03 January 2014

ഉത്തരമല്ല, മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ പഠിപ്പിക്കൂ.



പരീക്ഷ എഴുതിക്കഴിയുന്ന കുട്ടിക്ക് ജയ- പരാജയ തീര്‍ച്ച ഉണ്ടാക്കാന്‍ കഴിയണം. ഇന്നിപ്പോള്‍ പരിക്ക്ഷയെഴുതിക്കയുന്ന ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും 'ജയിക്കില്ലേ ? 'എന്നു ചോദിച്ചാല്‍ അറിയില്ല .... റിസല്‍ട്ട് വരട്ടെ... എന്നാണ്` ഉത്തരം …

ഉത്തരമെഴുത്ത് നമ്മുടെ കുട്ടികള്‍ എന്നോ തുടങ്ങിയതാണ്`. പക്ഷെ, ഉത്തരത്തിന്റെ ഘടകങ്ങള്‍ ഒട്ടും തന്നെ അറിയാതെയാണ്` കുട്ടി എഴുതുന്നത് എന്നതാണ്` പ്രധാന പ്രശ്നം. അതുകൊണ്ടുതന്നെ എഴുതിയ ഉത്തരത്തെക്കുറിച്ച് ആത്മവിശ്വാസമില്ല. പഠിച്ചതുപോലെ, പഠിപ്പിച്ചതുപോലെ, പുസ്തകത്തിലുള്ളതുപോലെ ....എഴുതി എങ്കിലും അതു തന്നെയായിരുന്നോ ഉത്തരം എന്ന് ഉറപ്പില്ല.... ഉറപ്പുണ്ടെങ്കിലും മുഴുവന്‍ മാര്‍ക്ക് കിട്ടുമോ എന്ന് ഉറപ്പില്ല... ഇതു പരിഹരിക്കാനായാല്‍ പരീക്ഷയില്‍ വലിയ ആത്മവിശ്വാസം ഉളവാക്കാനാവും.

ഉത്തരം ഉള്ളടക്കമാണ്`. ഉള്ളടക്കം ആവശ്യപ്പെടുന്ന രൂപഘടനയില്‍ പ്രകടിപ്പിക്കാനാവലാണ്`. ഉള്ളടക്കം ക്ളാസില്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍നിന്ന് നേരത്തെ സ്വാംശീകരിച്ചതാണ്`. അത് ചിലപ്പോള്‍ ഭാഷയിലെ സ്ത്രീ പദവിയെകുറിച്ചുള്ള കാര്യങ്ങളാകാം. ചിലപ്പോള്‍ ഭൂഖണ്ഡങ്ങളുടെ നിരങ്ങി നീങ്ങലാകാം. അല്ലെങ്കില്‍ വൈദ്യത സംശ്ളേഷണം. ത്രികോണത്തിന്റെ പാര്‍ശ്വബന്ധം.... എന്തുമാവാം. ഈ ഉള്ളടക്കം ഉത്തരത്തില്‍ പ്രകടിപ്പിക്കേണ്ടത് ഉപന്യാസം, കത്ത്, ഭൂപടവായന, ഇക്വേഷന്‍സ്, ഡയഗ്രരചന, വിസ്തീര്‍ണ്ണം കണ്ടെത്തല്‍, പട്ടിക രൂപീകരിക്കല്‍.... ഇങ്ങനെയൊക്കെയാവാം.
നമുക്കിതിനെ സൗകര്യത്തിന്ന് അറിവ്, വ്യവഹാരം എന്നിങ്ങനെ പേര്‍വിളിക്കാം. ഇതുരണ്ടും ഉത്തരത്തിലുണ്ടായാല്‍.... ചോദ്യം ആവശ്യപ്പെടുന്ന രീതിയില്‍ ഉത്തരത്തിലുണ്ടായാല്‍ ഉത്തരം ശരിയായെന്ന് തീരുമാനിക്കാം.

അറിവ്, വ്യവഹാരം എന്നിവ ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടിക്ക് ലഭ്യമാക്കുന്നുണ്ട് അദ്ധ്യാപിക. പക്ഷെ, അതിനെ വ്യവഛേദിച്ച് തിരിച്ചറിയാറാക്കുന്ന ക്രിയ അദ്ധ്യാപിക ഒരിക്കലും ക്ളാസില്‍ ചര്‍ച്ച ചെയ്യുന്നില്ല. കുട്ടിക്ക് 'ചോദ്യം ' 'ഉത്തരം ' എന്നീ രണ്ടു സങ്കല്പ്പനങ്ങളേ അറിയൂ. 'ഉള്ളടക്കം ' എന്ന സങ്കല്പ്പം കുട്ടിക്ക് നല്‍കിയില്ല. ഇത് വിശദമാക്കാനായാല്‍ കുട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. 'ടെക്നോളജി' കുട്ടിക്ക് ലഭ്യമാക്കണം. അദ്ധ്യാപികയുടെ കയ്യിലിരിക്കേണ്ട രഹസ്യമായിരിക്കരുത് ഉത്തരത്തിന്റെ ഫിസിയോളജി.

ഇനി സുപ്രധാനമായ ഒന്ന് ഈ 'ഉത്തരം ' എങ്ങനെ മൂല്യനിര്‍ണ്ണയം ചെയ്യുന്നു എന്നാണ്. മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ കുട്ടിക്ക് അജ്ഞാതമാണ്`. മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ വിശദമായി അദ്ധ്യാപികയിടെ ഹാന്റ് ബുക്കില്‍ നല്‍കിയിട്ടുണ്ട്. ആയത് കുട്ടിക്ക് ലഭ്യമായിട്ടില്ല ഇതുവരെ. നമ്മുടെ ക്ളാസ്മുറികള്‍ ഇപ്പൊഴും ചോദ്യം - ഉത്തരം വിഷയത്തില്‍ മാത്രം കെട്ടിത്തിരിയുകയാണ്`. പഴയ പടവുകളിലും ഒരുക്കത്തിലും ഒക്കെ ഇതു വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സാധാരണ ക്ളാസ്മുറിയില്‍ മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ ചര്‍ച്ചയാവണം. കുട്ടിക്ക് ഇക്കാര്യം 'വെള്ളം വെള്ളം 'പോലെ അറിയാവുന്ന സംഗതിയാവണം.



ഏതുവിഷയത്തിലും ഈ 'ശാസ്ത്രം ' ഉണ്ട്. എന്താണ്` മൂല്യനിര്‍ണ്ണയം ചെയ്യുന്നത് എന്ന് അറിഞ്ഞാല്‍ കുട്ടി മെച്ചപ്പെടും. അതാണ്` എഴുതേണ്ടതെന്ന ബോധ്യം കുട്ടിക്ക് ഉണ്ടാവുന്നതോടെ എന്താണെഴുതേണ്ടതെന്നും അതെത്രമാത്രം നന്നയി ചെയ്യാനായീ എന്നും കുട്ടിക്ക് കണക്കാക്കാം. അത് ആത്മവിശ്വാസം ഇരട്ടിപ്പിക്കും.... ഏതു കുട്ടിക്കും.

ഇതിന്നായി ഒരല്‍പ്പസമയം അദ്ധ്യാപിക ചെലവാക്കാന്‍ തയ്യാറാവണം. ഒരു വിഷയത്തിന്ന് 1 മണിക്കൂര്‍ മതി.
വിഷയം / യൂണിറ്റ് 1. / ഉള്ളടക്കം / വ്യവഹാരം / മൂല്യനിര്‍ണ്ണയ സൂചകം /

ഉള്ളടക്കം, വ്യവഹാരം എന്നിവയുടെ കനമനുസരിച്ച് സ്കോര്‍ വ്യത്യാസപ്പെടും. തെരഞ്ഞെടുത്ത് എഴുതാനും ഡയഗ്രം വരയ്ക്കാനും സ്കോറ് മാറും. ഒറ്റവാക്കിനും കുറിപ്പിനും പ്രോബ്ളം സോള്‍വിങ്ങിനും, ടൈം ലയിനും സ്കോറ് മാറും. അതറിഞ്ഞ് കുട്ടിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ 1 മണിക്കൂര്‍ ചെലവാക്കണം. അതാവും ഒരു പക്ഷെ, പരീക്ഷാസഹായമായി നമുക്ക് നല്‍കാനാവുന്ന വലിയൊരു സഹായം...

1 comment:

Pradeep Kumar said...

This is correct statement sir,
അറിവ്, വ്യവഹാരം എന്നിവ ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടിക്ക് ലഭ്യമാക്കുന്നുണ്ട് അദ്ധ്യാപിക. പക്ഷെ, അതിനെ വ്യവഛേദിച്ച് തിരിച്ചറിയാറാക്കുന്ന ക്രിയ അദ്ധ്യാപിക ഒരിക്കലും ക്ളാസില്‍ ചര്‍ച്ച ചെയ്യുന്നില്ല. കുട്ടിക്ക് 'ചോദ്യം ' 'ഉത്തരം ' എന്നീ രണ്ടു സങ്കല്പ്പനങ്ങളേ അറിയൂ. 'ഉള്ളടക്കം ' എന്ന സങ്കല്പ്പം കുട്ടിക്ക് നല്‍കിയില്ല. ഇത് വിശദമാക്കാനായാല്‍ കുട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഈ 'ടെക്നോളജി' കുട്ടിക്ക് ലഭ്യമാക്കണം. അദ്ധ്യാപികയുടെ കയ്യിലിരിക്കേണ്ട രഹസ്യമായിരിക്കരുത് ഉത്തരത്തിന്റെ ഫിസിയോളജി.