10 April 2010

നാദമേളം

1.

ഒന്നാം കാലത്തില്‍ ഉര്‍വീതല സുഭഗതയെ,മുറുക്കിച്ചേര്‍ത്ത വട്ടത്തില്‍,
നീളും കോലില്‍ ചെണ്ടപ്പുറത്തായ് ചലനരഹിതമായ് മന്ദതാളത്തിലായി
കൊട്ടിച്ചേര്‍ക്കുന്നു തായമ്പകയുടെ മുഖമൊഴിയായ്, ഭൂമിയെ, സര്‍വ-
ജീവന്നാസ്ഥാനം നല്‍കു മമ്മപ്രകൃതിയെ നിതരാം സാദരം സന്ധ്യതന്നില്‍

2.

കാലം രണ്ടില്‍ കളിമ്പത്തൊടു തിരതല്ലുന്ന നീരത്തിനാലേ
ദാഹം തീര്‍ക്കാന്‍ നിറപ്പൂ പൃഥിവിയില്‍ ഒഴുകും കോല്‍ത്തലപ്പാല്‍ സദസ്സില്‍
മന്ദം തന്‍ വിരലാലെ താമര രചിക്കുന്നൂ നറും തേനുമായ്
കാണാം ദൃശ്യമനോഹരം സരസുപോല്‍തായമ്പകാഖ്യം കല

3.

കാലം മൂന്നിതു തൈജസം സരഭസംതീജ്വാലകള്‍ പൊങ്ങിടും
കാലം, കോല്‍, വിരലൊക്കെയും നിറയുമീ ഊര്‍ജ്ജപ്രവാഹങ്ങളില്‍
മുന്നില്‍ വന്‍ തിരിയിട്ടു കത്തിടുമഹോദീപം ചലിക്കും ജ്വലന്നാളത്താല്‍
പകരാന്‍ ശ്രമിച്ചിടുമുടന്‍ മേളപ്രഹര്‍ഷങ്ങളെ.

4.

(നാലാം കാലത്തില്‍)

കൊടുംകാറ്റിന്‍ ഗാം ഭീര്യം കൈവരുമുടന്‍ ശക്തിവിപുലം,
തുടങ്ങും മേളത്തില്‍ കടപുഴകിടും ഗര്‍വമഖിലം,
അടങ്ങും കാലത്തിന്‍ വിടവുകളില്‍ ആകാശമഖിലം,
പെരുക്കും മേളത്തില്‍, സ്മൃതിയില്‍ നിറയും തത്വമഖിലം.

5

കല്ലൂര്‍ കൊട്ടിനിറപ്പു പൃഥ്വിയെ മുദാ കാലത്തിനൊന്നില്‍
ചലല്‍ വേഗം പൂണ്ട ജലത്തെ രണ്ടില്‍,നിഭൃതംതേജസ്സിനെ മൂന്നിലും
നാലില്‍ വായുവെ,പഞ്ചഭൂത മിവിടെ കാലങ്ങളോരോന്നിലായ്
ആകാശത്തെ നിശൂന്യ വേളകളിലും സമ്മേളനം മേളനം

(കല്ലൂര്‍ രാമങ്കുട്ടിയുടെ തായമ്പക)

1 comment:

Junaiths said...

മനോഹരം,ആശംസകള്‍