15 October 2012

ഉറക്കത്തിന്റെ സുഖം

[ പത്താം  ക്ളാസില്‍ മലയാളം  അടിസ്ഥാനപാഠാവലിയില്‍ ഒ.എന്‍.വി.കുറുപ്പിന്റെ ' കൊച്ചുദു:ഖങ്ങളുറങ്ങൂ..' എന്ന പ്രസിദ്ധ കവിത പഠിക്കാനായുണ്ട്.  കവിതസ്വാദന ചര്‍ച്ചകള്‍ക്ക് ഒരു കുറിപ്പ് ]

മനോഹരമായ ഒരു ഭാവഗീതമാണ്` ഈ കവിത. നന്‍മകള്‍ നാടുവെടിഞ്ഞുപോകുന്നതിനെ കുറിച്ച് പൈങ്കിളിപ്പൈതല്‍ പാടുമ്പോള്‍ കവിയുടെ കൊച്ചു ദു:ഖങ്ങള്‍ ഉറങ്ങുന്നു. നാടോടി സംസ്കൃതിയുടെ നാശം  ഒരു ഭാഗത്ത് ഭീഷിണിയായി നില്‍ക്കുന്നു. … ഈ പ്രസ്താവനകള്‍ സൂചനകളായി പാഠത്തിന്റെ ചര്‍ച്ചാക്കുറിപ്പുകള്‍ക്കായി നല്കിയിരിക്കുന്നു. ക്ളാസില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇങ്ങനെയും  ചില സംഗതികള്‍ പ്രയോജനപ്പെടുത്താനാവുമോ?

നാടുവെടിഞ്ഞുപോം  നന്മകള്‍ തന്‍ കഥ
പാടിയ പൈങ്കിളിപ്പൈതല്‍
എന്ന വരികളില്‍ രാമായണ സന്ദര്‍ഭവും  [ നക്ഷത്രചിന്ഹമിട്ട അടിക്കുറിപ്പുണ്ട്] പൈങ്കിളി തുഞ്ചന്റെ പൈങ്കിളിയെന്ന സൂചനയും  കിട്ടും. രാമായണസൂചനയനുസരിച്ച് നാടുവെടിഞ്ഞുപോകുന്ന നന്മകളും  കവിക്ക് ദു:ഖമുളവാക്കുന്ന ' നാടുവെടിഞ്ഞ നന്മകളും  ' തമ്മിലുള്ള സാജാത്യങ്ങള്‍ എന്തൊക്കെയാണ്` ? നാടോടി സംസ്കൃതിയുടെ നാശമാണ്` ' നാടുവിടുന്ന നന്മകള്‍ ' കവിക്ക് എന്നല്ലേ കവിതയിലെ സൂചന?

നാടോടി സംസ്കൃതിയുടെ നാശം 
നാടോടി സംസ്കൃതിയുടെ നാശമായി കാണാവുന്ന കവിസൂചകള്‍ എന്തെല്ലാം?

