06 September 2010

മൂന്നാനകൾ

ആനയെ പൈതൃകമൃഗമായി ഭാരതസർക്കാർ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിൽ എഴുതിയ ഒരു കുറിപ്പ്
(6-9-2010 മാധ്യമം-വെളിച്ചത്തിൽ പ്രസിദ്ധീകരിച്ചത്)




ആന മനുഷ്യന്ന് എന്നും ഒരു അത്ഭുതമായിരുന്നു. എത്രകണ്ടാലും മതിവരില്ല. അത്ഭുതത്തിന്ന് ഒരു കുറവും ഇല്ല. ഇതിന്ന് പ്രായവും കാലവും ദേശവും ഒന്നും ഭേദം ഇല്ല. ഓരോ ആനയും വ്യത്യസ്തവും ഒരേ ആനയെത്തന്നെ പലവട്ടം കാണുമ്പൊൾ അതു വളരെ വ്യത്യസ്തമായ അനുഭൂതി നൽകുന്നതും ആയി ത്തീരുകയാണ്. ഈ നിത്യാത്ഭുതമാണ് ആനയുടെ സുന്ദര്യാത്മക മൂല്യം എന്നും പറയാം.

ആനകളെ സംബന്ധിച്ച് ശതക്കണക്കിന്ന് പരാമർശങ്ങൾ നമ്മുടെ ക്ലാസിക്കുകളിലുണ്ട്. സംസ്കൃതഭാഷയിൽ ആനയുടെ പര്യായങ്ങൾ അമരകോശത്തിൽ വിസ്തരിക്കുന്നുണ്ട്. ദന്തി, ദന്താവളം, ഹസ്തി, ദ്വിരദം, അനേകപം, ദ്വിപം, ഗജം, മതംഗജം, നാഗം, കരി, കുഞ്ജരം, സ്തംബേരം, ഇഭം പദ്മി എന്നിങ്ങനെ 14 പേരുകൾ (പര്യായങ്ങൾ) ആനയ്ക്കുണ്ട്. ഇതെല്ലാം
കൊമ്പനാനക്കാണുതാനും. പിടിയാനക്ക് കരിണി, വശ, ധേനുക, കരേണു എന്നിങ്ങനെ 4 പര്യായം. കളഭം ആനക്കുട്ടിയാണ്. ഈ പര്യായങ്ങൾക്കൊക്കെ കാര്യകാരണബന്ധത്തോടുകൂടിയ നിരുക്തങ്ങൾ ഉണ്ട്. ദന്തി= കൊമ്പോടുകൂടിയത്, ദ്വിപം= രണ്ടുപ്രാവശ്യമായി കുടിക്കുന്നത്-ആദ്യം തുമ്പിക്കയ്യിലും പിന്നെ വായിലും..എന്നിങ്ങനെ. ഇത്രയധികം വിശദമായ നിരീക്ഷണങ്ങളും പഠനങ്ങളും കാണിക്കുന്നത് നേരത്തെ സൂചിപ്പിച്ച അത്ഭുതാവഹമായ സൌന്ദര്യവും അതുമൂലം നമ്മുടെ കഥകളിൽ വന്നുചേർന്ന സ്ഥനവും തന്നെയാവും.

ഒന്ന്-കാളിദാസന്റെ ആന- മേഘരൂപൻ
തസ്മിന്നദ്രൌ കതിചിദബലാവിപ്രയുക്ത: സ കാമീ
നീത്വാമാസാൻ കനകവലയഭ്രംശരിക്തപ്രകോഷ്ട:
ആഷാഢസ്യ പ്രഥമദിവസേ മേഘമാശ്ലിഷ്ടസാനും
വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദർശ
(മേഘസന്ദേശം- ശ്ലോകം 2-കാളിദാസൻ)
കാളിദാസന്റെ യക്ഷൻ- രാമഗിര്യാശ്രമത്തിൽ പ്രിയപ്പെട്ടവളുമായി വേർപിരിഞ്ഞ്, ആ വേർപാട്ദുഖംകൊണ്ട് മെലിഞ്ഞ്- കൈത്തണ്ടയിൽ നിന്ന് സ്വർണ്ണക്കാപ്പൂരിപ്പോകും മട്ടിൽ മെലിഞ്ഞ് – മാസങ്ങൾ തള്ളിനീക്കുമ്പോൾ, വർഷക്കാലത്തിന്റെ ആദ്യദിവസം മലഞ്ചെരിവിൽ തിണ്ടുകുത്തിക്കളിക്കുന്ന ആനയുടെ രൂപം പൂണ്ട ഒരു മേഘത്തെകണ്ടു.
രഘുവംശത്തിലും അഭിജ്ഞാനശാകുന്തളത്തിലും മാളവികാഗ്നിമിത്രത്തിലും ഒക്കെ കാളിദാസമഹാകവി ആനകളെ കുറിച്ച് പറയുന്നുണ്ട്. അവിടെയൊക്കെ മദമിളകി സർവവും നശിപ്പിച്ചു സംഹാരരൂപികളായ ആനകളെ ആണ് വർണ്ണിക്കുന്നത്. എന്നാൽ തിണ്ടുകുത്തിക്കലിയിലേർപ്പെട്ട ഒരാനയെ- മേഘസന്ദേശത്തിലെ ആന- ലോകസാഹിത്യത്തിൽ തന്നെ കാളിദാസൻ മാത്രമാവും എഴുതിയിരിക്കുക.
ഇവിടെ ആന ഉപമമാത്രമണ്. വർഷക്കാലത്തെ ആദ്യ മേഘത്തെയാണ് വർണ്ണിക്കുന്നത്. എന്നാൽ നാം കാണുന്നത് മേഘത്തെക്കാൾ അധികം ഗജത്തെയാണല്ലോ. അതും മഹാകവി ലക്ഷ്യമാക്കിയിരിക്കും. ഒരുപാടർഥങ്ങൾ ഒന്നിപ്പിക്കുന്ന കാവ്യവിദ്യ കവിക്ക് അന്യമല്ലല്ലോ. യക്ഷന്റെ മാനസികാവസ്ഥ- സ കാമീ- എന്നല്ലേ പറയുന്നത്. കാമം, മനസ്സിന്റെ ദുഖം, എന്നിനിപ്രിയയെകാണാനാവും എന്ന ഭയം, അതിന്റെ കറുപ്പും ഇരുട്ടും…..അതുതന്നെ മേഘരൂപത്തിൽ - അനുനിമിഷം മാറുന്ന മേഘരൂപം, എന്നിങ്ങനെ വിവിധാർഥങ്ങൾ-കാഴ്ച്ചകൾ മഹാകവി ഒന്നിച്ചു ചേർക്കുന്നത്.

രണ്ട്-എഴുത്തഛന്റെ ആന

ശരിക്കിത് ഭഗദത്തന്റെ ആനയാണ്. അഷ്ടദിഗ്ഗജങ്ങളിൽ സുപ്രതീകനെപ്പോലെ പ്രബലനായ ആന. മഹാഭാരതം കിളിപ്പാട്ടിൽ ദ്രോണപർവ്വത്തിൽ എഴുത്തഛൻ ഈ ആനയെ വർണ്ണിക്കുന്നു. ഭഗദത്തനും അർജുനനുമായി കഠിനയുദ്ധം നടക്കുന്നു. ഭഗദത്തൻ ആനപ്പുറത്തിരുന്നാണ് യുദ്ധം. ഭഗദത്തന്റെ ആന ഭീമസേനനുമായി പൊരുതുന്നു.ഒരിക്കൽ ആന ഭീമസേനനെ തുമ്പികൊണ്ടെടുത്ത് പൊക്കി എറിഞ്ഞു.ഭീമൻ താഴേക്കു പതിക്കുമ്പൊൾ ആന തലപൊക്കി കുത്തിക്കോർക്കാൻ നിൽക്കുകയാണ്. ഈ ഭാഗം വർണ്ണിക്കുന്നിടത്ത്
കൊമ്പുതന്മേൽ വന്നു വീഴുവാനായിട്ടു
കൊമ്പുമുയർത്തിനിന്നാനതുകണ്ടിട്ടു
സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാൻ
ഉമ്പർകോന്തന്നുടെ നന്ദനനർജ്ജുനൻ
വാരനവീരൻ തലയറ്റു വില്ലറ്റു
വീരൻഭഗദത്തൻ തന്റെ തലയറ്റു
നാലാമതാനതൻ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടു പോയിതുബാണവും

എന്നു പറയുന്നു. കുത്താനായി തയുയർത്തിപ്പിടിച്ചു, അതിന്റെ ആവേശത്തിൽ വാലും പൊക്കിപ്പിടിച്ചുള്ള ഗജനില കാണണമെങ്കിൽ‘ നാലാമതാനതൻ വാലു മരിഞ്ഞിട്ട്’ എന്നിടത്തെത്തണം.
ഈ ആന യുദ്ധവീരനായ ആനയാണ്. സുപ്രതീകനെപ്പോലെ എന്നു പറഞ്ഞതുകൊണ്ട് ആനയുടെ വലിപ്പം, ബലം, ദൈവീകത തുടങ്ങിയ സകലഭാവങ്ങളും പ്രത്യക്ഷമാകുന്നു. എത്രപ്രഗത്ഭനാണെങ്കിലും ‘ധർമ്മം ജയിക്കുന്നു’ എന്ന തത്വത്തിൽ നിലനിൽക്കുന്ന കാവ്യത്തിൽ (മഹാഭാരതം) ആന പരിഹാസകഥാപാത്രമാവുന്നു. ആ പരിഹാസസ്വരം ‘ കോലാഹലത്തോടുപോയിതുബാണവും’ എന്ന വരിയിൽ അനുഭവപ്പെടുകയും ചെയ്യും.
(കുറിപ്പ്: അഷ്ടദിഗ്ഗജങ്ങൾ- ഭൂമിയെ താങ്ങിനിർത്തുന്നത് അഷ്ടദിഗ്ഗജങ്ങളാണെന്ന് പറയപ്പെടുന്നു.എട്ടു ദിക്കിലായി ഇവ നിലകൊള്ളുന്നുവെത്രേ.ഇവ ഐരാവതം, പുണ്ഡരീകൻ, വാമനൻ, കുമുദൻ അഞ്ജനൻ, പുഷ്പദന്തൻ, സാർവഭൌമൻ, സുപ്രതീകൻ എന്നിവയാണ്. )

മൂന്ന്-ചരിത്രം രചിച്ച ആന

ഒരു വംശത്തിന്റെ ചരിത്രം നിർണ്ണയിച്ച ആനയാണ് ഐരാവതം. കഥ ഇങ്ങനെ:
ഒരിക്കൽ ദുർവാസാവ് മഹർഷിക്ക് ചില അപ്സരസ്സുകൾ ഒരു പൂമാല സമ്മാനമായി നൽകി. അതിവിശിഷ്ടമായമാലകിട്ടിയതിൽ സന്തുഷ്ടനായ മഹർഷി തനിക്കിതെന്തിന്ന് എന്നാലോചിച്ചു. മഹർഷിയായ താൻ ഈ വിശിഷ്ടസാധനം എന്തുചെയ്യാൻ? അപ്പോൾ അനുയോജ്യനായ ഒരാൾക്ക് ഇതു നൽകാം എന്നു തീരുമാനിച്ചു. പലദേവന്മാരേയും മനസ്സിൽ ആലോചിച്ചെങ്കിലും ഈ മാല നന്നായി ഉപയോഗിക്കുക ദേവേന്ദ്രൻ മാത്രമാവും എന്നു തീരുമാനിച്ച് നേരെ ചെന്ന് ഇന്ദ്രന്ന് മാല സമ്മാനിച്ചു.
മഹർഷിയുടെ കയ്യിൽ നിന്ന് ഇന്ദ്രൻ മാല വാങ്ങി ഐരാവതത്തിന്റെ മസ്തകത്തിൽ വെച്ച് സ്വന്തം മുടിയൊക്കെ അഴിച്ചുകെട്ടി മാല ചൂടാൻ തുടങ്ങുമ്പോഴേക്കും പൂമണംകേട്ട് വണ്ട് തുമ്പി പാറ്റകൾ കൂട്ടം കൂട്ടമായി വന്ന് ഐരാവതത്തിന്റെ തലയിലും ചെവിയിലും ഒക്കെ ശല്യം ചെയ്തുതുടങ്ങി. ആന ദേഷ്യംവന്ന് ഈ മാല തുമ്പികൊണ്ടെടുത്ത് നിലത്തിട്ട് ചവിട്ടിയരച്ചു. ഇത്ര അശ്രദ്ധമായി താൻ സമ്മാനിച്ച മാല ഇന്ദ്രൻ ഉപയോഗിച്ചതുകണ്ട് ക്രുദ്ധനായി മഹർഷി ശപിച്ചു. ദേവകൾ മുഴുവൻ ജരാനരകൾ ഉള്ളവരാകട്ടെ എന്നായിരുന്നു ശാപം. ഇന്ദ്രൻ ഭയന്ന് വേഗം ആനപ്പുറത്തുനിന്നിറങ്ങി മഹർഷിയുടെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു. കോപം ശമിച്ച മഹർഷി ദേവേന്ദ്രന്ന് ശാപമോക്ഷം നൽകി. പാലാഴി കടഞ്ഞു അമൃതെടുത്ത് സേവിച്ചാൽ ജരാനരകൾ മാറിക്കിട്ടും എന്നായിരുന്നു ശാപമോക്ഷം.

ഇതിനെ തുടർന്ന് പാലാഴിമഥനം,അമൃത്, അസുരന്മാർ അമൃത് തട്ടിയെടുത്തത്, മഹാവിഷ്ണുവിന്റെ മോഹിനീവേഷം……തുടങ്ങി നിരവധി തുടർ കഥകൾ പുരാണങ്ങളിൽ ഉണ്ടല്ലോ.
ഇതിന്റെയൊക്കെ തുടക്കം ഒരു ആനയുടെ ചെറിയൊരു പ്രവൃത്തിയും.

5 comments:

കരിപ്പാറ സുനില്‍ said...

നമസ്കാരം രാമനുണ്ണിമാഷെ . അവാര്‍ഡുലഭിച്ചകാര്യം അറിഞ്ഞു. അഭിനന്ദനങ്ങള്‍ . ഇനിയും മുന്നോട്ടുപോകുവാന്‍ ആശംസകള്‍ നേരുന്നു

കരിപ്പാറ സുനില്‍ said...

നമസ്കാരം രാമനുണ്ണിമാഷെ . അവാര്‍ഡുലഭിച്ചകാര്യം അറിഞ്ഞു. അഭിനന്ദനങ്ങള്‍ . ഇനിയും മുന്നോട്ടുപോകുവാന്‍ ആശംസകള്‍ നേരുന്നു

Unknown said...

ലേഖനം അസ്സലായിട്ടുണ്ട് മാഷേ. അഭിനന്ദനങ്ങള്‍.

Kalavallabhan said...

മാഷിനാശംസകളൊരിക്കല്ക്കൂടി.

ആനകളെ എഴുതിയത് വായിച്ചപ്പോൾ ഞാനെഴുതിയ ചില വരികളും ഓർമ്മ വന്നു.
എന്റെ “ഇടവപ്പാതി” എന്ന് കവിതയിൽ ഇങ്ങനെ :

"മാൻപേടപോലോടും കുഞ്ഞുമേഘങ്ങളും
പിന്നെ പാൽനുരയുന്നൊരീ കരിമുകിലും
മാനത്തെക്കരിവീരരടുത്തിടുമ്പൊഴെന്റെ
കേരളമാകെ കോരിത്തരിച്ചിടുന്നു"

ഇതിനു ശ്രീ എൻ. ബി. സുരേഷ് “മാനത്തെ കരിവീരൻ എന്നിടത്ത് കാളിദാസന്റെ കൊമ്പുകുത്തിക്കളിക്കുന്ന ആന ഉണ്ട്."
എന്നു കമന്റെഴുതിയപ്പോൾ കാര്യമായി ഒന്നും മനസ്സിലായില്ല. ഇപ്പോൾ ഇതു വായിച്ചപ്പോഴാണു കാര്യo, പിടികിട്ടിയത്.
ഇപ്പോൾ ആനയെ പൈതൃകമൃഗമായി പ്രഖ്യാപിക്കുന്നതിനു മുൻപ് ഞാനെന്റെ “പൂരക്കാഴ്ച്ച” എന്ന കവിതയി എന്റെ പ്രതികരണം ഞാൻ നടത്തിയിട്ടുണ്ട്.
"കാട്ടിൽ വിഹരിച്ചോരാനകളെ കൂടി
പാട്ടിലാക്കുന്നൊരീ നമ്മളറിയേണം
ജടയായിരുന്നോരു കാടുവെട്ടി പൂര-
പ്പടഹമുയർത്തിയ തമ്പുരാൻ ശക്തനല്ലോ"

ശ്രീനാഥന്‍ said...

ആനവിചാരം നന്നായി