16 October 2009

ആരോഗ്യപ്പഴമ

ഗതകാല സംസ്കൃതികൾ അമൂല്യനിധികളാണെന്നതുകൊണ്ടുതന്നെ എല്ലാ ക്ലാസുകളിലും വിവിധരൂപങ്ങളിൽ ഇതെല്ലാം പാഠ്യവിഷയങ്ങളാണ്.ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മുടെ പഴയരീതികൾ ഇങ്ങനെയൊക്കെയാണ്.

ജീവ:ശരദശ്ശതം
ആരോഗ്യസംരക്ഷണം ഇന്നലെകളിൽ

മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ ഭക്ഷണം, വസ്ത്രം , പാർപ്പിടം എന്നിവയാണല്ലോ. എന്നാൽ ഇതു മാത്രമാണോ പ്രാഥമികം?ജീവിതവും ജീവിതാവശ്യങ്ങളും ജീവിതലക്ഷ്യങ്ങളും ഒക്കെ എക്കാലത്തും ഒന്നാണോ? പ്രാകൃതദശയിൽ നിന്നു ആധുനികദശയിലേക്കുള്ള മനുഷ്യവികാസം അവന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടിക വളർത്തിയിട്ടുണ്ട്.ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിൽ നിന്ന് ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം, വിനോദം….എന്നിങ്ങനെ.അങ്ങനെയൊക്കെയാണു മനുഷ്യജീവിതം അർഥപൂർണ്ണവും സാമൂഹികവും ഒക്കെ ആവുന്നത്.

ആരോഗ്യപരിപലനം-ഒരമ്പതു വർഷം മുൻപ്

വളരെ പഴയകാലത്തെ ആരോഗ്യപരിചരണരീതികൾ നമുക്കത്ര പരിചയമില്ലെങ്കിലും (അതൊക്കെ പഴയ ഗ്രന്ഥങ്ങളിൽ ഉണ്ട്) ഒരമ്പതു കൊല്ലം മുൻപത്തേത് കാരണവന്മാരിൽനിന്നു അന്വേഷിച്ചു കണ്ടെത്താനാകും.
ശാരീരികവും മാനസികവും സാമൂഹ്യവുമായ സുസ്ഥിതിയാണ് ആരോഗ്യം.ഇതിനു വിരുദ്ധമാകുന്നതാണ് അനാരോഗ്യം-രോഗം.ജനനം മുതൽ മരണം വരെ മൌഷ്യനെ അലട്ടിയിരുന്ന നിരവധി രോഗങ്ങളുണ്ട്. ഇവയെ നേരിട്ടിരുന്നതെങ്ങനെയെന്ന അറിവ് ഇന്നു വളരെ പ്രയോജനം ചെയ്യും.

പൊതുവെ മനുഷ്യർ കഠിനാധ്വാനികളും ആരോഗ്യവാന്മാരുമായിരുന്നു. ‘നല്ല ആരോഗ്യം ഉണ്ടാവണേ‘ എന്നായിരുന്നു എല്ലാരുടേയും പ്രാർഥന.കുട്ടികൾപോലും ഈശ്വരനോട് പ്രാർഥിക്കുക ‘വാവു പിടിക്കരുതേ’ എന്നായിരുന്നു.രോഗങ്ങൾക്കെതിരെ ചികിത്സയും, പൂജകളും,നേർച്ചകളും, മന്ത്രവാദവും ഒക്കെ പതിവായിരുന്നു.മേലേക്കിടയിലുള്ളവർ അധ്വാനം കുറവായിരുന്നുവെങ്കിലും വ്യായാമാദികാര്യങ്ങളിൽ ശ്രദ്ധയുള്ളവരായിരുന്നു. മാത്രമല്ല, മേലേക്കിടയിലുള്ളവരുടെ അസുഖങ്ങൾ രഹസ്യവും ആയിരുന്നു. സമ്പത്തും രോഗവും രഹസ്യമായിരിക്കണം എന്നായിരുന്നു അവരുടെ പ്രമാണം.സാധാരണക്കാരുടെ അധ്വാനം പാടത്തും പറമ്പിലും തന്നെയായിരുന്നു. 80-85 വയസ്സായിട്ടും ഒരു മുടിനാരുപോലും നരയ്ക്കാത്ത, ഒരു പല്ലുപോലും ഇളകാത്ത മുത്തശ്ശിമാരും മുത്തശ്ശന്മരും ഇന്നും ഉണ്ട്.അധ്വാനത്തിന്റെ മഹത്വം തന്നെയാണിത്.

ചികിത്സ-ഗാർഹികം

അസുഖം വന്നാൽ 90% ചികത്സയും ഗാർഹികം തന്നെയായിരുന്നു. പ്രായമുള്ളവർക്ക് ചികിത്സാ വിധികളറിയാമായിരുന്നു. മരുന്ന്, പഥ്യം എന്നിവയൊന്നും രഹസ്യമായിരുന്നില്ല. (പിന്നീടെപ്പോഴോ മരുന്നും ചികിത്സയും രഹസ്യമായതിന്റെ വഴികൾ അന്വേഷിക്കുന്നതു രസകരമായിരിക്കും.) മരുന്നുകൾ വൈദ്യൻ കൊടുക്കുകയല്ല, മറിച്ചു വീട്ടിൽ തയ്യാറാക്കാൻ വേണ്ട അറിവുകൾ നൽകുകയാണ് ചെയ്തിരുന്നത്.ഗാർഹികമായ ചൊട്ടുവിദ്യകൾ കൊണ്ട് ഫലം കിട്ടാതെ വരുമ്പോഴേ വിദഗ്ധചികിത്സ തേടിയിരുന്നുള്ളൂ.വൈദ്യന്മാർ (നാട്ടുവൈദ്യന്മാരെന്നാണു പറയുക) പാരമ്പര്യമായി വൈദ്യന്മാരായവരായിരുന്നു. പാരമ്പര്യമായി പഠിച്ചത്.പാരമ്പര്യപഠനത്തിൽ അറിവ് മാത്രമല്ല കൈമാറുക, മറിച്ച് അനുഭവങ്ങൾ കൂടിയാണ്.ഇതിന്റെ മഹത്വം ഇന്നും അവഗണിക്കാനാവാത്തതാണ്.തുഛമായ പ്രതിഫലം കൊണ്ട് അവർ തൃപ്തരായിരുന്നു.പണത്തിനുവേണ്ടി ചികിത്സിക്കുന്നവർ തുലോം കുറവായിരുന്നു. ഗുരു, പഠനസമയത്ത് ഉപദേശിക്കുക ‘ ധനസമ്പാദനത്തിനായി നീ ഈ അറിവ് ഉപയോഗിക്കരുത്.ഇതു പാരമ്പര്യമായി നമുക്ക് ലഭിച്ചതാണ്. ആളുകൾ നിന്നിൽ സന്തോഷംകൊണ്ട് തരുന്നതു സ്വീകരിക്കാം’ എന്നാണ്. പൽപ്പോഴും ചക്ക, മാങ്ങ, വസ്ത്രം,നെല്ല്…തുടങ്ങിയവയായിരുന്നു ‘ഫീസ്’. ഈശ്വരാധീനമായിരുന്നു ചികിത്സയുടേയും രോഗശമനത്തിന്റേയും അടിസ്ഥാനം.

കഷായം, തൈലം, കുഴമ്പ് തുടങ്ങിയവ വീട്ടിൽ തന്നെ നിർമ്മിക്കണം. ചില ഗുളികകൾ വൈദ്യൻ നേരിട്ടു നൽകും. ഉരുളി, കലം എന്നിവയിൽ നീണ്ട പ്രക്രിയകളിലൂടെ മരുന്നുകൾ തയ്യാറാക്കും.പച്ചമരുന്നുകൾ വളപ്പുകളിൽ നടന്നു പറിച്ചെടുക്കണം. പെട്ടിമരുന്നുകൾ (കെമിക്കത്സ് )മാത്രമാണ് മരുന്നുകടകളിൽ നിന്നു വാങ്ങേണ്ടിവരുന്നത്.ഉഴിച്ചിൽ, നസ്യം, ധാര, പിഴിഞ്ഞുപാർച്ച തുടങ്ങിയവ വൈദ്യന്റെ മേൽനോട്ടത്തിൽ നടത്തും.

രോഗിയെ നേരിൽ കണുകയോ ‘തൊട്ടും പിടിച്ചും നോക്കുകയോ’ ഒന്നും സാധാരണ ആവശ്യമില്ല. രോഗവിവരം പറഞ്ഞുകൊടുത്താൽമതി. വേദനകൾ,ഭക്ഷണം, ശോധന, ഉറക്കം,ചുമ, കഫം…ഒക്കെ ചോദിച്ചു മനസിലാക്കും.പ്രതേകിച്ചും ഉയർന്നജാതിയിലെ സ്ത്രീകളുടെ രോഗവിവരം ദാസിമാരാണു വൈദ്യനെ ധരിപ്പിക്കുക.രോഗവിവരം കേട്ട് ചികിത്സ നിശ്ചയിക്കും.അസുഖം മാറിയാൽ വൈദ്യന്നു നല്ല സമ്മാനങ്ങൾ നൽകും.

‘നഗ്നപാദ ഡോക്ടർ’ മാരായിരുന്നു. വീടുകളിൽ ചെല്ലും. ‘സുഖവിവരം‘ അന്വേഷിക്കും.സ്ഥിരം ചികിത്സയുള്ള വീടുകൾ ഉണ്ടായിരുന്നു.വൈദ്യൻ വീട്ടിലെ ഒരംഗം പോലെ ആയിരുന്നു. എല്ലാരും ബഹുമാനിച്ചിരുന്നു.വിശേഷദിനങ്ങളിൽ സമ്മാനങ്ങൾ നൽകിയിരുന്നു. സമ്പന്നർ കൊല്ലത്തിരൊരിക്കൽ സുഖചികിത്സ പതിവായിരുന്നു.ചികിത്സ ആരംഭിക്കുന്നതിനു ‘നല്ല ദിവസം’ നോക്കിയിരുന്നു.ചികിത്സയുടെ കൂടെ പ്രാർഥനയും വഴിപാടുകളും ഉണ്ടാവും.




ഗർഭം-പ്രസവം-മരണം

ഗർഭവും പ്രസവവും ഒരിക്കലും ഒരു രോഗമയി കണ്ടിരുന്നുല്ല.ഗർഭശ്രൂഷയും പ്രസവപരിചരണവും പൂർണ്ണമായും വീട്ടിൽ ചെയ്യുന്നതും മുതിർന്നവരുടെ മേൽനോട്ടത്തിൽ അതു വളരെ ശ്രദ്ധാപൂർവ്വവും ആയിരുന്നു. മുത്തശ്ശിമാരുടെ മേൽനോട്ടത്തിൽ ‘സുഖപ്രസവം’ ഉറപ്പാക്കിയിരുന്നു.മാത്രമല്ല, ആദ്യ പ്രസവത്തിനേ വലിയ നോട്ടം വേണ്ടൂ.പിന്നെയൊക്കെ അമ്മമർ തന്നെ സ്വയം ചെയ്തുകൊള്ളും. 13-14 പ്രസവം ഒക്കെ ഉള്ളവരായിരുന്നു അന്നത്തെ അമ്മമാർ.ശുശ്രൂഷകളും പ്രസവരക്ഷയും ഒക്കെ വീട്ടിലെ എല്ലാരും ചേർന്നായിരുന്നു. പ്രസവസമയമടുത്താൽ ‘വയറ്റാട്ടിയെ’ വിളിക്കും. എല്ലാ നാട്ടിലും വിദഗ്ധകളായ വയറ്റാട്ടിമാർ ഉണ്ടായിരുന്നു.പ്രസവത്തിന്റെ ഓരോ ഘട്ടങ്ങളും ഇവർക്കറിയാമായിരുന്നു.
മരണവും ഒരു രോഗമായിരുന്നില്ല. ‘നോക്കി മരിപ്പിക്കുക’ എന്നാണ് പറയുക.നല്ല പരിചരണം നൽകിയിരുന്നു. മരണസമയം, മരണലക്ഷണം എന്നിവ അറിയുന്ന ‘നോട്ടക്കാർ’ ഉണ്ടായിരുന്നു.ശ്വാസരീതി, ദൈർഘ്യം എന്നിവ കൃത്യമായി മനസ്സിലാക്കി സമയം കണക്കാക്കും.

സാധാരണ രോഗങ്ങൾ

സാധാരണനിലയിൽ ചികിത്സ വേണ്ട രോഗങ്ങൾ കുറവായിരുന്നു.പനി, ജലദോഷം, ചുമ,വയറിളക്കം എന്നിങ്ങനെ സാധാരണ രോഗങ്ങൾ. ചികിത്സിച്ചാൽ 7 ദിവസം കൊണ്ട് മാറും; ചികിത്സിച്ചില്ലെങ്കിൽ ഒരാഴ്ച കൊണ്ടും മാറും എന്നായിരുന്നു പ്രമാണം.
കുട്ടികൾക്ക് ചൊറി, ചിരങ്ങ്, കരപ്പൻ എന്നിവ ചികിത്സവേണ്ട രോഗങ്ങളായിരുന്നു. തലവേദനയും വയറുവേദനയും കുട്ടികൾക്ക് സ്ഥിരം രോഗങ്ങളായിരുന്നു. ഭക്ഷണകര്യങ്ങളിലെ പ്രശ്നങ്ങളായിരുന്നു ഭൂരിപക്ഷം അസുഖങ്ങളും.ഇതൊന്നും ഗുരുതരമായ അവസ്ഥയിലെത്താറില്ല. കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാറില്ല.

ദീർഘകാല ചികിത്സ വേണ്ട രോഗങ്ങൾ വാതം, ക്ഷയം തുടങ്ങിയവയായിരുന്നു. ഇതുതന്നെ മിക്കവാറും മുതിർന്നവരിലേ കാണൂ.മരുന്നും കഷായവും തൈലവും ഒക്കെയായി കുറേകാലം ചികിത്സ വേണം. എന്നാലും ഇതൊക്കെയും പൂർണ്ണമായി ഭേദപ്പെടുന്നവയായിരുന്നു.

തലവേദനവന്നാൽ ആരും ഇന്നത്തെപ്പോലെ പരിഭ്രമിച്ചിരുന്നില്ല. സ്ത്രീകൾക്ക് മുലച്ചീര്, മാസമുറക്കാലത്ത് വയറുവേദന എന്നിവ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനൊക്കെ വീട്ടുചികിത്സകൾ ഉണ്ടായിരുന്നു. ചെവിവേദന, പല്ലുവേദന എന്നിവയും ശല്യക്കാരായിരുന്നു. പൊതുവെ എന്തു അസുഖമാണെങ്കിലും ജോലികൾ മുടക്കിയിരുന്നില്ല.അതു അടിമത്തം കൊണ്ടോ നിർബന്ധം കൊണ്ടോ ഒന്നു മായിരുന്നില്ല.‘രോഗം അതിന്റെ വഴിക്ക് വരും,പോകും..നിത്യവൃത്തികൾ മുടങ്ങരുതല്ലോ’ എന്നായിരുന്നു പ്രമാണം.

മുറിവുകൾ, വിഷബാധ എന്നിവ ശല്യംതന്നെയായിരുന്നു. ആയുധംകൊണ്ടും വീഴ്ച്ചകൊണ്ടും മുറിവുകളും ഒടിവുകളും ഉണ്ടാകുമയിരുന്നു. മരുന്നു, മുറിവെണ്ണകൾ, ഉഴിച്ചിൽ എന്നിവയായിരുന്നു ചികിത്സ.വിഷബാധ പ്രധാനമായും പട്ടി, പാമ്പ് എന്നിവയിൽ നിന്നായിരുന്നു. ഭഷ്യവസ്തുക്കളും വിഷബാധ ഉണ്ടാക്കിയിരുന്നു. പാമ്പ് വിഷഹാരികൾ നാടുനീളെ ഉണ്ടായിരുന്നു.’കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുന്ന‘ വമ്പന്മാർ ഉണ്ടായിരുന്നു വെന്നാണു കഥകൾ.ഓരോ പ്രദേശത്തും വ്യത്യസ്ഥ ചികിത്സകൾ നിലവിലിരുന്നു.

വസൂരി, ചൊള്ള, മലമ്പനി തുടങ്ങിയവ

വസൂരി ഭയങ്കരം തന്നെയായിരുന്നു. വസൂരി പിടിച്ചാൽ രക്ഷപ്പെടുക അപൂർവമായിരുന്നു. വീട്ടിൽ നിന്നും അകലെ പുരകെട്ടി രോഗിയെ അതിലാക്കും. നോട്ടത്തിന്ന് ഒരാളെ ഏൽപ്പിക്കും.അതിന്റെയൊക്കെ കഥകൾ പേടിപ്പെടുത്തുന്നവയാണ്.

ചൊള്ള ശുശ്രൂഷകൊണ്ട് മാറുന്ന രോഗമായിരുന്നു. എന്നാലും പേടിയുണ്ടായിരുന്നു. പകരുന്ന രോഗങ്ങളെ ആളുകൾക്ക് ഭയമായിരുന്നു. വനമേഖലകളിൽ മലമ്പനി പ്രശ്നമുണ്ടാക്കുന്ന രോഗമായിരുന്നു. ചികിത്സ ഉണ്ടങ്കിലും ആളുകൾക്ക് ഭയമായിരുന്നു.

കുഷ്ഠം, മന്ത് തുടങ്ങിയ രോഗങ്ങൾ അപൂർവമായി ഉണ്ടായിരുന്നു. വേദനശമിക്കാനുള്ള മരുന്നുകൾ ഇതിനൊക്കെ ഉണ്ടായിരുന്നു.എന്നാൽ ഈ രോഗങ്ങളൊന്നും നിത്യവൃത്തിക്ക് തടസ്സം ഉണ്ടാക്കിയിരുന്നില്ല. ഇടതുകാലിൽ മന്തുള്ള നാറാണത്ത് പ്രാന്തനോട് ഭഗവതി എന്തു വരം വേണമെന്നു ചോദിച്ചപ്പോൾ ഇടതുകാലിലെ മന്ത് വലതു കാലിലേക്ക് മാറ്റിത്തരാൻ ആണു അപേക്ഷിച്ചതു. അത്രയേ അതിനെ പരിഗണിച്ചിരുന്നുള്ളൂ എന്നർഥം.

ആരോഗ്യശീലങ്ങൾ

ഇന്നത്തെപ്പോലെ ആരോഗ്യ സംവിധാനങ്ങൾ പണ്ടില്ലായിരുന്നു. ഇന്നത്തെപോലെ രോഗാതുരതയും ഇല്ലായിരുന്നു. രോഗം പിടിപെട്ടാൽ അതിനെ കുറിച്ചുള്ള ഉത്കണ്ഠയും ആചരണവും ഇല്ലായിരുന്നു. ആരോഗ്യസംബന്ധമായ ‘പരിഭ്രമം’ തീരെ ഇല്ലായിരുന്നു.
ആരോഗ്യശീലങ്ങൾ ഉയർന്നതായിരുന്നു. ശരീരശുദ്ധി, മന:ശുദ്ധി, വൈകാരികശുദ്ധി എന്നിവ നന്നായി ശ്രദ്ധിച്ചിരുന്നു.

ശരീരശുദ്ധി

സൂര്യോദയത്തിലും അസ്തമനത്തിലും എന്നും കുളി പതിവായിരുന്നു. കുളം, കിണർ, തോട്, പുഴ എന്നിവയിലെ തണുത്തവെള്ളത്തിലാണു കുളി. വളരെ കുറച്ചുപേർ ചൂടുവെള്ളം ഉപയോഗിച്ചിരുന്നു. ഒഴുകുന്ന വെള്ളത്തിൽ കുളിക്കണമെന്നായിരുന്നു പ്രമാണം. ഇതിന്നായി 15-20 മിനുട്ട് നടക്കാൻ മടിയുണ്ടായിരുന്നില്ല. കുളിക്കുമുൻപ് പല്ലുതേക്കലും നാക്കുവടിക്കലും നിർബന്ധമായിരുന്നു. ചെറിയകുട്ടികളടക്കം കുളികുമായിരുന്നു.പനി തുടങ്ങിയ അസുഖങ്ങൾ ഉള്ളപ്പോൾ കുളിയില്ല.അസുഖം മാറിയുള്ള ആദ്യകുളി മരുന്നിലകൾ ഇട്ടു തിളപ്പിച്ച വെള്ളത്തിലാവും.

തലയിലും ദേഹത്തും എണ്ണതേച്ചാണു കുളിക്കുക. ചിലപ്പോൾ കുഴമ്പും തേക്കും.വാകപ്പൊടി,ചെറുപയർപ്പൊടി,ചകിരി, ഇഞ്ച എന്നിവയിട്ട് മെഴുക്കിളക്കും. വാസനസോപ്പ് അത്ര പ്രചാരത്തില്ലായിരുന്നു. സ്ത്രീകൾ മഞ്ഞൾ തേക്കും. തലയിൽ താളി തേച്ചാണു കുളി.

കുളിക്കുന്നതോടൊപ്പം ഉടുത്ത വസ്ത്രങ്ങൾ തിരുമ്മും.കുളിക്കിടയിൽ മുതിർന്നവർപോലും ഒരൽപ്പം നീന്തും.കുട്ടികളാണെങ്കിൽ കുളം നീന്തിക്കലക്കും.അലക്കിവൃത്തിയായ വസ്ത്രങ്ങളേ ഉടുക്കൂ. പണിയെടുക്കുന്നവർ പണികഴിഞ്ഞാണു കുളിക്കുക. ഭക്ഷണത്തിനുമുൻപ് കുളിക്കും.

പുരുഷന്മാർ മുടിചീകൽ ഒന്നും പതിവില്ല. വിശേഷസന്ദർഭങ്ങളിൽ മുടി ചീകും.സ്ത്രീകൾ മുടി ഉണക്കി കെട്ടിവെക്കും. പൂക്കൾ ചൂടും. പുരുഷന്മാർ ഭസ്മവും ചന്ദനവും കുറിയിടും. സ്ത്രീകൾ ചന്ദനം സിന്ദൂരം എന്നിവയും. കണ്ണെഴുതും.മൈലാഞ്ചി ഇടും.

ചെരിപ്പ് അത്രപ്രചാരത്തിലില്ല. സമൂഹത്തിൽ ഉയർന്നവർ മാത്രമാണ് ചെരിപ്പ് അണിയുക. ‘കരയുന്ന ചെരിപ്പ്’ ഒരു അന്തസ്സായിരുന്നു. വീട്ടിൽ കയറുമ്പോൾ കാൽകഴുകിയേ അകത്തു കയറൂ.ഭക്ഷണത്തിന്നു മുൻപും പിൻപും കയ്യും വായയും കഴുകും. ഭക്ഷണം കഴിഞ്ഞാൽ ‘നാലുചാലു’ നടക്കും.ഒരൽപ്പനേരം ഇടതുവശം ചെറിഞ്ഞു കിടക്കും.

വെറും നിലത്ത് കിടക്കില്ല. പായ, കോസറി എന്നിവയിലൊന്നു വേണം. വെറും തോർത്ത് വിരിച്ചും കിടക്കും.വെറും നിലത്ത് ഇരിക്കുകയും ഇല്ല. ഇരിക്കാൻ ,തടുക്ക്,പുൽപ്പായ, പലക എന്നിവ ഉണ്ടാവും.ഇരിക്കാൻ ഈസിചെയർ,കസേര, ബഞ്ച് തുടങ്ങിയവ സമ്പന്നരുടെ വീട്ടിലേ കാണൂ.കിടക്കാൻ കട്ടില്പോലൊന്നു മിക്കവീട്ടിലും ഉണ്ടാവും.

യാത്ര മിക്കവാറും നടത്തമണു. 10 കി.മി വരെ നടക്കാൻ ഒരു കൂസലുമില്ലായിരുന്നു. കുട്ടികൾ സ്കൂളിൽ പോകുന്നതു 5-6 കി.മി അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടായിരുന്നു. പീടികയിൽ പോകാനും 2-3 കി.മി.നടക്കുമായിരുന്നു. വാഹനസൌകര്യം കുറവായിരുന്നതു മാത്രമല്ല കാരണം. നടക്കാൻ ഒട്ടും മടിയില്ലായിരുന്നു.

ഭക്ഷണശുദ്ധി

വീട്ടിൽ തന്നെ പുഴുങ്ങി കുത്തിയ അരിയായിരുന്നു (ചോറ്) പ്രധാന ഭക്ഷണം.തവിടുകളയാത്ത അരി. കഞ്ഞിവെള്ളം നല്ല ചുകന്ന നിറമായിരിക്കും. മിക്കവരും ചോറിനോടൊപ്പം കഞ്ഞിവെള്ളവും കഴിക്കും.വളപ്പിൽ നിന്നും കിട്ടുന്ന കായ്കറികൾ കൊണ്ടായിരിക്കും കൂട്ടാൻ (കറി). വലിയ സദ്യയൊക്കെ ഉണ്ടെങ്കിലേ ചന്തയിൽ നിന്നും കായ്കറികൾ വാങ്ങൂ. ചോറ് (പഴംചോറ്) ,കഞ്ഞി (പഴംകഞ്ഞി), ദോശ, ഇഡ്ഡലി, പുട്ട്, വെള്ളപ്പം, പത്തിരി എന്നിവയാണ് പ്രധാന വിഭവങ്ങൾ. ഉണ്ണിയപ്പം, അട, പായസം എന്നിവ ഇടയ്ക്ക് പതിവുണ്ട്.പിടി, അവലോസുണ്ട തുടങ്ങിയവയും.മാംസഭക്ഷണം ഇടയ്ക്കൊക്കെ ഉണ്ടാവും. മത്സ്യവും മാംസവും നിത്യവും പതിവില്ല. വിശേഷദിവസങ്ങളിൽ ഹിന്ദുക്കൾ മാംസ്യേതരവും അഹിന്ദുക്കൾ മാംസ്യഭക്ഷണവും ഉണ്ടാക്കും.പാൽ, മോരു, തൈരു,നെയ്യ് എന്നിവ ഭക്ഷണത്തിൽ ചേർക്കും.


രാവിലേയും ഉച്ചക്കും രാത്രിയും ആണ് ഭക്ഷണം.മിക്കവാറും മാസത്തിൽ രണ്ടോ മൂന്നോ ദിവസം നോമ്പുകൾ ആയിരിക്കും. ഉപവാസം.വയറിന്റെ/ ശരീരശുദ്ധിക്ക് ഇതു നല്ലതായിരുന്നു. മാസത്തിലൊരിക്കൽ വയറിളക്കും.

കള്ളും ചാരായവും അപൂർവം പേർ കഴിക്കുമായിരുന്നു. കള്ള്- കരിമ്പന, തെങ്ങ്, ഈറമ്പന എന്നിവയിൽ നിന്നു ചെത്തിയെടുത്തിരുന്നു.കള്ളുകുടിക്കുന്നത് രഹസ്യമായിട്ടായിരുന്നു. ‘കുടിച്ച്’മറ്റുള്ളവരുടെ മുൻപിൽ ചെല്ലില്ല. വെറ്റിലമുറുക്ക് ധാരാളമായി ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും മുറുക്കുമായിരുന്നു. ബീഡി വലി വളരെ കുറച്ചുപേർ മാത്രമായിരുന്നു.
കൊല്ലത്തിൽ 7 ദിവസം ശരീരരക്ഷക്ക് മരുന്നു കഞ്ഞി സേവിച്ചിരുന്നു. വ്രതങ്ങളും ഉപവാസങ്ങളും ഒന്നും വിടില്ല.ഭക്ഷണധൂർത്ത് ഇല്ലായിരുന്നു. ‘ഒരു വറ്റു കളഞ്ഞാൽ ആയിരം പട്ടിണി ‘ എന്നായിരുന്നു പ്രമാണം.

മന:ശ്ശുദ്ധി

മനശ്ശുദ്ധിയുള്ളവരായിരുന്നു അധികവും. നേരും നെറിയും ആവശ്യമുള്ള ഗുണമായിരുന്നു. പ്രായേണ സത്യസന്ധരായിരുന്നു ജനങ്ങൾ.ചതി കുറവായിരുന്നു. ദൈവഭയം, രാജഭയം, ധർമ്മഭയം എന്നിവ ഉള്ളവരായിരുന്നു.കാരുണ്യം ഉള്ളവരായിരുന്നു. പക്ഷിമൃഗാദികളെപ്പോലും സ്നേഹിച്ചിരുന്നു.”ഈശ്വരകാരുണ്യം ഉണ്ടാവണേ” എന്നായിരുന്നു എല്ലരുടേയും പ്രാർഥന.

വൈകാരിക ശുദ്ധി

വൈകാരികമായ പക്വത ഉയർന്നൈലയിൽ ഉണ്ടായിരുന്നു. സ്വന്തം കടമകളെ കുറിച്ചു അവകാസങ്ങലെ കുറിച്ചും ബോധ്യമുണ്ടായിരുന്നു. വർണ്ണാശ്രമധർമ്മങ്ങളിൽ അധിഷ്ഠിതമായിരുന്നു ജീവിതം.ബാല്യം, കൌമാരം, യവ്വനം,വാർധക്യം എന്നി ദശകളിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചു ഉറച്ച ധാരണ ഉണ്ടായിരുന്നു. കർത്തവ്യങ്ങളിൽ നിന്നു വ്യതിചലിച്ചിരുന്നില്ല.ബന്ധങ്ങൾക്ക് ധാർമ്മികതയും പവിത്രതയും കല്പിച്ചിരുന്നു. മുത്തശ്ശിമാരും മുത്തശ്ശന്മാരും പേരക്കുട്ടികളും ഒക്കെ ഒന്നിച്ചാണ് ജീവിച്ചിരുന്നതു. സ്നേഹവും ലാളനയും ഒക്കെ മുകളിൽ നിന്നു താഴോട്ടും, താഴെനിന്നു മുകളിലോട്ടും ഒഴുകിയിരുന്നു.മുതിർന്നവരെ ബഹുമാനിക്കുകയും അവർ ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്തിരുന്നു.സാമ്പത്തിക കാര്യങ്ങളിൽ സ്ത്രീയും പുരുഷനും ഉത്തരവാദിത്വം ഉണ്ടായിരുന്നു. വിസേഷാവസരങ്ങളിൽ സ്ത്രീയും പുരുഷനും ഒരേപോലെ പങ്കെടുത്തു.

ഗാർഹിക ശുദ്ധി

വീടു എത്രവലുതാണെങ്കിലും ചെറുതാണെങ്കിലും എന്നും ‘അടിച്ചു തളിക്കും’ . ചപ്പുചവറുകൾ നശിപ്പിക്കും. വീടിന്റെ അകം മാത്രമല്ല പുറവും തൊടിയും വൃത്തിയുള്ളതായിരിക്കും.അകായ നിലം ചാണകം മെഴുകിയതാണെങ്കിലും എന്നും തുടച്ചു വൃത്തിയാക്കും.യാത്രകഴിഞ്ഞു വന്നാൽ ശുദ്ധിക്ക് കുളി നിർബന്ധമായിരുന്നു.വീട്ടിൽ കയറുന്നതിന്നു മുൻപ് കാലും മുഖവും കഴുകും. വീട്ടിനകത്ത് ഈശ്വരസാന്നിധ്യം ഉണ്ടായിരുന്നു. കാരണവന്മാരുടെ ആത്മാക്കൾ വീട്ടിനകത്തുണ്ടെന്നാണ് സങ്കൽപ്പം.
കൊല്ലത്തിൽ ഒന്നോരണ്ടൊ പ്രാവശ്യം വീടും വളപ്പും വൃത്തിയാക്കും. ചേട്ടയെ കളയൽ ഒരാചാരം മാത്രമല്ല. ഗാർഹികമായ ശുദ്ധിയുടെ തലംകൂടി ഇതിലുണ്ട്. ഓട് മേയുന്ന പുരകൾ പലപ്രാവശ്യം ചെതലും മാറാലയും തട്ടിയടിക്കും.പട്ടപ്പുരകൾ കൊല്ലവും പുതിയതായി മേയും.വളപ്പിൽ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിക്കും. കന്നുകാലികളെ എന്നും കുളിപ്പിക്കും.
വീട്ടിലെ ആളുകൾ കുട്ടികളടക്കം കുളിച്ചേ അടുക്കളയിൽ കയറൂ. അശുദ്ധിയുള്ള ഒന്നും അടുക്കളയിൽ ഉണ്ടാവില്ല.

സാമൂഹ്യശുദ്ധി

നീതിന്യായവും ധാർമ്മികതയും ആണ് സാമൂഹ്യശുദ്ധിക്കടിത്തറ. ഭരണാധിപന്റെ അശുദ്ധി സമൂഹത്തിന്റെ അശുദ്ധിയായിരുന്നു.സമൂഹം അശുദ്ധമാകാതിരിക്കാൻ ഭരണാധിപൻ ശ്രദ്ധിക്കും.പാരമ്പര്യങ്ങൾ പ്രധാനമായിരുന്നു.കുറ്റവും ശിക്ഷയും ശക്തമായിരുന്നു.വിവാഹം പോലുള്ള വിശേഷാവസരങ്ങളിൽ എല്ലാരും സഹായിക്കുകയും പങ്കെടുക്കുകയും ചെയ്യും. നാട്ടിലെ ഉത്സവങ്ങൾ എല്ലാരുടേതുമായിരുന്നു. എല്ലാവരുടേയും ശ്രേയസ്സ് ആയിരുന്നു ലക്ഷ്യം.പങ്കാളിത്തം പ്രത്യേക ക്ഷണം കൊണ്ടായിരുന്നില്ല. പങ്കാളിത്തം അവകാശമായിരുന്നു. കടമയായിരുന്നു.ഓരോരുത്തർക്കും സമൂഹത്തിൽ പ്രത്യേക സ്ഥനവും പ്രാധാന്യവും ഉണ്ടായിരുന്നു. ഉത്തരവാദിത്തവും അവകാശവും കടമയും ഉണ്ടായിരുന്നു.

രാജ്യശുദ്ധി

സമാധാനവും ശാന്തിയും ഉള്ള രാജ്യത്തേ ആരോഗ്യമുള്ള ജനങ്ങൾ ഉണ്ടാവൂ. സാമ്പത്തികമായും സാമൂഹ്യമായും വളർച്ച പ്രധാനം തന്നെയാണ്.നാടിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഭരണാധികാരി ശ്രദ്ധിച്ചിരുന്നു. രാജാധികാരം/ ഏകാധിപത്യം ഒക്കെ ആയിരുന്നെങ്കിലും ജനക്ഷേമം ഭരണാധികാരിക്ക് പ്രധാനപ്പെട്ടതായിരുന്നു.രാജാവ് പിഴച്ചാൽ നാടുമുടിയും എന്നു എല്ലാർക്കും അരിയാമായിരുന്നു. രാജക്ഷേമത്തിന്ന് യാഗങ്ങളും ,ബലികളും ഉണ്ടായിരുന്നു. വഴിയമ്പലങ്ങളും, തണ്ണീർപന്തലുകളും, ചുമടുതാങ്ങികളും വരെ ഉണ്ടായിരുന്നു.
ധർമ്മാസ്പത്രികൾ പലയിടങ്ങളിലായി ഒരുക്കിയിരുന്നു. ശരിയായ അർഥത്തിൽ ‘ധർമ്മാസ്പത്രികൾ’ തന്നെയായിരുന്നു ഇവയെല്ലാം.പിന്നീട് ഇതെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായി.ഒരു പത്തുകിലോമീറ്റർ ചുറ്റളവിൽ ധർമ്മാസ്പത്രികൾ പ്രവർത്തിച്ചിരുന്നു. വിദഗ്ധനായ ഒരു ഡോക്ടറും കമ്പൌൻഡറും അവിടെ ഉണ്ട്.മരുന്നുകൾ എല്ലാർക്കും സൌജന്യമായി ലഭിച്ചിരുന്നു.വീട്ടുചികിത്സകൊണ്ടും നാട്ടുചികിത്സ കൊണ്ടും മാറാത്ത രോഗങ്ങൾക്കായിരുന്നു ആസ്പത്രികൾ. അവിടെയുള്ള മരുന്നു ‘ചുകന്നവെള്ളം’ (കാർമിനേറ്റീവ് മിക്ചർ) കഴിച്ചാൽ എല്ലാ രോഗവും മാറുമായിരുന്നു. പാരസറ്റമൊളും കൊടുത്തിരുന്നു.

വളരെ ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെ ഡോക്ടറും കമ്പൌണ്ടറും കൂടി വീട്ടിൽ ചെന്നു നോക്കുമായിരുന്നു.ഒരു നാട്ടിലേക്ക് ഇവരുടെ വരവ് പരിഭ്രമവും സമാധാനവും നൽകിയിരുന്നു.‘കുഴൽവെച്ച്നോക്കിയാൽ‘ തന്നെ മിക്കരോഗങ്ങളും ‘പമ്പ കടക്കും. ‘സൂചി വെക്കൽ‘ എല്ലാർക്കും പേടിയായിരുന്നു. ഗോവസൂരിപ്രയോഗത്തിന്റെ സൂചിവെക്കലിൽ നിന്നു ഓടി രക്ഷപ്പെട്ട സ്കൂൾ കുട്ടികൾ ഉണ്ട്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ മറ്റൊരു പ്രധന പ്രവർത്തനം കുടുംബാസൂത്രണമായിരുന്നു. ഇതിന്റെ പ്രചാരണവും പ്രവർത്തനവും ശക്തമായിരുന്നു. വന്ധ്യം കരണമായിരുന്നു പ്രധാന പരിപാടി. പുരുഷന്മാരേക്കാൾ സ്ത്രീകളാണു വന്ധ്യംകരണം അധികം സ്വീകരിച്ചത്.പ്ലാസ്റ്റിക് ബക്കറ്റുകൾ വന്ന കാലം. വന്ധ്യം കരിച്ചവർക്ക് ഒരു ബക്കറ്റും പണവും സമ്മാനമയി നൽകിയിരുന്നു. (ചുകന്ന ഒരു ബക്കറ്റും തൂക്കി ആളുകൾ വരുന്നതുകണ്ടാൽ ജനം ചിരിച്ചിരുന്നു!)എന്തായാലും പഞ്ചവത്സരപദ്ധതികളും ധവളവിപ്ലവവും ഹരിതവിപ്ലവവും ഒക്കെ വിജയിക്കുന്നതിൽ കുടുംബാസൂത്രണയ്ജ്ഞത്തിനും വലിയ പങ്കുണ്ട്.



പഴമക്കാരുമായി സംസാരിച്ചതിൽ നിന്ന്