28 January 2012

കുട്ടി പരീക്ഷ എഴുതുകയായിരുന്നു...


പരീക്ഷ – 3



പരീക്ഷ എന്നു കേള്‍ക്കുമ്പോള്‍ പരീക്ഷയുടെ ബെല്ല്, ഇന്‍വിജിലേറ്ററുടെ സാന്നിധ്യം, സമയകൃത്യത, അച്ചടക്കം , ജയം / തോല്‍വി എന്നിങ്ങനെ നിരവധി സംഗതികള്‍ മനസ്സില്‍ നിറയും...എല്ലാം കൂടി അകത്തൊരു പേടി ഉണ്ടാക്കും.
എന്നാല്‍ പരീക്ഷ എന്നു പറയുന്നില്ലെങ്കിലോ? ഇതൊന്നും ഇല്ല. ശാന്തമായ ഒരു അന്തരീക്ഷം ഉണ്ടാവുകയും കുട്ടി അസ്സലായി പഠിക്കുകയും കുട്ടിതന്നെ അറിയാതെ ജയിക്കുകയും ചെയ്യും. പക്ഷെ, ഇതു നമ്മുടെ ആളുകള്‍ക്ക് ഇനിയും ബോധ്യമായിട്ടില്ല എന്നത് മറ്റൊരുകാര്യം. അതാണല്ലോ CE ഇപ്പൊഴും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നത്.
ചോദിക്കട്ടെ, എന്താണ്` പരീക്ഷ? പഠിപ്പിച്ച ഒരു സംഗതിയുടെ അടിസ്ഥാനത്തില്‍ കുട്ടിക്ക് ഒരു പ്രവര്‍ത്തനം മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് [ അധ്യാപിക] മനസ്സിലാക്കലാണ്` പരീക്ഷ. 'എത്രത്തോളം മികവ് ' എന്ന് അളക്കും; അളക്കണം.
ഒരു ക്ളാസ് സന്ദര്‍ഭം നോക്കാം: 'കാലിലാലോലം ചിലമ്പുമായ്' എന്ന യൂണിറ്റ് പഠിപ്പിക്കുന്നതിനിടയ്ക്ക് സ്വാഭാവികമായും നിരവധി പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ഒറ്റക്കും കൂട്ടായും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്ന്: ' ആര്‍ട്ട് അറ്റാക്ക് ' എന്ന ശീര്‍ഷകം സൃഷ്ടിക്കുന്ന അര്‍ഥതലങ്ങള്‍ എന്തൊക്കെയെന്ന് കുറിക്കുക - എന്നൊരു പ്രവര്‍ത്തനം ക്ളാസ് മുറിയില്‍ ചെയ്തുവല്ലോ. ഗ്രൂപ്പ് പ്രവര്‍ത്തനം, അധ്യാപികയുടെ സഹായം, സ്വയം ശ്രമങ്ങള്‍ , മുന്‍ അറിവുകള്‍, താരതമ്യപ്പെടുത്തലുകള്‍, മെച്ചപ്പെടുത്തല്‍....തുടങ്ങി ഒരു പാട് ഘട്ടങ്ങളിലൂടെ കുട്ടി ഇതിന്റെ 'ഉത്തരം' കുട്ടി നന്നായി എഴുതിയി [ കുറിച്ചി ] രിക്കും. [ അധ്യാപിക ഇത് ശ്രദ്ധിക്കുകയും ചിലപ്പോള്‍ CE യുടെ ഭാഗമായി പരിഗണിക്കുകയും ചെയ്തിരിക്കും. ]
ശീര്‍ഷകത്തിന്റെ ഔചിത്യം - എന്ന പ്രവര്‍ത്തനം ചെറിയ ക്ളാസ്‌‌മുതല്‍ കുട്ടി പരിശീലിക്കുന്നതാണ്`. ക്ളാസ് മുറിയിലും, വീട്ടിലും, മറ്റെവിടെയും... [ ശാന്തമായ ഒരു അന്തരീക്ഷത്തില്‍ ] ഇത് നന്നായി ചെയ്യാനും കുട്ടിക്ക് പ്രയാസമില്ല. ചെറിയ / വലിയ കഥാഭാഗങ്ങള്‍ കൊടുത്ത് എപ്പോള്‍ വേണമെങ്കിലും നമുക്കിത് ബോധ്യപ്പെടാം. കുറിപ്പുകള്‍ എന്ന വ്യവഹാരം ഉപയോഗിക്കുന്നില്ലെങ്കിലും എന്തു വായിക്കുമ്പോഴും / എഴുതുമ്പോഴും ഈ പ്രക്രിയ മാനസികമായി എല്ലാ കുട്ടിയും ചെയ്യുന്നുമുണ്ട്.
ഭാഷാ ക്ളാസുകളില്‍ മാത്രമല്ല, എല്ലാവിഷയക്ളാസുകളിലും ഇതുതന്നെയാണ്` സംഭവിക്കുന്നത്. അധ്യാപിക കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനിടയ്ക്കും അതിനു ശേഷവും നല്കുന്ന ചെറിയതും വലിയതുമായ പ്രവര്‍ത്തനങ്ങള്‍ കുട്ടി നന്നായി ചെയ്തുതീര്‍ക്കുന്നു. അധ്യാപിക അതു ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇതൊന്നും കേവല ആവര്‍ത്തനങ്ങളല്ല. എല്ലാം പുത്തന്‍ പ്രവര്‍ത്തനങ്ങള്‍ തന്നെ. അതൊക്കെയും ഓരോ കുട്ടിയും അവര്‍ക്കുകഴിയുന്നത്ര മികവില്‍ സ്വയം ചെയ്തുതീര്‍ക്കുന്നു. ജയം കിട്ടുന്നു. ക്ളാസ്മുറിയിലെ സ്വാഭാവിക കാലക്രമവും, ശാന്തമായ - പഠനസന്നദ്ധമായ അന്തരീക്ഷവും ഈ ജയം നിര്‍മ്മിക്കുകയാണ്`.
എന്നാല്‍ ഇതേ പ്രവര്‍ത്തനം പരീക്ഷാ ഹാളില്‍ നടക്കുമ്പോള്‍ അവസ്ഥയാകെ മാറുന്നു എന്നാണോ? നേരത്തെ സൂചിപ്പിച്ച പരീക്ഷാ പരിസ്ഥിതിയുടെ സമ്മര്‍ദ്ദമാണത്. ഇതിനെ മറികടക്കാന്‍ കുട്ടിക്ക് മാനസികമായി കഴിഞ്ഞാല്‍ പേടി പമ്പ കടക്കുന്നു. അത്:
  • പരീക്ഷയും പരീക്ഷാഹാളിന്റെ ചുറ്റുപാടും അവഗണിക്കുക.
  • പരീക്ഷാഹാളിനേയും ക്ളാസ്മുറിയായി- പഠനമുറിയായി കണക്കാക്കുക.
  • പഠനത്തിന്റെ സാധാരണ അച്ചടക്കം മാത്രം പുലര്‍ത്തുക.
  • പരീക്ഷ പഠനം തന്നെയെന്ന് മനസ്സിലാക്കുക.
  • എഴുതിയും വായിച്ചുനോക്കിയും ചെറിയ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും സ്വയം ചെയ്യുക.
  • പ്രവര്‍ത്തനം മികച്ചതാക്കാന്‍ പരിശ്രമിക്കുക. ജയപരാജയങ്ങളെ കുറിച്ച് വേവലാതിപ്പെടാതിരിക്കുക. [ നന്നായി ചെയ്യലാണ് പ്രധാനം . ജയം അതോടൊപ്പം ഉണ്ട്. ]
  • പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധിക്കുക. മറ്റു ചിന്തകള്‍ മാറ്റിവെക്കുക.
  • ചെയ്യാന്‍ കഴിയാതെ പോകുന്നവയെ കുറിച്ചുള്ള ഉത്കണ്‍ഠ മാറ്റിവെക്കുക.

ഏതൊരാളുടേയും സാധാരണ ജീവിതത്തില്‍ ഇതൊക്കെത്തന്നെയാണ്` സംഭവിക്കുന്നത്. നമുക്കിഷ്ടമല്ലാത്തത് അവഗണിക്കുക/ മറക്കുക. എന്നാല്‍ സ്ഥിതിഗതികള്‍ക്കനുസൃതമായ പെരുമാറ്റം [ അച്ചടക്കം] പാലിക്കുക. ലക്ഷ്യം മാത്രം മുന്നില്‍ കാണുക. പരിസ്ഥിതി മോശമാണെങ്കില്‍ ലക്ഷ്യം ഉപേക്ഷിക്കാനാവില്ലല്ലോ.
ക്ളാസ്മുറിയിലും വീട്ടിലും കുട്ടി എന്നും പരീക്ഷ എഴുതുകയായിരുന്നു. കൂടുതല്‍ മികവിലേക്ക് വളരുകയായിരുന്നു. പരിസ്ഥിതിയില്‍ എന്നും ഉണ്ടാകാവുന്ന നേരിയ വ്യത്യാസങ്ങളെ മറികടന്ന്....
ആയതിനാല്‍
നമുക്ക് പരീക്ഷയെ മറക്കാം; പരീക്ഷാഹാളിനെ അവഗണിക്കാം.....
പരീക്ഷ പഠനം മാത്രമാണ്` ; സ്വാഭാവികമായ പഠനം.

ജയം അതോടൊപ്പം ഉണ്ട്.






27 January 2012

പരീക്ഷക്കൊരുക്കം


പരീക്ഷ 2
പരീക്ഷക്കൊരുക്കം

ഏപ്രില്‍ മുതല്‍ കുട്ടികളെല്ലാരും എസ്.എസ്.എല്‍.സി പരീക്ഷക്ക് ഒരുങ്ങുകയായിരുന്നല്ലോ ! ഇനിയെന്ത് വേവലാതി?


പഠിക്കാനൊരുങ്ങുന്നതിനേക്കാള്‍ ശ്രദ്ധ പരീക്ഷക്കൊരുങ്ങാന്‍ വേണം . പഠിക്കാനൊരുങ്ങാന്‍ വേണ്ടത്ര സമയം ഉണ്ട്; പരീക്ഷക്കതില്ല. ഇന്നത്തെ രീതിക്ക് - അത് അത്രത്തോളം അശാസ്ത്രീയമെങ്കിലും - പഠിപ്പ് കഴിഞ്ഞാണ്` പരീക്ഷ. അപ്പോള്‍ പഠിപ്പ് മുഴുവന്‍ കഴിഞ്ഞ് ഉഷാറായി, ആത്മവിശ്വാസത്തോടെ പരീക്ഷക്കൊരുങ്ങാന്‍ നിലവില്‍ വേണ്ടത്ര സമയം ഇല്ല. പരീക്ഷയെ തകര്‍ക്കുന്ന പ്രധാന പ്രശ്നം ഇതുതന്നെയാണുതാനും.

പരീക്ഷക്കൊരുക്കം ആദ്യം തൊട്ടു തുടങ്ങുന്നു

പരീക്ഷ എങ്ങനെയാണോ അതിനനുസൃതമായാണ്` പഠനം എന്നത് തര്‍ക്കമറ്റതാണ്`. പരീക്ഷയുടെ ലക്ഷ്യം ജയം തന്നെ. പരീക്ഷയും പഠനമാണെന്ന സംഗതിയൊക്കെ ശരിതന്നെ. പക്ഷെ, നിലവില്‍ പരീക്ഷയുടെ ഉന്നം ജയം മാത്രം. തോറ്റല്‍ വീണ്ടും പരീക്ഷയെഴുതും ; ജയിക്കും. അല്ലെങ്കില്‍ ജയിക്കും വരെ എഴുതും. അതുകൊണ്ടുതന്നെ പരീക്ഷക്കുള്ള പഠനം നേരത്തെ ആരംഭിക്കാന്‍ ആലോചിക്കണം. അല്ലെങ്കില്‍ പഠനമൊക്കെ പരീക്ഷക്ക് മാത്രമായി ക്രമീകരിക്കണം. സ്കൂളുകളില്‍ പ്രത്യേകിച്ച് എസ്.എസ്.എല്‍.സി. ക്ളാസുകളില്‍ ഇങ്ങനെയാണ്` എവിടേയും. ക്ളസ്റ്ററും ട്രയിനിങ്ങും ഒക്കെ 9 വരെയേ ഉള്ളൂ. പത്തില്‍ പരീക്ഷക്കൊരുക്കം മാത്രം. സമ്പൂര്‍ണ്ണവിജയം മാത്രം ലക്ഷ്യം. പരീക്ഷയില്‍ വിജയിക്കാനുള്ള തന്ത്രങ്ങളാണ്` അധ്യാപികയെ നയിക്കുന്നത്.
ഇതു കാണിക്കുന്നത് പരീക്ഷക്കൊരുക്കം ഏപ്രില്‍ മുതല്‍ [ വെക്കേഷന്‍ ക്ളാസുകള്‍] തന്നെ സ്കൂളുകളില്‍ ആരംഭിക്കുന്നു. 'കളിയും ചിരിയും ' ഒന്നും ഇല്ല; പരീക്ഷക്കൊരുങ്ങല്‍ മാത്രം.

  • കൃത്യമായി പാഠം തീര്‍ക്കലും പരീക്ഷകളെഴുത്തും പരിശീലനവും മോഡല്‍ പരീക്ഷകളും....
  • രക്ഷിതാക്കളെ വിളിക്കലും, ക്ളാസ് പി.ടി.. കളും, എം.പി.ടി.. കളും....
  • കുട്ടികളെ ചെറു ഗ്രൂപ്പുകളാക്കലും , അധ്യാപകരെ മേല്നോട്ടത്തിന്നും സഹായത്തിന്നുമായി ഏര്‍പ്പാടാക്കലും , നിരന്തര അന്വേഷണങ്ങളും...
  • ഗൃഹസന്ദര്‍ശനവും, പ്രാദേശികപഠനകേന്ദ്രങ്ങളും, സാംപത്തികമായ സഹായങ്ങളും....
  • കുട്ടിക്കും രക്ഷിതവിനും കൗണ്‍സലിങ്ങ്...
  • രാത്രി ക്ളാസുകള്‍, അവധിദിനപരിപാടികള്‍, അക്കാദമിക്ക് ക്ളിനിക്കുകള്‍, സഹവാസക്യാമ്പുകള്‍....
  • ത്രിതല പഞ്ചായത്തുകളുടെ 'വിയജ' പരിപാടികള്‍...
  • സര്‍ക്കാര്‍ QIP പരിപാടികള്‍ , ധനസഹായം...
  • എല്ലാ പ്രധാനപത്രങ്ങളിലും ആശ്ചയില്‍ ഒന്നും രണ്ടും തവണ എസ്.എസ്.എല്‍.സി ക്കാര്‍ക്കായുള്ള സവിശേഷ പംക്തികള്‍...
  • മികച്ച വിജയം ഉറപ്പുനല്കുന്നു വിവിധ വിദ്യാഭ്യാസ സംരംഭകര്‍... അവരുടെ പരീക്ഷകള്‍..സമ്മാനങ്ങള്‍....
  • ചാനലുകളില്‍ , വിക്ടേര്‍സില്‍ എല്ലാം പഠനസഹായം....
  • നിരവധി ബ്ളോഗുകള്‍ , സൈറ്റുകള്‍ എല്ലാം മികച്ചവിജയം ആശംസിക്കുന്നു....
  • സര്‍വോപരി ഭരണകൂടത്തിന്റെ നിരന്തര പ്രോത്സാഹനവും മോണിറ്ററിങ്ങും....
  • ....
  • ..
ഓരോ വര്‍ഷവും ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ ഇത്രയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഓരോ കുട്ടിക്കുവേണ്ടിയും നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഗുണം പ്രത്യക്ഷമായും പരോക്ഷമായും ഓരോ കുട്ടിക്കും ലഭിക്കുന്നുമുണ്ട്. വിജയശതമാനത്തില്‍ ക്രമാനുഗതമായ മുന്നേറ്റം സ്ഥിരമായി കാണുകയും ചെയ്യാം.

എന്നാല്‍, കുട്ടിക്കുവേണ്ടി ചെയ്യുന്ന ഈ സംഭവങ്ങളൊന്നും പൊതുവേ കുട്ടികള്‍ അറിയുന്നില്ല എന്നതാണ്` ഏറ്റവും ഖേദകരം. സംഗതികള്‍ കുട്ടികള്‍ സമയാസമയം അറിഞ്ഞിരുന്നെങ്കില്‍.... [ ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ കുട്ടികളോട് വിശദീകരിക്കുമോ എന്നത് കണ്ടറിയാം. ]

കുട്ടിക്ക് - തന്നെ സഹായിക്കാനുള്ള ഏര്‍പ്പാടുകളുടെ വൈപുല്യം-ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
കുട്ടിക്ക് , താനൊറ്റക്കല്ല ഈ പോരാട്ടത്തില്‍ എന്ന ആത്മബലം ഉണ്ടാക്കും.
സ്കൂളിനകത്തും പുറത്തും നടക്കുന്ന ഈ സംഗതികളൊക്കെ തനിക്കെന്നറിയുന്ന കുട്ടിയുടെ ഉത്തരവാദിത്തബോധം ശതഗുണീഭവിക്കും.
ക്ളാസ്‌‌മുറിയിലും പുറത്തും കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങള്‍ അത്യധികം കാര്യക്ഷമമാവും.
കാര്യങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ രക്ഷിതാക്കളുടെ ഇടപെടല്‍ ശേഷി വര്‍ദ്ധിക്കും.
ഓരോകുട്ടിക്കും ഇതെല്ലാം ലഭ്യമാക്കാനുള്ള പരിപാടികള്‍ [ സ്കൂളിലും, വീട്ടിലും, നാട്ടിലും.. ] വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിജയം വര്‍ദ്ധിക്കും.










22 January 2012

കാവ്യഭാഷയിലെ ഭിന്ന ഭാവങ്ങള്‍


പത്താം ക്ളാസിലെ (മലയാളം ) 'ഗാന്ധാരീവിലാപം' എന്ന കാവ്യപാഠത്തെ കുറിച്ചു ഒരു കുറിപ്പ്


കവിക്ക് സൃഷ്ടിക്കുള്ള ഉപകരണം ഭാഷയാണ്`. ഭാഷകൊണ്ട് സാഹിത്യം രചിക്കുന്നു. സഹിതമായതാണ്` സാഹിത്യം. വാക്കും അര്‍ഥവുമാണ്` സഹിതമാകുന്നത്. വികാരവും വിചാരവുമാണ്` സഹിതമാകുന്നത്. വാക്കിലൂടെയും അര്‍ഥത്തിലൂടെയും വികാരവും വിചാരവും വായനക്കാരിലാണ്` ഉല്പ്പാദിപ്പിക്കുന്നത്. അതു പൂര്‍ണ്ണമായും സാധിക്കുന്നത് ഭാഷ കൊണ്ടാണ്`. അങ്ങനെ കവി രണ്ടിടങ്ങളില്‍ സൃഷ്ടി നടത്തുന്നു. ആദ്യം കൃതിയിലും തുടര്‍ന്ന് വായനക്കാരിലും. ആദ്യ നിര്‍മ്മിതി ഒരിക്കലേ ഉള്ളൂ. കാവ്യം രചിച്ചു കഴിഞ്ഞാല്‍ ആ പണി തീര്‍ന്നു. എന്നാല്‍ രണ്ടാമത്തേത് - വായനക്കാരില്‍ വികാരവിചാരങ്ങള്‍ നിര്‍മ്മിക്കല്‍ പലതവണയാണ്` ; പലരിലാണ്`; പലകാലത്തും ചിലത് എക്കാലത്തുമാണ്`; ഓരോന്നും പുതുപുത്തനും.

ഒരേ സംഗതികള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പറയേണ്ടിവരുമ്പോള്‍ സന്ദര്‍ഭാനുസാരിയാക്കാനുള്ള മിടുക്കാണ്` കവിത്വത്തിന്റെ ഒരു ലക്ഷണം. മഹാഭാരതം കിളിപ്പാട്ടില്‍ എഴുത്തഛന്‍ - 'ഗാന്ധാരീവിലാപ' ത്തില്‍ ഭഗദത്തനെക്കുറിച്ച് പറയുന്നത് നോക്കുക.
...... ധരണിയിലുണ്ടായ
മന്നരില്‍ മുമ്പന്‍ ഭഗദത്തന്‍
തന്‍കരിവീരനരികെ ധനുസ്സുമായ്
സംക്രന്ദനാത്മജനെയ്ത ശരത്തിനാല്‍
വീണിതല്ലോ കിടക്കുന്നു
ധരണിയില്‍ ശോണിതവുമണഞ്ഞയ്യോ ശിവ! ശിവ! [ പദ്യം 1]
ഗാന്ധാരി കാണുന്ന ഈ ഭഗദത്ത രൂപം ഈ അവസ്ഥയിലായ സന്ദര്‍ഭം എഴുത്തഛന്‍ ഇങ്ങനെ എഴുതുന്നു. [ ദ്രോണം]
...... സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാ-
നുമ്പര്‍കോന്‍ തന്നുടെ നന്ദനനര്‍ജുനന്‍
വാരണവീരന്‍ തലയറ്റു വില്ലറ്റു
വീരന്‍ ഭഗദത്തന്‍ തന്റെ തലയറ്റു
നാലാമതാനതന്‍ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടു പോയിതു ബാണവും . .... [പദ്യം 2]
ഹാസ്യരസപ്രയോഗത്തില്‍ ഏറ്റവും പിശുക്കനായ കവിയാണ്` എഴുത്തഛന്‍. ഭഗദത്ത പതനം വിവരിക്കുന്നിടത്ത് കവി ആലോചനാമൃതമായ ഹാസ്യം തന്നെ ഉപയോഗിച്ചിരിക്കുന്നു. സുവ്യക്തമായ ഒരു ചിത്രരചനയാണ്` - അമ്പിന്റെ യാത്ര കവി വിവരിക്കുന്നു. ഭഗദത്തന്‍, അര്‍ജുനന്‍, സുപ്രതീകോപമനായ ആന എന്നീ ഘടകങ്ങളില്‍ വര്‍ണ്ണനാപരമായി ഒരു മാറ്റവും രണ്ടു കാവ്യഭാഗത്തും ഇല്ലതാനും.


പദ്യം 1
പദ്യം 2
ഗാന്ധാരീ വിലാപം - സന്ദര്‍ഭം
ഗാന്ധാരിയുടെ കാഴ്ച
ശോകരസം
അവസ്ഥാവിവരണം - വീണിതല്ലോ....ശിവ! ശിവ!
യുദ്ധ വര്‍ണ്ണന - സന്ദര്‍ഭം
കവിയുടെ കാഴ്ച
ഹാസ്യരസം
അമ്പിന്റെ യാത്ര- ക്രിയകള്‍

കവി രണ്ടു സന്ദര്‍ഭങ്ങളും എഴുതിത്തീര്‍ത്തതോടെ കവിത - ഈ കാവ്യഭാഗം- തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വായനക്കാരിലാണ്`. രസോത്പാദനം നടക്കുന്നത് വായനക്കാരിലാണ്`. ദൃശ്യത്തിന്റെ ഫ്രയിമില്‍ ഉള്ളടങ്ങിയിട്ടുള്ള ഘടകങ്ങളാണ് ഭിന്ന രസാവിഷ്കാരത്തിന്ന് നിദാനമായിട്ടുള്ളത്. ശോക- ഹാസ്യ രസങ്ങള്‍ ഉണ്ടാക്കാന്‍ കവി ഉപയോഗിക്കുന്ന ഭാഷാപരമായ ഘടകം ' ശിവ! ശിവ! എന്നും, കോലാഹലം എന്നും രണ്ടു പദങ്ങളാണ്`. 'റ്റു' എന്ന അക്ഷരത്തിന്റെ ആവര്‍ത്തനവും ശ്രദ്ധേയമാകുന്നു. പദ്യം 1 ലെ 'സംക്രന്ദനാത്മജന്‍ ' എന്ന പദം വായിക്കുമ്പോള്‍ ' ക്രന്ദനം' [= കരച്ചില്‍ ] എന്ന പദവും ശോകാത്മകത ഉണ്ടാക്കുന്നുണ്ടാവും . ശത്രുക്കളെ കരയിപ്പിക്കുന്നവന്റെ പുത്രന്‍ = സംക്രന്ദനാത്മജന്‍ എന്ന അര്‍ജുന വിശേഷണം ഗാന്ധാരി [ കവി ] ഉപയോഗിക്കുന്നത് വളരെ ബോധപൂര്‍വമാകാം. പദ്യം 2 ഇല്‍ ' ഉമ്പര്‍കോന്‍ തന്നുടെ മകന്‍ ' എന്നര്‍ഥത്തിലുള്ള വിശേഷണത്തേക്കാള്‍ പദ്യം 1 ലെ വിശേഷണം അര്‍ജുനനെ കുറ്റവിമുക്തനാക്കുകയാണ്`. എല്ലാറ്റിനും കാരണക്കാരനായി മുകുന്ദനെ മാത്രമാണ്` ഗാന്ധാരി കാണുന്നത്.

ഇനി അഭിമന്യുവിന്റെ അവസ്ഥ : പാഠഭാഗത്ത് വളരെ ശോകാത്മകമായി വിവരിച്ചിരിക്കുന്നത് നമുക്ക് വായിക്കാം.
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപന്‍ കുമാരന്‍ മനോഹരന്‍ ......
എന്നാല്‍ അഭിമന്യു വധവും തുടര്‍ന്നുള്ള ജയദ്രഥ വധവും വീരം, ഭയാനകം തുടങ്ങിയ രസങ്ങള്‍ ഉല്പ്പാദിപ്പിച്ചു കൊണ്ടാണ്`കിളിപ്പാട്ടില്‍ ദ്രോണത്തില്‍ വര്‍ണ്ണിക്കുന്നത്. ഒന്ന് കൊന്നുവീഴ്ത്തിയ കഥയും മറ്റൊന്ന് അതിന്റെ ദു:ഖപൂര്‍ണ്ണമായ അവസ്ഥയും ആണല്ലോ. ഇരു ഭാഗത്തും ഉപയോഗിക്കുന്ന പദാവലി, വിശേഷണങ്ങള്‍, അക്ഷരക്രമീകരണം എന്നിവയിലൂടെയാണ് ഈ ഭിന്ന ഭാവരസങ്ങള്‍ നിഷ്പാദിപ്പിച്ചിരിക്കുന്നത്.
അര്‍ണ്ണവം പോലെ യലറീ യഭിമന്യു
തിണ്ണം പൊരുതങ്ങടുക്കുന്നതു നേരം ...... [ ദ്രോണം]

ഇരു ഭാഗവും വായനക്കാരന്‍ ആവോളം ആസ്വദിക്കുകയും ചെയ്യുന്നു. ആസ്വാദനത്തില്‍ മുന്‍ പറഞ്ഞ സംഗതികള്‍ പരിഗണിക്കപ്പെടില്ല. ' കല്യാണരൂപന്‍ ...അലറി.... ' എന്നിവ ബന്ധിപ്പിക്കാറില്ല. മറ്റൊന്ന് കാവ്യാസ്വാദനത്തില്‍ ആരുചെയ്തത് ശരി / ആരു ചെയ്തത് തെറ്റ് എന്നിങ്ങനെയുള്ള ധര്‍മ്മാധര്‍മ്മ ചിന്തയും ഇല്ല. രസാസ്വാദനം മാത്രമേ ഉള്ളൂ. അതു സാധ്യമാക്കുന്നത് ധര്‍മ്മാധര്‍മ്മവിചാരങ്ങളല്ല; കാവ്യഭാഷമാത്രം .

ആദ്യം വീരശൂരപരാക്രമത്തോടെ കൊല്ലുകയും / കൊല്ലിക്കുകയും പിന്നെ ചത്തുകിടപ്പുകണ്ട് കരയുകയും ചെയ്യുന്നത് ഭിന്ന കഥാപാത്രങ്ങളെങ്കിലും [യുദ്ധം കാണുന്ന ആള്‍, ഗാന്ധാരി ] രണ്ടും ആസ്വദിക്കുകയാണ്` വായനക്കാരന്‍. കാവ്യഭാഷയും അതുല്‍പ്പാദിപ്പിക്കുന്ന ഭാവരസങ്ങളും മാത്രമാണ്` വായനക്കാരന്‍ പരിഗണിക്കുന്നത്. അതില്‍ മാത്രമാണ് കവിയുടെ പ്രഥമപരിഗണനയും.

20 January 2012

പട്ടാളക്കാരന്റെ കഥ


കഥയായാലും കവിതയായാലും ആസ്വാദനം ഏകമുഖമല്ല. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം യോജിപ്പിലും വിയോജിപ്പിലും ഉണ്ട്. രണ്ടും ആസ്വാദനം തന്നെ. എഴുതിക്കഴിയുന്നതോടെ രചന എഴുത്തുകാരനെ കൈവെടിയുന്നു. അത് സ്വന്തം തനിമയില്‍ വികാസം പ്രാപിക്കുന്നു. ഈ വികാസം വായനക്കാരനിലൂടെയാണ`. കാലങ്ങള്‍ കടന്നും ഇതു സംഭവിച്ചുകൊണ്ടിരിക്കും. അങ്ങനെയാണ് രചനകള്‍ കാലാതിവര്‍ത്തിയാകുന്നത്.
പഠിക്കാനുള്ള ഒരു കഥ നമുക്കിവിടെ ഒരു ദാഹരണത്തിന്നായി പരിശോധിക്കാം.

പട്ടാളക്കാരന്റെ കഥ
[ പത്താം ക്ളാസ് മലയാളം കേരളപാഠാവലിയില്‍ 'പട്ടാളക്കാരന്‍' എന്നകഥ അവലംബിച്ച് ]
പാഠപുസ്തകത്തിലെ ഒരു പാഠം എന്ന നിലയില്‍ ഈ കഥ ചര്‍ച്ചചെയ്യുമ്പോള്‍ അധ്യാപകന്ന്
  • യുദ്ധ ഭീകരത അനുഭവിപ്പിക്കുന്ന ഒരു കഥ
  • പട്ടാളക്കാരന്റെ നിസ്സഹായാവസ്ഥ - അരക്ഷിതാവസ്ഥ
  • യുദ്ധ വിരുദ്ധ സന്ദേശം ഉല്പ്പാദിപ്പിക്കുന്ന ഒരു കഥ
  • യുദ്ധം മനുഷ്യരെ അനാഥരാക്കുന്ന സന്ദര്‍ഭങ്ങള്‍ - യുദ്ധ പരിണതികള്‍
  • കഥാ ശില്പ്പത്തിന്റെ മനോഹാരിത
  • സാഹിത്യകാരനെ കുറിച്ചും സാഹിത്യരൂപത്തെ കുറിച്ചുമുള്ള അറിവുകള്‍
  • ഭാഷാപരമായ സവിശേഷതകള്‍
തുടങ്ങിയ സംഗതികളില്‍ ഊന്നല്‍ നല്കേണ്ടതുണ്ട്. ഈ ഒരു ഫ്രയിമില്‍ നിന്നേ ക്ളാസില്‍ സ്വാഭാവികമായും ചര്‍ച്ചകള്‍ ഉണ്ടാവൂ.
എന്നാല്‍ കഥ സ്വതന്ത്രമായി ആസ്വദിക്കുന്ന ആള്‍ക്ക് [ കുട്ടിക്ക്] ഇതിനപ്പുറമുള്ള ഒരു ചില വൃത്തങ്ങളിലേക്ക് അറിയാതെ വായിച്ചു കയറേണ്ടതായി വരാം. അവിടെ അത് മൗലികമായ ആസ്വാദനത്തിന്റെ മേഖലകളിലേക്ക് വായനക്കാരനെ ചെന്നെത്തിക്കും.

മറ്റൊരു വായന

സൗജന്യങ്ങള്‍ കുറവെങ്കിലും പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമായ ഒരു കാലഘട്ടത്തില്‍ - 1950 കളില്‍- കേരളീയരായ യുവജനങ്ങള്‍ സര്‍ക്കാര്‍ ജോലിമോഹിക്കാന്‍ തുടങ്ങിയിരുന്നു. റയില്‍വേയിലും മിലിട്ടറിയിലും ഇവര്‍ക്ക് ധാരാളം സാധ്യതകള്‍ ഉണ്ടായിരുന്നു താനും. ഒരു ശരാശരി മലയാളി യുവാവിന്ന് പട്ടാളക്കാരനാവുക എന്നത് വലിയൊരാഗ്രഹമായിരുന്നു. [ വീട്ടില്‍ നിന്ന് 'ചാടിപ്പോയി ' പട്ടാളത്തില്‍ ചേര്‍ന്നവര്‍ എത്രയെന്നോ!] റയില്‍വേ, സര്‍ക്കാര്‍ ഓഫീസുകളിലെ താഴ്ന്ന ജോലികള്‍ എന്നിവയെക്കാളൊക്കെ അധികമായി പട്ടാളക്കാരനാകാന്‍ യുവാക്കള്‍ ആഗ്രഹിച്ചിരുന്നു എന്നു തോന്നും. ജീവിത - കുടുംബ സുരക്ഷ പട്ടാളക്കാരനാവുന്നതോടെ കൈവരുമായിരുന്നു. ചെലവ് കഴിച്ച് ശമ്പളം, പെന്‍ഷന്‍, ചികില്‍സാ സൗജന്യങ്ങള്‍ , യാത്രാ സൗജന്യങ്ങള്‍...തുടങ്ങിയുള്ള സംഗതികള്‍ ഇതു ശരിയെന്നും കാണിച്ചിരുന്നു. പട്ടാളക്കാരന്റെ രണ്ടു മാസത്തെ ലീവ് ജീവിതം ഏതൊരു യുവാവും ഇക്കാലത്ത് സ്വപ്നം കണ്ടിരുന്നു എന്നു പറയാം. പട്ടാളക്കാരന്റെ വീരശൂര കഥകള്‍ അവന്ന് സമൂഹത്തില്‍ വലിയൊരംഗീകാരം നേടിക്കൊടുത്തിരുന്നു. അവന്റെ ദൈനംദിന അനുഭവങ്ങള്‍ ഈ '' വട്ടം പ്രദേശത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിസ്തൃതിയിലേക്ക് വളര്‍ത്തിയിരുന്നു. ആസാമും, ലഡാക്കും, ജബല്‍പ്പൂരും, ...... എല്ലാം ഏതു കുഗ്രാമങ്ങള്‍ക്കും പരിചിതവും അയലുമായിരുന്നു. യുദ്ധഭൂമികള്‍ മുഴുവന്‍ പരിചിതങ്ങളായിരുന്നു. യുദ്ധ സാഹസികതകള്‍, വൈകാരിക സന്ദര്‍ഭങ്ങള്‍ , സുഖ ദു:ഖങ്ങള്‍ എല്ലാം ആബാലവൃദ്ധം ജനങ്ങള്‍ക്കും സ്വാനുഭവങ്ങളായിരുന്നു. [ കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റേയും പട്ടാളക്കഥകള്‍ വേറൊരു തലം വരച്ചുകാണിക്കുന്നുണ്ട് - വായിച്ചു നോക്കുമല്ലോ]
ഈയൊരു പശ്ചാത്തലത്തിലാണ്` നാം 'പട്ടാളക്കാരന്' വായിക്കേണ്ടത്. അനാഥനായ , തെണ്ടിയായ ഒരു യുവാവ് പട്ടാളക്കാരനാവുന്നതോടെ അയാള്‍ സനാഥനും ഉത്തരവാദിത്വമുള്ളയാളുമായി രൂപാന്തരം കൊള്ളുകയായിരുന്നു. ആത്മാഭിമാനമുള്ള, സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ തയാറാവുന്ന മനുഷ്യനാവുകയായിരുന്നു. കഥാകാരന്‍ പറയുന്നപോലെ ' ജീവിതത്തിന്ന് പിടിപ്പും കനവും വന്നു' . സ്വന്തമായൊരു മുഴുപ്പേരുപോലും ' രാമന്‍ നായര്‍' പട്ടാളക്കാരനായ ശേഷം കൈവന്നതാണയാള്‍ക്ക്![ അല്‍പ്പം കഴിഞ്ഞ് ജൂനിയര്‍മാര്‍ 'നായര്‍ സാബ്' എന്നു വിളിക്കുന്നതോടെ ഈ സ്ഥിതി വീണ്ടും ഉയരുകയായി!]
ഒരു കഥ എന്ന നിലയില്‍ സ്വാഭാവികമായും രാമന്‍ നായരുടെ ജീവിതം ഉയര്‍ച്ച താഴ്ച്ച കളിലൂടെ മുന്നോട്ട് പോകയാണ്`. ലീവില്‍ നാട്ടിലെത്തല്‍ , വിവാഹം, പട്ടാളത്തിലേക്ക് - യുദ്ധം-മടക്കം, മരണം...... തുടങ്ങിയ സന്ദര്‍ഭങ്ങളിലൂടെ. കഥാകാരന്‍ അതത്രയും ഭാവോജ്വലമാക്കിയിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
പട്ടാളക്കാരന്റെ ജീവിതത്തിന്റെ രണ്ടുമുഖങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു കഥാകാരന്‍.

ഒന്ന് ] യുദ്ധത്തിന്റേയും വേര്‍പാടിന്റേയും അനിശ്ചിതത്വത്തിന്റേയും.
രണ്ട് ] സനാതത്വത്തിന്റേയും സ്വത്വത്തിന്റേയും സുരക്ഷയുടേയും.

ഈ രണ്ടു വഴികളിലൂടെയും ഈ കഥ വായിക്കാനാകും. ഇത് പട്ടാളമെന്ന - യുദ്ധമെന്ന പശ്ചാത്തലത്തിന്റെ സവിശേഷതയാണ്`. റയില്‍വേ, പോസ്റ്റല്‍ [ സെണ്ട്രല്‍ ഗവണ്‍മെന്റ്] തുടങ്ങിയവായിരുന്നു പശ്ചാത്തലമെങ്കില്‍ ഇത്രയും സാധ്യത കൈവരുമായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ജോലികളായിരുന്നെങ്കില്‍ സാധ്യതകള്‍ ഇനിയും പരിമിതപ്പെട്ടേനേ.
പട്ടള [ യുദ്ധ] സഹചര്യത്തിന്ന് ഇനിയും തലങ്ങളുണ്ട്. യുദ്ധത്തിന്റെ നിഷേധ വശങ്ങള്‍ ഒക്കെത്തന്നെ [ നശീകരണം,ക്രൂരത, മരണം, ജയില്‍, ശിക്ഷ, അനാഥത്വം, ..... ] യാഥാര്‍ഥ്യമെന്നിരിക്കിലും പിന്നൊരു മറുവശവുമുണ്ട്. അതില്‍ പ്രധാനമായവ

പട്ടാളക്കാരന്റെ കുടുംബത്തിലും ചുറ്റുപാടും ഉണ്ടാവുന്ന ആത്മാഭിമാനം
രാജ്യസ്നേഹത്തിന്റെ ഭാഗമായി ഉളവാകുന്ന ജനതയിലെ ഐക്യബോധം
ആരോഗ്യ- വാര്‍ത്താവിനിമയ രംഗത്ത് ഉളവാകുന്ന പുതിയ കണ്ടെത്തലുകള്‍
രാജ്യ സുരക്ഷയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന ജന ജാഗ്രതകള്‍
ചെലവ് ചുരുക്കല്‍ ശീലങ്ങള്‍ - ആര്‍ഭാടങ്ങള്‍ മുഴുവന്‍ ഒഴിവാക്കല്‍

എന്നിങ്ങനെയാണല്ലോ. ഇതില്‍ ഏതു മുഖം കഥയില്‍ അവതരിപ്പിക്കണം എന്ന തീരുമാനം തികച്ചും കഥാകാരന്റെ തന്നെയാണ്`. അതിനെ ക്കുറിച്ച് വിമര്‍ശിക്കാനോ അഭിപ്രായം പറയാന്‍ പോലുമോ വായനക്കാരന്ന് അവകാശമില്ല.
എന്നാല്‍ കഥ ഒരു സൃഷ്ടിയായി ത്തീരുന്നതോടെ ആയത് സ്രഷ്ടാവിനെ കൈവെടിയുകയും വായനക്കാരെ പ്രാപിക്കുകയും ചെയ്യുകയാണ്`. വായനക്കാരന്‍ ഉള്ളടക്കത്തെ ഭിന്ന മാനങ്ങളില്‍ , ഭിന്ന കാലങ്ങളില്‍, ഭിന്ന സാഹചര്യങ്ങളില്‍ വായിച്ചുകൊണ്ടേയിരിക്കും. അവിടെവെച്ചെല്ലാം കഥ പുനര്‍രചനക്ക് വിധേയമാവുകയാണ്`. വായനക്കാരന്‍ കഥ മാറ്റിയെഴുതിക്കൊണ്ടേ ഇരിക്കുകയാണ്`. എല്ല്ലാ നല്ല കഥകളുടേയും [ കാലാതിവര്‍ത്തികളായ ] ജീവിതം ഇതാണ്`.
അങ്ങനെയെങ്കില്‍ ' പട്ടാളക്കാരന്‍' ഇനി ഒന്നു കൂടി വായിച്ചു നോക്കൂ. ക്ളാസില്‍ ടീച്ചര്‍ പറഞ്ഞതു മാത്രമാണോ ഈ കഥ?


04 January 2012

ഗൃഹപാഠങ്ങള്‍


കുട്ടി ക്ളാസ്‌‌മുറിയില്‍ ഇരുന്ന് പഠിക്കുന്നതേക്കാള്‍ അധികസമയം വീട്ടിലിരുന്നാണ്` പഠിക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്?

മാറിവന്ന പഠനരീതിയും ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളും എന്തൊക്കെയായാലും പൊതുവെ നമ്മുടെ കുട്ടികളുടെ പഠനരീതിയില്‍ ഇതിന്നനിസൃതമായ മാറ്റങ്ങള്‍ രൂപം കൊണ്ടില്ല എന്നാണ്` അനുഭവം. [കുട്ടിയുടെ ആവശ്യത്തിനോ ആഗ്രഹത്തിനോ ഒന്നും പരിഗണന നല്കാതെ തന്നെ ] അധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം ക്ളാസ്‌‌ മുറിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍, ചര്‍ച്ച , ഇടപെടലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ , തിരുത്തലുകള്‍, അനുഭവങ്ങള്‍ പങ്കുവെക്കല്‍ ഒക്കെ ഉണ്ടെങ്കിലും ഇതിന്റെ തുടര്‍ച്ച വീട്ടു പഠനത്തില്‍ ഉണ്ടാകാറില്ല.

ക്ളാസ് മുറിയിലെ തുടര്‍ച്ച അതേ പടി വീടുകളില്‍ അസാധ്യമാണ്` എന്നത് വസ്തുതതന്നെ. എന്നാല്‍ പിന്നെ അതെങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് വേണ്ടത്ര ധാരണകള്‍ കുട്ടിക്ക് ലഭിക്കുന്നില്ല / നല്കുന്നില്ല . അതുകൊണ്ടുതന്നെ ഗൃഹപഠനം ഇപ്പോഴും പരമ്പരാഗത ക്രമത്തില്‍ ഒതുങ്ങിപ്പോകുന്നു. കുട്ടി സ്കൂള്‍ സമയത്തേക്കാള്‍ അധികസമയം വീട്ടുപഠനത്തിലാണെന്നത് അറിയുമ്പോള്‍ ഇതു നിസ്സാരമായി കാണാനും ആവില്ല.

ഗൃഹപഠനത്തില്‍ ഉള്‍പ്പെടുന്നത്

    അധ്യാപിക ക്ളാസ് മുറിയില്‍ വെച്ച് നല്കുന്ന ഃഒമെവൊര്ക് കള്‍

    കുട്ടി സ്വയമേവ തയ്യാറാവുന്നത് - പരീക്ഷക്ക് , അധികഅറിവ് ആഗ്രഹിച്ച് [ ഇതില്‍ ഏറിയ പങ്കും പരീക്ഷാപ്പഠിപ്പ് തന്നെ ]

    കുട്ടിയുടെ സര്‍ഗാത്മക [ കല- ശാസ്ത്രം ] പ്രവര്‍ത്തനങ്ങള്‍

ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നത് ആദ്യ ഇനത്തില്‍ത്തന്നെ. അതാകട്ടെ ക്ളാസ്‌‌റൂം പ്രവര്‍ത്തനത്തിന്റെ ക്രിയാരഹിതമായ പൂരണങ്ങള്‍ മാത്രം. ഒരു കണക്ക് ചെയ്യല്‍, ഒരു കുറിപ്പ് തയാറാക്കല്‍ /പകര്‍ത്തിയെഴുതല്‍, ഒരു ചെറിയ ഭാഗം വായന, ഒരു ചിത്രം വരയ്ക്കല്‍, ചില ഡാറ്റ ശേഖരിക്കല്‍ , ക്രമപ്പെടുത്തല്‍, മന:പ്പാഠമാക്കല്‍, ഉത്തരം പഠിക്കല്‍ [ ഉത്തരം പഠിക്കാന്‍ മാത്രം ആവശ്യപ്പെടുന്നതുകൊണ്ട് ചോദ്യം പഠിക്കാതിരിക്കുകയും അതെന്തെന്നുപോലും അറിയാതെ ഉത്തരം മാത്രം മന:പ്പാഠമാക്കുകയും ചെയ്യുന്ന രീതിയൊന്നും ഇപ്പോഴും മാറിയിട്ടില്ലല്ലോ . അതൊകൊണ്ടാണല്ലോ പലരും ചോദ്യപ്പേപ്പറിലെ ചോദ്യപാഠങ്ങള്‍ വായിച്ച് മനസ്സിലാക്കാനുള്ള ക്ഷമപോലും കാണിക്കതിരിക്കുന്നത്. ] എന്നിങ്ങനെ ഉള്ളവയില്‍ ഒതുങ്ങുന്നു.ഇതാകട്ടെ ക്ളാസ് മുറിയില്‍ നടന്ന പഠന തന്ത്രങ്ങളോ , പ്രക്രിയകളോ ഒന്നും വീട്ടില്‍ സാധ്യമല്ലെന്നിരിക്കേ കുട്ടി ചെയ്യേണ്ടിവരുമ്പോള്‍ അത് ക്രിയാരഹിതമായി / നിര്‍ജ്ജീവമായിപ്പോകയും ചെയ്യുന്നു. അതായത് കുട്ടിയുടെ അധികസമയപഠനവും [ഗാര്‍ഹികം] ഇപ്പോഴും പാഠ്യ പദ്ധതി ആഗ്രഹിക്കും പോലെ ശാസ്ത്രീയമാക്കപെട്ടിട്ടില്ല എന്നല്ലേ!

ഇതിന്ന് രണ്ടു തരത്തില്‍ സമീപനം പ്രതീക്ഷിക്കുന്നു.

    നല്കുന്ന ഗൃഹപാഠങ്ങളില്‍ അധ്യാപിക മാറ്റം വരുത്തണം. [ അതിനാവശ്യമായ പരിശീലനം അവര്‍ക്ക് നല്‍കണം]

    ഗൃഹപഠനത്തില്‍ കുട്ടിക്ക് ശാസ്ത്രീയമായ വൈദഗ്ധ്യം നല്കണം. [ ക്ളാസിലെ പഠനവും ഗൃഹപഠനവും വെവ്വേറേ ഡിസൈന്‍ ചെയ്യപ്പെടണം. ]

സമീപനങ്ങള്‍ക്ക് അടിസ്ഥാനം

    ഗൃഹപാഠം എന്നാലെന്ത്?

    ഗൃഹപാഠം ഉദ്ദേശ്യലക്ഷ്യങ്ങള്‍

    കുട്ടിക്ക് സ്വയം നിവര്‍ത്തിപ്പിക്കാവുന്ന തന്ത്രങ്ങള്‍

    വീടും - ക്ളാസും ബന്ധിപ്പിക്കാവുന്ന കണ്ണികള്‍

എന്നിങ്ങനെയായിരിക്കണം. ഈ സംഗതികളിലുള്ള പ്രയോഗങ്ങള്‍ പ്രാവര്‍ത്തികമാകുമ്പോള്‍

    വീട്ടിലെ പഠനം വളരെ വളരെ പ്രയോജനപ്രദമാകും.

    \' കുട്ടി വീട്ടില്‍ വന്നാല്‍ പിന്നെ എഴുത്തോടെഴുത്താ...... പഠിക്കാന്‍ നേരല്യാ...\' എന്ന ആവലാതി ഒഴിവാക്കാം

    രക്ഷിതാക്കളെ കുറേകൂടി പ്രത്യക്ഷ പഠനവുമായി അടുപ്പിക്കാം

    സ്കൂള്‍കാലം വിട്ടാലും കുട്ടിയില്‍ അറിവ് തേടാനുള്ള ഒരു സാംസ്കാരിക ഭൂമിക നിര്‍മ്മിക്കാം