27 March 2010

ചൂടുകുറയുന്ന പരീക്ഷകൾ

വേനൽ ചൂട് പാലക്കാട് 42 ഡിഗ്രിവരെ രേഖപ്പെടുത്തി പിന്നെ താണു. അസഹനീയാവസ്ഥ ഇപ്പോളില്ല. അതിനിടയ്ക്ക് ഒരു മഴ കിട്ടി. എസ്.എസ്.എൽ.സി പരീക്ഷയും ഇതുപോലെ ചൂടു കുറഞ്ഞു വരുന്ന കഥ ഐ.ടി.പരീക്ഷമുതൽ കാണാം. ഐ.ടി. എളുപ്പമയിരുന്നു. സോഷ്യൽ സയൻസ് അതിലും എളുപ്പം. ഇന്നത്തെ ബയോളജി പുതുമഴ കിട്ടിയ സുഖം. കുട്ടികളും അധ്യാപകരും ഒക്കെ സമ്മതിക്കുന്നു. വളരെ എളുപ്പം. സുഖമായി ജയിക്കും.
പാഠപുസ്തകത്തിൽ നിന്നു നേരിട്ടുള്ള ചോദ്യങ്ങൾ. എല്ലാ യൂണിറ്റും സ്പർശിച്ചു പോയി. ഭൂരിഭാഗം ചോദ്യങ്ങൾക്കും അര, ഒന്ന് സ്കോർ. ഒരെണ്ണം തെറ്റിയാലും അമ്പേപോകില്ല.വിട്ടഭാഗം പൂരിപ്പിക്കുക എന്ന പഴയ ചോദ്യത്തെ അനുസ്മരിപ്പിക്കുന്ന 4-5 ചോദ്യങ്ങൾ. ഒക്കെ ഒരു വാക്ക് അര വാക്ക് ഉത്തരം. അതൊക്കെ പാഠങ്ങളിലുള്ളത്. അധ്യാപിക ക്ലാസിൽ സംസാരിച്ചത്.പലവട്ടം പാഠങ്ങൾ വായിച്ചതുകൊണ്ട് ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നത്.
മറ്റെല്ലാ പരീക്ഷകളിലും കണ്ടതിനേക്കാൾ ഓർമ്മ ഉപയോഗിച്ചത് ബയോളജി പരീക്ഷയാകുന്നു. ബയോളൊജിക്കൽ നാമപദങ്ങൾ മന:പ്പാഠമാക്കതെ വഴിയില്ലല്ലോ. അവയവ ഭാഗങ്ങൾ, രോഗങ്ങൾ, രോഗലക്ഷണങ്ങൾ തുടങ്ങി മന:പ്പാഠമാക്കേണ്ടിവന്നതൊക്കെ എഴുതിവെക്കേണ്ടിവന്നു. ഓർമ്മിച്ചതുകൊണ്ട് സുഖമായി എഴുതി. ജയിക്കും. നന്നായി ജയിക്കും.പരീക്ഷഹാളിൽ നിന്നിറങ്ങുന്നതോടെ ഈ പേരുകളൊക്കെ മറക്കാം. കഴിഞ്ഞകാലങ്ങളിൽ പരീക്ഷയെഴുതിയവരിൽ മഹാഭൂരിപക്ഷവും ഇതൊക്കെ മറന്നിരിക്കുന്നുവെന്ന് ആർക്കാണറിയാത്തത്? നിർബന്ധിത ഓർമ്മയുടെ ഒരു ശക്തിയാണിത്. താൽക്കാലിക ഓർമ്മകളിൽ നിന്ന് ബയോളജി പഠനം മാറ്റാൻ പറ്റില്ലേ എന്നാലോചിക്കണം നമ്മൾ.
മൊത്തം 23 ചോദ്യങ്ങൾ. ഒന്നിനു മാത്രം ചോയ്സ്. അതും ഒരേ വർഗ്ഗത്തിൽ പെട്ട അറിവിന്ന് ചോയ്സ്. (അതുകൊണ്ടുതന്നെ ആ ചോയ്സ് ഗുണം ചെയ്തില്ല.) ഒരു മാറ്റം കണ്ടത് ഹൃദയത്തിന്റെ ചിത്രം വരയ്ക്കാൻ ചോദിച്ചു. മിടുക്കിക്കുട്ടികളൊക്കെ ചോദ്യകർത്താവിനെ പറ്റിച്ചു. ചോദ്യപേപ്പറിൽ നിന്ന് അസ്സലായി ട്രൈസ് എടുത്തു.പകർത്തി വരച്ചു. അല്ലെങ്കിലും പകർത്തിവരയ്ക്കൽ ഒരിക്കലും ബയോളജിയിയുടെ ശേഷിയായി കാണാനിടയില്ല; അപ്പോൾ കുഴപ്പമില്ല. പാഠപുസ്തകത്തിൽ നിന്നല്ലാതെ ചോദിച്ച ഒരേഒരു ചോദ്യം 6 ലെ 2. അതു അധ്യാപകസഹായിയിലുള്ളതെന്ന് ടീച്ചർ പറഞ്ഞു. കുട്ടികൾ ‘ മണ്ണിര’ എന്നെഴുതിയിരുന്നു. അതു തന്നെയാണത്രേ അധ്യാപക സഹായിയിലും. അപ്പോൾ രഷപ്പെട്ടെന്നു കുട്ടികളും!
ചോദ്യം 7 മിക്കവരും തെറ്റിക്കും. അതു കുട്ടിയുടേയോ അധ്യാപികയുടേയോ തെറ്റല്ല. Short sight, Long site എന്നീ ടേംസിന്റെ പ്രശ്നമാണത്. പഠിപ്പൊക്കെ കഴിഞ്ഞു മുതിർന്ന് വയസ്സാകുമ്പോഴാണ് ഏ തു കുട്ടിക്കും Short sight, Long site എന്നിവ മനസ്സിലാകുക. നമുക്കും ഇപ്പോഴല്ലേ വ്യക്തമായിട്ടുള്ളൂ. ഇപ്പൊഴും ഇതിൽ വ്യക്തതയില്ലാത്ത ആളുകളുണ്ടാകും. അല്ലെങ്കിലും അറിവു നാലിലൊന്നും ഉണ്ടാവുന്നത് ‘കാലക്രമേണ..’ എന്നാല്ലേ.(ആചാര്യാൽ പാദമാദത്തം, പാദം ശിഷ്യ സ്വമേധയാ…)
ചോദ്യം 12 ന്റെ പ്രസക്തി പെട്ടെന്നു മനസ്സിലാവില്ല. പോസ്റ്റർ രചന ഒരു ഭാഷാശേഷിയാണ്. അതെങ്ങനെ ഒരു ജീവശാസ്ത്ര ശേഷിയാവുന്നു? പാഠ്യവസ്തുതകളെ സാമൂഹ്യപ്രശ്നങ്ങളുമായി കണ്ണിചേർക്കുന്നതിന്റെ പ്രസ്ക്തിയാവാം ഇതിൽ എല്ലാരും മനസ്സിലാക്കേണ്ടത്. അത്രയും നല്ലത്.
ഒറ്റനോട്ടത്തിൽ ജീവശ്ശാസ്ത്ര പരീക്ഷ കുട്ടികൾക്ക് വിജയത്തിന്റെ ഊർജ്ജം നൽകുകതന്നെ ചെയ്തു. പത്താം ക്ലാസിലെ ബയോളജി പരീക്ഷ ഇത്രയൊക്കെ മതിയോ എന്ന ചർച്ച തീർച്ചയായും ഇനി ഒരിക്കലാവാം.

Published in Madhyamam Daily on 28-3-2010

No comments: