09 August 2013

കാര്‍ഷികം - തനിമലയാളം 5




ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ - വിരുന്നുകള്‍
പണം / നെല്ല് കടം കൊടുക്കല്‍, കടം വാങ്ങല്‍ / നിറ പുത്തരി, ചാലിടല്‍, ചെറുകുന്നിലമ്മക്ക് നിവേദ്യം... കൊയ്ത്തിനും നടീലിനും നിരത്തലിനും വിരുന്നുകള്‍ -സദ്യ / കൊയ്ത്തു കഴിഞ്ഞ് വിരുന്ന് / വിവാഹ കാലം / ….........

വി.കെ.എന്റെ പ്രസിദ്ധ നോവല്‍ 'പിതാമഹനില്‍ ' സര്‍ ചാത്തു പണം 'നെല്ലായിട്ടളക്കാമെന്ന് ' പറയുന്നുണ്ട്. അത് അക്കാലത്തെ ഒരു പതിവ് മാത്രം. സാമ്പത്തിക ഇടപാടുകളില്‍ നെല്ലായിരുന്നു ഇടനില ദ്രവ്യം. കൂലി, വില, കുറി , കടം , സഹായം … ഒക്കെ നെല്ലായിട്ടായിരുന്നു മിക്കവാറും. സ്ഥലം - വസ്തു വിന്റെ അളവ് 'ഇത്ര പറക്കണ്ടം ' എന്നാണ്. നൂറുപറക്കണ്ടം എന്ന അളവ് നൂറുപറ നെല്ല് വിളവായി ലഭിക്കുന്ന വിസ്തൃതിയുള്ള സ്ഥലം എന്നാണ്. അപൂര്‍വം സന്ദര്‍ഭങ്ങളിലേ പണം ഇടപെടാറുള്ളൂ. ധനദേവത 'നെല്ലായിരുന്നു. പാടത്തും വീട്ടിലും 'ലക്ഷ്മി' നെല്ലുതന്നെ. അതുകൊണ്ടുതന്നെ നെല്ലായാലും പണമായാലും ആചാരാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമായി. നെല്ലു നാരായത്തില്‍ / പറയില്‍ നിറച്ചുവെക്കലും , നാണയവും വഴിപാട്, അനുഷ്ഠാനം എന്നിവയില്‍ പ്രധാനമാണ്` [ഇന്നും ]. ലക്ഷ്മി = ഐശ്വര്യത്തിന്ന് വ്യക്തി ജീവിതം പോലും ശ്രദ്ധിച്ചിരുന്നു. എന്തിന്ന്...ഭക്ഷണം, ക്ഷൗരം, യാത്ര,
അതിഥിസത്ക്കാരം ....എണ്ണതേച്ചു കുളിപോലും ഐശ്വര്യം ലാക്കാക്കിയായിരുന്നു. സ്ത്രീകള്‍ ചൊവ്വ വെള്ളി പുരുഷന്‍മാര്‍ ബുധന്‍ ശനി ആഴ്ചകളിലേ എണ്ണതേച്ചു കുളിക്കാറുള്ളൂ. മറ്റു ആഴ്ചകളില്‍ ഇതു ചെയ്യുന്നത് ഐശ്വര്യം കുറയ്ക്കും എന്നായിരുന്നു വിശ്വാസം.

'കൊടിയാഴ്ച' ദിവസങ്ങളില്‍ നെല്ലും പണവും തൊടില്ല. ചൊവ്വയും വെള്ളിയുമാണ്` കൊടിയാഴ്ചകള്‍. കടം വാങ്ങല്‍, കൊടുക്കല്‍ ഒന്നും ഈ ദിവസങ്ങളില്‍ നടക്കില്ല. 'പാട്ടുരാശി' ക്കുമുന്പ് വേണം ക്രയവിക്രിയങ്ങള്‍. ദിവസത്തില്‍ ഏകദേശം 4 മണിക്കു ശേഷമുള്ള സമയമാണ്` പാട്ടുരാശി. അതുപോലെ 'ഉച്ചാറല്‍ ' അടച്ചാലും നെല്ല് തൊടില്ല. [ഉച്ചാര്‍ / ഉച്ചാരം / ഉച്ചാറല്‍ = ഒരു വിശേഷ ദിവസം. മകരം രാശിയില്‍ കുജന്‍ ഉച്ചത്തില്‍ വരുന്ന ദിവസം.: ശബ്ദതാരാവലി] മകരം 28 നു ഉച്ചാറല്‍ അടയ്ക്കും [ എന്നാണ്` സാമാന്യകണക്ക്]. കുംഭം തട്ടി തുറക്കും[കുംഭം 1നു എന്നര്‍ഥം ] ഉച്ചാറല്‍ സമയത്ത് നെല്ല് / .'വിത്ത് തൊട്ടാല്‍ പോയി' [=നശിച്ചു] എന്നായിരുന്നു വിശ്വാസം .

നെല്ലുമായി ബന്ധപ്പെട്ട രണ്ടു പ്രമുഖ ചടങ്ങുകളാണ്` 'നിറയും പുത്തരിയും '.പുതിയ അരികൊണ്ട് 'ചെറുകുന്നിലമ്മക്ക് നിവേദ്യം ' പതിവുണ്ടായിരുന്നു. കൃഷിപ്പണിയുമായി വിഷുക്കഴിഞ്ഞാല്‍ ഉള്ള 'ചാലിടല്‍ ' പ്രധാനമായിരുന്നു. ഉച്ചാറല്‍ കാലത്ത് കന്നുപൂട്ടലും കൃഷിപ്പണിയും പാടില്ലായിരുന്നു. വിഷുക്കണി, പുത്തരിപ്പായസം എന്നിവയില്‍ കന്നുകാലികളെപ്പോലും പരിഗണിച്ചിരുന്നു. 'കന്നീറ്റിലെ ആയില്യം' [ കന്നിമാസത്തിലെ ആയില്യം നാള്‍ ] നെല്ലിന്റെ പിറന്നാളായി സങ്കല്പ്പിച്ചിരുന്നു. കൊയ്ത്തുകഴിഞ്ഞ് ആദ്യ നെല്‍ക്കറ്റ വീട്ടിലെത്തിക്കുമ്പോള്‍ നിലവിളക്കു കൊളുത്തി തറവാട്ടമ്മ പടിക്കല്‍ ചെന്ന് സ്വീകരിക്കും.

കൊയ്ത്തിനും നടീലിനും ഒരു ദിവസം ചെറിയ സദ്യ ഉണ്ടായിരുന്നു. തറവാട്ടിലെ മിക്ക അംഗങ്ങളും - സംബന്ധക്കാരും അന്ന് എത്തിച്ചേരും. പണിക്കൂലി നെല്ലുതന്നെ. മിക്ക പണിക്കും [ കൃഷി, ആശാരി, മൂശാരി, കല്ലുവെട്ട്, കെട്ടിടം പണി, വട്ടി-കൊട്ട-മുറം , അലക്ക് , … ] നെല്ലാണ്` കൂലി. പലപ്പോഴും ഈ നെല്ല് അഡ്വാന്‍സായി വാങ്ങിയിരിക്കും. അന്നന്ന് കൂലിയായി കിട്ടുന്ന നെല്ല് അന്നന്ന് പുഴുങ്ങി കുത്തിയാണ്` ചോറ്/ കഞ്ഞി തയ്യാറാക്കുക. തറവാടുകളില്‍ പോലും അങ്ങനെയാണ്`. കാരണവര്‍ അന്നത്തെ ചെലവിനുള്ള നെല്ല് രാവിലെ അളന്നു കൊടുക്കും. സ്ത്രീകള്‍ക്ക് , അതുകൊണ്ടുതന്നെ എന്നും നെല്ലുപുഴുങ്ങലും നെല്ലുകുത്തലും എന്ന കഷ്ടപ്പാട് ആരറിയാന്‍ ?

കന്നിയിലും മകരത്തിലുമാണ്` കൊയ്ത്ത്. കൊയ്ത്തു കഴിഞ്ഞാണ് വിവാഹാദി മംഗളകാര്യങ്ങള്‍ നിര്‍വഹിക്കുക. എല്ലാ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളും 'കൊയ്ത്തു കഴിഞ്ഞെന്നായിരുന്നു രീതി. വിവാഹം, വിരുന്ന്, ചികില്‍സ, കടം വീട്ടല്‍, വീടുപണി, വാങ്ങലുകള്‍ - വില്പ്പനകള്‍ , പൂരം - വേല തുടങ്ങിയ ആഘോഷങ്ങള്‍, കുറികള്‍.... അങ്ങനെയെല്ലാം. സാമ്പത്തിക പ്രക്രിയകള്‍ പൊതുവേ എല്ലാം കൃഷി ആസ്പദമാക്കിയായിരുന്നു എന്നു കാണാം.

1 comment:

Leena Thomas said...

very good mashe