13 September 2011

കവിതയിലെ പ്രകൃതി


ഏതു കലയായാലും അതിലെ പ്രമുഖമയ ഒരു ഉള്ളടക്കം പ്രകൃതിയാണ്. ഇതിനെ ആലംബമാക്കിയോ പശ്ചാത്തലമാക്കിയോ തന്നെയാണ് മറ്റു ഉള്ളടക്കങ്ങൾ- അതു ദർശനമായാലും, കഥാകഥനമായാലും, മാനുഷികഭാവങ്ങളുടെ വിശകലനമായാലും, സാമൂഹികാവസ്ഥയുടെ പരിശോധനയും പരിവർത്തനവും ഒക്കെയായലും ശിൽ‌പ്പനം ചെയ്യുന്നത്. കവിതയിലും കഥയിലും നാടകത്തിലും ശിൽ‌പ്പത്തിലും നൃത്തത്തിലും ഒക്കെ ഏറിയും കുറഞ്ഞും ഇതുതന്നെയാണവസ്ഥ..
മഹാകവി പി.കുഞ്ഞിരാമൻ‌നായരുടെ ‘സൌന്ദര്യപൂജ’ എന്നകവിതയിലെ ഒരു ഭാഗം പത്താം ക്ലാസിൽ മലയാളം അടിസ്ഥാനപാഠാവലിയിൽ വരുന്നുണ്ട്. ഈ പാഠം കുറേകൂടി ആഴത്തിൽ ആസ്വദിക്കാനുതകുന്ന ഒരു കുറിപ്പ്.

കവിതയിൽ / കലാസൃഷ്ടികളിലൊക്കെയും പ്രകൃതിയെ ഇഴചേർക്കുന്നത് ഇക്കാണാവുന്ന പ്രകൃതിഭംഗിയെ ലാവണ്യപൂർണ്ണമായി വർണ്ണിക്കലിലൂടെ മാത്രമല്ല. കാവ്യത്തിന്റെ ഭാഷ, താളം, പദാവലി, കഥാവസ്തു (പ്രമേയം), ദർശനം എന്നിവയിലെല്ലാം ഈ ‘പ്രകൃതി സൌന്ദര്യം’ നമുക്ക് കണ്ടെടുക്കാനാവും. അതു കാവ്യത്തിന്റെ / കലാരൂപത്തിന്റെ ആസ്വാദ്യത വർദ്ധിപ്പികുകയും ചെയ്യും.

