16 February 2015

കലോത്സവം പഠനോത്സവങ്ങളാൻ ഇനിയും വൈകുമോ ?



.
കലോത്സവമാന്വലിന്റെ മുഖവുരയില്‍ :
പഠിതാവിന്റെ ധൈഷണികവും  കലാപരവും  കായികവുമായ കഴിവുകളുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയും  വികാസവുമാണ്` പാഠ്യപദ്ധതി ചട്ടക്കൂട് വിഭാവനം  ചെയ്യുന്നത്. അതിനാല്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും  സംയോജിതമായ രീതിശാസ്ത്രവും      തദനുസൃതമായ നിയമാവലിയും  രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്`.
    ഇതോടൊപ്പം  അനാരോഗ്യകരമായ മത്സരഭാവം, പാഴ്ച്ചെലവ്, സമയനഷ്ടം... തുടങ്ങിയ     സംഗതികളില്‍ പരിഹാരമാവശ്യമാണെന്നും   ഈ മുഖവുരയിത്തന്നെ  സൂചിപ്പിക്കുന്നുണ്ട്.

മാന്വലില്‍ കുട്ടിയുടെ പാഠ്യാനുബന്ധപ്രവര്‍ത്തനം എന്ന നിലയില്‍ വളരെ ശാസ്ത്രീയമായാണ്` കലോത്സവത്തെ ഡിപ്പാര്‍ട്ട്മെന്റ് കാണുന്നത്. അതുകൊണ്ടുതന്നെ .....
    ആലോചന പോകേണ്ട വഴി
  1. വികേന്ദ്രീകരിച്ചുള്ള ചെറിയ മേളകളാണ് ഏക പരിഹാരം. സ്കൂള്‍ തലത്തില്‍ തുടങ്ങി പഞ്ചായത്ത് തലത്തില്‍ സമാപിക്കണം.
    മനുഷ്യാദ്ധ്വാനപരമായും സാമ്പത്തികമായും പഞ്ചായത്ത് തലം
    കൊണ്ട് മേള സമാപിക്കുന്നെങ്കില്‍ എത്രയോ ഗുണമുണ്ട്. അതായിരിക്കും ഏഷ്യയിലെ ഏറ്റവും വലിയ യുവജനമേള. നോക്കു: ആയിരത്തോളം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നിരക്കെ ഒക്ടോബര്‍ -നവംബര്‍ മാസത്തില്‍ വിപുലമായ വിദ്യാഭ്യാസമേളകള്‍ - കല, ശാസ്ത്ര, കായിക, പ്രവൃത്തിപരിചയ മേളകള്‍ ഒന്നിച്ചങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി നടത്തിയാലത്തെ ഉത്സവാന്തരീക്ഷം. സംസ്ഥാനം മുഴുവന്‍ .... ശരാശരി ഓരോ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലും വിദ്യാഭ്യാസമേള. വിദ്യാഭ്യാസരംഗം മുഴുവന്‍ ഇന്നത്തേക്കാള്‍ നൂറിരട്ടി സര്‍ഗ്ഗത്മകമാക്കന്‍ നന്നായി പ്ളാന്‍ ചെയ്താല്‍ ഇതു മതിയാവും. അതല്ലേ മഹോത്സവങ്ങളുടെ ഗുണപരമായ നീക്കിബാക്കിയാവേണ്ടതും?
  2. ഇനി ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തിലോ. സ്കൂള്‍ തലത്തില്‍ മുതല്‍ പങ്കെടുക്കുന്ന കുട്ടിക്ക് ഗ്രേസ് മാര്‍ക്ക് നല്കണം. അതാവണം നാം അനുവര്‍ത്തിക്കുന്ന ശിശുകേന്ദ്രിത സമീപനം. ഒരവതരണത്തിന്ന് കുട്ടി തയ്യാറവുന്നതിന്റെ പിന്നില്‍ വളരെ ശുഷ്കാന്തിയോടെയുള്ള, ദീര്‍ഘകാലമായുള്ള , സമര്‍പ്പണസ്വഭാവമുള്ള പഠനവും പരിശീലനവുമുണ്ട്. അതു സ്കൂള്‍ തലം മുതല്‍ ഉണ്ട്. പഠിച്ച് നന്നായി ചെയ്യുന്ന കുട്ടി ഏതു തലത്തിലാണെങ്കിലും അധിക പരിഗണനക്കര്‍ഹനാണ്` എന്നതായിരിക്കണം യുക്തി. കല- കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ രംഗത്തൊക്കെ ഇതു വേണം. അതിലാകട്ടെ തുല്യപരിഗണനയും വേണം.
കലോത്സവമാന്വല്‍ പരിഷ്കാരവുമായി ബന്ധപ്പെട്ട് വിവിധതലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇതുപോലുള്ള കാര്യങ്ങളായിരിക്കണം പ്രധാന വിഷയങ്ങള്‍.

മാന്വലിൽ കലോത്സവത്തെ പഠ്യാനുബന്ധപ്രവര്‍ത്തനം [Co-curricular activity] എന്ന നിലയിലാണ്` കാണുന്നത്. അതെത്രയും ശരിയുമാണ്`. എന്നാല്‍ അതു ഇന്നത്തെ നിലയില്‍ ഉത്സവമാകുമ്പോള്‍ പാഠ്യപ്രവര്‍ത്തനത്തേക്കാള്‍ വലിയ ഒന്നായി - പ്രാധാന്യമുള്ള ഒന്നായി മാറുകയാണ്`.
പാഠ്യപ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുന്ന ഒന്നല്ല പാഠ്യാനുബന്ധപ്രവര്‍ത്തനം എന്ന് ഇന്നെല്ലാവര്‍ക്കുമറിയാം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ പഠിക്കുന്ന കുട്ടി ഭാഷാക്ളബ്ബില്‍ ബഷീര്‍ ദിനാചരണത്തില്‍ ഒരു പ്രബന്ധം അവതരിപ്പിക്കുന്നത് ക്ളബ്ബ് പ്രവര്‍ത്തനമാണ്`. ക്ളബ്ബ് പ്രവര്‍ത്തനം പഠ്യാനുബന്ധപ്രവര്‍ത്തനമാണ്`. ചാക്യാര്‍ കൂത്തിലെ ഒരു ഭാഗം [പാഠപുസ്തകത്തിലുള്ളത് ]പഠിക്കുന്ന കുട്ടികള്‍ അവരുടെ ആര്‍ട്ട്സ് ക്ളബ്ബില്‍ ചാക്യാര്‍കൂത്ത് അവതരണം സംഘടിപ്പിക്കുന്നതോ / പഠിച്ച് സ്വയംചെയ്യുന്നതോ പഠ്യാനുബന്ധപ്രവര്‍ത്തനമാണ്`. ഇതൊക്കെ എങ്ങനെയാണ്` ഇന്നത്തെ ഈ കലോത്സവം പോലെ ഇത്ര വലിപ്പം വയ്ക്കുന്നത് എന്നാരും ആലോചിക്കുന്നില്ല എന്നാണോ?
പഠനപ്രവര്‍ത്തനം ക്ളാസ് മുറിയിലാണ്`. പഠനാനുബന്ധപ്രവര്‍ത്തനവും ക്ളാസ് മുറിയിലോ അതിന്റെ ചുറ്റുവട്ടത്തോ ആകണം. കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ളതാണ്`/ സഹായിക്കാനുള്ളതാണ്` [ കലപരിപാടികള്‍, ക്ളബ്ബ് പ്രവര്‍ത്തനം, വിനോദയാത്ര] പഠനാനുബന്ധപ്രവര്‍ത്തനം. അത് ആത്യന്തികമായി ക്ളാസിലോ സ്കൂളിലെങ്കിലുമോ ആയിരിക്കണം. എന്നാലേ അതിന്റെ ഗുണം [ വിദ്യാഭ്യാസപരമായ ഗുണം ] എല്ലാ കുട്ടിക്കും ലഭിക്കൂ. എല്ലാ കുട്ടിക്കും ലഭിക്കുന്നതായിരിക്കണം എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും. അതാണല്ലോ മികച്ച വിദ്യാഭ്യാസത്തിന്നായുള്ള കുട്ടിയുടെ അവകാശം.

അതുകൊണ്ടുതന്നെ
  1. കലാ-കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളൊക്കെ നല്ല നിലവാരത്തില്‍ നടത്തപ്പെടുകയും ആയത് ക്ളസിലും സ്കൂളിലും ഒരല്പ്പം കൂടി വലിയ രീതിയില്‍ സബ്‌‌ജില്ല തലത്തിലോ ഗ്രാമ പഞ്ചായത്ത് തലത്തിലോ നിര്‍വഹിക്കപ്പെടുകയും വേണം. മുഴുവന്‍ കുട്ടികള്‍ക്കും പങ്കെടുക്കാനും ഇടപെടാനും അതിലൂടെ പഠനപ്രവര്‍ത്തനങ്ങളില്‍ മികവ് ഉണ്ടാക്കാനും കഴിയണം. മത്സരമല്ല, പങ്കുവെക്കലായിരിക്കണം അവിടെ നടക്കേണ്ടത്. കുട്ടിയുടെ ഇടപെടല്‍ മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കണം.
  2. 13 മത്സര ഇനങ്ങളില്‍ തുടങ്ങി കാലാകാലങ്ങളില്‍ വികസിച്ച് 213 ഇനങ്ങളില്‍ കലോത്സവം ഇന്നു നടക്കുന്നു. ഈ വൈപുല്യം ഉത്സവപരമായി നന്നെങ്കിലും പഠ്യാനുബന്ധപ്രവര്‍ത്തനം എന്ന നിലയില്‍ കുട്ടിക്ക് എത്രമാത്രം ആവശ്യമുണ്ട് എന്ന് മുന്‍വിധികളില്ലാതെ ആഴത്തില്‍ പരിശോധിക്കണം. ഏതിനമാണെങ്കിലും അത് ആവശ്യമുള്ളതോ എന്ന് തീരുമാനിക്കുന്നത് - കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചായിരിക്കണം. അതില്‍ത്തന്നെ മുന്‍ഗണനാചിന്ത ഉണ്ടാവണം. ഇന്നത്തെ മുന്‍ഗണന ശാസ്ത്രീയ നൃത്തങ്ങള്‍ക്കും മറ്റു നൃത്തരൂപങ്ങള്‍ക്കുമാണ്`. ഉപന്യാസം, പ്രസംഗം, കാവ്യാലാപനം, കഥ/കവിത രചന, ചിത്രം, കത്ത്, നിവേദനം, അടിക്കുറിപ്പ്, എന്നിവയുടെ മുന്‍ഗണനാനില വളരെ പിന്നിലും. കരിക്കുലവും , പാഠപുസ്തകങ്ങളുടെ ഉള്ളടക്കവുമായി വെച്ച് പരിശോധിച്ച് വേണം ഈ പ്രാധാന്യം നിശ്ചയിക്കാന്‍. കാലാകാലങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ പ്രയാസവുമുണ്ടാവില്ല.
ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ളാസുകളില്‍ ഉള്ള കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ത്തന്നെ കലോത്സവങ്ങളെ നിശ്ചയമായും മറ്റുപരിഗണനകള്‍ക്കടിമപ്പെടാതെ പുന:ക്രമീകരിക്കേണ്ടതുണ്ട്. അങ്ങനെ അത് ഏഷ്യയിലെ ഏറ്റവും വലിയ പഠനമേളയായി രൂപം പ്രാപിക്കും. അതല്ലാതെ ഇന്നത്തെ നിലയില്‍ തുടരുന്നത് കലോത്സവമാന്വലില്‍ ആമുഖത്തില്‍ വിവരിക്കുന്ന ഒരു കാര്യവും നിറവേറ്റപ്പെടാന്‍ സാധ്യത നല്കുന്നതാവില്ല.

പ്രക്രിയാധിഷ്ഠിത കലോത്സവം
കലോത്സവമാന്വലിന്റെ മുഖവുരയില്‍ കലോത്സവങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളായി പറയുന്ന -പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് പാഠ്യപ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ചുള്ള രീതിശാസ്ത്രവും നിയമാവലിയും - എന്നു പറയുന്നത് ഈ മാന്വലില്‍ വിവരിക്കുന്നപോലെയാണെന്നാണോ നാം മനസ്സിലാക്കേണ്ടതു? തീര്‍ച്ചയായും ഈ രംഗത്തെ വിദഗ്ദ്ധര്‍ ഇതെല്ലാം പരിശോധിക്കാന്‍ ഇനിയും വൈകിക്കൂടാ എന്നു തോന്നുന്നു.
പ്രക്രിയയില്‍ അധിഷ്ഠിതവും പ്രശ്നപരിഹാരങ്ങളില്‍ ഊന്നിനില്‍ക്കുന്നതും ശിശുകേന്ദ്രീകൃതവുമായ പാഠപ്രവര്‍ത്തനങ്ങളാണ്` ഇന്ന് നമ്മുടെ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അത് പൂർണ്ണമായും പഠനനേട്ടങ്ങളിൽ ശ്രദ്ധിക്കുന്നവയും ആകണം . ഇതിലേറ്റവും പ്രധാനപ്പെട്ട ഘടകം പ്രക്രിയാധിഷ്ഠിതമായ ജ്ഞനനിര്‍മ്മിതിയാണ്`. അതാകട്ടെ സമൂഹവുമായി ഇടപെട്ടുകൊണ്ടുള്ള , അനുഭവങ്ങളില്‍ അടിയുറപ്പിച്ച പ്രക്രിയകളില്‍ അടിയുറച്ചു നിലനില്‍ക്കുന്നതും. പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങളും [ വിവിധ ക്ളബ്ബുകള്‍,ദിനാചരണങ്ങള്‍ , ലാബ്-ലൈബ്രറി പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ്ട്രിപ്പ്- പഠനയാത്രകള്‍, കലാ-കായിക പ്രവര്‍ത്തനങ്ങള്‍ ] സ്കൂളുകളില്‍ സജീവമാണ്`. ഇവയുടെ ഒരു തുടര്‍ച്ചയോ വിപുലീകരിച്ച പ്രവര്‍ത്തനമോ ആയി കലോത്സവങ്ങളെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 14-15 വയ:പരിധിയില്‍പെട്ട കുട്ടികളുടെ കലോത്സവങ്ങള്‍ മുതിര്‍ന്നവരുടെ കലാമത്സരങ്ങളെപ്പോലെ സംവിധാനം ചെയ്ത ഭാവന മാന്വലിന്റെ മുഖവുരയില്‍ പറയുന്ന ലക്ഷ്യങ്ങളെ 'ഏട്ടിലെ പശു'വാക്കുന്നു. മുതിര്‍ന്ന മനുഷ്യന്റെ ചെറുപതിപ്പല്ലല്ലോ കുട്ടി.
കുട്ടി മുന്‍കൂട്ടി പഠിച്ചുവന്ന ഒരു കലാരൂപത്തിന്റെ അവതരണമല്ല കലോത്സവത്തില്‍ ഉണ്ടാകേണ്ടത്. മലയാളപദ്യം ചൊല്ലല്‍ മത്സരം നടത്തുന്നത് പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളെ ഒന്നിച്ചിരുത്തി കുറേ നല്ല കവിതകള്‍ നല്കി അതില്‍ ചിലത് നന്നായി ചൊല്ലിക്കൊണ്ടായിരിക്കണം.കവിതകള്‍ തെരെഞ്ഞെടുക്കുന്നതിലും, അനുയോജ്യമായ ഈണം നല്കുന്നതിലും , അവതരണക്രമം തൊട്ടുള്ള സംഘാടനപരിപാടികളിലും കുട്ടികളുടെ മുന്‍കയ്യു വേണം. കവിതയെ കഥയാക്കുക, കഥാപ്രസംഗമാക്കുക, തിരക്കഥയാക്കുക , നൃത്തരൂപമാക്കുക, നാടകമാക്കുക തുടങ്ങിയ സാധ്യതകളും തുടര്‍ന്നിതില്‍ കുട്ടികള്‍ കണ്ടെത്തും. കഥാ രചയിലോ ഉപന്യാസരചനയിലോ ഏര്‍പ്പെടുന്ന കുട്ടികള്‍ അവരുടെ അരങ്ങില്‍ ഇതുപോലുള്ള സാധ്യതകള്‍ ആലോചിക്കും. തീര്‍ച്ചയായും അതില്‍ സഹായിക്കാനായി അദ്ധ്യാപകരുടെ സാന്നിധ്യവും വേണം. ഓരോ അവതരണത്തിനും മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ ഈ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കണം. കുട്ടികള്‍ തന്നെ കഴിയുന്നത്ര വിധികര്‍ത്താക്കളുമാവണം. കുട്ടികള്‍ തന്നെ ഇതൊക്കെയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ക്ളാസില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയയോ അധികപ്രവര്‍ത്തനമായോ ഇതു രൂപംകൊള്ളും. ഉപന്യാസം, കഥ, കവിത, കഥപറയല്‍, മോണൊആക്ട്, ദേശഭക്തിഗാനം, സമസ്യാപൂരണം... തുടങ്ങി ആവശ്യമുള്ള ഇനങ്ങളൊക്കെ ഇങ്ങനെ ചെയ്യാന്‍ ഒരു പ്രയാസവുമില്ല. ക്ളാസിലും സ്കൂള്‍ പൊതുവേയും അല്പ്പം കൂടി ഒരുക്കങ്ങളോടെ പഞ്ചായത്ത് തലത്തിലും ഇതു നടക്കും. മുഴുവന്‍ കുട്ടികളും പങ്കെടുക്കുന്ന ഈ 'മത്സരങ്ങള്‍' ഒരിക്കലും പഠനദിവസങ്ങള്‍ നഷ്ടപ്പെടുത്തുന്നില്ല. മറിച്ച്, പഠനദിവസങ്ങള്‍ കൂടുതല്‍ അര്‍ഥപൂര്‍ണ്ണമാക്കുകയാണുതാനും. മികച്ച ഇടപെടല്‍ നടത്തുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങളും ഗ്രേസ് മാര്‍ക്കും ഒക്കെ വേണം. സര്‍ക്കാര്‍ ഇന്ന് ചെലവഴിക്കുന്ന പണത്തിന്റെ ചെറിയൊരുഭാഗം ഇതിനൊക്കെയായി നീക്കിവെക്കുകയുമവാം.
മത്രമല്ല, ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് പ്രിന്റ് ചെയ്യുക, ബ്ളോഗുക, സ്കൂള്‍വിക്കിപോലുള്ള ഇടങ്ങളില്‍ സംഭരിക്കുക, തുടര്‍ന്നും അതൊക്കെ പഠനാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുക തുടങ്ങിയവയും വേണം. പാലക്കാട് ജില്ലാ ഡയറ്റ് കുട്ടികളുടെ കലോത്സവ ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് 'ഇളനീര്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും അതുമായി ബന്ധപ്പെട്ട ഒരു ദിവസ പഠക്യാമ്പ് അദ്ധ്യാപകര്‍ക്കായി നടത്തിയതും മികച്ച മാതൃകയാണല്ലോ.

















ഇങ്ങനെ ചെയ്യുമ്പോള്‍ കലോത്സവങ്ങള്‍ 'മത്സരങ്ങളില്‍' നിന്ന് വിടുതിനേടുകയും പങ്കുവെക്കലിന്റേയും അറിവ് നിര്‍മ്മിതിയുടേയും മനോഹര സന്ദര്‍ഭങ്ങളിലേക്ക് കുതിച്ചുയരുകയും ചെയ്യും. ജ്ഞാനാര്‍ജ്ജനത്തിന്റേയും ജ്ഞാനപ്രകടനത്തിന്റേയും മഹോത്സവങ്ങള്‍ കൊടികയറും. മുഴുവന്‍ കുട്ടികളുടേയും പങ്കാളിത്തമുണ്ടാകും. രക്ഷിതാക്കളും മുഴുവന്‍ സമൂഹവും ഇതിനെ നല്ലത് എന്ന് തിരിച്ചറിയും . ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസപ്രവര്‍ത്തനമായി കുട്ടികളുടെ കലോത്സവങ്ങള്‍ മാറും. ലോകത്തിനുതന്നെ മാതൃകയാവും.
സംഘാടനം - കമ്മറ്റികള്‍
പ്രക്രിയാധിഷ്ടിതമായി കലോത്സവങ്ങള്‍ മാറുന്നതോടെ സംഘാടനവും കമ്മറ്റികളും ഒക്കെ പുതുരൂപങ്ങള്‍ കൈക്കൊള്ളും. ക്ളാസ് -സ്കൂള്-പഞ്ചായത്ത് തല സംഘാടകസമിതികള്‍ അതത് പ്രദേശങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളും അദ്ധ്യാപകരും ഭരണാധികാരികളുമായിരിക്കും. ഏതു കുട്ടിക്കും നല്ല പരിചയമുള്ള 5-10 പേരെങ്കിലും ഈ സംഘാടനസമിതിയില്‍ ഉണ്ടാകും. [ ഇന്ന് ജില്ലാതല-സംസ്ഥാനതല സമിതികളിലെ ആളുകളും നമ്മുടെ കുട്ടികളുമായി.... ] പ്രോഗ്രാം കമ്മറ്റി വിവിധ ഇനങ്ങളുടെ പ്രോസസ്സ് ആയിരിക്കും , മൂല്യനിര്‍ണ്ണയ സൂചകങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. വിവിധ ഇന മത്സരങ്ങളില്‍ കുട്ടികളെ സഹായിക്കാനുള്ള അദ്ധ്യാപകരെയായിരിക്കും കണ്ടെത്തുക. റിസപ്ഷന്‍ കമ്മറ്റി മുഖ്യാതിഥികളെയല്ല മറിച്ച്, മത്സരാര്‍ഥികളേയും വിദഗ്ദ്ധരായ , ക്ഷണിക്കപ്പെട്ട കലാകാരന്‍മാരേയുമാണ്` സ്വീകരിച്ചാനയിക്കുക. ഉത്ഘാടനത്തിന്ന് മന്ത്രിയെ കിട്ടുമോ എന്നതായിരിക്കില്ല , കുട്ടികളുമായി സംസാരിക്കാനും പ്രകടനം നിര്‍വഹിക്കാനും പ്രശസ്തയായ നര്‍ത്തകിയെ , കഥകളിനടനെ കിട്ടുമോ എന്നതായിരിക്കും അവരുടെ പരിഭ്രമം. ലൈറ്റ് &സൗണ്ട് കമ്മറ്റി സ്റ്റേജിനങ്ങള്‍ക്ക് വേണ്ട ശബ്ദ- വെളിച്ച ക്രമീകരണങ്ങളും അര്‍ഥപൂര്‍ണ്ണമായ സ്റ്റേജ് സംവിധാനവുമായിരിക്കും ചെയ്യുക. ഓരോ ഐറ്റവും മുന്‍കൂട്ടി പഠിച്ച് അതിനുവേണ്ട സംവിധാനങ്ങളൊരുക്കുക എന്നതായിരിക്കും അവരുടെ ഉത്തരവാദിത്തം. നാടകത്തിനും തിരുവാതിരക്കളിക്കും പഞ്ചവാദ്യത്തിനും ഒരുക്കുന്ന സ്റ്റേജും ശബ്ദവും വെളിച്ചവും ഒരേപോലെയാകരുതല്ലോ !
ആലോചിക്കാൻ വൈകി എന്നു മാത്രം പറയട്ടെ.

No comments: