15 March 2011

നോവൽപോലെ ഉൾക്കനമുള്ള ചോദ്യങ്ങൾ


Review published in Madhyamam daily today.
മലയാളം രണ്ടാം പേപ്പർ പഠനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ തികച്ചും സാക്ഷാൽക്കരിക്കുന്നതായിരുന്നു പരീക്ഷ എന്നത് സ്വാഗതാർഹമാണ്. കഥകൾ നോവലുകൾ എന്നിവ വായിച്ച് കഥാപാത്രനിരൂപണം, ആസ്വാദനക്കുറിപ്പുകൾ എന്നിവ തയ്യാറാക്കുന്നതിന്ന്.എന്നു തുടങ്ങി മാതൃകാ ചോദ്യങ്ങളുടെ ആമുഖത്തിൽ ഇതു വിശദമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപരിചിതത്വം എന്ന പ്രശ്നം ഈ പരീക്ഷക്ക് തീരെ ഇല്ല.
ആകെ എട്ട് ചോദ്യങ്ങൾ, അതിൽ ഒന്നിന് ചോയ്സ്, 8-6-4-2 സ്കോറുകൾ എന്നിങ്ങനെ നല്ല സൌഹൃദപൂർണ്ണമായ ഒരു ഘടന ചോദ്യപ്പേപ്പറിന്ന് അവകാശപ്പെടാം. എന്നാൽ ഇത്രയും കാര്യങ്ങൾ വായിച്ച് മനസ്സിലാക്കി എഴുതി ഫലിപ്പിക്കാൻ വേണ്ട സമയം കുട്ടികൾക്ക് ലഭിച്ചില്ലെന്ന തോന്നൽ എല്ലാവർക്കും ഉണ്ട്. സ്കോർ വിതരണത്തിലുള്ള ചെറിയൊരശാസ്ത്രീയത- എഡിറ്റോറിയൽ എന്ന വ്യവഹാരത്തിന്നും (ചോ:6) അവധാരണത്തിന്നും (ചോ:8) ഒരേസ്കോർ- പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഒന്നാം ചോദ്യം ‘പാത്തുമ്മയുടെ ആടി’ന്റെ അവസാന ഭാഗത്തിലൂന്നിയാണ്. നോവലിനെ സമഗ്രമായി കണ്ടുകൊണ്ടുള്ള നല്ലൊരു ചോദ്യം. കുട്ടികൾക്ക് വലിയ പ്രയസം ഇല്ലാതെതന്നെ എഴുതാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യ ഉത്തരം നന്നായി ചെയ്യാനായാൽ ബാക്കിക്കും അതിന്റെ ഗുണം  കിട്ടും.
രണ്ടാം ചോദ്യം അത്ര എളുപ്പമുള്ള ഒന്നല്ല. ബി+ ലവലിൽ നിന്നും മുകളിലോട്ടുള്ളവരെ ഉദ്ദേശിച്ചുള്ളതായി ഇത്. ‘പല പരിമിതികളുമുള്ള ഒരു സാധാരണ മനുഷ്യൻ തന്നെയാണ് സാഹിത്യകാരനും’ എന്ന ആശയം എല്ലാവർക്കും പെട്ടെന്ന് മനസ്സിലാക്കാനായില്ല. അതുകൊണ്ടുതന്നെ ഉത്തരങ്ങൾ പലതും അവ്യക്തമായിപ്പോയിട്ടുണ്ടാവും. നോവലിലെ ബഷീറുമായി ബന്ധപ്പെട്ട ഏതു സന്ദർഭവും ഇതിന്നുത്തരമാകുമെന്നതുകൊണ്ട് കുറേ സ്കോർ എന്തായാലും എല്ലാവർക്കും കിട്ടും എന്നേ ആശ്വസിക്കാനാവൂ.
മൂന്നാം ചോദ്യം കഥാപാത്ര സ്വഭാവം തന്നെ. ഒരു കഥാപാത്രത്തിന്റെ സ്വഭാവം കുറിക്കുന്നതിന്നു പകരം രണ്ടുകഥാപാത്രങ്ങലുടെ സ്വഭാവം താരത‌മ്യം ചെയ്യുക എന്ന ടാസ്ക് കൂടി ഉൾപ്പെടുത്തിയതുകൊണ്ട് നല്ലൊരു ചോദ്യമായി ഇത്. ഒരു ചോദ്യം കൊണ്ട് ഒന്നിലധികം സാധ്യതകൾ പ്രയോജനപ്പെടുത്താനവുകയെന്നത് വളരെ നന്നായി. രണ്ടുപേരെക്കുറിച്ചും കുട്ടിക്ക് നന്നായി അറിയാമെന്നതുകൊണ്ട് ഉത്തരവും ഉഷാറായിട്ടുണ്ടാവും. വ്യത്യാസങ്ങൾ കുറിക്കുമ്പൊൾ ‘കാതലായ’ എന്ന പരാമർശം വ്യത്യാസങ്ങളുടെ എണ്ണം കുറക്കാൻ കുട്ടിയെ നിർബന്ധിച്ചു. എഴുതിയ എണ്ണങ്ങൾ വ്യത്യസ്തവുമായിരിക്കും. മനുഷ്യസ്വഭാവത്തിലെ ഏതു വ്യത്യാസവും ‘കാതലായ’ വതന്നെ ആണല്ലോ. കാതലായ വ്യത്യാസങ്ങൾ-നിസ്സാര വ്യത്യാസങ്ങൾ എന്നൊന്നും ഇല്ല. ചിലപ്പൊൾ നിസ്സാരമെന്നു തോന്നിക്കുന്ന വ്യത്യാസങ്ങളാവും കഥാഗതിയെ മാറ്റിത്തീർക്കുന്നതുപോലും!
ആദ്യ ചോദ്യങ്ങളുടെ പരോക്ഷമായ ആവർത്തനം നാലാം ചോദ്യത്തിൽ ഉണ്ടായി. ദാർശനികമാനമുള്ള ഒന്നാം ചോദ്യത്തിലെ സന്ദർഭവും സാഹിത്യകാരൻ/ സാധാരണക്കാരൻ എന്ന ദ്വന്ദത്തെ ചൂണ്ടിക്കാണിക്കാനുള്ള സന്ദർഭങ്ങളും (രണ്ടാം ചോദ്യം) കഥാപാത്രസ്വഭാവം എഴുതാൻ മനസ്സിൽ ഉപയോഗിച്ച സന്ദർഭങ്ങളും (മൂന്നം ചോദ്യം) നാലാം ചോദ്യത്തിന്നും ബാധകമാവുകയാണ്. അതു ആവർത്തന വൈരസ്യം എഴുത്തിൽ സൃഷ്ടിക്കും. അതിനപ്പുറമുള്ളവയെ കുറിച്ചൊക്കെ എഴുതാൻ സമയവും കഷ്ടി.
എഡിറ്റിങ്ങ്-അഞ്ചാം ചോദ്യം നന്നായി. എന്നാൽ ഒരു സങ്കീർണ്ണ/ മഹാവാക്യ മായതുകൊണ്ട് എത്രത്തോളം എല്ലാർക്കും ശരിയാക്കാനാകുമെന്നറിയില്ല. ലഘു വാക്യങ്ങളായിരുന്നെങ്കിൽ കുറേ കൂടി സൂക്ഷമമായി കുട്ടിക്ക് ചെയ്യാനായേനേ. ഇതിപ്പോൾ പദ-പ്രയോഗ ങ്ങളിലെ തെറ്റുകൾ തിരുത്താനുള്ള ശ്രമത്തിൽ വാക്യങ്ങളെ ചെറുതാക്കാനുള്ള കാര്യം മറന്നു പോകും. തിരിച്ചും. കുട്ടികളാണല്ലോ ഇവർ!
ആറാം ചോദ്യം എഡിറ്റോറിയൽ- കുട്ടികൾ നന്നായി എഴുതി. വിഷയം കുട്ടിക്ക് വളരെ പരിചിതം അതുകൊണ്ടുതന്നെ പോയിന്റ്സ്ന്ന് വിഷമമുണ്ടായില്ല. എന്നാൽ ഇതു എഡിറ്റോറിയലാവുമോ എന്നത് പരിശോധിക്കുമ്പോഴേ അറിയൂ. ഒരു ചെറിയ ഉപന്യാസം എന്നു കരുതിയാൽ മതി. ഇതിന്ന് കാരണം ചോദ്യ പാഠം തന്നെ. എഡിറ്റോറിയൽ എഴുതാനുള്ള ഒരു അന്തരീക്ഷം ഒരുക്കാൻ ചോദ്യത്തിന്നായില്ല. ബോധവത്ക്കരണത്തിന്നുള്ള ഒരു ലഘുലേഖ ഉണ്ടാക്കൻ പറയുന്നതുപോലെ മാത്രമേ തോന്നൂ. അതാണ് നൽകിയിരിക്കുന്ന ചോദ്യപാഠത്തിന്റെ രീതി. ഇതു കുട്ടിയെ തെറ്റിദ്ധരിപ്പിച്ചപോലായി. എഡിറ്റോറിയൽ ആണ് വേണ്ടതെങ്കിൽ അതിനനുസരിച്ചുള്ള ഒരു ചോദ്യം ഉണ്ടാക്കണമായിരുന്നു.
ചോയ്സ് അനുവദിക്കുന്ന ഉപന്യാസ ചോദ്യം (ചോ:7) നന്നായി. സൂചകങ്ങൾ നൽകി കുട്ടിയെ ഉത്തരത്തിലേക്ക് നയിക്കാൻ പാകത്തിൽ നല്ലൊരു ചോദ്യപാഠം. അനുകൂലവും പ്രതികൂലവുമായ വാദങ്ങളും ഉറപ്പിക്കലുകളും എല്ലാം സധ്യമാക്കുന്ന ചോദ്യം. ഉദാഹരണത്തിന്ന് ദൃശ്യമാധ്യമങ്ങൾ -ആചാരങ്ങളും മാമൂലുകളും അരക്കിട്ടുറപ്പിക്കുന്നു- എന്ന സൂചന നിരാകരിക്കുന്ന ഉദാഹരണങ്ങൾ എഴുതിയ കുട്ടിക്ക് സ്കോറ് കുറക്കരുതെന്ന്  പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ.
എട്ടാം ചോദ്യം വളരെ സാധാരണക്കാരായ കുട്ടികൾക്കുപോലും കുറേ സ്കോർ ലഭിക്കാൻ സാധ്യത നൽകുന്നതുതന്നെ. വെറും അവധാരണം. അതു നന്നായി. ഭിന്ന നിലവാരക്കാരെ കൂടി പരിഗണിക്കുന്നതാണല്ലോ നമ്മുടെ ക്ലാസുകളും പരീക്ഷയും.
പൊതുവെ ആദ്യം സൂചിപ്പിച്ചതുപോലെ പഠിക്കാനുള്ള നോവൽ പോലെ തന്നെ ഉൾക്കനമുള്ളതായി പരീക്ഷയും. കുട്ടികൾ നല്ല വിജയം ഉറപ്പിച്ചിരിക്കുന്നു.

No comments: