31 January 2015

ക്ളാസും ഗ്രൂപ്പും




ക്ളാസും ഗ്രൂപ്പും

വ്യവഹാരവാദത്തിലധിഷ്ഠിതമായ ക്ളാസുമുറികൾക്കു പകരം ജ്ഞാനനിർമ്മിതിവാദപ്രകാരമുള്ളവ പ്രാവർത്തികമായപ്പോൾ വ്യക്തിപരമായി കുട്ടികൾ പഠിക്കുന്ന രീതി ഗ്രൂപ്പ് പ്രവർത്തനങ്ങളും പഠനവുമായി മാറി. മൊത്തം കുട്ടികളെ ചെറിയ ഗ്രൂപ്പുകളാക്കുകയും അതിനൊക്കെ പ്രവർത്തനങ്ങൾ നൽകുകയും ചെയ്ത് പഠനം ജ്ഞാനനിർമ്മിതിയായി രൂപം കൊണ്ടു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കുട്ടികൾ അറിവ് നിർമ്മിക്കുന്ന രീതി ക്ളാസ്‌‌മുറികളിൽ ബലപ്പെട്ടു. അദ്ധ്യാപിക പറഞ്ഞുകൊടുക്കുന്നത് പഠിക്കുന്നതിനുപകരം കുട്ടികൾ സ്വയം അറിവ് നിർമ്മിക്കാൻ തുടങ്ങി. അദ്ധ്യാപികയുടെ ക്ളാസ്‌‌റൂം രീതികൾ മാറിമറിഞ്ഞു. ഗ്രൂപ്പിൽ കുട്ടികൾ സ്വയം പഠിക്കുന്നു എന്നതുകൊണ്ട് അദ്ധ്യാപികയുടെ ഉത്തരവാദിത്തം കുറഞ്ഞുവെന്ന് പുറമേ തോന്നാമെങ്കിലും യഥാർഥത്തിൽ ചുമതലയും അദ്ധ്വാനവും വർദ്ധിക്കുകയാണ്` ചെയ്തത്.അതുകൊണ്ടുതന്നെ റിസൾട്ടും മെച്ചപ്പെടുന്നു . കാരണം :
  • അന്നന്ന് ചെയ്യാനുള്ള പാഠങ്ങൾ നന്നായി പ്ളാൻ ചെയ്യേണ്ടിവരുന്നു
  • ഭിന്ന നിലവാരത്തിലുള്ള കുട്ടികൾക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ പലതായി തയ്യാറാക്കേണ്ടിവരുന്നു
  • വ്യക്തിപരമായും ഗ്രൂപ്പുകൾ എന്ന രീതിയിൽ കുട്ടികളെ ശ്രദ്ധിക്കേണ്ടിവരുന്നു
  • ഓരോരുത്തർക്കും ആവശ്യമായ സഹായ നിർദ്ദേശങ്ങൾ വേണ്ടിവരുന്നു
  • നിരന്തര നിരീക്ഷണം, സഹായം നൽകൽ ആവശ്യമായിവരുന്നു
  • പ്ളാൻ ചെയ്ത പ്രവർത്തനങ്ങൾ നിരന്തരം അവലോകനം ചെയ്യുകയും പരിഷ്കരിക്കയും വേണ്ടിവരുന്നു
  • കുട്ടികളുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കേണ്ടിവരുന്നു
  • പഠനലക്ഷ്യത്തിലെത്തുന്നു എല്ലാവരും എന്നു ഉറപ്പുവരുത്തേണ്ടിവരുന്നു
ഗ്രൂപ്പുകളിൽ പ്രവർത്തനം

നല്ലഗ്രൂപ്പുകളുണ്ടാക്കുകയും പ്രവർത്തനങ്ങൾക്ക് നല്ലൊരു ക്ളാസ് അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യുന്നതോടെ സജീവമായിത്തീരുന്നു . പഴയമട്ടിലുള്ള ഒറ്റക്ളാസ് - ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിലൂടെ 6-8 ചെറുക്ളാസുകളായി മാറുകയാണെന്നു പറയാം. ചെറുക്ളാസുകളാക്കുമ്പോൾ ഓരോരുത്തരേയും അടുത്തുനിന്ന് ശ്രദ്ധിക്കാനും സഹായിക്കാനും കഴിയും - കഴിയണം . ഭിന്നശേഷികളിലുള്ള കുട്ടികൾക്ക് സവിശേഷ പരിചരാം സാധ്യമാകുന്നു. ഓരോ കുട്ടിയുടേയും നിലയും നിലവാരവും തിരിച്ചറിയാൻ സാധിക്കുന്നു. കുട്ടികളെ തിരിച്ചറിയുന്നതിലൂടെ അനുയോജ്യമായ അധിക പ്രവർത്തനങ്ങൾ ആലോചിക്കാനും നടപ്പാക്കാനും കഴിയുന്നു. നിരന്തര മൂല്യനിർണ്ണയം സാർഥകമാവുന്നു. കുട്ടികളുടെ സർഗാത്മകതയും മറ്റു കഴിവുകളും താല്പ്പര്യമുള്ള മേഖലകളും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും പറ്റുന്നു. കുട്ടികളുടെ ഇടപെടൽ ശേഷി വർദ്ധിക്കുന്നു. ജനാധിപത്യബോധം വളരുന്നു. ചർച്ച്ചെയ്യാനും യുക്തിപൂർവം കാര്യങ്ങൾ അവതരിപ്പിക്കാനുമുള്ള കഴിവ് വർദ്ധിക്കുന്നു. ചിന്താരീതിയുടെ സ്ഥിരം ചാലുകൾ വിട്ട് പുതിയ - ഭിന്ന ദിശകളിൽ അവർക്ക് സഞ്ചരിക്കാൻ കഴിയുന്നു. ക്രിയാത്മകമായ സമ്മതത്തിന്റേയും വിയോജിപ്പിന്റേയും ശാസ്ത്രീയതയും സർഗാത്മകതയും ളരുന്നു. ചിന്തിക്കുകയും അറിവ് ഉല്പ്പാദിപ്പിക്കുകയും ചെയ്യുന്ന കുട്ടി രൂപം കൊള്ളുന്നു. ഇതിന്ന്:
  • ആവശ്യമായ രീതിയിൽ ചെറുതോ വലുതോ ആയ ഗ്രൂപ്പുകൾ രൂപീകരിക്കണം
  • ഗ്രൂപ്പുകൾക്ക് ഒരേ പ്രവർത്തനമോ വ്യത്യസ്ത പ്രവർത്തനങ്ങളോ യുക്തിപൂർവം നൽകണം
  • വസ്തുതകൾ, വിശകലനങ്ങൾ , തീരുമാനങ്ങൾ എന്നിവയിൽ വേണ്ട സഹായങ്ങൾ അപ്പപ്പോൾ നൽകണം
  • അവരുടെ ചർച്ചകൾ, തീരുമാനങ്ങൾ , സംശയങ്ങൾ , പരിഹരണരീതികൾ എന്നിവ ശ്രദ്ധിക്കണം
  • മാർഗനിർദ്ദേശങ്ങൾ, സഹായങ്ങൾ, ചൂണ്ടിക്കാണിക്കലുകൾ, ശരിയായ ചോദ്യങ്ങൾ - ശരിയായ ഉത്തരങ്ങൾ എന്നിവ നിരീക്ഷിക്കണം
  • കുട്ടികളുടെ ഇടപെടൽ ശേഷി തിരിച്ചറിഞ്ഞ് ശക്തിപ്പെടുത്തണം
  • സർഗാത്മകതയിലേക്കും ശാസ്ത്രബോധത്തിലേക്കും വഴിതിരിക്കണം
  • വെട്ടിത്തുറക്കപ്പെടുന്ന പുതിയ ചിന്തകൾ , വഴികൾ എല്ലാം ശരിയായി പരിശോധിക്കണം
  • പ്രോത്സാഹനം, അംഗീകാരം, പ്രകാശനം എന്നിവയിൽ ഒരിക്കലും പിശുക്ക് കാണിക്കരുത്
  • തുടർ പ്രവർത്തനനങ്ങൾ , തുടരന്വേഷണം... എന്നിവയിൽ വേണ്ട സഹായം അപ്പപ്പോൾ ഉണ്ടാകണം
  • നിലയും നിലവാരവും ശ്രദ്ധാപൂർവം നിരന്തരം വിലയിരുത്തപ്പെടണം . തുടർപ്രവർത്തനങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്തണം.
  • ഗ്രൂപുകളിലെ ചർച്ച , അവരുടെ ക്രോഡീകരണം , പൊതുവായി അവതരിപ്പിക്കാൻ തയ്യാറെടുക്കൽ എന്നിവയിൽ ആവശ്യമായ നിർദ്ദേശങ്ങൾ / സഹായങ്ങൾ നൽകണം
  • അവതരണ രീതി, സഹായക സാമഗ്രികൾ എന്നിവ തീർച്ചയാക്കാനും സഹായങ്ങളെത്തിച്ചു കൊടുക്കാനും ആവണം
  • എല്ലാ ഗ്രൂപ്പുകൾക്കും പൊതുവായി അവതരിപ്പിക്കാനും അതുമായി ബന്ധപ്പെട്ട ചെറുചർച്ചകൾക്കും അവസരമൊരുക്കണം
  • അദ്ധ്യാപികയുടെ ക്രോഡീകരണം അർഥപൂർണ്ണമാവണം . മികച്ച അവതരണം, സഹായക സാമഗ്രികൾ എന്നിവ പ്ളാൻ ചെയ്യണം.
  • ചർച്ച , അദ്ധ്യാപിക ക്രോഡീകരിക്കുന്നതിലൂടെ കുട്ടികൾക്ക് അറിവിന്റെ പുതിയ ആകാശങ്ങളിലേക്ക് പറന്നുകയറാനുള്ള ജനാലകൾ തുറക്കണം

No comments: