03 March 2014

'നാട്ടുദൈവങ്ങള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ '


രാജേഷ് കോമത്തിന്റെ 'നാട്ടുദൈവങ്ങള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ' 176 പേജ് ഒറ്റയടിക്ക് വായിച്ചു ഇപ്പോള്‍ . വളരെ സവിശേഷമായൊരു പുസ്തകം വായിച്ച സന്തോഷം .

ഉള്ളടക്കം, പഠനശൈലി, രചനാ ശൈലി, ആത്മാംശം , സര്‍വോപരി തെയ്യം പോലുള്ള ഒരു അനുഷ്ഠാനരൂപത്തെക്കുറിച്ചുള്ള ആഴത്തിലുള്ള നോക്കിക്കാണല്‍.. ഇന്നത്തെ കാലത്ത് അനുഷ്ഠാനങ്ങള്‍ ആഘോഷങ്ങളും വിപണിയുമായി പരിണമിക്കുന്നതിന്റെ നേര്‍കാഴ്ചകള്‍ , അതേക്കുറിച്ചുള്ള ചിന്തകള്‍ നിരീക്ഷണങ്ങള്‍ എന്നിവ വായനയെ അറിയാതെ മുന്നോട്ടുകൊണ്ടുപോയി. [ പണ്ട് ] കണ്ണപ്പെരുവണ്ണാനും സംഘവും ചെയ്ത കതിവന്നൂര്‍ വീരന്‍ തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വെച്ച് കണ്ടതു മാത്രമാണ്` ഇതുവരെയുള്ള തെയ്യാനുഭവം. ഇക്കൊല്ലം കണ്ണൂരില്‍ പോവാനും 3-4 ദിവസം അവിടെ തങ്ങി ഇതില്‍ ചിലത് കാണാനും ഉള്ള ആഗ്രഹം ഫേസ്‌‌ബുക്കിലൂടെ പ്രകടിപ്പിച്ചു . അവിടെയുള്ള സുഹൃത്തുക്കള്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

പുസ്തകത്തില്‍ വിട്ടുപോയി എന്നുതോന്നിയ ഒന്നുരണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ മാത്രമാണീ കത്ത്. അതിനേക്കാളധികം പുസ്തകം വായിച്ച സന്തോഷം സ്നേഹാദരങ്ങളോടെ താങ്കളെ അറിയിക്കാനും.

  1. മേളാളന്മാര്‍ കീഴാളരോട് പെരുമാറിയ തരവഴികള്‍ പലയിടത്തായി വിവരിക്കുന്നുണ്ട്. എന്നാല്‍ കീഴാളര്‍ തമ്മില്‍ തമ്മില്‍ ചെയ്ത അരുതായ്മകള്‍ സൂചിപ്പിക്കുന്നേ ഇല്ല.കീഴാളര്‍ മേലാളരെ മുട്ടിച്ച സന്ദര്‍ഭങ്ങളും വ്യാഖ്യാനിക്കുന്നില്ല.
    പന്തക്കോലിന്റെ നീളം കുറച്ച് ചതിക്കാന്‍ നോക്കിയത് - ഈ വിധത്തില്‍ വിശകലനം ചെയ്യാമായിരുന്നുന്ന ഒരു സന്ദര്‍ഭമായിരുന്നു
    പാലക്കാട് ജില്ലയില്‍ ജനിച്ച് ജീവിക്കുന്ന എനിക്ക് കുട്ടിക്കാലത്ത് 'ചെറുജന്മാവകാശമായി ബന്ധപെട്ട ചില അനുഭവങ്ങള്‍ - തെയ്യത്തിന്റെ സാമൂഹിക സാംസ്കാരിക
    പരിസരത്തിലേക്കും ഇണക്കമുള്ളതാവുമെന്ന് തോന്നുന്നു. മണ്ണാത്തിയാണ്` 'മാറ്റ് ' വെക്കേണ്ടത്. 1960 -70 കളില്‍ ' ദെന്താ , നാളെ രാവിലെ ചീരു മാറ്റുകൊണ്ടുവരില്ലായിരിക്കുമോ ' എന്നു പരിഭ്രമിച്ച അമ്മയെ എനിക്ക് ഓര്‍മ്മ വന്നു.ചോദിച്ചതെന്തും അമ്മ കയ്യിലുള്ളതിനനുസരിച്ച് കൊടുത്താലും - എന്തു കൊടുത്താലും ചീരൂന്ന് തൃപ്തിയില്ല. മാറ്റ് കൊണ്ടുവരാതിരിക്കില്ല. പക്ഷെ, പരമാവധി മുള്‍മുനയില്‍ നിര്‍ത്തും. ചീരു ഇതു ചെയ്യുന്നത് മേലാള കീഴാള ബന്ധങ്ങളില്‍ ഉണ്ടാവേണ്ട മാറ്റത്തെക്കുറിച്ച് ബോധവതിയായിട്ടല്ല, മറിച്ച് അവകാശം - കടമയാണെന്നുകൂടി കണക്കാക്കാതിരിക്കുന്നതിനാലാണ്`. അവകാശ ബോധം ഉണ്ട് . എന്നാല്‍ ' ഈമ്പ്രാട്ടിക്ക് ഈ മാറ്റുമതി ' എന്ന അവഗണനയും ഉണ്ട് . കൊടുത്തില്ലേ … കൊടുത്തു .. എന്ന ന്യായവാദവും.
  2. അവകാശബോധം ഉണ്ട് എന്നത് : വിശേഷങ്ങള്‍ക്കും ആണ്ടറുതികള്‍ക്കും അവകാശം വാങ്ങാന്‍ വരുന്നതിന്റെ ജാഗ്രതയില്‍ കാണാന്‍ കഴിയും. ഒരു മണിനെല്ലോ ഒരു മുണ്ടൊ കുറഞ്ഞാല്‍ മുഖം വീര്‍പ്പിക്കും.
  3. വയറ്റാട്ടി എന്ന നിലയില്‍ ഇവര്‍ ദേശത്തിന്ന് പ്രധാനപ്പെട്ടവരാണ്`. പക്ഷെ, പേറ്ററയില്‍ ഇവരുടെ സ്വരൂപം പലപ്പോഴും അഭിലഷണീയമയിരിക്കില്ല. പ്രസവവേദന, ആപത്തില്ലാതാക്കല്‍ എന്നിവയേക്കാള്‍ പ്രധാനം [ മനസ്സില്‍ പ്രാ‌‌ര്‍ഥനയൊക്കെയുണ്ടാവും ; ഗര്‍ഭിണി അതറിയുന്നില്ല എന്നേ ഉള്ളൂ ] കഴിഞ്ഞ പേറിന്ന് കിട്ടാതെപോയ അവകാശങ്ങളും ഇപ്രാവശ്യം കൂട്ടിക്കിട്ടേണ്ട സംഗതികളും ആയിരിക്കും . മാറ്റുവെക്കുന്നതും , നീരു തളിക്കുന്നതും പോലെ ഒരു ചടങ്ങായി സൂതികാവൃത്തിയും ആയിത്തീരുകയായിരുന്നു. ഇക്കാലത്ത് ന്ഴ്സുമാര്‍ക്ക് ഒരു തൊഴില്‍ എന്നപോലെ. അതിനൊക്കെ പുറമേ , വയറ്റാട്ടിയെ എത്രയോ നേരത്തേ അറിയിച്ചിട്ടും ഇതുവരെ എത്താത്തതില്‍ പരിഭ്രമിക്കുന്ന – ഈശ്വരനെ പ്രാര്‍ഥിക്കുന്ന പാവം മേലാള മുത്തശ്ശിമാരും.
  4. മന്ത്രവാദം നല്ലതിനു മാത്രമല്ല; ദുര്‍മ്മന്ത്രവാദവും ഇവരുടെ മിടുക്കാണ്`. അതുകൊണ്ട് മന:ക്ളേശമുണ്ടാക്കാന്‍ ഇവര്‍ മിടുക്കരാണല്ലോ .
  5. വാദ്യക്കാര്‍ വരാന്‍ വൈകിയതില്‍ പരിഭ്രമിക്കുന്ന അഛനെ മനസ്സിലാക്കാം. അതുപോലെ [ ഞങ്ങടെ നാട്ടില്‍ പൂതന്‍, തിറ...] സമയത്ത് എത്താത്ത അടിയന്തിരക്കാരുമുണ്ട്. ' തെറ കെട്ടേണ്ട മണ്ണാന്‍ വരീട്ടു ചാലിലാ ' എന്ന പരിഹാസം അതാണ്`. ഇത് മേളാലനോടുള്ള പ്രതിഷേധമല്ല; കോലം കെട്ടേണ്ടത് താനാണെന്ന അവകാശം വെച്ചുള്ള ധിക്കാരമാണ്`.. കടമയിലുള്ള അനാസ്ഥയാണ്`. ' ഒഴിയൂല്യാ..ചെയ്യൂല്യാ '
  6. എമ്പ്രാനെ തെറിവിളിക്കും.. അതിനേക്കാളധികം ഇവര്‍ തമ്മില്‍ തെറിയഭിഷേകമാണ്`പലപ്പോഴും. ആരാദ്യം കാവില്‍ കയറണം എന്ന വഴക്ക് എവിടെയും എന്നും ഉണ്ട്.
  7. അവകാശക്കാര്‍ തമ്മില്‍ ജാതിപരമായ മേലും കീഴും പറയല്‍ ഉണ്ട്. കീഴ് ജാതിക്കാരെ ഭരിക്കലും ഭര്‍ത്സിക്കലും ഒട്ടും ചെറുതല്ല. മര്‍ദ്ദനം മുഴുവന്‍ താഴേക്ക് താഴേക്ക് ആണ്`.
ഇതുപോലുള്ള കാര്യങ്ങള്‍ കൃതിയില്‍ വിശകലനം ചെയ്യുന്നില്ല എന്നു തോന്നി.
ഇത്രയും സൂചിപ്പിക്കാന്‍ തോന്നിയത് പുസ്തകം വായിച്ച സന്തോഷത്തില്‍ നിന്നാണ്`. നല്ല ഭാഷ, ഒഴുക്ക്, ചിട്ടയായ രചന... വളരെ ഇന്ഫൊര്‍മേറ്റീവ്... വിശകലനത്തിലെ നവീനത, വേറിട്ടൊരു സാംസ്കാരിക പഠനം എന്നീ ഘടകങ്ങള്‍ അനുമോദനാര്‍ഹമാണ്`. സര്‍വോപരി ഈ സമുദായങ്ങളുടെ ജീവിത പ്രയാസങ്ങളും പ്രതിഷേധങ്ങളും നിസ്സഹായതകളും ധര്‍മ്മാധര്‍മ്മബോധവും.....

സ്നേഹാദരങ്ങളോടെ
എസ്.വി.രാമനുണ്ണി, സുജനിക


1 comment:

Anonymous said...

ആഗോളദൈവത്തിന്റെ അടിമയാവാനുള്ള ഇടതന്റെ ആഗ്രഹവും വരികൾക്കിടയിൽ വായിച്ചെടുക്കാം. .ചരിത്രം അതാണല്ലോ.