15 July 2011

കഥാഗതി

ആരോപണ്ട് പറഞ്ഞുതന്ന ഒരു നാട്ടുകഥ ഓർമ്മയിൽ നിന്ന് എഴുതിയത്:

ഉണ്ണീം കാക്കേം കൂടി അമ്പലക്കുളത്തിൽ കുളിക്കാൻ പോയി.
കാക്കേം ഉണ്ണീം മുങ്ങി.
കാക്ക പൊങ്ങി.
ഉണ്ണി പൊങ്ങീല്യാ.
കാക്ക കരച്ചിലായി. കരഞ്ഞ് കരഞ്ഞ് കൊക്കു മുറിച്ച് കാക്ക ദുഖം പങ്കിട്ടു.

അമ്പലത്തിലേക്ക് പൂവും മാലയുമായി വന്ന വാരസ്യാരമ്മ
കൊക്കുമുറിച്ച കാക്കയെകണ്ട് ചോദിച്ചു:
നീയെന്താ കാക്കേ കൊക്കു മുറിച്ചിരിക്കണൂ?
വാരസ്യാരമ്മേ, (കാക്ക പറഞ്ഞു)
ഉണ്ണീം ഞാനും കൂടി അമ്പലക്കുളത്തിൽ കുളിക്കാൻ പോയി.
ഞാനും  ഉണ്ണീം മുങ്ങി.
ഞാൻ പൊങ്ങി.
ഉണ്ണി പൊങ്ങീല്യാ.
ഞാൻകരച്ചിലായി. കരഞ്ഞ് കരഞ്ഞ് കൊക്കു മുറിച്ച്  ദുഖം പങ്കിട്ടു.
ഇക്കഥകേട്ട് വാരസ്യാരമ്മ കരഞ്ഞു.
കരഞ്ഞ് കരഞ്ഞ് പൂത്തൊട്ടി മുറിച്ച് ദുഖം പങ്കിട്ടു.

ഇതുകണ്ട് അമ്പലമുറ്റത്ത് നിൽക്കുന്ന ആല് ചോദിച്ചു:
എന്തേ വാരസ്യാരമ്മേ പൂത്തൊട്ടി മുറിച്ചത്?
ആലേ, (വാരസ്യാരമ്മ പറഞ്ഞു:)
ഉണ്ണീം കാക്കേം കൂടി അമ്പലക്കുളത്തിൽ കുളിക്കാൻ പോയി.
കാക്കേം ഉണ്ണീം മുങ്ങി.
കാക്ക പൊങ്ങി.
ഉണ്ണി പൊങ്ങീല്യാ.
കാക്ക കരച്ചിലായി. കരഞ്ഞ് കരഞ്ഞ് കൊക്കു മുറിച്ച് കാക്ക ദുഖം പങ്കിട്ടു.
ഇക്കഥകേട്ട് ഞാൻ കരഞ്ഞു.
കരഞ്ഞ് കരഞ്ഞ്  പൂത്തൊട്ടി മുറിച്ച് ദുഖം പങ്കിട്ടു.
ഇക്കഥ കേട്ട് ആല് കരഞ്ഞു.
 കരഞ്ഞ് കരഞ്ഞ്  ഇലയെല്ലാം പൊഴിച്ച് ആല് ദുഖം പങ്കിട്ടു.

കാലല്ലാകാലത്ത് ഇലപൊഴിച്ച ആലിനെ കണ്ട്
അമ്പലത്തിലേക്ക് വന്ന ആന ചോദിച്ചു:
ആലേ ആലേ നീയെന്താ എല പൊഴിച്ചേക്കണ്?
ആനേ, ആനേ, (ആല് പറഞ്ഞു)
ഉണ്ണീം കാക്കേം കൂടി അമ്പലക്കുളത്തിൽ കുളിക്കാൻ പോയി.
കാക്കേം ഉണ്ണീം മുങ്ങി.
കാക്ക പൊങ്ങി.
ഉണ്ണി പൊങ്ങീല്യാ.
കാക്ക കരച്ചിലായി. കരഞ്ഞ് കരഞ്ഞ് കൊക്കു മുറിച്ച് കാക്ക ദുഖം പങ്കിട്ടു.
ഇക്കഥകേട്ട് വാരസ്യാര് കരഞ്ഞു.
കരഞ്ഞ് കരഞ്ഞ് പൂത്തൊട്ടി മുറിച്ച് ദുഖം പങ്കിട്ടു.
അക്കഥ കേട്ട് ഞാൻ കരഞ്ഞു.
കരഞ്ഞ് കരഞ്ഞ് ഇലയെല്ലാം പൊഴിച്ച് ദുഖം പങ്കിട്ടു.
ഇക്കഥ കേട്ട് ആന കരഞ്ഞു.
കരഞ്ഞ് കരഞ്ഞ്  കൊമ്പോടിച്ച് ആന ദുഖം പങ്കിട്ടു.

കൊമ്പോടിച്ചു അമ്പലമുറ്റത്ത് നിൽക്കുന്ന ആനയെ
അമ്പലത്തിലേക്ക് വന്ന ശാന്തിക്കാരൻ കണ്ടു; ചോദിച്ചു
ആനേ, ആനേ, നീയെന്തേ കൊമ്പൊടിച്ചത്?
തിരുമേനീ, (ആന പറഞ്ഞു)
ഉണ്ണീം കാക്കേം കൂടി അമ്പലക്കുളത്തിൽ കുളിക്കാൻ പോയി.
കാക്കേം ഉണ്ണീം മുങ്ങി.
കാക്ക പൊങ്ങി.
ഉണ്ണി പൊങ്ങീല്യാ.
കാക്ക കരച്ചിലായി. കരഞ്ഞ് കരഞ്ഞ് കൊക്കു മുറിച്ച് കാക്ക ദുഖം പങ്കിട്ടു.
ഇക്കഥകേട്ട് വാരസ്യാര് കരഞ്ഞു.
കരഞ്ഞ് കരഞ്ഞ് പൂത്തൊട്ടി മുറിച്ച് ദുഖം പങ്കിട്ടു.
അക്കഥ കേട്ട് ആല് കരഞ്ഞു.
കരഞ്ഞ് കരഞ്ഞ് ഇലയെല്ലാം പൊഴിച്ച് ദുഖം പങ്കിട്ടു.
ഇക്കഥ കേട്ട് ഞാൻ കരഞ്ഞു.
കരഞ്ഞ് കരഞ്ഞ്  കൊമ്പോടിച്ച് ഞാൻ ദുഖം പങ്കിട്ടു.
ശാന്തിക്കാരൻ കഥ കേട്ട്
കരഞ്ഞ് കരഞ്ഞ് ചട്ടുകം മുറിച്ച് ദുഖം പങ്കിട്ടു.

മുറിച്ച ചട്ടുകവുമായി വന്ന
ശാന്തിക്കാരനെ കണ്ടിട്ട് ബിംബം ചോദിച്ചു:
എന്തേ ശാന്തീ താൻ ചട്ടുകം മുറിച്ചത്?
(ശാന്തി പറഞ്ഞു)
ഉണ്ണീം കാക്കേം കൂടി അമ്പലക്കുളത്തിൽ കുളിക്കാൻ പോയി.
കാക്കേം ഉണ്ണീം മുങ്ങി.
കാക്ക പൊങ്ങി.
ഉണ്ണി പൊങ്ങീല്യാ.
കാക്ക കരച്ചിലായി. കരഞ്ഞ് കരഞ്ഞ് കൊക്കു മുറിച്ച് കാക്ക ദുഖം പങ്കിട്ടു.
ഇക്കഥകേട്ട് വാരസ്യാര് കരഞ്ഞു.
കരഞ്ഞ് കരഞ്ഞ് പൂത്തൊട്ടി മുറിച്ച് ദുഖം പങ്കിട്ടു.
അക്കഥ കേട്ട് ആല് കരഞ്ഞു.
കരഞ്ഞ് കരഞ്ഞ് ഇലയെല്ലാം പൊഴിച്ച് ദുഖം പങ്കിട്ടു.
ഇക്കഥ കേട്ട് ആന കരഞ്ഞു.
കരഞ്ഞ് കരഞ്ഞ്  കൊമ്പോടിച്ച് ആന ദുഖം പങ്കിട്ടു.
ഞാനീ  കഥ കേട്ട്
ചട്ടുകം മുറിച്ച് ദുഖം പങ്കിട്ടു.

ഇക്കഥ കേട്ട്
ബിംബം
അങ്ങോട്ടും തിരിഞ്ഞിരുന്നു
കഥ ഇങ്ങോട്ടും തിരിഞ്ഞിരുന്നു

1 comment:

സങ്കൽ‌പ്പങ്ങൾ said...

ഉണ്ണിക്കഥ കൊള്ളാം