18 December 2009

‘ഒടും പാളയും’

ഓടും പാളയും ഒരു പ്രതീകം ആകുന്നു. ഇതു ഒരു രീതി ശാസ്ത്രവും തനി കേരളീയമായ ഒരു ജ്ഞാനശാസ്ത്രശാഖയും ആകുന്നു.

നമ്മുടെ കാരണവന്മാർ രൂപപ്പെടുത്തിയ ഒരു പ്രശ്നപരിഹാരരീതിയാണിത്. അന്നു വീടുകൾ മിക്കതും ഓടിട്ടവയായിരുന്നു. ഇന്നത്തെപ്പോലെ ടെറസ്സിന്നു മുകളിൽ ഓട് കമഴ്ത്തിവെച്ചതല്ല. കഴുക്കോലും ഉത്തരവും പട്ടികയും അടിച്ചു അതിനു മുകളിൽ ഓട് പാകും. താമസിക്കാൻ നല്ല സുഖമുള്ളവ.
പക്ഷെ, ചിലപ്പൊൾ ചില ഓടുകൾ പൊട്ടും. ‘പുരപ്പുറത്തു കല്ലിട്ട് മുതുകു കാണിക്കുന്നവർ‘ അന്നുണ്ടായിരുന്നു. അല്ലെങ്കിൽ ‘പുരക്കുമുകളിൽ ചാഞ്ഞ കൊമ്പ് മുറിക്കാൻ‘ മടിച്ചവർ. ഇത്തരക്കരുടെ പുരപ്പുറത്തെ ഓടുകളാണ് സാധാരണ പൊട്ടിയിരിക്കുക.ആദ്യമഴയിൽ തന്നെ ഇതു മനസ്സിലാവും. പുര ചോരും. വെള്ളം അകത്തു വീഴും. ഉണ്ണാനിരിക്കുന്നിടത്തും, കിടക്കുന്നിടത്തും ഒക്കെ ചോർന്നാൽ ഒരു സുഖമില്ല. ഓടുമാറ്റിവെക്കൽ എളുപ്പമല്ല. ഒരോട് മാറ്റാൻ പുരപ്പുറത്ത് കയറിയാൽ നാലോ അഞ്ചോ ഓട് മാറ്റേണ്ടിവരും. അപ്പോഴാണു കഴുക്കോലിന്റെ, പട്ടികയുടെ ചിതൽ തിന്ന അവസ്ഥ മനസ്സിലാവുക. അപ്പൊൾ അതും മാറ്റേണ്ടി വരും. ഇതൊക്കെ മഹാപാടാണ്. ഇതിന്നൊരു പരിഹാരമാണ് ‘പാള’.

നല്ല കവുങ്ങിൻപാള നീളത്തിൽ മുറിച്ചെടുത്തു ചോർച്ചയുള്ള ഓടിന്റെ താഴെ പട്ടികയിൽ തിരുകി ഉറപ്പിച്ചു വെക്കും കാരണവർ. അകത്തുനിന്നു പാളക്കീറ് കാണാം. ഒന്നോ രണ്ടോ സ്ഥലത്തെ ചോർച്ച തൽക്കാലം ഇങ്ങനെ അടച്ചു ചോർച്ച പ്രശ്നം അസ്സലായി പരിഹരിക്കും.

ഇങ്ങനെ ഒരു നാലഞ്ചുകൊല്ലം കഴിയുമ്പോഴേക്ക് നിരവധി പാളക്കീറുകൾ ഓടിന്നടിയിൽ തിരുകിയിരിക്കും. അടുത്തകൊല്ലം മുഴുവൻ ഓടും മാറ്റി, അതോടൊപ്പം പട്ടികയും കഴുക്കോലും ഉത്തരവും കട്ടിളയും ജനലും വരെ (ഈർപ്പവും ചിതലും വേണ്ടതു ചെയ്തിരിക്കും) മാറ്റി വെച്ചാലേ അകത്തു കിടക്കാനാവൂ എന്നവസ്ഥ ഉണ്ടാവും.

നമ്മുടെ മേലധികാരികൾ, ഹേഡ്മാഷന്മാർ, ജില്ല സംസ്ഥാന അധികാരികൾ , മന്ത്രിമാർ…..എല്ലാരും പ്രശ്നം പരിഹരിക്കുന്നതിൽ ‘ഓടും പാളയും’ വിദ്യ പ്രയോഗിച്ചുകൊണ്ടിരിക്കയാണ് എന്നു മനസ്സിലാക്കാൻ നമുക്കവുന്നില്ലേ? ഏതാപ്പീസിലു ഏതു ഫയലാ വേണ്ടതുപോലുള്ളത്? എന്തു കാര്യാ വേണ്ടതുപോലുള്ളത്? തൽക്കാലം പ്രശനം പരിഹരിക്കണം എന്നല്ലതെന്താ നടക്കുന്നത്? അതിനെത്ര പണമാ സർക്കാർ ചെലവാക്കുന്നതു? എല്ലാ സ്ഥാപനങ്ങളുടെയും മേൽക്കൂരകൾ ഓടിനേക്കാൾ അധികം പാളക്കീറുകൾ തിരുകപ്പെട്ടു നിൽക്കുകയല്ലേ? പ്രശ്നപരിഹാരത്തിന്റെ കേരളീയമായ ജ്ഞാനരൂപം നാം ഇങ്ങനെ സംരക്ഷിക്കുന്നതിൽ അഭിമാനിക്കാം.
sujanika@gmail.com