19 February 2010

ശീർഷകത്തിന്റെ ഔചിത്യം കുറിക്കുമ്പോൾ

ഗജേന്ദ്രമോക്ഷം- എന്ന കവിതയുടെ ശീർഷകം പരിശോധിച്ചു ഒരു ചെറുകുറിപ്പ് തയ്യാറാക്കുക. ഇതുപോലൊരു ചോദ്യം മിക്കവറും കാണും. ഇതിൽ രണ്ടു സംഗതികൾ പരിശോധിക്കപ്പെടുന്നുണ്ട്. ഒന്ന് ‘ശീർഷകം’ എന്ന വ്യവഹാരരൂപത്തിന്റെ ഘടനാപരമായ അറിവ്, രണ്ട് കവിതയിലെ ഉള്ളടക്കവും ശീർഷകവും തമ്മിലുള്ള ചേർച്ച. ഇതു രണ്ടും അറിയുന്ന കുട്ടിക്ക് അവളുടെ മികച്ച ഉത്തരം എഴുതാൻ സാധിക്കണം. തന്നെയുമല്ല സ്വന്തം ചിന്തയുടെ ഫലമായ , മൌലികമായ നിരീക്ഷണവും ഉൾപ്പെടണം.

ശീർഷകം- രൂപഘടന
സംക്ഷിപ്തത
ആകർഷത്വം
സമഗ്രത
ധ്വന്യാത്മകത

പരിശോധന
ആദ്യം സംക്ഷിപ്തത വിശദീകരിക്കണം.ഉള്ളടക്കം മുഴുവൻ ധ്വനിപ്പിക്കുന്ന ഏറ്റവും ചെറിയ പദപ്രയോഗം ആണല്ലോ ‘ഗജേന്ദ്രമോക്ഷം’ എന്ന ശീർഷകം. 5 അക്ഷരങ്ങളിൽ ഒരു പുരാണകഥയുടെ ഉള്ളടക്കം മുഴുവൻ നൽകുന്നു. ഇന്ദ്രദ്യുംനരാജവിന്റെ കഥ മഹാഭാഗവതത്തിൽ പ്രദിപാദിക്കുന്നുണ്ട്. അവിടെയും ശീർഷകം ഗജേന്ദ്രമോക്ഷം എന്നു തന്നെയാണ്. രാജാവിനു കിട്ടിയ ശാപവും അതിന്റെ ശാപമോക്ഷവും ആണ് പുരാണകഥ. രാജാവ് ആനയായിത്തീരുകയും മഹാവിഷ്ണു മോക്ഷം നൽകുകയും ആണ്. വളരെ പ്രസിദ്ധമയ കഥ. ശീർഷകവായനയിൽ നിന്നു മുഴുവൻ കഥയും ആർക്കും വായിച്ചെടുക്കാം. ഇതിനു പകരം മറ്റെന്തേങ്കിലും ആയിരുന്നു തലക്കെട്ടെങ്കിൽ നല്ലൊരു വ്യാഖ്യാനത്തിന്റെ സഹായത്തോടെ മാത്രമേ സംഗതി പിടികിട്ടുമായിരുന്നുള്ളൂ. അല്ലെങ്കിൽ കവിത മുഴുവൻ വായിച്ചറിഞ്ഞതിനു ശേഷവും.

ഗജേന്ദ്രമോക്ഷം എന്ന തലക്കെട്ടിന്റെ ആകർഷകത്വം നോക്കൂ: രണ്ടു ചെറിയ പദങ്ങൾ-ഗജേന്ദ്രൻ, മോക്ഷം- കൂട്ടിച്ചേർത്തൊരു സമസ്തപദം. ഒറ്റപ്പദങ്ങളേക്കാൾ കെട്ടുറപ്പ് സമസ്തപദങ്ങൾക്കുണ്ട്. സമസ്തപദങ്ങൾ അധികം ആശയങ്ങൾ പ്രസരിപ്പിക്കുന്നവയാണ്. വളരെ ശുഭസൂചകമായ ഒരു പദം. മോക്ഷം എന്ന പദഭാഗം നൽകുന്ന സൂചന അതാണ്. മുതിർന്ന ആളുകൾക്ക് വളരെ ഇഷ്ടപ്പെടുന്നത് ആണല്ലോ ‘മോക്ഷം’. രാജാവിന്ന്(ഗജേന്ദ്രന്ന്) മോക്ഷം ലഭിക്കുന്നതാണല്ലോ കഥ. ഉള്ളടക്കത്തിന്റെ ഗാംഭീര്യം മുഴുവൻ ശീർഷകത്തിലുണ്ട്. മോക്ഷം കിട്ടിയ ആനയുടെ കഥ, ആനമോക്ഷം…എന്നൊക്കെയയിരുന്നെങ്കിൽ ഒരുതരത്തിലും ഈ കവിത വായനക്കരനെ ആകർഷിക്കതെ പോയേനേ എന്നു പറയേണ്ടതില്ലല്ലോ. പുരാണകഥയായതുകൊണ്ടും ആയതു ആധുനികമനുഷ്യന്റെ ജീവിതത്തെ വ്യാഖ്യാനിക്കുന്നതിലൂടെ നല്ലൊരു കവിതയായിത്തീരുന്നതുകൊണ്ടും തലവാചകത്തിന്റെ ഗാംഭീര്യം മുഴുവനും പ്രതിഫലിപ്പിക്കുന്നു ഈ പദം. സംസ്കൃതത്തിന്റെ ഒരു ആധികാരികതയും കൂട്ടത്തിൽ നമുക്ക് പരിഗണിക്കാൻ തോന്നും.

ശീർഷകത്തിന്റെ സമഗ്രത എന്നത് ഉള്ളടക്കവുമായി എത്രമത്രം ഒത്തുപോകുന്നു എന്നതിന്റെ അടിസ്ഥാനം ആകുന്നു. വളരെ വ്യാഖ്യാനങ്ങൾക്കു ശേഷം ഉള്ളടക്കവും ശീർഷകവുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന പ്രയോഗങ്ങൾ ഉണ്ടല്ലോ. പണ്ട് ‘ലങ്കാദഹനം‘ എന്ന സിനിമാപ്പേരുകണ്ട് പുരാണകഥയാണെന്നു കരുതി ഭക്തിപൂർവം സിനിമക്കു പോയവർ ഒരു സി.ഐ.ഡി.കഥ കണ്ടു തിരിച്ചുപോന്ന് ചീത്തവിളിച്ച സംഭവം കേട്ടിട്ടുണ്ടാവും; പഴമക്കർ പറയും. പലപ്പോഴും ആകർഷിക്കുന്ന ശീർഷകം നൽകുകയും ഉള്ളടക്കവുമായി വിദൂരബന്ധം പോലും ഇല്ലാതിരിക്കുകയും ചെയ്യാറുണ്ട്. ഇവിടെ തലക്കെട്ട് തന്നെ കഥ മുഴുവൻ കെട്ടഴിക്കുന്നു വായനക്കാരുടെ മുന്നിൽ. യാതൊരു ദുരൂഹതയും ബാക്കിവെക്കാതെ കഥാവസാനം –മോക്ഷം-എന്നു വരെ. മോക്ഷം എങ്ങനെ എന്ന ഒരാകാംക്ഷ വായനക്കരിൽ ഉൽപ്പാദിപ്പിക്കുന്നു. തുടർവായനക്ക് പ്രേരിപ്പിക്കുന്നു. കവിതയുടെ രചനാഭംഗിയിൽ ഒരു പുരാണകഥക്കപ്പുറം കിടക്കുന്ന മനുഷ്യജീവിതത്തെസംബന്ധിക്കുന്ന കവിയുടെ നിരീക്ഷണങ്ങൾ ഇതൾവിരിയുന്നു. ദാർശനികമായ ഒരു മണ്ഡലത്തിലേക്ക് വായനക്കാരനെ എത്തിക്കുന്നു.ഹിന്ദുപുരാണത്തിൽ വിവരിക്കുന്ന ഒരു പുരാണകഥ എന്ന ചെറിയവൃത്തം വിട്ട് കവിത മുഴുവൻ മനുഷ്യന്റേയും – മതേതരമായ ഒരു ജീവിതദർശനത്തിലേക്ക് വായനക്കാരെ കൊണ്ടുചെല്ലുന്നു. ശാപ-പാപ-മോക്ഷങ്ങളുടേ കഥകൾ എല്ലാ മതദർശനങ്ങളിലും ഉള്ളതണല്ലോ. പാപമോചനത്തിന്നുള്ള വഴികൾ പലതെന്നു പറയുന്നുണ്ട് എന്നു മാത്രം. വഴികൾ നിശ്ചയിക്കുന്നത് ഓരോ സാമൂഹ്യ-സാംസ്കാരിക ചുറ്റുപാടുകൾ തന്നെയുമെത്രേ.

മനുഷ്യമനസ്സിന്റെ അഹംകാരത്തിന്റെ ബിംബമായാണ് ‘ആന’ സൂചിപ്പിക്കപ്പെടാറ്-രതിമോഹങ്ങളുടെ മനോബിംബം സർപ്പം ആണല്ലോ-അതുപോലെ. ആനയുടെ കറുപ്പും വലിപ്പവും സ്ഥാവരത്വവും ഒക്കെ ഇതിന്ന് കാരണമാവാം. അഹംകാരം നശിക്കുന്നത് പീഡനങ്ങൾ ഏൽക്കേണ്ടിവരുമ്പോഴാണ്. സ്വയം ശരീരത്തെ പീഡിപ്പിച്ചു അഹംകാരം കളഞ്ഞു മോക്ഷംപ്രാപികുക എന്നത് എല്ല മനുഷ്യവംശങ്ങളുടേയും എക്കാലത്തേയും രീതിയാണ്. ഇതു ആചാരവും അനുഷ്ടാനവും ഒക്കെയായി സംസ്കാരങ്ങളിൽ നിറയുന്നു. ഉപവാസം, ശൂലംതറയ്ക്കൽ, തീയിൽചാടൽ, കുരിശാരോഹണം എന്നിങ്ങനെ പലരൂപങ്ങളിൽ ഇതു കാണാം.സുഗതകുമാരിയുടെ കവിതയും മനുഷ്യാഹങ്കാരത്തിന്റെ- പാപശമനത്തിന്റെ കഥയാണ്. പാപശമനം സഹനത്തിലൂടെയാണുതനും. പീഡനങ്ങളുടെ നരകപർവ്വങ്ങൾ കടന്നു അവസാനം മോക്ഷത്തിന്റെ തെളിവെളിച്ചത്തിലെത്തുകയാണ് രാജാവ്. ഒരിക്കൽ അഗസ്ത്യമുനിയെ കളിയാക്കിയതിന്നുള്ള ശാപമായിരുന്നല്ലോ ഇന്ദ്രദ്യുംന ന്നന്ന് ലഭിച്ചത്. അഹംകാരം മൂലമായിരുന്നു കളിയാക്കൽ. സമസ്താപരാധം പറഞ്ഞ രാജാവിന്ന് മഹർഷി ശാപമോക്ഷവും നൽകിയിരുന്നു. അതിശക്തമായ അഹംകാരത്തിന്റേയും പാപത്തിന്റേയും സൂചന നലകാൻ തന്നെയാണ് ‘ഗജേന്ദ്രൻ’ എന്ന പദം. അല്ലെങ്കിൽ ഗജമോക്ഷം എന്നുമതിയായിരുന്നല്ലോ. മോക്ഷം മോചനം തന്നെ. ഈ സംസാരസാഗരത്തിൽ നിന്നുള്ള മോചനം …എന്നൊക്കെയല്ലേ പറയാറ്? തടാകം സംസാരസാഗരം തന്നെ. കണ്ണീരും ചോരയും വേദനയും നിറഞ്ഞ തടാകം ജീവിതസാഗരമല്ലാതെന്തു? അതിലെ പൂക്കളൊക്കെ ഇറുത്ത് പൂജിക്കുകയും ഭഗവത് ദർശനം സാധിതമാക്കുകയും ചെയ്യുന്നു ഭക്തൻ. ‘ഗജേന്ദ്രമോക്ഷം’ എന്ന ഒരു പദം ഇത്രയും അർഥതലങ്ങൾ ഉൾക്കൊള്ളുന്നുവെന്നു കാണാമല്ലോ?
ശീർഷകംത്തിന്റെ രൂപഘടനയും ഉള്ളടക്കവും ഇങ്ങനെ വിശദമായി അറിയുന്നതിലൂടെ നമ്മുടെ കുറിപ്പ് മികച്ചതാക്കാൻ കഴിയും. ഈ മികവിന്നാണ് എ+ ലഭിക്കുന്നത്. മൌലികത എന്നൊക്കെ പറയുന്നത് ഇതല്ലേ? ഇതു സാധിക്കണമെങ്കിൽ ധാരാളം വായനയും അധികം ക്ലാസ്രൂം പ്രവർത്തനങ്ങളും ഉണ്ടായേ തീരൂ. വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന ചർച്ചകൾ ക്ലാസിൽ നടക്കണം. ഇതൊക്കെയാണു അധ്യപിക ചെയ്യുന്നത്. ഇതിന്റെ ഗുണഫലം റിസൽട്ടിൽ പ്രതിഫലിക്കും എന്നും തീർച്ച.
sujanika@gmail.com

No comments: