14 March 2011

അടിസ്ഥാനങ്ങളിൽ മാത്രം സ്പർശിച്ച്


(എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ഉടനെ 25 ഓളം കുട്ടികളും 5 അധ്യാപകരുമായും സംസാരിച്ചതിൽ നിന്ന് തയ്യാറാക്കിയ ചോദ്യപേപ്പർ റിവ്യൂ)
 
എട്ടു ചോദ്യങ്ങൾ, 4-6-8 സ്കോറുകൾ, പട്ടിക, കഥാനിരൂപണം, ഔചിത്യം കുറിപ്പ്, ലഘുപന്യാസം, താരത‌മ്യക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് ഒരു ഉപന്യാസംഇത്രയും  പ്രവർത്തനങ്ങളിൽ ഒതുക്കി വളരെ അടിസ്ഥാനപരമായ കാര്യങ്ങളിൽ മാത്രം ഊന്നിയുള്ള ഒരു പരീക്ഷ. ഈ നിലയിൽ മലയാളം ഒന്നാം പേപ്പർ കുട്ടികൾക്ക് മുഴുവൻ വളരെ ഉത്സാഹം പകർന്നു വെന്നത് ഏടുത്തു പറയാം.
ഒന്നാം ചോദ്യം പട്ടിക ശരിയാക്കൽ ആയിരുന്നു. കുട്ടികൾക്ക് വളരെ പരിചയമുള്ള എഴുത്തുകാർ, പ്രസ്ഥാനങ്ങൾ, കൃതികൾ തന്നെയായിരുന്നു. ഒരു ശരിക്ക് ഒരു സ്കോർ എന്ന നിലയിൽ എല്ലാ കുട്ടിക്കും ഒന്നാം ചോദ്യം – എസ്.എസ്.എൽ.സി.പരീക്ഷയിലെ തന്നെ ഒന്നാം ചോദ്യം ഉഷാറായി എഴുതാൻ കഴിഞ്ഞു..
കഥാപാത്രനിരൂപണം എന്ന രണ്ടാം ചോദ്യവും പാഠപുസ്തകത്തിലെ ആദ്യഭാഗങ്ങളിൽ നിന്നുതന്നെ വന്നു. ‘അന്യരുടെ വാക്കുകൾ കേട്ട് മുൻപിൻ നോക്കാതെ എടുത്തു ചാടുന്നവർക്കുള്ള എക്കാലത്തേയും മറുപടിയാണ് രാവണൻ പിടിച്ച പുലിവാല്.എന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിൽ രാവണന്റെ സ്വഭാഭ വിശകലനം ആയിരുന്നു ഈ ചോദ്യം. സാധാരണക്കാരായ കുട്ടികളെ മുന്നിൽ കണ്ടുകൊണ്ടുള്ള ഈ ചോദ്യം ഉദ്ദേശിച്ച ഫലം ചെയ്തു..
എന്നാൽ ഈ ചോദ്യത്തിൽ സംഭവിച്ച ഒരു കുഴപ്പം കുട്ടിയുടെ മൌലികചിന്തക്ക് ഇടം നൽകിയില്ല എന്നതാണ്. നൽകിയ പ്രസ്താവനകൊണ്ട് ഉത്തരത്തെ പരിമിതപ്പെടുത്തി. പ്രസ്താവനയെ ഖണ്ഡിക്കുന്ന ഒരു ഉത്തരത്തിന്ന് സ്ഥനമില്ലാതെ പോയി. ഇത് കുട്ടിയുടെ വിമർശനബുദ്ധിയെ പരിഗണിക്കാതിരിക്കുന്നതിന്ന് തുല്യമാണല്ലോ.
മൂന്നം ചോദ്യം കുട്ടികൾക്ക് ഏറെ പരിചയമുള്ള കവിതാഭാഗം തന്നെ. അതിന്റെ ഔചിത്യം നന്നായി തന്നെ എഴുതാൻ കുട്ടിക്കായി. എന്നാൽ ചോദ്യം വളരെ കൃത്രിമത്വം നിറഞ്ഞപോലെ തോന്നി എന്നും കുട്ടികൾ അഭിപ്രായപ്പെട്ടു. ഔചിത്യക്കുറിപ്പെഴുതാൻ ഇതിനേക്കാൾ മികച്ചൊരു ചോദ്യം ആവാമായിരുന്നു. ഇതിലെ വാങ്ങ്മയചിത്രം അസ്സലായിട്ടുണ്ടെങ്കിലും അതിലെ ഔചിത്യം എഴുതുകയെന്നത്  സ്വാഭാവികമായി ചെയ്യാനാവില്ല. ചോദ്യം തയ്യാറാക്കുമ്പോൾ നമ്മുടെ കുട്ടികൾ എന്തു ഉത്തരമെഴുതണമെന്നു പ്രതീക്ഷിക്കുന്നു എന്നതാണ് പുറമേനിന്നുള്ളവർ പരിശോധിക്കുക.
നാലം ചോദ്യം അക്ഷര-പദ പ്രയോഗ സവിശേഷതകൾ എഴുതാനായിരുന്നു. നളചരിതത്തിലെ ഒരു ചെറിയ ഭാഗം. ഈ ചോദ്യം കുട്ടികൾക്കത്ര പരിചിതമെന്നു പറയാനാവില്ല. 2 സ്കോറുകൊണ്ട് അതിനെ അളക്കാനുമാവില്ല. അതുകൊണ്ടുതന്നെ ഈ 2 സ്കോർ കിട്ടിയാൽ കിട്ടി എന്നേ ഉള്ളൂ. നല്ല ഒരു ചോദ്യം എന്ന നിലയിൽ കുട്ടികൾക്കിത് പ്രയോജനപ്പെട്ടില്ല.
അഞ്ചാം ചോദ്യം ലഘുപന്യാസം-6 സ്കോർ. ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി തീർച്ചയായും ചെയ്തു വെച്ച പ്രവർത്തനം.ഇതിൽ കൊടുത്ത സൂചനകൾ ഒന്നും ഇല്ലെങ്കിലും  നല്ലൊരു ഉപന്യാസം കുട്ടികൾ എഴുതിയെന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തി. സൂചനകൾ ചേർത്തുള്ള ചോദ്യപാഠങ്ങൾ ഇപ്പൊഴും കുട്ടിക്ക് വേണ്ടപോലെ പ്രയോജനപ്പെടുത്താനാവാത്തത് എന്തുകൊണ്ടെന്ന് ഇനിയും (ചോദ്യ നിർമ്മാതാക്കൾ) ആലോചിക്കണം.
‘വിഷുക്കണി ‘അടിസ്ഥാനമാക്കിയുള്ള ഒരു പേജ് വരുന്ന താരത‌മ്യക്കുറിപ്പ് നന്നായി എഴുതാനായെന്ന് കുട്ടികൾക്ക് സന്തോഷം. അവർക്കേറ്റവും ഇഷ്ടപ്പെട്ട കവിതയാണല്ലോ ‘വിഷുക്കണി’. എന്നാൽ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമസൌഭാഗ്യങ്ങളെ കുറിച്ച് കുട്ടി ചോദ്യകർത്താക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ വഴിയില്ല. പ്രായത്തിലെ അന്തരം തന്നെ കാരണം. 14 വയസ്സായ കുട്ടിക്ക് ഈ ‘നഷ്ടപ്പെട്ട ഗ്രാമ സൌഭാഗ്യം’ അത്ര വലിയ ഒരു സംഗതിയാവണമെന്നില്ല. അതുകൊണ്ടുതന്നെ അതിലെ ഗൃ ഹാതുരത അത്രത്തോളം ‘വലിയതാകണമെന്നും ഇല്ല. എന്തായാലും വിഷുക്കണിയുടെ പാഠം ഉത്തരത്തിൽ നിറച്ചും കാണും.ആറാം ചോദ്യത്തിന്റെ  മുഴുവൻ സ്കോറും കിട്ടുകയും ചെയ്യും.
ഓണം, ഗ്രാമംതുടങ്ങിയ സംഗതികളിലൂന്നിയ ഒരു കവിത തന്നെ വീണ്ടും ആസ്വാദനക്കുറിപ്പെഴുതാൻ നൽകിയത്  കുറേപേർക്കെങ്കിലും അരോചകമായി ത്തീർന്നിട്ടുണ്ടാവും. എന്നാലും കവിത നന്നായി വായിച്ചാൽ മനസ്സിലാകുമെന്നതുകൊണ്ട് എല്ലാരും അസ്സലായി എഴുതി. ആറാം ചോദ്യത്തിന്റെ തൊട്ടു പിന്നാലെ തന്നെ ഈ ചോദ്യം വേണ്ടിയിരുന്നില്ല. വൈവിധ്യം ആഗ്രഹിക്കുന്ന കുട്ടിയെ നാം മറക്കുന്നുണ്ടോ?കുട്ടികളുടെ ഭിന്ന നിലവാരവും നമ്മുടെ പരിഗണനയിൽ വരേണ്ടതല്ലേ?  ഒരേ പ്രശ്ന പരിസരം തന്നെ ചോദ്യങ്ങളിൽ ആവർത്തിക്കരുത്. നമുക്ക് പ്രശ്ന വിഷയങ്ങൾ ഇനിയുമുണ്ടല്ലോ. പിന്നെന്തിന്ന് ആവർത്തനം.
ഉപന്യാസരചന-എട്ടാം ചോദ്യം കുട്ടികളെ ഒട്ടും വിഷമിപ്പിച്ചില്ല. ‘അന്നത്തെ നാടകത്തേക്കാൾ’ ‘കാവൽ’ കുട്ടിക്കറിയാം. നന്നായി ആസ്വദിച്ച കഥ. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷത്തിന്നും നല്ലൊരു ഉപന്യാസം ചെയ്യാനായി. ഇതിലും ഒരു സൂചനപോലെ ആദ്യം കൊടുത്ത പ്രസ്താവന അത്രയധികം ശ്രദ്ധിക്കപ്പെടില്ല. പി.വത്സലയുടെ കഥകളൊക്കെയും പഠിക്കാനൊന്നും കുട്ടിക്ക് സമയം കിട്ടിയില്ലല്ലോ. അതു നടന്നാലേ ഈ പ്രസ്താവനയുടെ സാധുത കുട്ടിക്ക് ബോധ്യമാവൂ. ഇനിയും കുട്ടികൾക്ക് വത്സലയുടെ കഥകൾ വായിക്കാനും ഈ പ്രസ്താവന പരിശോധിക്കാനും ഇടകിട്ടിയേക്കും. അപ്പോൾ അവർക്ക് കൂടുതൽ നല്ലൊരു ഉപന്യാസം എഴുതാനും കഴിയും എന്നാശിക്കാം. തുടർപഠനങ്ങൾക്ക് പരീക്ഷകൾ വഴിയൊരുക്കുമെന്നാണല്ലോ അനുഭവം.
പൊതുവേ കുട്ടികൾ സന്തുഷ്ടരാണ്. നന്നായി എഴുതാൻ കഴിഞ്ഞതിലെ സംതൃപ്തി. എ+ നിലവാരത്തിലെത്തുക എളുപ്പമല്ലെങ്കിലും നന്നായി ജയിച്ചുകയറാൻ കഴിയും.  ആദ്യ പരീക്ഷ നന്നായാൽ ഇനിയുള്ളവക്ക് അതു ഗുണം ചെയ്യും.(15-3-11 നു മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു)

No comments: