20 July 2012

കഥകളിയിലെ അകേരളീയ ഘടകങ്ങള്‍

പത്താം ക്ളാസിലെ മലയാളപഠാവലിയിലെ ' കാലിലാലോലം ചിലമ്പുമായ് ' എന്ന യൂണിറ്റിലെ ഒരു പ്രവര്‍ത്തനം - കഥകളിക്ക് കേരളീയ പ്രകൃതിയുമായുള്ള ബന്ധം കണ്ടെത്തി ലഘുപന്യാസം തയാറാക്കുക എന്നതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് :


ഏതൊരു കലയ്ക്കും അതുരൂപപ്പെട്ട നാടിന്റെ പ്രകൃതിയും സംസ്കാരവുമായി വളരെയധികം ബന്ധമുണ്ട് എന്നു മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. കേരളത്തിന്റെ അഭിമാനവും തികച്ചും സ്വന്തവും ലോകപ്രശസ്തവും ആയ കഥകളി അതിന്റെ രൂപ ഭാവങ്ങളില്‍ ഒരു പാട് ഘടകങ്ങളില്‍ തികച്ചും കേരളീയമാണ്`. എന്നാല്‍ ചിലയിടങ്ങളില്‍ അകേരളീയമായ അംശങ്ങളുണ്ടെന്നും തോന്നാവുന്നതാണ്`.

അടുത്തത് മലയാളം പീര്യേഡ് .....................

-->
പൊതുവെ കുട്ടികള്‍ക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്` മലയാളം പീര്യേഡ്. നല്ല മാഷാണെങ്കില്‍ പറയുകയും വേണ്ട. മാതൃഭാഷ എന്ന സവിശേഷത ഇതിലുണ്ട്. കഥ, കവിത, നാടകം... തുടങ്ങിയ പാഠ ഉള്ളടക്കവും ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. വീട്ടില്‍ കുട്ടികള്‍ ഏറ്റവും അധികസമയം വായിക്കുന്നതും ഗൃഹപാഠം ചെയ്യുന്നതും 'മലയാളം' തന്നെ. ഏറെ ഭയാശങ്കകളില്ലാതെ പരീക്ഷയെ നേരിടുന്നതും 'മലയാളം'. വിജയവും 'മലയാള' ത്തില്‍ മികച്ച നിലവാരത്തിലും അളവിലും ഉണ്ട്. തുടക്കം തൊട്ടേ ഒരല്പ്പം ശ്രദ്ധിച്ചാല്‍ ' മലയാളം' ക്ളാസ് കുറേകൂടി നിലവാരമുള്ളതാക്കാന്‍ കഴിയും.
ഭാഷാപഠനം ഭാഷാശേഷികളുടെ വികാസം മുന്നില്‍ കണ്ടാണ്` നിര്‍വഹിക്കുന്നത്. ഭാഷ നന്നായി പ്രയോഗിക്കാന്‍ / പ്രയോജനപ്പെടുത്താന്‍ കഴിയുകയാണിത്. ഓരോ ക്ളാസുകളില്‍ നിന്ന് വിജയിച്ചു പോകുമ്പോഴും ഈ വികാസമാണ്` ഉണ്ടാവുന്നത്. വായന, മനസ്സിലാക്കല്‍ , ആസ്വദിക്കല്‍, ചിന്തിക്കല്‍, വിലയിരുത്തല്‍, സര്‍ഗാത്മകമായി പ്രകടിപ്പിക്കല്‍ എന്നിങ്ങനെ നിരവധി അടരുകള്‍ ഭാഷാശേഷിയിലുണ്ട്. ഇതിലൊക്കെയും കൂടുതല്‍ മികവ് നേടാന്‍ വേണ്ട അനുഭവങ്ങള്‍ - ഭാഷാനുഭവങ്ങളിലൂടെ കുട്ടി സഞ്ചരിക്കുന്നു. കുട്ടിക്ക് അധിക മികവ് നല്കാന്‍ ത്രാണിയുള്ള ഭാഷാപ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ തയാറാക്കുകയും ചെയ്യുന്നു. പാഠങ്ങളിലെ ഉള്ളടക്കം ആസ്പദമാക്കിയാണ്` പ്രാഥമികമായും മേല്‍പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നത്.

07 July 2012

'കാലിലാലോലം ചിലമ്പുമായ് '

-->
കേരളപാഠാവലി മലയാളം [ 10]
യൂണിറ്റ് 1 പ്രവര്‍ത്തനങ്ങളുടെ സംഗ്രഹം

'കാലിലാലോലം ചിലമ്പുമായ് ' എന്ന ഒന്നാം യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തീര്‍ന്നുകാണും. പാഠപുസ്തകത്തിലും അദ്ധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തിലുമായി [ സ്കൂള്‍ എസ്.ആര്‍.ജി യില്‍ ചിട്ടപ്പെടുത്തിയത് ] ഈ യൂണിറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും വിശദമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചെയ്തവ ഒന്നു പരിശോധിക്കുമല്ലോ.
പ്രമേയം : കലയും സംസ്കാരവും
ആശയങ്ങള്‍ / ധാരണകള്‍
പ്രക്രിയകള്‍ / പ്രവര്‍ത്തനങ്ങള്‍
  • കാലദേശങ്ങള്‍ക്കനുസരിച്ച് കലാഭിരുചിയിലും മാറ്റം വരുന്നു.
  • നമ്മുടെ സാഹിത്യത്തിന്റെ നല്ലൊരു പങ്ക് കലകള്‍ക്കുവേണ്ടി ഉണ്ടായവയാണ്`.
  • കലകള്‍ ജനസമൂഹത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • മാറുന്ന ജീവിതാവസ്ഥകള്‍ക്കനുസരിച്ച് കലകളുടെ ഉള്ളടക്കത്തിലും അവതരണരീതിയിലും മാറ്റം വരും .
  • സന്ദര്‍ഭത്തിന്` ഗൗരവവും പ്രൗഢിയും ചടുലതയും കൈവരുത്താന്‍ പദങ്ങളുടെ വിന്യാസക്രമം സഹായകമാവുന്നു.
  • ധ്വന്യാത്മകമായ രചനകള്‍ കൂടുതല്‍ ആകര്‍ഷകമാണ്`.
  • ഭാഷാവൃത്തങ്ങള്‍ക്കും സംസ്കൃതവൃത്തങ്ങള്‍ക്കും അവയുടേതായ പൊതുസവിശേഷതകളുണ്ട്.


  • ക്ളാസിക്ക് കലാരൂപങ്ങളുടെ ഉള്ളടക്കം വിശകലനം ചെയ്യല്‍.
  • കലകളുടെ ചരിത്രപരിണാമവും രംഗാവതരണവും വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി ആധികാരിക സ്രോതസ്സുകളില്‍നിന്നും വിവരശേഖരണം നടത്തുകയും നേരിട്ട് നിരീക്ഷിക്കുകയും ചെയ്യല്‍ .
  • കലകളോടൂള്ള മാറിവരുന്ന മനോഭാവം ആവിഷ്കരിച്ചിട്ടുള്ള രചനകള്‍ ആസ്വദിക്കല്‍.
  • കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ .
  • കഥ, കവിത എന്നിവ നാടകരൂപത്തിലാക്കി രംഗത്തവതരിപ്പിക്കുന്നു.
  • കലാചര്‍ച്ചകളില്‍ പങ്കെടുക്കുകയും നിരൂപണങ്ങള്‍ തയ്യാറാക്കലും.

[ അവലംബം: അദ്ധ്യാപക സഹായി : മലയാളം. ]

യൂണിറ്റ് പ്രവേശകം: അയ്യപ്പപ്പണിക്കരുടെ കവിത

05 July 2012

കഥകളിയിലെ ആഹാര്യം


'ചെറുതായില്ല ചെറുപ്പം ' എന്ന പാഠം [ പത്താം ക്ളാസ്- കേരളപാഠാവലി- യൂണിറ്റ് 1 ] കേരളത്തിലെ ദൃശ്യകലകള്‍, ആട്ടക്കഥ... എന്നിവയില്‍ കൂടി ഊന്നിക്കൊണ്ടുള്ളതാണ്`. കഥകളി നമ്മുടെ സ്വന്തമായ വിശ്വപ്രസിദ്ധ കലാരൂപമാകുന്നു. അതുകൊണ്ടുതന്നെ ക്ളാസില്‍ കഥകളിയിലെ ആഹാര്യരീതിയും പാഠഭാഗത്തെ ചിത്രവും താരതമ്യം ചെയ്യുമെന്നത് സ്വാഭാവികം.

കഥകളിയിലെ വേഷം :
നാട്യധര്‍മ്മിക്കനുസൃതമായ ആഹാര്യമാണ്` കഥകളിക്ക് പ്രയോജനപ്പെടുത്തുന്നത്. പാത്രസ്വഭാവം, ഭാവപ്രകടനത്തിന്നനുയോജ്യം, അലൗകികത എന്നീ അംശങ്ങള്‍ ഉള്‍ച്ചേരുന്നതാണ്` കഥകളി വേഷം.കഥകളിയില്‍ വരുന്ന നൂറുകണക്കിന്ന് കഥാപാത്രങ്ങളെ പച്ച, കത്തി, താടി , മിനുക്ക് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. വിഭജനം ഇങ്ങനെയാണെങ്കിലും ഓരോ വേഷങ്ങള്‍ക്കും [ കഥാപാത്രങ്ങള്‍ക്കും ] ചെറിയ ചെറിയ വ്യത്യാസങ്ങളുമുണ്ട്.
വേഷം
പ്രധാന കഥാപാത്രങ്ങള്‍
പച്ച
ശ്രീകൃഷ്ണന്‍, ബലരാമന്‍, രാമലക്ഷമണന്‍മാര്‍, കുശലവന്‍മാര്‍, അര്‍ജുനന്‍, നളന്‍, വസുദേവര്‍, ജയന്തന്‍, ദേവേന്ദ്രന്‍, വൈശ്രവണന്‍, രുഗ്മാംഗദന്‍, കര്‍ണ്ണന്‍.... [ നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]
കത്തി
രാവണന്‍, കീചകന്‍, ശിശുപാലന്‍, ദുര്യോധനന്‍,നരകാസുരന്‍.....
താടി
ബാലി, സുഗ്രീവന്‍, ദുശ്ശാസനന്‍, നരസിംഹം, ഹനുമാന്‍, കലി, സുദര്‍ശനം,കാട്ടാളന്‍, കിരാതന്‍, സിംഹിക, നക്രതുണ്ഡി,നന്ദികേശ്വരന്‍, ........ [ നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]
മിനുക്ക്
സ്ത്രീവേഷങ്ങള്‍, മഹര്‍ഷിമാര്‍, ദൂതന്‍, ഭീരു, ആശാരി, മണ്ണാന്‍, മല്ലന്‍, ചണ്ഡാളന്‍, ..... [നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]]

ആഹാര്യം : നിര്‍വഹണം

കഥകളി അരങ്ങില്‍ ആരംഭിക്കുന്നതിന്ന് 3-4 മണിക്കൂര്‍ മുമ്പേ വേഷം ഒരുങ്ങാന്‍ തുടങ്ങണം. വേഷം ഒരുങ്ങുന്നത് അണിയറയിലാണ്`. മുഖത്തെഴുത്തിന്നുള്ള സാമഗ്രികള്‍, ഉടുത്തുകെട്ടിന്നുള്ള വസ്ത്രവകകള്‍, കേശാലങ്കാരങ്ങള്‍, കിരീടങ്ങള്‍ എന്നിവയൊക്കെ അണിയറയില്‍ ഒരുക്കിവെച്ചിരിക്കും.

വേഷം ഒരുങ്ങുന്നത് ആദ്യഘട്ടത്തില്‍ നടന്‍ സ്വയം തന്നെയാണ്`. അണിയറയില്‍ വിരിച്ചിട്ട പായില്‍ , നിലവിളക്കിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്നാണ്` ഒരുക്കം തുടങ്ങുക. ഒരുക്കം മുഴുവനായും വളരെ ഭക്ത്യാദരപൂര്‍വം ആയിരിക്കും നിര്‍വഹിക്കുക.നടന്റെ മനസ്സില്‍ നിറഞ്ഞ പ്രാര്‍ഥന ഉണ്ടാവും. നെറ്റിയില്‍ മനയോലകൊണ്ട് ഗോപി വരച്ച് കണ്ണും പുരികവും മഷികൊണ്ടെഴുതി കവിളില്‍ അരികിട്ട് മനയോലതേച്ച് ചുണ്ട് ചുവപ്പിച്ച് ചുട്ടിക്ക് തയ്യാറാകും.
ചുട്ടി ചെയ്യുന്നത് സ്വയം അല്ല. അതിന്ന് വൈദഗ്ദ്ധ്യമുള്ള ചുട്ടിക്കാരന്‍ ഉണ്ടാവും. കവിളില്‍ അരികിട്ടതില്‍ കണക്കൊപ്പിച്ച് അരിമാവുകൊണ്ട് ചുട്ടി ചെയ്യും. പണ്ടുകാലത്ത് ചുട്ടി മുഴുവന്‍ അരിമാവുകൊണ്ടായിരുന്നു. ഇപ്പോള്‍ പരിഷ്കാരങ്ങളുടെ ഭാഗമായി കട്ടിക്കടലാസ് കൊണ്ട് മനോഹരമായ ചുട്ടി പിടിപ്പിക്കും.ഇതിന്ന് ഒന്നര- രണ്ടു മണിക്കൂര്‍ സമയമെടുക്കും. [ കത്തി താടി വേഷങ്ങള്‍ക്ക് മൂക്കത്ത് കെടേശം വെക്കും ] ചുട്ടികഴിഞ്ഞാല്‍ മുഖത്തേപ്പുകള്‍ ഒന്നുകൂടി മിനുക്കി കണ്ണില്‍ ചുണ്ടപ്പൂവിടും.
ഇനിയാണ്` ഉടുത്തുകെട്ട് . കാലില്‍ തണ്ടപ്പതപ്പ്, കച്ചമണി എന്നിവ കെട്ടി അടിയുടുപ്പുകള്‍ ധരിക്കും. അരക്കുചുറ്റും കച്ച കെട്ടി [ ഏകദേശം 5 മീറ്റര്‍] ഉള്ളുവാലും പുറംവാലും ധരിക്കും. പിന്നെ അതിനുമുകളില്‍ പാവാടഞൊറിഞ്ഞ് ചേര്‍ത്ത് ഉറപ്പിക്കും. തുടര്‍ന്ന് പട്ടുവാല്‍ കെട്ടും. പാവാടക്ക് മുന്നില്‍ വില്ലിന്റെ ആകൃതിയിലുള്ള വളച്ചുവെപ്പ് വെക്കും. ഇതെല്ലാം കച്ചകൊണ്ടാണ്` മുറുക്കുന്നത്. ഇത്രയുമായാല്‍ 'ഉടുത്തുകെട്ട്' കഴിഞ്ഞു. കഥാപാത്രം, തലയില്‍ വെക്കുന്ന കിരീടം എന്നിവയുടെ ഗാംഭീര്യം എന്നിവക്കനുസരിച്ച് ഉടുത്തുകെട്ടിന്ന് വലിപ്പം നിശ്ചയിക്കും. പച്ചക്ക് ഒരല്പ്പം ചെറുതും ചുകന്ന താടിക്ക് വളരെ വലുതുമായ ഉടുത്തുകെട്ട് ആയിരിക്കും ഒരുക്കുക.

ഉടുത്തുകെട്ട് കഴിഞ്ഞാല്‍ കുപ്പായം വള ഹസ്തകടകം എന്നിവ ധരിക്കും. ഭുജത്തില്‍ തോള്‍പ്പൂട്ട് , പരുത്തിക്കായ് മണി എന്നിവ കെട്ടും. കഴുത്തില്‍ കൊരലാരം, കഴുത്തുനാട, കഴുത്താരം, എന്നിവയും ചെവിയില്‍ തോട, ചെവിപ്പൂവ്, നെറ്റിയില്‍ നെറ്റിനാട എന്നിവയും പിന്നീടണിയും. തലമുടി കെട്ടി ഭക്ത്യാദരപൂര്‍വം കിരീടം അണിയും. തുടര്‍ന്ന് ഉത്തരീയങ്ങള്‍, നഖങ്ങള്‍ എന്നിവ ധരിക്കും. ഇത്രയുമായാല്‍ വേഷം ഒരുങ്ങി എന്നു പറയാം. നടന്‍ കഥാപാത്രമായി മാറുകയായിരുന്നു ഇതുവരെ. മികച്ച നടന്‍മാരൊക്കെ ഏതുപ്രായത്തിലും ഇത്രയും വേഷവിധാനങ്ങളോടെ 2-3 മണിക്കൂര്‍ അരങ്ങില്‍ കളിച്ചാലും ഈ ഉടുത്തുകെട്ടിനോ ചുട്ടിക്കോ കിരീടത്തിനോ ഒരു ഉലച്ചില്‍ പോലും സംഭവിക്കില്ല.

പാഠചിത്രം

ഇത്രയും വിശദമായ വേഷവിധാനങ്ങളെ കുറിച്ച് അറിയുമ്പോഴാണ്` പാഠത്തിലെ ചിത്രം നമ്മുടെ മുന്നില്‍ കാണുന്നത്. [ ഹംസത്തിന്റേയും ദമയന്തിയുടേയും ചിത്രങ്ങള്‍ നെറ്റില്‍ നിന്നും എടുത്തത് കൂടെ ചേര്‍ക്കുന്നു.കടപ്പാട് സൂചിപ്പിക്കുന്നു. ]




ഇന്ത്യന്‍ ചിത്രകാരന്മാരമ്മാര്‍ക്കെല്ലാം പ്രിയപ്പെട്ട വിഷയമായിരുന്നു ' ഹംസവും ദമയന്തിയും' . രാജാ രവിവര്‍മ്മയുടെ ദമയന്തി വളരെ പ്രസിദ്ധവുമാണ്`.


ആയതുകൊണ്ട്:



പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സദൃശമായ ചിത്രങ്ങള്‍ കണ്ടെത്താന്‍ നോക്കണം. കഥകളിയിലെ പ്രസിദ്ധമായ ഹംസ ദമയന്തി ചിത്രങ്ങള്‍ ശേഖരിക്കണം. കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടക്കല്‍ ശിവരാമന്‍, മാര്‍ഗി വിജയകുമാര്‍ തുടങ്ങിയവരുടെ ദമയന്തി വേഷങ്ങളും കുറിച്ചി കുഞ്ഞന്‍ പിള്ള, കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കലാമണ്ഡലം ഗോപി തുടങ്ങിയവരുടെ ഹംസം വേഷങ്ങളും [ ചിത്രങ്ങളും വീഡിയോയും] കാണണം.

അപ്പോഴാണ്` പാഠപുസ്തകത്തിലെ ദമയന്തിയും ഹംസവും ചിത്രം അതിനപ്പുറത്തേക്കുള്ള ആസ്വാദനത്തിന്റെ തലങ്ങളിലേക്കുയരുക. അപ്പോഴാണ്`
'മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ ?
വിധുമണ്ഡലമിറങ്ങി കഷിതിയിലേ പോരികയോ?
തുടങ്ങിയ കാവ്യഭാഷക്ക് അര്‍ഥം കിട്ടൂ. അലൗകികമായ ഒരന്തരീക്ഷവും കഥാപാത്ര സാന്നിദ്ധ്യവും ഒക്കെ ഒത്തുചേര്‍ന്നാലേ കഥകളിപോലുള്ള ഒരു കല അനുഭവവേദ്യമാകയുള്ളൂ.

03 July 2012

ക്ളബ്ബുകളുടെ തുടര്‍ച്ചകള്‍


ജൂണില്‍ എല്ലാ ക്ളബ്ബുകളുടേയും സമുചിതമായ ഉദ്ഘാടനങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടന്നു കഴിയും. പരിസ്ഥിതി, വിദ്യാരംഗം, സയന്‍സ്, സാമൂഹ്യം, ചരിത്രം, .ടി, ഗണിതം [ ഈ വര്‍ഷം അന്താരാഷ്ട്ര ഗണിതവര്‍ഷം കൂടിയാണല്ലോ ] എന്നിങ്ങനെ എല്ലാ ക്ളബ്ബുകളുടേയും പ്രവര്‍ത്തനം കൃത്യസമയത്ത് തന്നെ ആരംഭിക്കും. ഇതിനു പുറമേ ട്രാഫിക്ക്, ശുചിത്വം, സീഡ് തുടങ്ങിയവയും തുടങ്ങിവെക്കും. ചുമതലക്കാരായ അദ്ധ്യാപകര്‍ മിക്കയിടത്തും ആദ്യം പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്ക് മാത്രം അംഗത്വം നല്‍കും. പലയിടത്തും എല്ലാ ക്ളബ്ബിലും പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 പേരില്‍ പകുതിയെങ്കിലും ഒരേ പേരാവാനും മതി. അതൊന്നും ഒരിക്കലും സ്ക്രൂട്ട് ചെയ്യാറുണ്ടാവില്ല.
സമുചിതമായ ഉദ്ഘാടനത്തിനു ശേഷം പിന്നെ കാര്യമായൊന്നും കൊണ്ടുനടത്താന്‍ മിക്കയിടത്തും സമയം കിട്ടാറില്ല. ജൂണ്‍ ജൂലായ് മാസങ്ങള്‍ പാഠങ്ങള്‍ തീര്‍ക്കാനുള്ള തിടുക്കമാണ്`.[ അപ്പോ കഴിഞ്ഞാലേ കഴിയൂ... ] ആഗസ്തില്‍ ഒരു പരീക്ഷ... അവധി... . സെപ്തംബര്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ വിവിധ തലങ്ങളിലെ ഉത്സവങ്ങള്‍... ഡിസംബറില്‍ ഒരു പരീക്ഷ... അവധി... ജനുവരി ഫിബ്രുവരി പാഠം തീര്‍ക്കല്‍ ... മാര്‍ച്ചില്‍ പിന്നെന്തിനാ ഒഴിവുള്ളത്. ശനി, ഒഴിവുദിവസങ്ങള്‍, രാവിലെ, വൈകീട്ട്, രാത്രി ക്ളാസുകള്‍... എന്നാ ക്ളബ്ബുകള്‍ കൊണ്ടുനടത്താന്‍ ഒരൊഴിവ്... ആരേയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.... പരീക്ഷക്കുമുന്പ് പാഠങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ രക്ഷിതാക്കളുടെ ഇടപെടല്‍ തീര്‍ച്ച. ക്ളബ്ബുപ്രവര്‍ത്തനങ്ങള്‍ നടക്കാഞ്ഞാല്‍ ഒരു രക്ഷിതാവും കയറി ഉടക്കുണ്ടാക്കുകയുമില്ല. വിവിധ ക്ളബ്ബുകളുടെ ചുമതലക്കാരായ ചില കുട്ടികള്‍ ഇടയ്ക്ക് ചില അന്വേഷണങ്ങള്‍ ആദ്യ നാളുകളില്‍ നടത്തും.... പിന്നെ അവരും അവരുടെ പ്രാരാബ്ധങ്ങളില്‍ മുഴുകും...
എന്തേ ഇതൊക്കെ ഇങ്ങനെ... എന്ന് പരിതപിക്കുന്ന ചിലരെങ്കിലും അദ്ധ്യാപകരില്‍ ഉണ്ടാവില്ലേ? ഒന്നും ഉണ്ടായില്ലല്ലോ എന്ന് ദു:ഖിക്കുന്ന ചില കുട്ടികളെങ്കിലും ഉണ്ടാവില്ലേ?

അതെ, ആരേയും കുറ്റം പറയാനാവില്ല...
എന്നാല്‍ ചില സംഗതികള്‍ ഒന്നുകൂടെ ആലോചിക്കാവുന്നതാണല്ലോ...
  • സ്കൂള്‍ തല വാര്‍ഷികാസൂത്രണത്തില്‍ ക്ളബ്ബുകളുടെ അജണ്ട ശ്രദ്ധാപൂര്‍വം ഉള്‍പ്പെടുത്തി സാധ്യമായ ചില ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം.
  • സ്കൂളില്‍ പൊതുവായ ക്ളബ്ബിനു പകരം ഓരോ ക്ളാസിലും ക്ളബ്ബുകള്‍ ഉണ്ടായാലോ? എല്ലാ കുട്ടികള്‍ക്കും ക്ളബ്ബനുഭവങ്ങള്‍ കിട്ടുന്ന രീതിയില്‍.. സാധ്യമായ രീതിയില്‍...
  • സാധ്യമായ രീതിയില്‍ ഓരോക്ളാസിലും ചെയ്തുതീര്‍ക്കാവുന്ന ചില ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാമല്ലോ
  • ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാമല്ലോ
  • വിവിധ വിഷയങ്ങളുടെ ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ ക്ളബ്ബുകളുമായി വിളക്കിച്ചേര്‍ക്കാമല്ലോ. [ ഭാഷാക്ളാസുകളിലെ നോട്ടിസ്, പോസ്റ്റര്‍... തുടങ്ങിയവ, ശാസ്ത്രക്ളാസുകളിലെ പരീക്ഷണങ്ങള്‍... ഗണിതക്ളാസിലെയും ഭൂമിശാസ്ത്രക്ളാസിലേയും ബയോളജി ക്ളാസിലേയും... ]
  • ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള CE മൂല്യനിര്‍ണ്ണയം തീരുമാനിക്കാമല്ലോ
  • 'തീര്‍ക്കാനുള്ള പല പാഠങ്ങളും ' ക്ളബ്ബ് പ്രവര്‍ത്തനം വഴി ചെയ്തെടുക്കാമല്ലോ
  • ചില യൂണിറ്റ് റ്റെസ്റ്റൂകള്‍ ഈ വഴിക്ക് ആലോചിക്കാമല്ലോ
  • കലാ - ശാസ്ത്ര - കായികമേളകള്‍ ക്ളബ്ബ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചെയ്യാമോ..
കുറ്റപ്പെടുത്താനല്ല; ചില [ സ്കൂളുകളിലെ ] മാതൃകകള്‍ കണ്ടതിന്റെ സാധ്യതകള്‍ പങ്കുവെക്കല്‍ മാത്രം...