1.ശ്രാവണപുഷ്പങ്ങള്‍ കാതോര്‍ത്തുനില്‍ക്കുന്ന വഴിത്താര
2.പാട്ടിന്റെ തേന്‍കുടവുമായി എത്തുന്ന പെണ്‍കുട്ടി [ പുള്ളുവക്കിടാത്തി]
3.പുള്ളുവത്തിയുടെ മണിത്തംപുരുവായ മണ്‍കുടം  അവള്‍ ആര്‍ക്കോ വിറ്റുപോയത്
4.നാവേറും  കണ്ണേറൂം  ഏല്‍ക്കാതെ മലനാടിനെ പോറ്റിയ പാട്ട് [ നാവേറുപാട്ട്..]
5.മയങ്ങി നിശ്ശബ്ദമായ പുള്ളുവന്റെ നാഗപ്പാട്ട്...
ഇപ്പോഴും  നിലനില്‍ക്കുന്ന സുകൃതങ്ങള്‍
1.പാതിരാപ്പൂവ്
2.വെണ്ണിലാവിന്‍ ഇളനീര്‍ക്കുടം 
3.ഇളം  വെയില്‍ മൊട്ടുകള്‍
4.തെച്ചിപ്പഴങ്ങളിറുത്തോടുന്ന തെക്കന്മണിക്കാറ്റ്
5.സുവര്‍ണ്ണ ശലഭങ്ങള്‍
[ കൊച്ചുദു:ഖങ്ങള്‍ എന്നുപറയുന്നുവെങ്കിലും  ഒ.എന്‍.വി.കവിതകളിലെ മുഖ്യ പ്രമേയങ്ങളിലൊന്ന് മനുഷ്യജീവിതത്തിന്റെ മഹാസങ്കടങ്ങളും  വേദനകളുമാണ്`. ഈ ദുരിതങ്ങളുടെ കണ്ണീര്‍ ഇന്നെങ്കിലും  തന്റെ പാട്ടില്‍ കലരാതിരിക്കാനുള്ള മഹാപ്രാര്‍ഥതന്നെയാണീ കവിത.
കാല്പ്പനിക ഭാവനയുടെ ഉത്തുംഗശിഖരങ്ങള്‍ എന്നൊക്കെ പ്രകീര്‍ത്തിക്കപ്പെട്ടവയാണ്` ഒ.എന്‍.വി.കവിതകള്‍. അതിനെ ശരിവെക്കുന്ന കാല്‍പ്പനിക ബിംബങ്ങള്‍, ഭാവനകള്‍, അഭിലാഷങ്ങള്‍ എന്നിവതന്നെയാണീ കവിതയിലും  നിറയുന്നത്. ]

നാടോടി സംസ്കൃതിയുടെ നാശമെന്ന നിരീക്ഷണത്തിന്റെ കാല്‍പ്പനിക ഭാവനയും  യാഥാര്‍ഥ്യവും തമ്മിലുള്ള പൊരുത്തങ്ങളെന്തൊക്കയാണ്`?
'ശ്രാവണപുഷ്പങ്ങള്‍' എന്ന സൂചന ഓണക്കാലത്തെക്കുറിച്ചു തന്നെയാണ്`. ഓണക്കാലത്തിന്റെ മനോഹാരിതകളും  ഉത്സാഹങ്ങളും  ആഘോഷപൂര്‍ണ്ണിമയും  ഒക്കെ നമുക്ക് വിശിഷ്ടങ്ങളായ അനുഭവങ്ങളാണ്`. ഓണദിനങ്ങളുമായി ബന്ധപ്പെട്ട പുള്ളുവപ്പാട്ടും  നാവേറും  അതുപോലുള്ള മറ്റൊരുപാട് സംഗതികളും [ ഓണക്കാഴ്ച്ച, സദ്യ, ഓണപ്പുടവ... ] നമുക്കെല്ലാം  വളരെ പ്രിയംകരങ്ങളും  ഗൃഹാതുരത്വമുളവാക്കുന്നതും  തന്നെ. കഴിഞ്ഞുപോയ ഒരു നല്ല കാലത്തിന്റെ ഓര്‍മ്മയാണല്ലോ ഓണം.
'ഓണം  പിറന്നാലും  ഉണ്ണി പിറന്നാലും  കോരന്ന് കഞ്ഞി കുമ്പിളില്‍തന്നെ' എന്നൊരു മറുപുറവും ഓണത്തിനുണ്ടല്ലോ. പുള്ളുവപ്പെണ്‍കൊടിയുടെ മണിത്തംബുരു... എന്നൊക്കെയുള്ള സങ്കല്പ്പം തന്നെയാണോ  ജീവനുള്ള പുള്ളുവനും [കഥയിലെ പുള്ളുവനല്ല ]  ഉള്ളതെന്ന ചിന്ത മഹാകവികളുടെ കാല്പ്പനിക സങ്കല്പ്പങ്ങളില്‍ അസ്തമിക്കുന്നുണ്ടോ? സ്വര്‍ണ്ണക്കദളിക്കുല ഓണക്കാഴ്‌‌ച്ചയാവുമ്പോള്‍ [ ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത വായിക്കുക] അതിന്റെ പിന്നിലെ കണ്ണീരും  വിയര്‍പ്പും കാല്പ്പനിക കവി മറയ്ക്കുകയണ്`. കവി നഷ്ടപ്പെട്ട നന്മകളായി കാണുന്നത് ഈ മറയ്ക്കപ്പെട്ട ദുരിതങ്ങളാവുകയാണോ? 
ഇന്ത്യന്‍ കാവ്യലോകത്ത് താമരപ്പൂ ഒരു രൂപകമാണ്`. ചെളിയില്‍ നിന്നും  വിടര്‍ന്നുവരുന്ന ഒരു പൂവാണ്` താമര. കവി താമരപ്പൂവിനെ മാത്രമേ കാണൂ. ചെളി കവിയുടെ പരിഗണനയില്‍ ഇല്ല. ഈ വൈരുദ്ധ്യം  നമ്മുടെ കാലപനികര്‍ക്ക് സഹജമാണ്`. താമരപൂവിന്റെ മനോഹാരിതയും ശുദ്ധിയും  നര്‍മ്മല്യവും  ഒക്കെ വാഴ്ത്തുന്നവര്‍ അതിന്റെ അടിയിലെ ഇരുട്ടും  ചെളിയും  മറക്കുന്നു. പുള്ളുവപ്പെണ്‍കൊടിയുടെ മണിത്തംബുരു... വാഴ്ത്തുന്നവര്‍ അവരുടെ വീടുകളിലെ പുകയാത്ത - ഓണത്തിനുപോലും  പുകയാത്ത അടുപ്പുകളും  നിത്യജീവിത ദുരിതങ്ങളും  കവിതയില്‍ കുറിക്കുന്നില്ല. അതു കാല്‍പ്പനികരല്ലാത്ത കവികളുടെ പോര്‍ട്ട്ഫോളിയോ ആയി കിടക്കുകയാണ്`. കാല്പ്പനിക കവി യാഥാര്‍ഥ്യത്തിന്റെ സുന്ദരമുഖം  മാത്രം  പരിഗണിക്കുന്നു. പുള്ളുവപ്പെണ്‍കൊടിയുടെ മണിത്തംബുരു... വിറ്റുപോയതാവാമെന്ന് പരിതപിക്കുന്നു. ഉണ്ണാനുമുടുക്കാനുമില്ലാത്തവന്ന് എത്രനാള്‍ 'മണിത്തംബുരു സൂക്ഷിച്ചുവെക്കാനാവുമെന്ന് നിനവില്‍ വരുന്നേഇല്ല. എന്നിട്ട് പുള്ളുവപ്പെണ്‍കൊടിയുടെ മണിത്തംബുരു... കാണാതാവുമ്പോള്‍ ഹാ.. അവയെല്ലാം  നാടുകടന്നല്ലോ.... നന്മകള്‍ നാടുകടന്നല്ലോ എന്നു ദു:ഖിക്കുന്നു. നഷ്ടപ്പെട്ട നാടിന്റെ നന്മകളെ കുറിച്ചു കേഴുന്നവര്‍ പലരും  എന്നേ നാടുവിട്ട് നഗരങ്ങളില്‍ കുടിപാര്‍ത്തവരാണെന്ന് സൗകര്യപൂര്‍വം  മറക്കുന്നു. നാവേറും  കണ്ണേറൂം  ഏല്‍ക്കാതെ മലനാടിനെ പോറ്റിയ പാട്ട്..... അതിനെ പോറ്റാന്‍ … നിലനിര്‍ത്താന്‍ ഇപ്പോഴും  നാടിനാവാത്തതെന്തേ എന്ന് ഒരന്വേഷണവുമില്ല. അവയുടെ തിരോധാനം  എന്തുകൊണ്ട് എന്ന യുക്തിപൂര്‍വമായ അന്വേഷണത്തിന്നു പകരം  കുറ്റപ്പെടുത്തലിന്റെ ദുര്‍മ്മുഖമുള്ള കാല്പ്പനിക വിഷാദം  മാത്രം.
എന്തേ ഇതൊക്കെ പോയ്മറയാന്‍? കാരണങ്ങള്‍ പലതുണ്ടല്ലോ..

1. ഇതുകൊണ്ട് മാത്രം  ജീവിതം  പിടിച്ചുനിര്‍ത്താനുള്ള കെല്പ്പ് ഈ ജനതക്ക് നഷ്ടപ്പെട്ടു
2. സ്വന്തമായി കിടപ്പാടവും  വിദ്യാഭ്യാസവും  തൊഴിലും  വരുമാനവും താരതമ്യേന  മികച്ച ജീവിതവും  ലഭ്യമായി
3. തങ്ങള്‍ ഇനിയും  ഈ ദുരിതങ്ങളില്‍ കിടന്ന് മേലാളരെ സന്തോഷിപ്പിക്കാനുള്ള ബാധ്യത        ഇല്ലെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി
4. അവരെക്കുറിച്ചുള്ള മനോഹര സങ്കല്പ്പങ്ങള്‍ സൃഷ്ടിക്കുന്നവരൊക്കെ എന്നോ [ പണ്ടും  ] അവരേക്കാള്‍ മികച്ച ജീവിതം  കണ്ടെത്തിപ്പിടിച്ചവരാണെന്ന അറിവ് അവര്‍ക്ക് ലഭിച്ചു
5. നാവേറും  തുയിലുണര്‍ത്തും  രസിച്ചിരുന്ന തമ്പുരാന്മാരൊക്കെ [ ഒരു പുള്ളുവനും മറ്റൊരുപുള്ളുവന്റെ വീട്ടില്‍ നാവേറിനും  തുയിലുണര്‍ത്തിനും  പോകാറില്ല ] ത്തന്നെയാണ്` തങ്ങളുടെ ജീവിതം  ഈ നിലയില്‍ അധ:പ്പതിപ്പിച്ചിരുന്നതെന്ന ചരിത്രബോധം  അടിയാളര്‍ക്ക് ലഭിച്ചു
പാഠപുസ്തകം   [ അദ്ധ്യാപന സഹായി ] കണ്ടെത്തിയത്

പുള്ളുവപ്പെണ്‍കൊടിയുടെ മണിത്തംബുരുവാകുന്ന മണ്‍കുടം  വില്‍കുക എന്നത് കലയും സംസ്കാരവും  വില്‍പ്പനച്ചരക്കാവുന്നതിലെ സൂചനയാവാം.... എന്നാണ്`.
 കലയെ വില്പ്പനച്ചരക്കാക്കുന്നു ആധുനിക സമൂഹം  എന്നത് ശരിയായ നിരീക്ഷണം  തന്നെ. എന്നാല്‍ ഈ വില്പ്പന നടക്കുന്നത് നാട്ടിന്‍പുറങ്ങളിലല്ല. നഗരങ്ങളിലാണ്`. നാട്ടിന്‍പുറത്തുകാരല്ല ഇതിന്റെ ഇടനിലക്കാരും  കച്ചവടക്കാരും . നാട്ടിന്‍പുറങ്ങളില്നിന്ന് നഗരങ്ങളില്‍ കുടിയേറിയവരാണ്`[ ബഹുഭൂരിപക്ഷവും ]   ഇതിന്റെ പിന്നില്‍ എന്നല്ലേ അനുഭവം. നാടിന്റെ  നന്മകള്‍ നശിപ്പിക്കുന്നത് നാടിനെ ഉപേക്ഷിച്ച് [ ജീവനാര്‍ഥം  തന്നെ] നഗരങ്ങളില്‍ ചെന്നു ചേര്‍ന്നവരിലെ വലിയൊരു വിഭാഗമാണ്`. കച്ചവടകാര്യങ്ങള്‍ക്കായി എല്ലാ നാടും  നഗരമാവാനാഗ്രഹിക്കുകയാണ്`.നഗരങ്ങളില്‍ നിന്ന് ചന്തകള്‍ നാടുകളെ  പ്രാപിക്കുകയാണ്`. ഇതു തിരിച്ചും  ഉണ്ട്.  സഞ്ചാരയോഗ്യമല്ലാത്ത വഴികളും  ആധുനിക സൗകര്യങ്ങളും  ചികില്സസൗകര്യങ്ങളും  ഒക്കെ വളരെ വളരെ കുറവായ നാട്ടിന്‍പുറങ്ങളേക്കാള്‍ ആധുനിക മനുഷ്യന്‍ ആഗ്രഹിക്കുന്നത് ഈ സൗകര്യങ്ങളെല്ലാമുള്ള നഗരങ്ങളെയാണ്`. നഗരവാസികള്‍ അതിനേക്കാള്‍ വലിയ നഗരങ്ങളും  വിദേശനഗരങ്ങളും  സ്വപ്നം  കാണുകയല്ലേ. അങ്ങനെ സൗകര്യങ്ങളൊക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒഴിവുസമയങ്ങളിലെ കാല്പ്പനികസ്വപ്നസഞ്ചാരങ്ങള്‍ക്ക് പഴയ നാട്ടുപാട്ടുകളും  നാട്ടുകളികളും  ഒക്കെ ഷോകേസ് ചെയ്യപ്പെടുകയാണ്`. പുള്ളുവപ്പെണ്‍കൊടിയുടെ മണിത്തംബുരു...വിന്റെ സൗന്ദര്യം കാവ്യാത്മകമായ ആകുലതയാവുകയാണ്`. നഷ്ടപ്പെട്ട നാടിന്‍ നന്മകളെക്കുറിച്ച് വേവലാതിപ്പെടുകയാണ്`. 'കവിതയെഴുതീട്ടതും  കാശാക്കിമാറ്റുന്നു ബഹുജനഹിതാര്‍ഥം  ജനിച്ചു ജീവിപ്പവന്‍ ' എന്ന് അയ്യപ്പപ്പണിക്കര്‍ മുമ്പേ സരസമായി പറഞ്ഞുവെച്ചിട്ടുണ്ടല്ലോ.

പൈങ്കിളിപ്പൈതല്‍ പാടിയത്
'നാടുവെടിഞ്ഞുപോം  നന്മകള്‍ തന്‍ കഥ..... '
കവിതന്നെ ഫൂട്ട് നോട്ടായി കൊടുക്കുന്ന വിശദീകരണം  : കൈകേയി രാമനെ കാട്ടിലേക്കയപ്പിച്ചു; പിന്നെ, ആ രാമന്‍ തന്നെ സീതയേയും  എന്നിങ്ങനെയാണ്`.
പൈങ്കിളിപ്പൈതല്‍ - തുഞ്ചന്റെ കവിത- പാടിയ നന്മകളുടെ തിരോധാനം  സത്യധര്‍മ്മങ്ങളുടെ നാശത്തെ കുറിച്ചാണ്`. രാമനെ കാട്ടിലേക്കയതും  പിന്നെ സീതയെ കാട്ടിലേക്കയച്ചതും  സത്യധര്‍മ്മങ്ങളുടെ സംരക്ഷണത്തിന്നായിരുന്നു. ഇതു സംഭവിച്ചില്ലായിരുന്നെങ്കില്‍ രാമായണം  തന്നെ മറ്റൊന്നാകുമായിരുന്നു. ധര്‍മ്മസംസ്ഥാപനത്തിന്റെ ശീലുകളാണ്` പൈങ്കിളി പാടിയത്. അതുകൊണ്ടുതന്നെ 'നാടുവെടിഞ്ഞുപോകുന്ന നന്മകളല്ല; മറിച്ച് നാട്ടില്‍ നന്മകളുടെ സംസ്ഥാപനമായിരുന്നു അത്. സത്യദര്‍മ്മാദികള്‍ തന്നെയാണല്ലോ ആത്യന്തികമായ നന്മ.

കാല്പ്പനിക ദു:ഖം  വെടിഞ്ഞ് ജീവിതയാഥാര്‍ഥ്യങ്ങളുടെ തെളിവെളിച്ചത്തില്‍ പ്രവേശിക്കുമ്പോഴാണ്` പൈങ്കിളി ശീലുകള്‍ അന്വര്‍ഥമെന്നറിയുന്നത്. ഇന്ന് പുള്ളുവപ്പെണ്‍കൊടി സ്കൂള്‍ വിദ്യാഭ്യാസവും  കലാശാലാ വിദ്യാഭ്യാസവും  നേടി സ്വന്തം  നിലയും  നിലപാടും  ഉള്ളവളായിരിക്കുന്നു. കണ്ണേറും   നാവേറും പാടുകയല്ല    തന്റെ ജീവിതധര്‍മ്മമെന്നവളറിയുന്നു. താനും  തന്റെ സമൂഹവും  ഇനിയും  വളരെയേറെമുന്നേറാനുണ്ടെന്ന് അവളറിയുന്നു. കാല്പ്പനിക കവികളുടെ മധുരമനോഹരമായ വാങ്ങ്മയം  അനുസരിക്കാനാവാത്ത സൂപ്പര്‍ഹൈവേകളില്‍ [ നാട്ടുവഴികളിലല്ല] സഞ്ചരിക്കുന്ന മനുഷ്യരോടൊപ്പമാണവര്‍  . നളെയുടെ നല്ലൊരുലോകം  നിര്‍മ്മിക്കാനുള്ള തിരക്കുകളില്‍ അവര്‍ക്ക് ഉറക്കമില്ല. ഗൃഹാതുരത്വമില്ല. കുമ്പിളില്‍ കഞ്ഞികുടിച്ച, പുകയാത്ത അടുപ്പുകളില്‍ കണ്ണീരുറന്ന നഷ്ടപ്പെട്ട ദുരിതദിനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും  അവരെ തളര്‍ത്താനേ സഹായിക്കൂ.  അതാണ്` പൈങ്കിളിപ്പൈതല്‍ പാടിയ സത്യം. ധര്‍മ്മം. മുഴുവന്‍ ജനതയും  നല്ലൊരു നാളെയിലേക്ക് വളരുന്ന സത്യം. അതുതാനല്ലോ ധര്‍മ്മവും.

ചുരുക്കം 
നാടോടി സംസ്കൃതി എന്നു നാം  വിവക്ഷിക്കുന്നതില്‍ പലതും  ഈ ഗണത്തില്‍ പെട്ടവയാണ്`. കല്പ്പനികമായ ചില വൃത്തങ്ങളില്‍ നിന്നുകൊണ്ടാണ്` നാം  കാര്യങ്ങള്‍ കാണുന്നത് . ജീവിതം  മിക്കവാറും  സുരക്ഷിതത്വത്തില്‍ നിലനിര്‍ത്തുന്നവര്‍ക്കാണ്` കാല്പ്പനികതയും  കരച്ചിലും. അതൊരു സുഖമാണ്`. ദുരിതങ്ങളില്‍ കഴിയുന്നവര്‍ക്ക് കാല്പ്പനിക കവിതയും  കാല്പ്പനിക ദു:ഖവും  ഇല്ല. അവിടെ യാഥാര്‍ഥ്യത്തിന്റെ ഉഷ്ണസൂര്യനാണ്`. തെളിവെളിച്ചമാണ്`. ഈ തിരിച്ചറിവില്‍ ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തല്‍ മുത്തശ്ശിയുടെ ദിനചര്യയാണ്`. നശിക്കാത്ത നാടിന്റെ   നന്മയാണ്`.
പുലര്‍ച്ചക്കുറങ്ങുവാനെതൊരുസുഖം? പക്ഷെ
വിളിച്ചുണര്‍ത്താനൊരു മുത്തശ്ശിയുണ്ടേ വീട്ടില്‍
ഉറങ്ങിത്തീര്‍ന്നിട്ടുണ്ടാം  മുത്തശ്ശി
ഒരായുസ്സിന്നുറക്കം  കാലേകൂട്ടി -
കുട്ടികളല്ലേ ഞങ്ങള്‍.
[ നാലുമണിപ്പൂക്കള്‍ ]

No comments: