04 March 2008

കെണികളുടെ വലിപ്പം

പണ്ട്....ഇന്നും
അയാളും ഭാര്യയും കൂടി എന്തോ പൊതി തുറക്കുന്നതു കുഞ്ഞനെലി ചുമരിന്റെ വിടവിലൂടെ നോക്കിയിരുന്നു....എന്തെങ്കിലും പലഹാരം തന്നെ...എലി ആര്‍ത്തിപ്പെട്ടു.
തുറന്നപൊതി കണ്ട് കുഞ്ഞന്‍ ഞെട്ടി...എലിക്കെണി..പുത്തന്‍ എലിക്കെണി..
അയാളും ഭാര്യയും കൂടി എലിക്കെണി ഒരുക്കുക്കി വെക്കുകയാണു....ഹോ...
കുഞ്ഞന്‍ ഒറ്റച്ചാട്ടത്തിന്നു വീടിന്നു പുറത്തിറങ്ങി..ഓടിക്കിതച്ചു കോഴിക്കൂടിന്നടുത്തെത്തി.
ചേച്ചീ...ചേച്ചീ...അയാളും ഭാര്യയും കൂടി വീട്ടില്‍ ഒരു എലിക്കെണി വെച്ചിട്ടുണ്ടേ...ശ്രദ്ധിച്ചോളൂ....
കോഴി തലവെട്ടിച്ചു കുഞ്ഞനെനോക്കി ചിരിച്ചു..എലിക്കെണി എലിക്കു പ്രശ്നം തന്നെ....കോഴിക്കെന്താ....
കുഞ്ഞന്‍ ചവറുകളില്‍ മേയുന്ന പന്നിയോടു വിവരം പറഞ്ഞു.
ചേട്ടാ...ചേട്ടാ..അയാളും ഭാര്യയും കൂടി വീട്ടില്‍ എലിക്കെണി ഒരുക്കിയിരിക്കുന്നു...ശ്രദ്ധിക്കണേ...
പന്നി കുഞ്ഞു വാലാട്ടി ചിരിച്ചു...എലിക്കെണി എലിക്കു പേടിയുണ്ടാവും....എനിക്കെന്താടാ..
തൊടിയില്‍ മേയുന്ന കാളക്കുട്ടനോട് കുഞ്ഞന്‍ കാര്യം വിശദീകരിച്ചു.
വല്ല്യേട്ടാ..അയളും ഭാര്യയും കൂടി വീട്ടില്‍ എലിക്കെണി ഒരുക്കിയിരിക്കുന്നൂ...ശ്രദ്ധിക്കണേ...
അതിനുക്കെന്താ കുഞ്ഞാ....എലിക്കെണി എലിയെ പിടിക്കാനാ...നീയ്യു നോക്കിക്കോ....നിന്റെ കളവു നിര്‍ത്തിക്കോ....
തന്റെ മുന്നറിയിപ്പ് വെറുതെയെന്നു കുഞ്ഞന്‍ പരിതപിച്ചു.കഷ്ടം.
രാത്രി കിടക്കുമ്പോള്‍ കുഞ്ഞന്‍ ദുസ്സ്വപ്നം കണ്ടു...എലിക്കെണിയില്‍ താന്‍ കുടുങ്ങി പിടയുന്നതു....
ഠീം....എലിക്കെണിയില്‍ ആരോ കുടുങ്ങിയിരിക്കുന്നു...കുഞ്ഞന്‍ കിടക്കപ്പായില്‍ നിന്നു ഓടിച്ചെന്നു നോക്കി..
അയാളുടെ ഭാര്യ ശബ്ദം കേട്ടു ഉണര്‍ന്നെത്തിയിരിക്കുന്നു..കുഞ്ഞന്‍ ശ്രദ്ധിച്ചു....പാവം...ആരാ പെട്ടതു?
അയാളുടെ ഭാര്യ ചെന്നു എലികെണി എടുത്തു...
അയ്യോ...അവള്‍ നിലവിളിച്ചു....
കുഞ്ഞന്‍ ശ്രദ്ധിച്ചു...കെണിയില്‍ പെട്ടതു ഒരു പാമ്പിന്റെ വാല്‍ ആയിരുന്നു.കെണി എടുത്തപ്പോള്‍ പാമ്പ് കടിച്ചതാണു...പാവം.
ഭാര്യയുടെ കരച്ചില്‍ കേട്ട് അയാള്‍ ഓടിവന്നു.അവളേയും എടുത്തു വൈദ്യന്റെ അടുത്തേക്കു ഓടി.
വൈദ്യര്‍ പരിശോധിച്ചു...വിഷമില്ലാത്ത പാമ്പാണു...സാരല്യാ...പേടിച്ചതുകൊണ്ടു ചെറിയ പനി ഉണ്ടാവും...സാരല്യാ..രണ്ടു ദിവസം കഴിഞ്ഞിട്ടു ക്ഷീണം മാറാന്‍ ഒരു കോഴിസൂപ്പ് കൊടുക്കണം...സാരല്യാ...
അയാള്‍ വീട്ടിലെത്തി....ക്ഷീണം ഉണ്ടു...കോഴിയെ കൊന്നു നല്ല സൂപ്പ് ഉണ്ടാക്കി കൊടുത്തു.....വൈദ്യന്‍ പറഞ്ഞപോലെ....
പാവം....അവളുടെ പനി മൂര്‍ച്ചിച്ചു...കിടപ്പിലായി....
രോഗിയെ കാണാന്‍ ബന്ധുക്കളെത്തി..ഭക്ഷണം കൊടുക്കേണ്ടേ....പന്നിയെ കൊന്നു നല്ല ഭക്ഷണം കൊടുത്തു....
പാവം...പനി മാറിയില്ലല്ലോ....അവള്‍ മരിച്ചു....
എല്ലാരും കരഞ്ഞു...കുഞ്ഞനും....പാവം....
അടിയന്തിരം കേമമായി നടത്തി..കാളക്കുട്ടന്റെ ഇറച്ചിക്കറി എല്ലാര്‍ക്കും ഇഷ്ടായി.
കുഞ്ഞനെലി ദുഖം പൂണ്ടു.കാര്യങ്ങള്‍ യഥാസമയം എല്ലാരേയും അറിയിച്ചിട്ടും ....കഷ്ടം....


സുഹൃത്ത് മെയിലില്‍ അയച്ചുതന്ന കഥ (പുനരാഖ്യാനം)

2 comments:

വേണു venu said...

ഇതൊക്കെയല്ലേ മാഷേ ഓരോരോ കണക്കുകള്‍. ഇതൊന്നും ആദ്യം അങ്ങോട്ടു ദഹിക്കില്ലെന്നേ.അതിനു കുറ്റം പറയാനും ഒക്കില്ല.:)

തറവാടി said...

പണ്ട് വായിച്ചതാണല്ലോ എന്നൊരു നെറ്റി ചുളിവോടെ കമന്‍‌റ്റാന്‍ പോകുകയായിരുന്നു അപ്പോഴാണ് പുനരാഖ്യാനമെന്നും മെയില്‍ വഴി കിട്ടിയതെന്നും കണ്ടത് , നന്നായി :)