  1. ആലാപനപ്രകൃതി
കവിത ആത്യന്തികമായി ചൊല്ലി ആസ്വദിക്കാനുള്ളതാണ്. ചൊല്ലൽ സശബ്ദമായൊ നിശബ്ദമായോ ആവാം. ആസ്വാദകനിൽ ഉള്ളിലെങ്കിലും കവിത ചൊല്ലപ്പെടുന്നുന്നുണ്ട്. ഒരു വരിയിൽ 8 അക്ഷരവും അങ്ങനെയുള്ള 4 വരിയും ചേർന്ന ഈ ചൊൽ‌രൂപം വളരെ ലളിതവും സുന്ദരവുമാണെന്ന് കാണാം.
ആദികവി-വാത്മീകി ആദികാവ്യം എഴുതിയത് (ചൊല്ലിയത്) ഈ അക്ഷരതാളത്തിലായിരുന്നു. “മാ നിഷാദ പ്രതിഷ്ഠാത്വാ-മഗമശ്ശാശ്വതീസ്സമാ: യത് ക്രൌഞ്ചമിഥുനാദേക മവധീ കാമമോഹിതം” എന്ന (ശാപ)വചസ്സ് മഹർഷിയിൽ നിന്ന് പുറപ്പെട്ടത് ഈ അക്ഷരതാളത്തിലായിരുന്നു. പിന്നീട് വൃത്തശാസ്ത്രജ്ഞന്മാർ ഇതിനെ ‘അനുഷ്ടുപ്പ് വൃത്തം’ എന്നു വിളിച്ചു. അതൊക്കെ വളരെ പിന്നീട് മാത്രം. ഗദ്യ-പദ്യ രൂപഘടനയിലെ വ്യത്യാസം പോലും വളരെ നേർത്തതാകുന്നു ഇവിടെ.
ഇവിടെ നാം കാണുന്നത് വികാരാധീനനായ വാത്മീകിയുടെ വാക്ക് ഈ താളത്തിലായിരുന്നു എന്നു മാത്രമാണ്. സ്വാഭാവികമായ ഒരു വികാരപ്രകടനം. അതിലെ ഭാഷയാകട്ടെ ഏറ്റവും കുറുകിയതും ദൃഢവും വികാരനിർഭരവും. സ്വാഭാവികമായി മനസ്സിൽ നിന്നു പൊട്ടിയൊഴുകിയത്.(നമുക്കുചുറ്റുമുള്ള സ്വാഭാവിക പ്രകൃതിയും ഇങ്ങനെയൊക്കെത്തന്നെയാണല്ലോ) മാനവികതാബോധത്തിന്റെ അകൃത്രിമായ ബഹിർസ്പുരണം.മനുഷ്യപ്രകൃതിയുടേയും ബാഹ്യപ്രകൃതിയുടേയും സ്വാഭാവികത. തുടർന്നത് ആദികാവ്യത്തിന്റെ മുഴുവനും ഈണവും ഭാവവും ദർശനവുമായിത്തീർന്നു. ഇന്നും ഈ ഈണം നമ്മുടെ കവികൾ നന്നായി പ്രയോജനപ്പെടുത്തുന്നു.
ആലാപനപ്രകൃതിയിൽ മഹാകവി പി. കുഞ്ഞിരാമൻ‌നായർ ‘സൌന്ദര്യപൂജ’യിൽ വാത്മീകിയെ അനുസരിക്കുന്നത് കവിയുടെ പ്രകൃതിബോധത്തിന്റേയും സൌന്ദര്യാനുഭവത്തിന്റേയും തെളിവാണ്.

  1. അക്ഷരപ്രകൃതി
അക്ഷരങ്ങളുടെ ആവർത്തനം- അതുമൂലമുണ്ടാകുന്ന ശബ്ദഭംഗി പ്രകൃതിലെവിടെയും നമുക്ക് മനസ്സിലാക്കാം.നദീപ്രവാഹത്തിലും, കുന്നുകളുടെ ഗാംഭീര്യത്തിലും, ഇടിമിന്നലിലും, തരുപക്ഷിമൃഗവൃക്ഷജാലങ്ങളിലും എല്ലാം ഈ ആവർത്തനസൌന്ദര്യം പ്രകൃതി സൂക്ഷിക്കുന്നു. (കുഞ്ഞ് അഛനെപ്പോലെയാണോ അമ്മയെപ്പോലെയാണോ!) കാലചക്രത്തിരിച്ചിലിൽ പ്രകൃതിതന്നെ നിരന്തരം ആവർത്തിക്കപ്പെടുന്നു എന്നാണ് ഭാരതീയ സങ്കൽ‌പ്പം. ഈ ആവർത്തന സങ്കൽ‌പ്പം കവി ശബ്ദപരമായും പദപരമായും തന്റെ കവിതയിൽ ലയിപ്പിച്ചിരിക്കുന്നു. കുഞ്ഞിരാമൻ‌നായരെപ്പോലുള്ള കാൽ‌പ്പനികനായ ഒരുകവിക്ക് ഇതു സാധിച്ചതിൽ നമുക്ക് അത്ഭുതമുണ്ടാവേണ്ടതില്ലെന്ന് മറ്റൊരുകാര്യം.

  1. അലങ്കാരപ്രകൃതി
അലങ്കാരപ്രയോഗങ്ങളിൽ അടിസ്ഥാനപരമായവ ഉപമ, ഉല്പ്രേക്ഷ, രൂപകം എന്നിവയാണെന്നാണ് പറയുക. സാദൃശ്യവും അഭേദവും മാത്രമാണിതിന്നടിസ്ഥാനം. മാനസിക പ്രകൃതിയിലെ അടിസ്ഥാന സങ്കൽ‌പ്പവും ഇതു മാത്രമാണ്. ‘ ഇത് അതിനെപ്പോലെയാണ്’ ‘, ഇതു അതുതന്നെയാണ് (ണോ)‘ എന്നു മാത്രമേ നോക്കാറുള്ളൂ. മറ്റലങ്കാരസങ്കൽ‌പ്പങ്ങളെല്ലാം ഈ അടിത്തറയിൽ നിന്ന് കെട്ടിപ്പൊക്കിയവയാണ്.
മാത്രമല്ല., അലങ്കരിക്കുക എന്നതും പ്രകൃതിയുടെ സ്വാഭാവികരീതിയാണ്. ‘പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നൂ.’ എന്ന് പറഞ്ഞ വൈലോപ്പിള്ളിക്കിത് (ഉജ്വലമുഹൂർത്തം) അറിയാമായിരുന്നു. അതിന്റെ കാര്യകാരണങ്ങൾ പലതാകാം.
അതായത് അലങ്കരിക്കലും, അതിന്നായി ലളിതമായ അടിസ്ഥാനാലങ്കാരങ്ങൾ തന്നെ പ്രധാനമായി പ്രയോജനപ്പെടുത്തലും ‘ സൌന്ദര്യപൂജയിൽ ‘ ഒരോ വാക്യത്തിലും കാണാം.

  1. ബാഹ്യപ്രകൃതി

അക്ഷരപൂജയുടെ – കന്നിമാസത്തിന്റെ കാലപശ്ചാത്തലമാണീ കവിതയിൽ. ചിങ്ങം, മീനം,മേടം, കർക്കിടകം, തുലാം, ധനു മാസങ്ങൾ നമ്മുടെ കവികൾ അതിവിദഗ്ധമായി കവിതകളിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കന്നിമാസം കുഞ്ഞിരാ‍മൻ‌നായരും പിന്നീട് വൈലോപ്പിള്ളിയും മാത്രമാണ് ഇത്ര ഫലപ്രദമായി ശ്രദ്ധിച്ചത് എന്നു തോന്നുന്നു. ‘സൌന്ദര്യപൂജ’ ‘അക്ഷരപൂജ’ യായിട്ടുകൂടി ഇവിടെ മനസ്സിലാക്കപ്പെടുകയാണ്. നവരാത്രിയുടെ സൌന്ദര്യം അക്ഷരത്തിന്റേയും എഴുത്തിന്റേയും സൌന്ദര്യമാകുന്നു. കവിയുടെ സ്വാഭാവികപ്രകൃതി അക്ഷരപൂജതന്നെയുമാണല്ലോ.
അക്ഷരദേവതയിൽ നിന്നുണ്ടായ അക്ഷരത്തെക്കൊണ്ടുതന്നെ ആ ദേവതയെ പൂജിക്കുക. ഈയൊരു സങ്കൽ‌പ്പം ശങ്കരാചാര്യർ ‘ സൌന്ദര്യലഹരി‘ യിൽ അതിമനോഹരമായി ചെയ്തിട്ടുണ്ട് എന്ന് ഈ അവസരത്തിൽ നമുക്ക് ഓർക്കാം. (ത്വദീയാഭിർവാഗ്ഭി സ്തവജനനി! വാചാം സ്തുതിരിയം)

തികച്ചും കാർഷികമായ, ഓണാഘോഷങ്ങൾക്കു ശേഷമുള്ള, രാത്രിയിൽ നിന്ന് മോചിക്കപ്പെട്ട പ്രഭാതത്തോടുകൂടിയ ഒരു കാലബിന്ദുവിലാണ് കവിതയുടെ രാശി. പൂക്കളവും ഓണപ്പൂക്കളും ചിങ്ങ മേഘങ്ങളും ആവണിസ്സന്ധ്യകളും ചെളിപുതഞ്ഞ വരമ്പുകളും നിലാവേറ്റ് ചന്ദനക്കിണ്ണമ്പോലെ തിളങ്ങുന്ന ചെളിക്കുളവും കന്നിയിലെ സ്വർഗ്ഗീയസന്ധ്യകളും അരിവാളേന്തിയ കന്യകമാരും അവളുടെ നോട്ടമേൽക്കേ പൂത്ത വിൺപിച്ചകവും നിശയെ തിരുത്തുന്ന സൂര്യരശ്മികളും എല്ലാം ചേർന്ന ബാഹ്യപ്രകൃതി കവിതയുടെ ഓരോ ബിന്ദുവിലും നിറയുകയാണ്. പ്രകൃതിസൌന്ദര്യത്തിലെ നവ്യഭാവങ്ങൾ കവി കണ്ടെത്തുകയാണ്. ഈ ഉത്തുംഗ ഭാവന കുഞ്ഞിരാമൻ‌നായർക്കു മുൻപോ പിൻപോ ഒരാളും കണ്ടെത്തിയിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്. നൈസർഗ്ഗികമായ സ്വന്തം മനസ്സുമാത്രമാണ് കവിഭാവനയുടെ യുക്തിയും. അപ്പോൾ മാത്രമാണ് “ സത്യപ്രകൃതിദീപത്തിൽ- ക്കത്തും പൊന്തിരിപോലവേ- അരിവാളേന്തി നിൽക്കുന്നു- കന്നി-കർഷകകന്യക” തുടങ്ങിയവയുടെ ലാവണ്യയുക്തി നമുക്ക് പിടികിട്ടുകയുള്ളൂ.

  1. ആന്തരപ്രകൃതി

ബാഹ്യപ്രകൃതിയുടെ തെരഞ്ഞെടുപ്പും വിസ്തരണവും മൂലം സൃഷ്ടിക്കപ്പെടുന്ന പ്രമേയവും, പ്രമേയത്തിലൂടെയും മുൻ സൂചിപ്പിച്ച മറ്റു പ്രകൃതികളിലൂടെയും സ്വാഭാവികമായി നിർമ്മിക്കപ്പെടുന്ന ഭാവം, രൂപം, ദർശനം, സാമൂഹ്യാവസ്ഥ എന്നിവയുടേയും സാകല്യമാകുന്നു ആന്തരപ്രകൃതി. ഈ ആന്തരപ്രകൃതിയുടെ അനുപമമായ സൃഷ്ടിയാണ് കവിതയെഴുത്തിൽ സംഭവിക്കുന്നത്. അത്യുൽക്കൃഷ്ടമായ അനുഭൂതികൾ നമ്മെ സൌന്ദര്യത്തിന്റെ ഉന്നതങ്ങളിലെത്തിക്കുകയാണ്. ഇഴപിരിച്ചുള്ള സ്വാദുനോക്കൽ അനാവശ്യമാകുന്നു. സാകല്യത്തിന്റെ സൌന്ദര്യം നുകരുകയാണ് സാധ്യമായത്. മറ്റൊക്കെ അതിലേക്കുള്ള ചെറുവഴികൾ മാത്രം.
Published in Madhyamam-velicham

1 comment:

Kalavallabhan said...

വളരെ നല്ല കുറിപ്പ്.
ഇതിപ്പോൾ പത്താം ക്ലാസുകാർക്കാണെങ്കിലും വായനക്കാർക്കെല്ലാം പ്രയോജനപ്പെടും.
ഒരു കവിത പഠനവിധേയമാകുക എന്നത് ഒരു ഭാഗ്യം തന്നെയാണ്.
(എന്റെ പുതിയ കവിത “ചിങ്ങപ്പുലരി” വായിച്ചും കേട്ടും (ഓഡിയോ ഇട്ടിട്ടുണ്ട്) ഒരഭിപ്രായം അറിയിക്കാനപേക്ഷ)