കകത്ത് ഉണ്ടാവണം. കവിതയുടെ വലിപ്പം അതാണ്` ഉണ്ടാക്കുന്നത്. വരികളുടെ ദൈർഘ്യമല്ല, കാലത്തിന്റെ ദൈർഘ്യമാണ്` കവിതയിൽ സന്നിവേശിപ്പിക്കേണ്ടത്. സ്വയം വളർന്ന് വികസിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉള്ളിൽ നിക്ഷേപിക്കപ്പെട്ട രചനകൾ .

No comments: