08 September 2009

വാസാംസി ജീർണ്ണാനി..

ജീർണ്ണവസ്ത്രങ്ങൾ ഉപേക്ഷിച്ച് മനുഷ്യൻ പുതുവസ്ത്രങ്ങൾ കൈക്കൊള്ളുന്നതുപോലെയാണു ജീവൻ (ആത്മാവ്) ജരാനരകൾ ബാധിച്ച ശരീരം ഉപേക്ഷിച്ചു പുതു ശരീരങ്ങളെ സ്വീകരിക്കുന്നതു. ജനന മരണാദികളെ കുറിച്ചുള്ള പൌരാണികമായ ഒരു ഉപമയാണിത്. വസ്ത്രം മാറുക എന്നതുപോലെയാണ് ജനിക്കുന്നതും മരിക്കുന്നതും.ദു:ഖനിവൃത്തിക്കായുള്ള ഉപദേശങ്ങളിൽ ഈ സാമ്യോക്തി പുരാണേതിഹാസങ്ങളിൽ ഇടക്കിടെ വരുന്നുണ്ട്.

ജീവിതത്തെ വസ്ത്രവുമായി ബന്ധിപ്പിക്കുന്ന ചിന്ത പുരാതനമാണെന്ന് കാണാം. കവിതകളിൽ ഇതുണ്ട്. വി.കെ.ഗോവിന്ദൻ നായരുടെ പ്രസിദ്ധമായ ശ്ലോകം “നൂറ്റാണ്ടിൽ പാതിയോളം പകലിരവുമഹംകാര ചർക്കക്കുമേലേ നൂറ്റേൻ ഹാ! പാപനൂലിൻ കഴികളതു…..” ഈ വസ്ത്ര സങ്കൽ‌പ്പം തന്നെ.മലയാളകവിതകളിലും സംസ്കാരത്തിലും മാത്രമല്ല മറ്റു ഭാരതീയഭാഷകളിലും ഈ സാമ്യചിന്ത ഉണ്ട്.നെയ്ത്തും നെയ്ത്തുകാരനും ഭാരതീയ ചിന്തയിൽ സജീവമാണു എന്നർഥം.

വസ്ത്രം ഒരു പ്രാഥമികാവശ്യം

മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ പരിശോധിക്കുമ്പോൾ ഏറ്റവും ആദ്യപരിഗണന ഭക്ഷണം പിന്നെ വസ്ത്രം, പാർപ്പിടം എന്നിങ്ങനെയാണു. രണ്ടാമതാണു വസ്ത്രം.ജീവിയെന്ന നിലയ്ക്ക് ആദ്യം ഭക്ഷണം തന്നെ. പിന്നെ വസ്ത്രം ആണ്.പാർപ്പിടം പിന്നെയേ വരുന്നുള്ളൂ. ശരിക്കാലോചിച്ചാൽ വസ്ത്രം ഒരു സൂക്ഷ്മപാർപ്പിടമാണു.മനുഷ്യസംസ്കാരചരിത്രം പഠിക്കുമ്പോൾ ഭക്ഷണത്തിന്ന് പിറകെയുള്ള കണ്ടെത്തൽ നഗ്നത മറക്കലായിരുന്നു.പച്ചിലകളും മൃഗത്തൊലിയുമായിരുന്നു തുടക്കം.മരത്തൊലി -- മരവുരി ഉണ്ടായിരുന്നു.നഗ്നത മറയ്ക്കുക എന്നതു നഗ്നതയിലെ ലജ്ജകൊണ്ടല്ല മറിച്ച്, കാലാവസ്ഥയെ അതിജീവിക്കാനായിരുന്നു.ശരീര രക്ഷയായിരുന്നു.നാണം മറയ്ക്കുക എന്ന സങ്കൽ‌പ്പം വന്നതോടെ ശീതതാപാദികളിൽ നിന്നു രക്ഷനേടുക എന്ന സംഗതി മറന്നു..അപ്രധാനമായി..വസ്ത്രം അലങ്കാരമായി.



വസ്ത്രം-സൂക്ഷ്മ പരിസ്ഥിതി

വെയിൽ തണുപ്പ് കാറ്റ് എന്നിവയിൽ നിന്നുള്ള രക്ഷക്കാണു വീട്. വീട് ഒരു വലിയ ഘടനയാണു. വീടിന്റെ സൂക്ഷ്മ ഘടനയാണു (micro environment) വസ്ത്രത്തിന്നു. മറ്റു ജീവികളിൽ നിന്നു മനുഷ്യനെ വേർതിരിക്കുന്നതും ഇതാണു. അവൻ/ൾ സ്വയം രക്ഷ സൃഷ്ടിക്കുകയാണു ചെയ്തതു. ആമയുടെ തോട്, ജന്തുക്കളുടെ രോമാവരണം….ഒക്കെ പ്രകൃതിദത്തമാണ്. മനുഷ്യൻ ഇതു പ്രകൃതിയിൽ നിന്നു രൂപപ്പെടുത്തിയെടുക്കുകയാണു ചെയ്തത്.ആമയുടെ തോടിൽ നിന്നും വ്യത്യസ്തമായ ഒരു സംവിധാനമായതുകൊണ്ടാണ് വീടും വസ്ത്രവും മനുഷ്യസംസ്കാരവുമായി ഇഴചേരുന്നതും ചർച്ച ചെയ്യപ്പെടുന്നതും. വിവാ‍വഹത്തിൽ കരാർ ‘ഉണ്ണാനും ഉടുക്കാനും ‘നൽകും എന്നാണു.എവിടെയും.

വസ്ത്രം പദവി; ചിഹ്ന്നം

പിന്നെപിന്നെവസ്ത്രംസാംസ്കാരികമായഒരുഅടയാളമായിത്തീരുകയായിരുന്നു..പദവി,ലിംഗം,ജാതി,സമൂഹം,പ്രദേശം, പരിസ്ഥിതി തുടങ്ങിയവയുടെയൊക്കെ സൂചകമായി വസ്ത്രം കടന്നുവരുന്നു.സ്ത്രീപുരുഷ ഭേദം ആദ്യനോക്കിൽ തിരിച്ചറിയുന്നതു വസ്ത്രം വഴിയാണ്.ആണുങ്ങളുടെ വേഷം,പെണ്ണുങ്ങളുടെ വേഷം എന്നിവ വ്യത്യസ്തമാണു.(ഇന്നത്തെ കാര്യം അല്ല) കുട്ടികളിൽ പോലും ഇതു ഉണ്ട്. വസ്ത്രം മാത്രമല്ല, ആഭരണങ്ങൾ, ചെരിപ്പ് തുടങ്ങിയ മറ്റുപകരണങ്ങൾ കൂടിയുണ്ട് ലിംഗവ്യത്യാസം ഉള്ളതായി.

പദവിയുടെ അടയാളമാണു വസ്ത്രം. രാജാവും പരിചാരകനും മന്ത്രിയും പട്ടാളക്കാരനും സന്യാസിയും വിദൂഷകനും നർത്തകനും ഒക്കെ വസ്ത്രങ്ങളിലും വസ്ത്രധാരണത്തിലും പരിചരണത്തിലും വ്യത്യസ്തരാണു.കുടുംബത്തിൽ കാരണവരും മറ്റംഗങ്ങളും പുടവയിൽ ഒരേപോലെ അല്ല. രാജകുമാരന്മാർ വനവാസത്തിന്നു പോകുമ്പോൾ ചീരം (മരവുരി വസ്ത്രം) ധരിക്കണമെന്നു കൈകേയി പറഞ്ഞതിന്റെ പൊരുൾ വസ്ത്രത്തിന്റെ സാമൂഹ്യഭാഷയാണ് (Dress Code).

ദേശം, കാലാവസ്ഥ, സമൂഹം തുടങ്ങിയവയിലെ വ്യത്യസ്തത വസ്ത്രത്തിൽ പ്രതിഫലിക്കും.ഭാഗ്യത്തിന്ന് ഏറ്റവും കുറച്ചു വസ്ത്രം ആവശ്യമുള്ള വിഭാഗമാണു ഭൂമധ്യരേഖാസമീപവാസികളായ നമ്മൾ.നമ്മുടെ പഴയ ആളുകൾക്ക് ഒരു തോർത്തു ഉടുക്കാനും ഒന്നു തലയിൽ കെട്ടാനും മാത്രം മതി. അതുകൊണ്ടു സംതൃപ്തരാണ്.





ഒരു കഥ:

ഗാന്ധിജി ഇന്ത്യാമഹാരജ്യം മുഴുവൻ കാണാനും മനസ്സിലാക്കാനും യാത്രചെയ്തുവല്ലോ.ഒരിക്കൽ വൈഗാനദി (തമിഴ്‌നാട്) യിൽ കുളിക്കാനിറങ്ങി. കുറച്ചപ്പുറത്ത് നിന്നു കുളിക്കുന്ന ഒരു സ്ത്രീ ഗാന്ധിജിയുടെ ശ്രദ്ധയിൽ പെട്ടു. അവൾ ഉടുത്തിരിക്കുന്ന വസ്ത്രം ഒരറ്റം കഴുകി ഉണങ്ങാൻ വിടർത്തിപ്പിടിച്ചിരിക്കയാണു. അതു ഉണങ്ങിയതിനുശേഷം വേണം മറുതല കഴുകി ഉണക്കാൻ.കുറേ നേരം ഗാന്ധിജി ഇതു ശ്രദ്ധിച്ചു. അപ്പോഴാണ് തന്റെ വസ്ത്രധൂർത്തിനെ കുറിച്ചു ബോധവാനായത്. തലയിൽ കെട്ടിയിരുന്ന വളരെ നീളമുള്ള തലപ്പാവ് അഴിച്ചെടുത്തു ചുരുട്ടി അവൾക്കായി നദിയിലൂടെ ഒഴുക്കി നൽകി. വൈഗാനദിയിലെ തിരക്കൈകൾ അതിനെ ഭദ്രമായി അവളുടെ സമീപം എത്തിച്ചു. അവൾ അതു വാരിയെടുത്തു.അന്നു മുതലാണ് നമ്മുടെ രാഷ്ട്രപിതാവ് അർദ്ധനഗ്നനായത്. (‘വൈഗയോട്‘ എന്ന ഒ.എൻ.വി.യുടെ പ്രസിദ്ധ കവിത വായിക്കൂക)







വസ്ത്രം ഒരു ചടങ്ങ് (ജനനം മുതൽ മരണം വരെ)



വസ്ത്രം,സൂക്ഷ്മപരിസ്ഥിതിഎന്നനിലയിൽനിന്ന്സാംസ്കാരികബിംബംകൂടിയായപ്പോൾ അതു കുറേകൂടി ശ്രദ്ധിക്കപ്പെടുന്ന ഒരു സംഗതിയായിമാറി.നേരത്തെ പറഞ്ഞപോലെ സ്ത്രീ-പുരുഷ-ജാതി-മത-വർഗ്ഗ-വംശ-പ്രദേശ-തലങ്ങളിലൊക്കെ ജനനം മുതൽ മരണം വരെയുള്ള ഓരോ സമയമേഖലകളിലും വസ്ത്രനിഷ്കർഷ നിറഞ്ഞു.ക്ഷേത്ര/പള്ളിസന്ദർശനം,വിരുന്ന്,മരണവീട്,പുതുവത്സരം,പിറന്നാൾ,ഓണം വിഷു തിരുവാതിര പെരുന്നാളുകൾ,ഉത്സവം,വിവാഹം….തുടങ്ങിയ ഇടങ്ങളിലൊക്കെ വസ്ത്രരൂപങ്ങൾ വ്യത്യാസപ്പെട്ടു. ഓണക്കോടി മുതൽ ശവക്കോടി വരെ വസ്ത്രനിർബന്ധങ്ങൾ സൂചിപ്പിക്കുന്നു.അന്തർജ്ജനങ്ങളുടെ പുതപ്പും(മറക്കുടയും), മുസ്ലിംസ്ത്രീകളുടെ നിസ്കാരക്കുപ്പയവും ഒക്കെ ഉദാഹരണം.രാജകുമാ‍രിമാർക്ക് വിലകൂടിയ വസ്ത്രങ്ങളും ശിരോവസ്ത്രവും ഉണ്ടായിരുന്നു വെന്നു കാണാം. വസ്ത്രധാരണത്തിൽ ഒരുപാട് നിബന്ധനകളുണ്ട്.ഇതിൽതന്നെ പുരുഷനേക്കാൾ നിഷ്കർഷ പലപ്പോഴും സ്ത്രീക്കായി.



പുതുവസ്ത്രം ധരിക്കൽ



പുതുവസ്ത്രങ്ങൾ വർഷത്തിലൊരിക്കലണു വങ്ങുക. സ്വാഭാവികമായും വിളയെടുപ്പിന്നുശേഷം പണം കിട്ടുമ്പോൾ ഒരു വർഷത്തേക്കു എല്ലാർക്കും ‘ഉടുക്കാനെടുക്കും‘.ഇതു സൂക്ഷിച്ചു വെക്കുകയും വിശേഷാവസരങ്ങളിൽ കോടി ഉടുക്കുകയും ചെയ്യും.മല്ലും കൊറയുമാണു വാങ്ങുക. വലിയമുണ്ടുകൾ, തോർത്തുകൾ, വേഷ്ടി,സ്ത്രീകൾക്കു ‘ഒന്നര‘കൾ ,കോണകശ്ശീല, കാച്ചിത്തുണി, കള്ളിമുണ്ട്,ജാക്കറ്റിനുള്ള കളർത്തുണികൾ ഇത്രയൊക്കെയേ ഉള്ളൂ. സാരിയൊക്കെ സാധാരണമാവുന്നതിനു മുൻപുള്ള കഥയണിത്. മല്ലും കോറയും മുണ്ടുകൾ കരയില്ലാത്തവയായിരിക്കും.സമ്പന്നർ പുളിയിലക്കര മുണ്ടുകൾ…കരയുള്ളവ വാങ്ങിയിരുന്നു. സാധാരണക്കാർ മല്ലും കോറയും.കോറക്ക് ജഗന്നാഥൻ എന്നും പറയും. തോർത്തുകൾ രണ്ടു തരം ഉണ്ട്. ഒറ്റെഴയും ഈരിഴയും.ഒറ്റിഴയാണ് പതിവ്.അതിൽ കരയുള്ളതും ഇല്ലാത്തതും ഉണ്ട്. കരയ്ക്കു പകരം ചുട്ടി ചിലതിൽ കാണും. വളരെക്കലം ചെന്നതിനു ശേഷമാണു കരയുള്ള മുണ്ടുകൾ ഉപയോഗിച്ചു തുടങ്ങിയതു.അതും കറുത്തകരയുള്ളതു മാത്രം.പുളിയിലക്കര നേരത്തേ ഉണ്ട് .മറ്റൊക്കെ മ്ലേഛം ആയിരുന്നു.പുതിയ പഞ്ചാംഗങ്ങളിൽ പോലും പുതുവസ്ത്രധാരണത്തിന്ന് നല്ല ദിവസം ഏതെന്നു വിവരിക്കുന്നുണ്ട്. നല്ലദിവസം നോക്കി പുത്തൻ ഉടുത്താലേ ശ്രേയസ്സ് ഉണ്ടാവൂ എന്നാണു വിശ്വാസം.





ഒരു ഫലിതം: ഒരിക്കൽ തിരുമേനി ആണ്മക്കളുടെ അറയിൽ ചെന്നു എത്തിനോക്കി ആകെ പരിഭ്രമിച്ചു.പരിഭ്രമം കണ്ട് ആരോ ചോദിച്ചു: എന്താ നമ്പൂരി ഒരു പരിഭ്രമം?

ഏയ്,ഒന്നൂല്ല്യ….

ന്നാലും….

ഉണ്ണികളുടെ അരയിൽ ശബ്ദം കേട്ട് ചെന്നു നോക്കിയതാ…അപ്പോ…

അപ്പോ?

അവരു ഇപ്പൊണ്ടല്ലോ….ഒരൂട്ടം….കരയുള്ളമുണ്ട്….അതുചിറ്റി നോക്കാ….വാതിലടച്ചിട്ടാണു….എന്നാലും…..കഷ്ടം തോന്നി…

അത്രല്ലേ ള്ളൂ….(മറ്റേയാൾ) എനിക്കിപ്പോ പേടി ഇവറ്റ ഇനി മീശേം വെക്ക്യോന്നാ….

അയ്യയ്യോ….അതൂംണ്ടാവോ?





അലക്ക്-വിഴുപ്പ്-മാറ്റ്

കോടി വസ്ത്രങ്ങൾ വിശേഷസന്ദർഭങ്ങളിൽ ഉപയോഗിക്കും.പിന്നീട് അതു അലക്കും.അലക്കാൻ പ്രത്യേകം സമുദായക്കാർ ഉണ്ട്.അവർ അലക്കിയാലേ ശുദ്ധമാകുകയുള്ളൂ. മുണ്ടിന്നു…വസ്ത്രത്തിന്നു വൃത്തിയേക്കാൾ പ്രാധാന്യം ശുദ്ധിക്കായിരുന്നു. കോടി മുണ്ട് ഉപയോഗിക്കുന്നതിനെ സംബന്ധിച്ചു ഒരു ചൊല്ലുണ്ട്.

“ നേരെ അഞ്ച്,മടക്കി അഞ്ച്, തിരിച്ചു അഞ്ച്,മറിച്ചു അഞ്ച്, കുടഞ്ഞഞ്ച്…(അപ്പോൾ 25 പ്രാവശ്യം ഉടുത്തതിനുശേഷം)പിന്നെ അലക്കാൻ കൊടുക്കും.ഇതു പാതി സത്യവും പാതി അതിശയോക്തിയും ആയിരിക്കും.

ഒരിക്കൽ ഉടുത്ത വസ്ത്രം (കോടിയോ കോടിഅലക്കിയതോ അല്ലെങ്കിൽ) പിന്നെ വിഴുപ്പാണ്. പിന്നെ അതു കഴുകിയേ ഉപയോഗിക്കാവൂ.സ്വന്തം വസ്ത്രങ്ങൾ കുളിക്കുമ്പോൾ സ്വയം കഴുകുമായിരുന്നു. തിരുമ്മിക്കുളി എന്നാണ് കുളിക്ക് പറയുക. തിരുമ്മാതെ കുളിക്കുന്നതു അശ്രീകരം ആണ്.

സ്ത്രീകൾക്ക് മാസമുറകഴിഞ്ഞു കുളിക്കുമ്പോഴേക്കും പുതിയ അലക്കിയ വസ്ത്രം തയ്യാറായിരിക്കും.ഇതിനു ‘മാറ്റ്‌“ എന്നാണു പറയുക. അലക്കുകാരിയാണ് മാറ്റ് വെക്കേണ്ടത്. അതിനു പ്രത്യേകം അവകാശങ്ങൾ ഉണ്ട്.

വിവിധ വസ്ത്രങ്ങൾ (കോടിവസ്ത്രം നൂൽ മുതൽ…)

വസ്ത്രവിധാനങ്ങളുടെ രംഗത്താണു ഏറ്റവും കൂടുതൽ മാറ്റങ്ങൾ ഉണ്ടായത്. വമ്പിച്ച പരിണാമവേഗത ഐ.ടി.കഴിഞ്ഞാൽ പിന്നെ വേഷത്തിലാണു ഇന്ന്.ഒരുപക്ഷെ ഐ.ടി.കഴിഞ്ഞാൽ വിപുലമായ ഗവേഷണം നടക്കുന്നതും വസ്ത്രരംഗത്താണു എന്നു തോന്നും.



പഴയകാലം

ഒന്നു രണ്ട് വയസ്സുവരെ കുട്ടികൾക്ക് വസ്ത്രം ഒന്നും ഇല്ല. ‘കുട്ടിക്കും മുട്ടിക്കും തണുക്കില്ല‘ എന്നാണ് ചൊല്ല്. ആദ്യവസ്ത്രം അരഞ്ഞാച്ചരടാണു. കറുപ്പോ ചോപ്പോ ചരട് അരയിൽ കെട്ടിക്കും. ക്ഷേത്രങ്ങളിൽ കുട്ടികളെ കൊണ്ടുപോകുമ്പോൾ മാത്രം അമ്മ ഉടുത്തിരിക്കുന്ന കോടി /അലക്ക് മുണ്ടിന്റെ ഒരു നൂല് വലിച്ചെടുത്ത് കോണകം പോലെ ഉടുപ്പിക്കും.അത്രയേ ഉള്ളൂ. മൂന്നു വയസ്സാകുമ്പോൾ കോണകം വേണം. പഴയ മുണ്ട് ചീന്തിയെടുത്താണ് കോണകം ഉണ്ടാക്കുന്നത്. ഈ കോണകം ആൺകുട്ടികൾ ജീവിതകാലം മുഴുവൻ ഉപയോഗിക്കും.മുതിർന്ന (5-6 വയസ്സ്) പെങ്കുട്ടികൾ ‘ഒന്നര ‘ഉടുക്കും. കുട്ടികളുടെ കോണകം ശീലക്കോണകം, ഇലക്കോണകം, പട്ടുകോണകം ,പാളക്കോണകം എന്നിങ്ങനെയൊക്കെ ഉണ്ട്.കോണകം ഇല്ലാത്തവർ ഉണ്ട്.കോണകത്തിന്നു പകരം ലങ്കോട്ടി ചിലർ ഉപയോഗിക്കും.

പുരുഷന്മാർക്ക് വലിയമുണ്ടും ചെറിയമുണ്ടും ഉണ്ട്. വലിയമുണ്ട് ഇന്നത്തെ വലിയ ഒറ്റമുണ്ടാണ്. ചെറിയമുണ്ട് തോർത്തും. സാധാരണ എല്ലാരും ചെറിയമുണ്ടേ ഉടുക്കൂ. ദൂരെ എവിടെയെങ്കിലും പുറത്തു പോകാനുണ്ടങ്കിലേ വലിയമുണ്ട് വേണ്ടൂ. കൃഷിസ്ഥലത്തേക്കോ അമ്പലങ്ങളിലേക്കൊ ഒക്കെ ചെറിയമുണ്ടേ ഉള്ളൂ. ദൂരെപ്പോകുമ്പോൾ വലിയമുണ്ട് ചുറ്റും, തോർത്ത് വേഷ്ടിയായി തോളിലിടും. കാരണവന്മാരൊക്കെ ഇങ്ങനെയാ പോവുക. കുട്ടികൾ തോർത്തു തോളിലിട്ടു നടക്കുന്നതു കണ്ടാൽ ‘ ഓഓ…കാരണവരെവിടെക്കാ ‘ എന്നു കളിയാക്കും.കുപ്പായം പൊതുവേ പതിവില്ല. ബസ് തീവണ്ടി യാത്രയിൽ കുപ്പായം ഈടും.ഒരു കുപ്പായം തുന്നിച്ചാൽ 5-8 കൊല്ലം സുഖമായി ധരിക്കാം.അധികാരി , മധ്യസ്ഥൻ, മനക്കലെ കാര്യസ്ഥൻ തുടങ്ങിയ പ്രമാണിമാർ തലയിൽ വേഷ്ടി (നേരിയതു) കൊണ്ട് തലെക്കെട്ട് കെട്ടും.തലയിലെ കെട്ടും തോളിലെ വേഷ്ടിയും തമ്പുരാന്മാരെ കണ്ടാൽ അഴിച്ചു ചുരുട്ടി കഷത്തു വെക്കും. തമ്പുരാനെ ബഹുമാനിക്കുന്നതിന്റെ അടയാളം ആണു ഇത്. ചന്തയിൽ നിന്നു സാധനങ്ങൾ വാങ്ങിയാൽ അതൊക്കെ ഈ തോൾമുണ്ടിൽ പൊതിഞ്ഞുകെട്ടിയാണ് പിന്നെ യാത്ര.പണിക്കാർ കൂലി (നെല്ലു) അളന്നു വാങ്ങുന്നതു ഈ രണ്ടാം മുണ്ടിലാണ്.

മുണ്ട് ഉടുക്കുന്നതിന്നും രീതികളുണ്ട്. ഹിന്ദുക്കൾ വലത്തോട്ടും മുസ്ലിംങ്ങൾ ഇടത്തോട്ടും ആണു മുണ്ട് കുത്തുക. വലത്തോട്ടു കുത്തുമ്പോൾ ‘മടി’ വേണം. ഇന്നത്തെപ്പോലെ ഉടുത്തതു ഉറയ്ക്കാൻ മടി തിരുകി വെക്കാൻ പാടില്ല. ഒരിക്കൽ ഉടുത്താൽ പിന്നെ തല മാറി ഉടുക്കാൻ പാടില്ല. പ്രമാണിമാർ വയറിന്നു മുകളിലും സാധാരണക്കാർ (വയറില്ലാത്തവർ!) പൊക്കിൾ കാണിച്ചും ഉടുക്കണം.മുണ്ട് മടക്കിക്കെട്ടുന്നതു ധിക്കാരസൂചകം – അവിനയം ആണ്. (അതല്ലേ കുട്ടികൾ മാഷുമ്മരെ കാണുമ്പോൾ മുണ്ടിന്റെ മടക്കിക്കുത്തു അഴിച്ചിടുന്നതു.) പ്രമാണിമാർ മുണ്ടിന്റെ കോന്തല ഇടതുകൈകൊണ്ട് പൊക്കിപ്പിടിക്കും(ക്കണം). ആരാണെങ്കിലും കാലിന്റെ ഞെരിയാണിക്കുമുകളിലേ മുണ്ടിന്റെ അറ്റം പാടൂ.

രണ്ടു തോർത്തു ഒന്നിച്ചുള്ളതിന്ന് ‘വസ്ത്രം’ എന്നാണു സാങ്കേതികനാമം.പൂജദി ചടങ്ങുകൾക്ക് വസ്ത്രം ‘തറ്റു‘ടുക്കുകയാണു ചെയ്യുക.അതു പിന്നീട് ഉപയോഗിക്കില്ല.ആർക്കെങ്കിലും കൊടുക്കും.പിറന്നാൾ മുതലായ സന്ദർഭങ്ങളിൽ വസ്ത്ര ദാനം ചെയ്യാറുണ്ട്. അന്നദാനം പോലെ മഹത്തരമാണു വസ്ത്രദാനം.നായിടി (ഒരു ജാതി) വരുമ്പോൾ പഴയ മുണ്ടുകൾ ദാനം ചെയ്യും. പൂതൻ തിറ എന്നിവ ഉത്സവക്കാലത്തു വീടുകളിൽ വരുമ്പോൾ അവർക്കു അലക്കിയ വസ്ത്രങ്ങൾ ദാനം ചെയ്യും.അതിഥികൾ വരുമ്പോഴേക്ക് അലക്കിയ മുണ്ടും കോണകവും തോർത്തും ഒരുക്കിവെച്ചിരിക്കും.

കല്യാണത്തിന്നു പ്രധാന ചടങ്ങ് പുടവ (വസ്ത്രം) കൊടുക്കലാണ്.‘പുടമുറി‘ യാണു കല്യാണം. പ്രമാണിമാരുടെ കല്യാണത്തിന്ന് പുടവ എന്നാൽ ഒരുകുത്ത് (10 മുണ്ട് ) മല്ലും ഒരുകുത്ത് ഒന്നരയും ആണ്..ഒരുകൊല്ലത്തേക്ക് ഉടുക്കാനിതുമതി. മരപ്പെട്ടിയിൽ അലക്കി അടുക്കി വെക്കും. സുഗന്ധം ഉണ്ടാവാൻ കൈതപ്പൂവും പെട്ടിയിൽ വെക്കും.

മൂസ്ലിം പുരുഷന്മാർ കള്ളിമുണ്ടും തോർത്തുമാണ് പതിവ്. പണ്ടൊക്കെ കള്ളിമുണ്ട് മുസ്ലിം മാത്രമാണ് ഉപയോഗിക്കുക.തോർത്തു തലയിൽ ക്കെട്ടിയിരിക്കും.പക്ഷെ, ഇതു ദൂരെ യാത്രപോകുമ്പോഴോ പള്ളിയിൽ പോകുമ്പോഴോ വിവാഹം മരണം തുടങ്ങിയ സംഗതികളിൽ പങ്കെടുക്കുമ്പോഴോ മാത്രം.സാധാരണ വീട്ടിലും പണിസ്ഥലങ്ങളിലും തലയിൽ കെട്ട് ഇല്ല.

സ്ത്രീകൾക്ക് ഒന്നരയും മുണ്ടും ആണ് വേഷം.വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ പുതപ്പ് ഉണ്ടാവും. ജാക്കറ്റ് ഇല്ല. പുതപ്പ് തന്നെ ഉയർന്ന ജാതിയിൽ പെട്ടവർക്കേ ഉള്ളൂ.മാറുമറയ്ക്കാനുള്ള അവകാശം നേടിയതു വളരെ വലിയൊരു സമരത്തിലൂടെ ആണ്.നമ്മുടെ ചരിത്രത്തിൽ ഇടം നേടിയ ഒരു സംഭവം.പിന്നീട് ‘റവുക്ക’ ഇടാൻ തുടങ്ങി. ചീട്ടിത്തുണികൊണ്ടാണ് റവുക്ക തുന്നുക. വസ്ത്ര ധാരണത്തിൽ വമ്പിച്ച മാറ്റം വന്നതു സ്ത്രീകളുടെ രംഗത്താണു. ഒന്നര,മുണ്ട്,റവുക്ക, മേൽമുണ്ട് എന്നിവ ചേരുമ്പോഴേ വേഷപൂർത്തി വരൂ. പിന്നീട് വേഷ്ടിയും മുണ്ടും കടന്നു വന്നു.അതിനും ശേഷമാണു സാരി.

മുസ്ലിം സ്ത്രീകൾ പണ്ടുതന്നെ കാച്ചിയും (സ്വർണ്ണ/വെള്ളിക്കരയുള്ള കറുപ്പു തുണി) റവുക്കയും തട്ടവും പതിവാണു.ഈ വേഷത്തിലാണു വീട്ടിലും യാത്രയിലും . ഈ വേഷവിധാനം ആണ് കഥകളിയിലെ സ്ത്രീവേഷം സ്വീകരിച്ചതു.കൃസ്ത്യൻ വനിതകൾ ചട്ടയും മുണ്ടും. പള്ളിയിൽ പോകുമ്പോൾ തലയിൽ ഒരു നേരിയതും അണിയും.

കുട്ടികൾക്ക് ചെറിയൊരുതോർത്താണുപതിവായിഉടുക്കാൻ.വിശേഷാവസരങ്ങളിൽ സമ്പന്നർക്ക് പാവുമുണ്ട് (കസവ് മുണ്ട്) ഉണ്ടവും.വളരെക്കഴിഞ്ഞാണു ട്രവുസർ വന്നതു.പെൺകുട്ടികൾക്ക് ആദ്യം മുണ്ടായിരുന്നു.പിന്നെ പാവാട (കൾ)വന്നു.ഇതൊക്കെ പഴയ കഥ.



വസ്ത്രവ്യാപാരം(-നല്ലതുണി-തോർത്തുമുണ്ട് മുതൽ കല്യാണപ്പട്ടു വരെ)



ഞാനൊരു പട്ടരാണ് പട്ടാംബിക്കാരനാണ്

പട്ടുവിൽക്കാൻ വന്നതാണു രാം രാം രാം

പഴയ ഒരു തുണിവിൽ‌പ്പനക്കാരൻ ഇടവഴിയിലൂടെ പാടുന്നതാണിത്.തുണിവിൽ‌പ്പനക്കാർ നാടുനീളെ ഉണ്ടായിരുന്നു. നല്ല കൈത്തറിത്തുണികൾ.പലപ്പോഴും തുണി ഉണ്ടാക്കുന്നവർ തന്നെ വിൽ‌പ്പനക്കിറങ്ങും.സാധാരണ കൊയ്ത്തുകഴിഞ്ഞു നെല്ലു വിറ്റു കാശുകിട്ടുമ്പോഴാണു വരവ്. തുണിക്കു രൂപ കൊടുക്കേണ്ട.നെല്ലുമതി.വീ‍ട്ടുകാർ ഒരുകൊല്ലത്തേക്ക് ഒന്നിച്ചു ഏൽ‌പ്പിക്കും. നാലുകുത്ത് മല്ല്/കോറ,25 തോർത്ത്,16 ഒന്നര…എന്നിങ്ങനെ.അളവ് ‘വാര’ആയിരുന്നു. ഒരുജാക്കറ്റിന്ന് ഒരു വാര തുണി വേണം എന്നാണു ആവശ്യപ്പെടുക.പഴയപാവുമുണ്ടുകളുടെ കര വിലക്കെടുക്കും.ഉച്ചയോടെ തറവാടുകളിലെത്തുന്ന വിൽ‌പ്പനക്കാരൻ/കാരി ഉച്ചയൂണും കാപ്പിയും കഴിഞ്ഞേ പോകൂ.അതുവരെ വിൽ‌പ്പനയും നാട്ടുകഥകളും തന്നെ.

എല്ലാതരം തുണികളും വിൽ‌പ്പനക്കു ഉണ്ടാവും.കല്യാണപ്പുടവപോലും.നിറമുള്ളതുണി ജാക്കറ്റ്/റവുക്കക്കും മാത്രമാണു. അതും രണ്ടുമൂന്നു നിറങ്ങൾ മാത്രം. കോസറി(കിടയ്ക്ക)ത്തുണി,കസേരത്തുണി തുടങ്ങിയവയാണ് മറ്റു വിൽ‌പ്പനതുണികൾ.





വസ്ത്രം ഒരു വിപ്ലവം

വസ്ത്രം ഒരു സാംസ്കാരികവസ്തുവെന്നതുപോലെ ഒരു വിപ്ലവസാമഗ്രിയായ ഏകരാജ്യംഇന്ത്യയാണല്ലോ.മറ്റൊരുരാജ്യത്തുംവസ്ത്രംഒരുസമരായുധമായിട്ടില്ല.ഗാന്ധിജിയാണ് വസ്ത്രത്തിലെ വിപ്ലവം തിരിച്ചറിഞ്ഞതു.



ചർക്ക

സ്വദേശിപ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി ചർക്കയും ഖാദിയും ഉയർത്തിയെടുത്തു. സ്വയം നൂൽനൂൽക്കുകയും സ്വയം നൂറ്റനൂലുകൊണ്ട് വസ്ത്രം ഉണ്ടാക്കിധരിക്കുകയും ചെയ്യുക എന്നതു ബ്രിട്ടീഷസാമ്രാജ്വത്തെ കടപുഴക്കി.ഗ്രാമസ്വരാജിന്റെ തേജസ്സുറ്റ മുഖം.ഒരു തക്ലിയും ഒരുണ്ട പഞ്ഞിയും സ്വാതന്ത്ര്യസമരത്തിൽ നമുക്കു തോക്കിനേക്കാൾ വെടുയുണ്ടയേക്കാൾ ശക്തമായ ആയുധമായി. നശീകരണാ‍യുധം അല്ല. ഉൽ‌പ്പാദനായുധം.ഖാദിധരിക്കൽ ദേശസ്നേഹത്തിന്റെ അടയാളമായി.ഇന്ത്യൻ കൈത്തൊഴിൽ രംഗം പുത്തൻ ഉണർവ് നേടി.ഗ്രാമീണജീവിതം സമ്പന്നമാകാൻ തുടങ്ങി.

മാറുമറയ്ക്കൽ സമരം

1850 കളിലാണു കേരളത്തിൽ ‘മാറുമറയ്ക്കൽ’ സമരം നടന്നതു. (ചാന്നാർ)സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിന്നു വേണ്ടിയായിരുന്നു അത്.ആ സമരത്തിന്റെ വിജയം സ്തീകളുടെ അഭിമാനം ഉയർത്തി. അവർക്ക് ജാക്കറ്റും റവുക്കയും ധരിക്കാമെന്നായി.അപ്പോഴും ജാക്കറ്റ് ധരിച്ചു ക്ഷേത്രത്തിൽ കയറാൻ പാടില്ലായിരുന്നു. പിന്നീട് അതും പോയി.



ഘോഷ ബഹിഷ്കരണം.

1930-35 കളിൽ നമ്പൂതിരിസ്ത്രീകൾ നടത്തിയ സമരം ഘോഷാബഹിഷ്കരണമായിരുന്നു. നമ്പൂതിരിസ്ത്രീകൾ പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മൂടി ഒരു തുണി (ഘോഷ) പുതക്കണമായിരുന്നു. കൂടെ ഒരു മറക്കുടയും.മഴയത്തും വെയിലത്തും രാത്രിയും പകലും മറക്കുടയില്ലാതെ നമ്പൂതിരിസ്ത്രീകൾ പുറത്തിറങ്ങിക്കൂടാ എന്നാണു നിയമം.ഈ നിയമത്തിനെതിരെ സ്ത്രീകൾ സമരം ചെയ്തു. പാർവതി നെന്മിനിമംഗലം തുടങ്ങിയവരാണു നേതൃത്വം കൊടുത്തത്. ഘോഷയും മറക്കുടയും അവർ തല്ലിപ്പൊളിച്ചു.ഘോഷയിൽ നിന്നുള്ള സ്വാതന്ത്ര്യം ജീവിതത്തിന്നുള്ള സ്വാതന്ത്ര്യമായിരുന്നു.



വിദേശി വേഷങ്ങൾ

വിദേശഭരണം സർക്കാർ ജീവനക്കാരുടെ വേഷത്തിൽ പ്രതിഫലിച്ചു. പട്ടാളം പോലീസ് വേഷങ്ങളെ കുറിച്ചല്ല. സാധാരണ ജീവനക്കരുടെ വേഷം വിചിത്രമായിരുന്നു. ദിവാന്മാർ,അധ്യാപകർ, വക്കീലന്മാർ, കച്ചവടക്കാർ ,അധികാരി, ശിപയി….തുടങ്ങിയവരുടെ വേഷം പഴയ ചിത്രങ്ങളിൽ നോക്കൂ. മുണ്ടും കോണകവും കുപ്പായവും കോട്ടും വേഷ്ടിയും തലപ്പാവും വടിയും (walking stick) ഒക്കെ കൂടി രസകരമായിരുന്നു.മുണ്ടിന്നു പകരം അപൂർവം ചിലർ പാന്റ്സ് ഉപയോഗിച്ചിരുന്നു. പഠിപ്പുള്ളവരും പണക്കാരും സായിപ്പിന്റെ വേഷം തന്നെയായിരുന്നു. നമ്മുടെ കാലാവസ്ഥയിൽ അന്നവർ ഒരുപാട് കഷ്ടപ്പെട്ടിരിക്കും.





വസ്ത്രം ശൈലികൾ

(ഇനിയും കണ്ടെത്തുക)



ദരിദ്രന്നു രണ്ടുമുണ്ടും (ചുറ്റാനും വേഷ്ടിയും) കോടി തന്നെ.

പാട്ടിയുടെ പട്ടുടുത്തപോലെ.

ഈ മ്പ്രാൾക്ക് (തമ്പുരാട്ടിക്ക്) ഈ മാറ്റു് മതി.

കോടി തിരിച്ചഞ്ച് മറിച്ചഞ്ച്.

ഉടുക്കാനില്ലെങ്കിൽ പട്ടുടുക്കും.

പട്ടുടുത്താൽ ദാഹം കൂടും.

(കുട്ടികളെ ദേഷ്യപ്പെടുന്നതു) നൂലുബന്ധം ഇല്ല്യാതെ നിൽക്കരുതു

കോണക്കുന്തൻ

കച്ചകെട്ടുക

കച്ചകൊടുക്കുക

കച്ചമുറുക്കുക

കച്ചയഴിക്കുക









രാജാവിന്റെ നഗ്നത

ഒരിക്കൽ വലിയൊരുനെയ്ത്തുകാരൻ രാജകൽ‌പ്പനപ്രകാരം ഇന്നേവരെ ആരും കാണാത്ത സവിശേഷമായ ഒരു ഉടയാട തയ്യാറക്കി രാജസമക്ഷം എത്തിച്ചു.അത്രഭംഗിയും നേർമ്മയും മിനുമിനുപ്പും ഉടുക്കാൻ സുഖവും ഉള്ള ഒരു വസ്ത്രം അതിനു മുൻപ് ആരും ഉണ്ടാക്കിയിട്ടില്ല എന്നു രാജാവിനെ ബൊധ്യപ്പെടുത്തി.രാജാവിന്നു സന്തോഷമായി.വലിയൊരു വിശേഷദിവസം രാജാവിന്റെ എഴുന്നള്ളത്തു നടക്കുമ്പോൾ ഈ വസ്ത്രം തന്നെ ധരിക്കാൻ രാജാവ് തീരുമാനിച്ചു.

ധരിച്ചു.എല്ലാവരും രാജാവിനെ അഭിനന്ദിച്ചു.പുതുവസ്ത്രത്തിൽ അസൂയപ്പെട്ടു.മഹാനായ രാജാവിനെ സ്തുതിച്ചു.

എഴുന്നള്ളത്തിൽ നിന്നു വിട്ടുനിന്ന ഒരു ചെറിയകുട്ടി വിളിച്ചു പറഞ്ഞു:

അയ്യയ്യേ…രാജാവ് തുണിയുടുത്തിട്ടില്ല്യേ…..



വസ്ത്രം-ശബ്ദതാരാവലി

(അപൂർണ്ണം)

മല്ല്

ജഗന്നാഥൻ

കോറ

വലിയമുണ്ട്

തോർത്തുമുണ്ട്

വേഷ്ടി

ഒന്നര

അലക്കിയതു

കോടി

വിഴുപ്പ്

മാറ്റ്

തിരുവുടയാട

ഭഗവതിപ്പട്ട്

കാച്ചി

തട്ടം

റൌക്ക

കള്ളി

ചട്ടയും മുണ്ടും

കോണകം

ഇലക്കോണകം

പാളക്കോണകം

നൂൽക്കോണകം

പട്ടുകോണകം

നൂൽ

ഊട്

പാവ്

തറി

അലക്ക്

കാരം

കര

ചുട്ടി

പുള്ളി

1 comment:

ushakumari said...

http://orukappuchaaya.blogspot.in/2009/12/blog-post.html