08 May 2010

ഇനി ഇ-ക്ലാസ്മുറികൾ

ഇനി ഇ-ക്ലാസ്മുറികൾ



വിവരസാങ്കേതിക വിദ്യ കാണെക്കാണെ വളരുന്ന ഒരു സാമൂഹ്യപരിസ്ഥിതിയിലാണ് നാമിന്ന് പ്രവർത്തിക്കുന്നത്. കണ്ടാൽ തിരിച്ചറിയാത്ത രൂപഭാവങ്ങളോടെ ഓരോമണിക്കൂറിലും ഐ.ടി.രംഗം പരിണമിക്കുകയാണ്. നമ്മുടെയൊക്കെ കമ്പ്യൂട്ടറുകളിലെ ഓരോ സോഫ്ട്വെയറും 3 മിനുട്ടിൽ ഒരു പ്രാവശ്യം എന്നകണക്കിൽ (നെറ്റിൽ) അപ്പ്ഡേറ്റഡ് ആവുന്നു. വലിയ വില കൊടുത്തു വാങ്ങിയ ഏറ്റവും പുതിയ സോഫ്ട്വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഉടനെ ഓൺലയിനിൽ അപ്പ്ഡേറ്റഡ് ആവുന്നു. വിവരങ്ങൾ മാത്രമല്ല അതുകളെ പ്രോസസ് ചെയ്യാനുള്ള സോഫ്ട്വെയറുകളും അനുനിമിഷം പുതുക്കപ്പെടുന്നു. Times of India ദിനപത്രം നെറ്റിൽ നോക്കൂ. ഒരിക്കൽ ഡ്ഔൺലോഡ് ചെയ്ത്
വായിച്ച് കഴിഞ്ഞ് ഒരു 5 മിനുട്ടിനു ശേഷം അതേ വിൻഡോ refresh ചെയ്തു നോക്കൂ. പ്രധാനവാർത്തകളൊക്കെ പുതുക്കപ്പെട്ടിരിക്കും.വിക്കിപീഡിയ ഒരു ദിവസംതന്നെ ആയിരക്കണക്കിന്ന് പുതുലേഖനങ്ങളുമായാണ് നമുക്ക് മുന്നിൽ തുറന്നുവരുന്നത്. സോഫ്ട്വെയറുകൾക്കൊപ്പം മെഷിനുകളും , വിഡ്ജെറ്റുകളും അനുദിനം പുതുക്കപ്പെടുന്നു. ഇന്നുവാങ്ങുന്ന ഏറ്റവും പുതിയ ലാപ്ടോപ്പും മൊബൈല്ഫോണും ഐപൊഡും (ഇതെല്ലാം ചേർന്നൊറ്റ മെഷിനാവുന്നു എന്നതു മറ്റൊരുകാര്യം) നാളെക്ക് outofdate ആയിത്തീരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് നമ്മുടെ ക്ലാസ്മുറികൾ ഇതൊക്കെ എത്രമാത്രം പ്രയോജനപ്പെടുത്തുന്നുവെന്നും , അതിനായി നാം എന്തൊക്കെ ശ്രമങ്ങൾ നടത്തുന്നുഎന്നും ശ്രദ്ധിക്കപ്പെടേണ്ടിവരുന്നത്.
മൊബൈല്ഫോൺ കയ്യിലില്ലാത്ത അധ്യാപകരില്ല. അതു എപ്പോഴും പോക്കറ്റിൽ കിടന്നങ്ങനെ റിങ്ങ്ചെയ്യും. സാധാരണ ഒരു മൊബൈലിൽ 9 മെനു കാണാം. ഒരൽപ്പം മികച്ചമോഡലിൽ ഇതു 80 നു മുകളിലാണ്. ഇതിനുപുറമെ ഡസങ്കണക്കിന്ന് പുതിയ സോഫ്ട്വെയറുകൾ കൂട്ടിച്ചേർക്കുകയുമാവാം. ഇതൊക്കെ ഉണ്ടെന്നിരിക്കെ നമ്മുടെ മിടുക്കൻ/മിടുക്കി കളായ അധ്യാപകർപോലും ഇതിലെ 10ഇൽ താഴെ മെനു മാത്രമെ പ്രയോജനപ്പെടുത്തുന്നുള്ളൂ. ഒന്നോരണ്ടോ മെനു മാത്രം ഉപയോഗപ്പെടുത്തുന്നവരാണു മഹാഭൂരിപക്ഷവും. വിളിക്കാനും കേൾക്കാനും . അൽപ്പം ചിലർ എസ്.എം.എസും.
ഒരു സാധാരണ മൊബൈൽ ഫോണിന്റെ കാര്യം ഇതാണങ്കിൽ കോടിക്കണക്കിന്ന് മെനുക്കളുള്ള കമ്പ്യൂട്ടറിന്റെ കാര്യം പറയേണ്ടതില്ലല്ലോ.ഒരുശതമാനം പ്രവർത്തനം പോലും നമ്മുടെ മാഷക്കറിയില്ല. നോക്കിയിട്ടില്ല. ആവശ്യമുണ്ടായിട്ടില്ല. വികസിത രാജ്യങ്ങളെ അപേക്ഷിച്ചു നാമൊക്കെ ഇപ്പോഴും മോബൈൽന്റേയും കമ്പ്യൂട്ടറിന്റേയും ആദ്യദിനങ്ങളിലാണ് എന്നർഥം. ഇതിൽതന്നെ കുട്ടികൾ മുതിർന്നവരേക്കാൾ ഒരു നൂറിരട്ടിയെങ്കിലും മുന്നിലുമണ്.അല്ലെങ്കിലും അല്ലെങ്കിലും ഏതു സാങ്കേതിക വിദ്യയും അതു ജനിക്കുന്നകാലത്തെ



പുതുതലമുറയ്ക്കാണല്ലോ ഏറെ പഴകുക. മാത്രമല്ല സംവേദനത്തിൽ അനായാസതയും കൂടും. പുതു തലമുറ മന:ക്കണക്ക് വിട്ട് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതും ഉറക്കെ കൈകൊട്ടിയോ കൂക്കിയോ ആളെവിളിക്കുന്നതിന്നുപകരം ഒരു മിസ്കാൾ വിടുന്നതും ഇതുകൊണ്ടാണല്ലോ..

ഈ സാങ്കേതികവിദ്യാപരിസരം കുട്ടിക്കും അധ്യാപികക്കും നിത്യജീവിതാനുഭമാണെങ്കിലും ഇതൊന്നും ക്ലാസ്മുറികളിൽ ഉപയോഗപ്പെടുത്തുന്നില്ല എന്നതത്ഭുതമാണ്. IT Enabled Classroom എന്നൊക്കെ പറയുമെങ്കിലും അതെല്ലാം മിക്കപ്പോഴും ‘ഏട്ടിലെ പശു” തന്നെ. ഒന്നാമത് പൊതുധാരണ IT എന്നു പറയുന്നത് കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളുമാണെന്നു മാത്രമാണു. ഇതിനാണെങ്കിലോ കമ്പ്യൂട്ടർ പഠിച്ചിട്ടുമില്ല.(ഇനി ഈ പ്രായത്തിൽ അതൊന്നും പഠിയുകയുമില്ല!) മറ്റൊന്ന്, സയൻസ്, കണക്ക് വിഷയങ്ങൾക്കും ഇംഗ്ലീഷിനും കമ്പ്യൂട്ടർ പ്രയോജനപ്പെടുത്താം. മലയാളം, ഹിന്ദി,ഡ്രോയിങ്ങ്,പി.ഇ.ടി…തുടങ്ങിയവക്ക് ഇതൊക്കെ അപ്രായോഗികമാണ്. മൊത്തത്തിൽ IT Enabled അപ്രായോഗികമാണ്.



അപ്രായോഗികമെന്നു പറയുമ്പോൾ സാധ്യതകൾ ആലോചിക്കുന്നേ ഇല്ല. നല്ലൊരു കവിത, കഥ നന്നായി ചൊല്ലിയത് – ചൊല്ലി റിക്കാർഡ് ചെയ്തത് മൊബൈലിൽ സൂക്ഷിക്കുകയും അതു കുട്ടികൾക്ക് കേൾപ്പിക്കുകയും ചെയ്യുന്നതിൽ എന്താ അപ്രായോഗികത? നല്ലൊരു ഫിലിം ഭാഗം, ഒരു ഹ്രസ്വചിത്രം, ഒരു ഫോട്ടോ മൊബൈലിൽ ശേഖരിക്കുകയും അതു കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്നതിലെന്താ അപ്രായോഗികത? പാഠഭാഗവുമായി ബന്ധപ്പെട്ട്, ക്ലാസ്റൂം പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ പ്ലാൻ ചെയ്യാനും സംബാദിക്കാനും എന്താ പ്രയാസം? ഒരെഴുത്തുകാരനുമായി നടത്തിയ അഭിമുഖം മൊബൈലിൽ റെക്കോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കാൻ നമുക്കു കഴിയണം. കയ്യിലുള്ള ഉപകരണത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുക എന്നത് തന്നെ ആധുനികകാലത്തോട് സംവദിക്കാൻ കഴുയുക എന്നതുകൂടിയാണ്. സാമാന്യം നല്ലൊരു മൊബൈൽ ഉപയോഗിച്ച് ചെറിയൊരു സിനിമ വരെ നിർമ്മിക്കാൻ കഴിയും. മൊബൈലിൽ എടുത്ത സിനിമകളുടെ ആഗോളതല മത്സരം വരെ നടക്കുന്നുണ്ട്. അതും മികച്ച സിനിമകൾ.
മൊബൈൽ മാത്രമല്ല, ക്യാമറ, മ്യൂസിക്ക് പ്ലയർ, ടി.വി, റ്റേപ്പ് റിക്കാർഡർ തുടങ്ങിയവയൊക്കെ IT Enabled എന്നു പറയുമ്പോൾ ആലോചിക്കണം.തീർച്ചയായും കമ്പ്യൂട്ടറും സാമഗ്രികളും ഉണ്ടാവണം. നമ്മുടെ ക്ലാസ് ആവശ്യങ്ങൾക്കായി ഇതെല്ലാം ഉപയോഗിക്കാൻ ശ്രമിക്കണം. ഇതു ഇത്തരം സാമഗ്രികൾ ഉപയോഗിക്കുന്നതിലെ കൌതുകം മാത്രമല്ല; വളരെ ഫലപ്രദമായ പഠനോപകരണങ്ങളാണിവ എന്നതുമാണ്. കുട്ടികൾക്ക് ഏറ്റവും കൂടുതൽ സംവേദനം നൽകുന്നുണ്ട് ഇവ. അക്ഷരങ്ങൾ എഴുതുന്നതിലെ വേഗതയുടെ എത്രയോ മടങ്ങാണ് കീബോർഡിലെ വിരൽവേഗത. മനക്കണക്കിനേക്കാൾ വേഗതയിലാണ് കാൽക്കുലേറ്ററിൽ വിരൽ നടക്കുന്നത് എന്ന് കണ്ടിട്ടില്ലേ. മനക്കണക്കിൽ ഭാഷയാണ് പ്രധാനകർമ്മം നിർവഹിക്കുന്നത്. പന്തീരുപ്പന്ത്രണ്ട് നൂറ്റിനാൽപ്പത്തിനാല്….എന്നു മനസ്സിൽ ഭാഷയാണ് പ്രവർത്തിക്കുന്നത്.നേരെ മറിച്ചു കേവലഗണിതമാണ് കാൽക്കുലേറ്ററിൽ പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടറിലാവുമ്പൊൾ ഗണിതത്തിന്റെ അമൂർത്തസ്വഭാവം പൂർണ്ണതയിലെത്തുന്നു. അതുകൊണ്ടുതന്നെ ഒരേസമയം ഒരായിരം ക്രിയകൾ നിർവഹിക്കപ്പെടുന്നു. ഭാഷയും ശാസ്ത്രവും ഡ്രോയിങ്ങും പി.ഇ.ടി.യും ഒക്കെ ഐ.ടി.ക്ക് വഴങ്ങും. നാമതിന്ന് കുറേകൂടി സന്നദ്ധത കാണിക്കണമെന്നു മാത്രം.ഇതു ക്ലാസ് മുറികൾ കുറേകൂടി സജീവമാക്കും. ശാസ്ത്രക്ലാസുകളിൽ ഒരു ലാബ് ആക്ടിവിറ്റി നൽകുന്ന ഊർജ്ജം നാം അനുഭവിച്ചതാണ്. അതിലധികം ഉണർവ്വ് ഒരു ഐ.ടി.വിഡ്ജറ്റ് ക്ലാസ്മുറിയിൽ സൃഷ്ടിക്കും.
ഇങ്ങനെയുള്ള ചെറിയതുടക്കങ്ങൾ കമ്പ്യൂട്ടറുകളുടേയും ഇന്റർനെറ്റിന്റേയും വലിയ ലോകത്തേക്ക് നമ്മുടെ കുട്ടികളെ നയിക്കും. നോക്കൂ: നമ്മുടെ ക്ലാസിലെ എല്ലാ കുട്ടികൾക്കും നമുക്കും സ്വന്തമായൊരു നെറ്റിടം-ബ്ലോഗ്, റ്റ്വിറ്റർ, ഇ-മെയിൽ അഡ്രസ്സ്…തുടങ്ങിയവയുണ്ടെങ്കിൽ എന്തെന്തു ഫലപ്രദമാകും അധ്യയനം? 10-4 ക്ലാസ്മുറികൾ 24 മണിക്കൂർ പഠനമുറികളായി മാറും.റ്റ്വിറ്ററിലൂടെ ഒരു ചോദ്യം ഉന്നയിക്കുകയും ലോകത്ത് മറ്റെവിടെയോ ഇരിക്കുന്ന മറ്റൊരാൾ അതിന്ന് ഉത്തരം പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ കുട്ടികളെ ഇന്നത്തെനിലയിൽ നിന്നു ബഹുകാതം മുന്നിലേക്ക് നയിക്കും.അറിവിന്റെ സുഖം ലഭിക്കുന്ന കുട്ടി കൂടുതൽ നല്ല പൌരനായി-ലോകപൌരനായി വളരും. വിശ്വമാനവൻ എന്നൊക്കെ നാം പറയുന്ന അവസ്ഥ.സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ലോകങ്ങൾ ഉയരും.

9 comments:

Unknown said...

പ്രിയപ്പെട്ട മാഷേ , വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ഇതൊക്കെ പ്രായോഗികമാക്കാമായിരുന്നു. പക്ഷെ എവിടെയൊക്കെയോ തകരാറുകളുണ്ട്. മൊത്തത്തില്‍ ഒരു സജീവതയോ , ചേതനയോ , സര്‍ഗ്ഗാത്മകതയോ സമൂഹത്തില്‍ നിന്ന് ചോര്‍ന്ന് പോയത് പോലെ. ആര്‍ക്കും ഒന്നിലും കൌതുകമോ അത്ഭുതമോ ഇല്ല. തികച്ചും യാന്ത്രികമായ ഒരു ജീവിതം. നമ്മുടെ കുട്ടികളെ നോക്കൂ. തികച്ചും ശൂന്യമാണ് അവരുടെ മുഖഭാവം. ഒന്ന് പുഞ്ചിരിക്കാന്‍ കഴിയുന്ന കുട്ടികള്‍ അപൂര്‍വ്വം. അദ്ധ്യാപകരാകട്ടെ പുതുതായി ഒന്നും പഠിക്കാന്‍ മെനക്കെടുന്നില്ല. എല്ലാവരും ജീവിതപ്രാരബ്ധങ്ങളാല്‍ വലയം ചെയ്യപ്പെട്ട പോലെ. എന്തെന്നാല്‍ ആരുടെയും ആവശ്യങ്ങള്‍ ഒരിക്കലും തീരുന്നില്ല. ഞാന്‍ ആലോചിക്കുകയായിരുന്നു, ഓരോ സ്കൂളിലും പോയി ആ സ്കൂളിലെ ഓരോ ക്ലാസിനും ഓരോ ബ്ലോഗ് നിര്‍മ്മിച്ചു കൊടുക്കാന്‍ സഹായിക്കണമെന്ന്. ഇത്രയും സജ്ജീകരണങ്ങളോടെ ഇക്കാലത്ത് ജീവിയ്ക്കാന്‍ കഴിയുക എന്നത് ഒരു മഹാഭാഗ്യം തന്നെയാണ്. പക്ഷെ അത് ആസ്വദിക്കാനുള്ള മനസ്സ് സമൂഹത്തിനില്ല എന്നതാണ് അവസ്ഥ. ആരെ സമീപിച്ചാലും പരാതിയേ കേള്‍ക്കാനുള്ളൂ. ഒന്നുകില്‍ തീരാത്ത വീട് നിര്‍മ്മാണം അല്ലെങ്കില്‍ അങ്ങനെ മറ്റ് പലതും. കുട്ടികളോട് ഒന്ന് പരിചയപ്പെടാന്‍ വേണ്ടി മോനേ നിന്റെ പേരെന്താ എന്ന് ചോദിച്ചാല്‍ വീര്‍പ്പിച്ച മുഖത്തോടെ ഘനഗംഭീരമായി പേരു പറഞ്ഞെങ്കിലായി. ഇതൊക്കെയാണ് അവസ്ഥ. ഏതായാലും താങ്കളുടെ ബ്ലോഗ് വായിക്കാന്‍ ആശ്വാസമുണ്ടായിരുന്നു..

ആശംസകളോടെ,

സുജനിക said...

“ഇത്രയും സജ്ജീകരണങ്ങളോടെ ഇക്കാലത്ത് ജീവിയ്ക്കാന്‍ കഴിയുക എന്നത് ഒരു മഹാഭാഗ്യം തന്നെയാണ്.“ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല എന്നതു തന്നെ പ്രശ്നം. നന്ദി മാഷേ!

Jayarajan Vadakkayil said...

ലേഖനം വളരെ നന്നായി. കാലത്തിനനുസരിച്ച് ഓടാന്‍ പലരുടെയും പഴമനസ്സ് സമ്മതിക്കുന്നില്ലല്ലോ. ഒരു പക്ഷെ മറ്റു വിഷയങ്ങളെക്കള്‍ ഭാഷയിലാണ് ഐ.ടി.കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുക. ഒരു കഥ,ഒരു കവിത, ...... വിഷ്വലൈസ് ചെയ്ത് കുട്ടികള്‍ക്ക് കാണാന്‍ അവസരമുണ്ടാക്കിയാല്‍ അത് എത്രമാത്രം പ്രയോജനപ്പെടും ? പക്ഷെ.........................

Anees Hassan said...

മാറ്റം ഒരു ഉത്സവമാകണം

Akbarali Charankav said...

മികച്ച ലേഖനം. വലിയ അഭിപ്രേരണ ലഭിക്കുന്നു.
പക്ഷെ നമുക്കൊരു പ്രശ്‌നമുണ്ട്‌ മാഷേ.......
മാറ്റത്തെ എതിര്‍ക്കുന്ന നൈസര്‍ഗിഗ സ്വഭാവം ഏറെയുണ്ടായതാണ്‌ ഇതിനെല്ലാമുള്ള കാരണമെന്ന്‌ തോന്നുന്നു.

മാറ്റുവിന്‍ ചട്ടങ്ങളേ......

Hassainar Mankada said...

Sir,

നമ്മുടെ ബോധന സമ്പ്രദായത്തിലെ വന്‍കുതിച്ചു ചാട്ടമായിട്ട് വേണം IT Enabled നെ കാണാന്‍. പക്ഷേ ക്ലാസ് റൂമുകളില്‍ ഇന്നും അത് വേണ്ട വിധം ഉപയോഗപ്പെടുന്നില്ല എന്നത് യാഥാര്‍ഥ്യം തന്നെയാണ്. മറ്റെല്ലാ മേഖലകളും ഐ.ടി.യിലേക്ക് കളം മാറിയപ്പോള്‍ നാമിപ്പോഴും ഈ അറിവിനെ പേടിച്ച് മാറി നില്‍ക്കുകയാണ്. ഈ ടൂള്‍ കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ക്ക് താല്പര്യമില്ല, അല്ലെങ്കില്‍ സര്‍ക്കാര്‍ സ്കൂളിലൊഴികെ ഇതിന് സാഹചര്യമില്ല എന്നതാവും ശരി. ചുരുക്കം ചില്ര്‍ ശാസ്ത്രവിഷയങ്ങളില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള പഠനം എന്ന മാതൃക അവലംബിക്കുന്നുണ്ടെങ്കിലും മാനവിക വിഷയങ്ങളില്‍ വെറും വീഡിയോ കാണിക്കലിലേക്ക് അത് ചുരുങ്ങിപ്പോകുന്നു. അതും വിരലിലെണ്ണാവുന്ന അധ്യാപകര്‍ എന്ന് വേണമെങ്കില്‍ പറയാം..വിവരശേഖരണത്തിനും പങ്കുവെക്കലിനും ഇന്റര്‍നെറ്റിന്റെ സാധ്യതയെ മാനവിക വിഷയങ്ങളില്‍ ഉപയോഗിച്ച് കൂടെ.. Drawing ടീച്ചറോളം ഈ ടൂള്‍ ഉപകാരമുള്ള മറ്റേത് വിഷയമാണ് ഇന്ന് സ്കൂളിലുള്ളത് ? പ്രസന്റേഷന്‍ സോഫ്റ്റ്‍വെയറിന്റെ സാധ്യത പോലും പ്രയോഗിക്കാന്‍ പലരും തയ്യാറല്ല.( എല്ലാവരും എന്നല്ല, ഭൂരിഭാഗവും എന്ന് പറയാം) നമ്മുടെ പൊതുവിദ്യാലങ്ങളിലെ അധ്യാപകര്‍ ഇതിന് പുറംതിരിഞ്ഞ് നില്‍ക്കുമ്പോള്‍ പല അണ്‍-എയ്ഡഡ് സ്കൂളുകളിലും ഈ ടൂള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ സ്വന്തം കുട്ടികള്‍ അണ്‍-എയ്ഡഡിലായതിനാല്‍ അവിടെ ടെക്നോളജി വേണമല്ലോ ?
ഐ.ടി.ട്രെയ്നിംഗുകളില്‍ പങ്കെടുക്കുന്നത് തന്റെ മകന് വല്ലതും പറഞ്ഞ് കൊടുക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞ ഒരു അധ്യാപികയെ ഓര്‍ത്ത് പോകുന്നു.
പഴയ തലമുറ പോകട്ടെ, ഇപ്പോള്‍ പുറത്തിറങ്ങുന്ന ബി.എഡ്,/ ടി.ടി.സി. ബിരുദധാരുകളുടെ നിലവാരം സാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? മാര്‍ക്കില്ലാത്തതിനാല്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ആവാന്‍ പറ്റാത്തവരാണ് (പഴയ 210 കാര്‍ ) ഇന്ന് അധ്യാപക മേഖലയിലേക്ക് വരുന്നത്. അല്പം മാര്‍ക്ക് വാങ്ങിയാല്‍ പിന്നെ ടീച്ചറാവേണ്ട. മാത്രമല്ല, മാര്‍ക്ക് കുറഞ്ഞവര്‍ക്കും ടീച്ചറാവാന്‍ ധാരാളം സ്വാശ്രയകോളേജുകള്‍ നമ്മെ കാത്തിരിക്കുന്നുണ്ടല്ലോ ?കണ്ണൂര്‍ ഡയറ്റില്‍ പോയപ്പോള്‍ വേറൊരു അനുഭവം. അവിടെ ടി.ടി.സിക്ക് 2 ബാച്ചിലായി ആകെ രണ്ട് ആണ്‍ അധ്യാപകവിദ്യാര്‍ഥി മാത്രമേ പഠിക്കുന്നുള്ളു...എന്ത് കൊണ്ടാണ് പുരുഷന്‍മാര്‍ ഈ മേഖല ഉപേക്ഷിക്കുന്നത് ? ഇനി മാഷമ്മാര്‍ ഇല്ലാത്ത സ്കൂളുകളാണ് നമ്മുടെ പുതുതലമുറയെ കാത്തിരിക്കുന്നത് ?

Hassainar Mankada said...
This comment has been removed by the author.
Hassainar Mankada said...
This comment has been removed by the author.
Hassainar Mankada said...
This comment has been removed by the author.